അമേരിക്കയുടെ ഭീകര സംഘടന ലിസ്റ്റില്‍ താലിബാനില്ലെന്ന കാര്യം നിങ്ങള്‍ക്ക് അറിയുമോ?
“കഴിഞ്ഞ നാല്പത് വര്‍ഷമായി യുദ്ധം അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനതയാണ് ഞങ്ങള്‍. യുദ്ധം അവസാനിപ്പിച്ചു അഫ്ഗാനില്‍ സ്ഥിരതയും സമാധാനവും കൊണ്ടുവരികയെന്നതാണ് ഞങ്ങളുടടെ മുന്‍ഗണന. ലോകത്ത് നിന്നു ഒറ്റപ്പെട്ട് ജീവിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. എല്ലാവരുമായും നല്ല ബന്ധത്തില്‍ ലോകത്തോടൊപ്പം ജീവിക്കാനാണ് താത്പര്യം. മറ്റൊരു രാജ്യത്തിനോ വ്യക്തികള്‍ക്കോ എതിരെ ഞങ്ങളുടെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ല.” വ്യക്തവും സമകാലികവുമായ അറബി ഭാഷയില്‍ ദോഹയിലെ താലിബാന്‍ രാഷ്ട്രീയ ഓഫീസിന്റെ വക്താവ് മുഹമ്മദ് നഈം പറയുന്നത് അല്‍-ജസീറ ചാനലിലൂടെ ഇന്നലെ കേട്ടപ്പോള്‍ അത്ഭുതവും കൌതുകവും തോന്നി.
തലമറക്കാത്ത, മേക്കപ്പ് ചെയ്ത അല്‍-ജസീറയിലെ വാര്‍ത്ത അവതാരികയുടെ ചോദ്യങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞ നഈം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാന്‍ ഭരണം വീണ്ടും കൈപ്പിടിയില്‍ ഒതുക്കുമ്പോള്‍ താലിബാന്‍ ഒരുപാട് മാറിയിട്ടുണ്ടെന്നാണ് മനസ്സിലാക്കി തരുന്നത്. 1996 – 2001 കാലഘട്ടത്തില്‍ അധികാരത്തില്‍ ഇരുന്ന താലിബാന്‍ നേതാവായിരുന്ന മുല്ല ഉമറിന്റെ ഒരു ഫോട്ടോ പോലും കിട്ടാനില്ലായിരുന്നുവെങ്കില്‍ അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരം ഒരു രക്തച്ചൊരിലില്ലാതെ കീഴടക്കിയ രണ്ടാം വരവില്‍ താലിബാന്‍ അംഗങ്ങള്‍ ക്യാമറക്ക് മുന്നില്‍ പോസ് ചെയ്യുന്നതും മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നതും കൌതുകകരം തന്നെ.
അഫ്‌ഗാന്‍ മലനിരകളിലെ പരുക്കന്‍ ജീവിതവും ഗോത്ര സംസ്കാരവും മുന്നോട്ട് നയിക്കുന്ന സ്വതവേ പോരാളികളായ പഷ്തൂണ്‍ വിഭാഗത്തിനു മുന്‍തൂക്കമുള്ള അഫ്ഗാനിലെ രാഷ്ട്രീയത്തില്‍ ആപേക്ഷികമായി പ്രായം കുറഞ്ഞ വിഭാഗമാണ് താലിബാന്‍. 1979-ല്‍ ആരംഭിച്ച സോവിയറ്റ് അധിനിവേശം തുടക്കം കുറിച്ച അഫ്ഗാനിലെ രാഷ്ട്രീയ അസ്ഥിരതയുടെ തുടര്‍ച്ചയാണ് അയല്‍രാഷ്ട്രങ്ങളായ ഇന്ത്യയും പാകിസ്ഥാനും സ്വാതന്ത്ര്യത്തിന്റെ 75ആം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലും അഫ്ഗാനില്‍ മുഴങ്ങുന്നത്. സോവിയറ്റിന്റെ ചുകപ്പന്‍ സേനയെ അഫ്ഗാനില്‍ നിന്നു കെട്ടുകെട്ടിക്കാന്‍ യു എസിന്റെ സഹായത്തോടെ വളര്‍ന്നു വന്ന ഒട്ടനവധി പോരാളി ഗ്രൂപ്പുകളുടെ തുടര്‍ച്ചയാണ് താലിബാനും. ഒരു പക്ഷേ തീവ്രവാദം എന്ന് പേരിട്ടു വിളിച്ച പ്രതിഭാസത്തിന്റെ വേരുകള്‍ അന്വേഷിച്ചു പോയാല്‍ അത് ചെന്നത്തെന്നത് അഫ്ഗാന്‍ മലനിരകളിലേക്കായിരിക്കും. സോവിയറ്റ് അധിനിവേശത്തെ തടുക്കനെന്നപേരില്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട വിജയിപ്പിച്ചെടുക്കാന്‍ മതത്തെ തീവ്രമായി വ്യാഖാനിച്ചു പുസ്തകങ്ങളും ലഘു ലേഖകളും വിതരണം ചെയ്ത അമേരിക്ക ശേഷം പതിറ്റാണ്ടുകള്‍ നീണ്ട യുദ്ധത്തിനാണ് വഴി തുറന്നത്.
ലക്ഷകണക്കിന് സാധാരണ മനുഷ്യര്‍ക്കു മരണവും അഭയാര്‍ത്ഥിത്വവും സമ്മാനിച്ച സോവിയറ്റ് അധിനിവേശം അഫ്‌ഗാന്‍ പോരാളികളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ 1989-ല്‍ അഫ്ഗാന്‍ വിട്ടു. പിന്നീട് അങ്ങോട്ട് ആഭ്യന്തര യുദ്ധത്തിനാണ് അഫ്‌ഗാന്‍ സാക്ഷ്യം വഹിച്ചത്. ബുര്‍ഹാനുദ്ധീന്‍ റബ്ബാനിയും ഗുല്‍ബുദ്ധീന്‍ ഹിക്മതിയാറും അഹ്മദ് ശാ മസൂദും അടങ്ങുന്ന വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഈ കലഹകാലത്താണ് താലിബാന്‍ പിറക്കുന്നത്.
കാണ്ടഹാറിലെ സന്‍ജ് സാറിലെ മതപഠനശാലകളിലെ അമ്പതിലധികം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 1994-ല്‍ മുഹമ്മദ് മുല്ലാ ഉമറിന്റെ നേതൃത്വത്തില്‍ അഫ്ഗാനിലെ കുത്തഴിഞ്ഞ ആഭ്യന്തരാവസ്ഥക്ക് അറുതിവരുത്താനായി ഒത്തു ചേര്‍ന്നാണ് താലിബാന് രൂപപ്പെടുന്നത്. ത്വാലിബ് എന്ന പദത്തിന്റെ ബഹുവചനമാണ് പശ്തുവില്‍ ത്വാലിബാന്‍. അതായത് വിദ്യാര്‍ത്ഥികള്‍ എന്നര്‍ത്ഥം. അഫ്ഗാനിലെ ഓരോ പ്രവിശ്യകളും പതുക്കെ പിടിച്ചടിക്കിയ അവര്‍ 1996 സെപ്റ്റംബര്‍ 27നു തലസ്ഥാനമായ കാബൂള്‍ കീഴടക്കി.
സെപ്റ്റംബര്‍ 11 ലെ ആക്രമണങ്ങളെ തുടര്‍ന്ന് ഉസാമ ബിന്‍ ലാദന്റെ പേരു പറഞ്ഞാണ് അമേരിക്ക അഫ്ഗാനില്‍ അധിനിവേശം നടത്തുന്നത്. അന്നേ എല്ലാവരും പറഞ്ഞതാണ് അമേരിക്കക്ക് ഒരിക്കലും അഫ്‌ഗാന്‍ വിജയിച്ചടക്കാന്‍ കഴിയില്ലെന്ന്. ഇരുപത് വര്ഷം നീണ്ട അധിനിവേശത്തില്‍ തങ്ങളുടെ 2300 ലധികം സൈനികര്‍ ഉള്‍പ്പെടെസഖ്യ സേനയുടെ നാലായിരത്തോളം സൈനികരുടെ ജീവനും രണ്ടായിരം ബില്യണിലധികം (രണ്ടുലക്ഷം കോടി) അമേരിക്കന്‍ ഡോളര്‍ ചെലവുമാണ് അമേരിക്ക ഇതിനു വേണ്ടി നല്‍കിയത്. ബ്രൌണ്‍ യൂണിവേഴ്സിറ്റി 2019 ല്‍ നടത്തിയ റിസര്‍ച്ച് അനുസരിച്ച് 64000 ലേറെ അഫ്‌ഗാന്‍ സൈനികരും സുരക്ഷ ഭടന്മാരും 2001 ഒക്ടോബര്‍ മുതല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2009 നു ശേഷം മാത്രം ഒരു ലക്ഷത്തി പതിനൊന്നായിരത്തിലധികം അഫ്ഗാന്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഉനാമ (UN Assistance Mission in Afghanistan) വിലയിരുത്തുന്നു.
ഇത്ര വലിയ നഷ്ടം അഫ്ഗാനിനും തങ്ങള്‍ക്ക് തന്നെയും ഉണ്ടാക്കിവെച്ചിട്ട് അമേരിക്ക തിരിച്ചുപോവുമ്പോള്‍ തുടങ്ങിയിടത്ത് തന്നെയാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. അമേരിക്കന്‍ സൈന്യം പൂര്‍ണ്ണമായും ഒഴിഞ്ഞു പോകുന്നതിനു മുമ്പ് തന്നെ താലിബാന്‍ തലസ്ഥാന നഗരിയിലെ ഭരണസിരാകേന്ദ്രം ഉള്‍പ്പെടെ അഫ്ഗാനിന്റെ 90 ശതമനാത്തിലധികം സ്ഥലങ്ങള്‍ കീഴടക്കി കഴിഞ്ഞു. അതായത് ആരില്‍ നിന്നു അഫ്ഗാനെ മോചിപ്പിക്കാനാണോ അമേരിക്ക വന്നത് അവരെ തന്നെ ഭരണമേല്‍പിച്ചാണ് അമേരിക്ക സ്ഥലം വിടുന്നത്.
ഇവിടെ ഏറെ ശ്രദ്ധേയമായ കാര്യമാണ് അമേരിക്കയുടെ ഭീകര സംഘടനകളുടെ ലിസ്റ്റില്‍ അഫ്ഗാനിലെ താലിബാനില്ലെന്നത്. ഫലസ്തീന്‍ പോരാളി പ്രസ്ഥാനമായ ഹമാസിനെയും ഇറാന്റെ റെവലൂഷനറി ഗാര്‍ഡിനെയും ഭീകരസംഘടനകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയ അമേരിക്ക അഫ്‌ഗാന്‍ താലിബാനെ അക്കൂട്ടത്തില്‍പ്പെടുത്തിയിട്ടില്ലെന്ന് മാത്രമല്ല 2013 മുതല്‍ അവരുമായി ചര്‍ച്ചയിലുമാണ്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഈ ആവശ്യത്തിനു വേണ്ടി താലിബാന്‍റെ രാഷ്ട്രീയ കാര്യ ഓഫീസ് ആരംഭിക്കുകയും വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ നടക്കുകയും ചെയ്തുവരുന്നു.
എല്ലാ കാലവും ഒരു വിദേശരാജ്യത്തെ സംരക്ഷിക്കാന്‍ തങ്ങളുടെ സൈന്യത്തെ വിടാനാവില്ലെന്ന് പറഞ്ഞാണ് അമേരിക്ക അഫ്‌ഗാന്‍ വിടുന്നത്. അല്ലെങ്കിലും ഒരു സമയത്തും അമേരിക്കന്‍ പിന്തുണയുള്ള സര്‍ക്കാരിനു അഫ്ഗാനില്‍ ഒരു പരിധിക്കപ്പുറമുള്ള അധികാരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ഇരുപത് വര്‍ഷമായി പോരാട്ടം നടത്തുന്ന താലിബാന്‍ അവസരം മുതലാക്കുമെന്ന അമേരിക്കക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.കാര്യമായ ചെറുത്തു നില്‍പ്പോ അനിഷ്ട സംഭവങ്ങളോ ഇല്ലാതെയാണ് താലിബാന്‍ മുന്നേറിയത്. കാബൂള്‍ പോലും വളരെ സമാധാനപരമായി അവര്‍ കൈപിടിയിലോതുക്കിയത്. കാബൂള്‍ ശക്തി ഉപയോഗിച്ച് കീഴടക്കില്ലെന്നും താലിബാന്‍ ആദ്യമേ പ്രഖ്യാപിച്ചെങ്കിലും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട സുരക്ഷ ഭടന്മാര്‍ ഓടിപ്പോവുകയും നിലവിലുണ്ടായിരുന്ന പ്രസിഡന്റ് അബ്ദുല്‍ ഗനി രാജ്യം വിടുകയും ചെയ്തതോടെ താലിബാന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. അമേരിക്കന്‍ അനുകൂല സര്‍ക്കാറില്‍ ജോലി ചെയ്തവര്‍ക്ക് ഉള്‍പ്പെടെ പൊതുമാപ്പ് പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി താലിബാന്‍ നേതാക്കളില്‍ ഒരു വിഭാഗം ദോഹ കേന്ദ്രീകരിച്ചു ജീവിക്കുന്നതും മറ്റു രാജ്യങ്ങളുമായും ഉണ്ടാക്കിയെടുത്ത ബന്ധവും അവരുടെ കാഴ്ചപ്പാടുകളില്‍ ഏറെ മാറ്റം വരുത്തിയിട്ടുണ്ടെന്ന് വേണം കരുതാന്‍.ദോഹയിലെ അവരുടെ ഓഫീസ് തലവനും സ്ഥാപകരിലൊരാളും നിലവിലെ നേതൃത്വത്തില്‍ രണ്ടാമനുമായ മുല്ല അബ്ദുല്‍ ഗനി ബ്രാദര്‍ 2010-ല്‍ പാകിസ്താന്‍ കറാച്ചിയില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും 2018-ല്‍ അമേരിക്കന്‍ സമ്മര്‍ദ്ധത്തിനു വഴങ്ങി പാകിസ്ഥാന്‍ വിട്ടയച്ചതാണെന്ന കാര്യവും ഇതിനോട് ചേര്‍ത്ത് വായിക്കണം.
ദയൂബന്ത് സരണി പിന്തുടരുന്ന താലിബാനു മതത്തിനും മത നിയമങ്ങള്‍ക്കും തങ്ങളുടെ സാംസ്കാരിക അടിത്തറയില്‍ നിന്നു കൊണ്ടു നല്‍കുന്ന ഇടുങ്ങിയതും തീവ്രവുമായ വ്യാഖാനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു രാജ്യത്തെ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ടു വരുന്നു എന്നര്‍ത്ഥം. താലിബാന്‍ വക്താവ് അല്‍-ജസീറയോട് പറഞ്ഞത് “ഞങ്ങള്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ കണ്ടറിയൂ. വാക്കുകള്‍ക്കപ്പുറം പ്രവൃത്തിയാണ് ഞങ്ങള്‍ക്ക് നല്‍കാനുള്ള ഗ്യാരണ്ടി”.
നമുക്ക് കാത്തിരുന്നു കാണാം...
Leave A Comment