നബിദിനാഘോഷവും ഇമാം സുയൂത്വി(റ)യും

നബിദിനാഘോഷത്തെ പറ്റിയുള്ള ചർച്ചകളും സംവാദങ്ങളും ഇസ്‌ലാമിക സമൂഹത്തിൽ എന്നും വളരെ സജീവമായി നിലനിൽക്കുന്നതാണ്. പ്രവാചകൻ മുഹമ്മദ് നബി(സ്വ) തങ്ങളുടെയോ ആദ്യകാല മുസ്‌ലിം തലമുറകളുടെയോ കാലത്ത് ഇന്നത്തെ പോലെയുള്ള ഔദ്യോഗികവും സംഘടിതവുമായ രൂപത്തിൽ ഈ ആചാരം നിലവിലില്ലായിരുന്നു. തഴവ മൗലവിയുടെ കവിതയിൽ ചൂണ്ടിക്കാണിച്ചതുപോലെ ഹിജ്റ ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഈ രീതി രൂപപ്പെടുകയും പ്രവാചകനോടുള്ള സ്നേഹവും ഭക്തിയും പ്രകടിപ്പിക്കുന്ന ഒരു രൂപമായി ക്രമേണ വളരുകയും ചെയ്തത്. 

കാലക്രമേണ മുസ്‌ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മൗലിദ് ആഘോഷങ്ങൾ വേരുറപ്പിക്കുകയും വ്യത്യസ്ത രൂപങ്ങൾ സ്വീകരിക്കുകയും ചെയ്തു. ഖുർആൻ പാരായണം, സീറ പാരായണം, പ്രകീർത്തന കാവ്യങ്ങളും മദ്ഹുകളും ചൊല്ലൽ, സ്വലാത്തുകൾ വർദ്ധിപ്പിക്കൽ, ഭക്ഷണം വിതരണം ചെയ്യൽ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി മാറി. ഈ വ്യക്തിഗത കർമ്മങ്ങളെല്ലാം ഇസ്‌ലാമിൽ അംഗീകരിക്കപ്പെട്ടതാണെങ്കിലും അവയെല്ലാം ചേർത്ത് ഒരു പ്രത്യേക ദിനത്തിൽ ആഘോഷിക്കുന്നത് പണ്ഡിതന്മാർക്കിടയിൽ ഒരു പ്രധാന ചോദ്യത്തിന് കാരണമായി. പ്രവാചകനോ സ്വഹാബത്തോ ആദ്യകാല ജനങ്ങളോ ചെയ്യാത്തതിനാൽ ഇത് 'ബിദ്അത്ത് ഹസന' (നല്ല നൂതനാചാരം) യാണോ അതോ ബിദ്അത്ത് സയ്യിഅ (മോശമായ നൂതനാചാരം) ആണോ എന്ന കാര്യത്തിൽ പണ്ഡിതന്മാർ വിവിധ പക്ഷക്കാരായിരുന്നു.

ഈ ചോദ്യത്തെ അഭിസംബോധന ചെയ്ത പ്രമുഖ പണ്ഡിതന്മാരിൽ ഒരാളാണ് പിൽകാല മംലൂക് കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ പണ്ഡിതന്മാരിൽ ഒരാളായ ജലാലുദ്ദീൻ അസ്സുയൂത്വി (റ) (മരണം: 911 ഹി./1505 ക്രി.). മൗലിദിനെക്കുറിച്ച് അദ്ദേഹം പൊതുവായൊരു അനുകൂല അഭിപ്രായം പ്രകടിപ്പിക്കുക മാത്രമായിരുന്നില്ല ചെയ്തത്; മറിച്ച്, ഈ വിഷയത്തിനായി "ഹുസ്നുൽ മഖ്സിദ് ഫീ അമൽ അൽമൗലിദ്" (حسن المقصد في عمل المولد) എന്ന പേരിൽ ഒരു പ്രത്യേക ഗ്രന്ഥം തന്നെ അദ്ദേഹം രചിച്ചു എന്നത് ഈ ചർച്ചയിൽ അതിപ്രധാനമാണ്. നബിദിനാഘോഷവുമായി ബന്ധപ്പെട്ട പ്രധാന നിയമപ്രശ്നത്തെ മുൻനിർത്തിയാണ് ഈ ഗ്രന്ഥം ആരംഭിക്കുന്നത്: റബീഉൽ അവ്വൽ മാസത്തിൽ മൗലിദിനായി ഒത്തുകൂടുന്നതിന്റെ വിധി എന്താണ്? അത് പ്രശംസനീയമാണോ അതോ ആക്ഷേപാർഹമാണോ? അത് ചെയ്യുന്നയാൾക്ക് പ്രതിഫലം ലഭിക്കുമോ?

തന്റെ കർമ്മശാസ്ത്രപരമായ വിശകലനത്തിലൂടെ ഇമാം സുയൂത്വി(റ) നൽകുന്ന മറുപടി വളരെ ശ്രദ്ധേയമാണ്. മൗലിദിന്റെ അടിസ്ഥാന രൂപമായി അദ്ദേഹം നിർവചിക്കുന്നത് ഇതാണ്: ആളുകൾ ഒത്തുകൂടുകയും, ഖുർആനിൽ നിന്നുള്ള ഭാഗങ്ങൾ പാരായണം ചെയ്യുകയും, പ്രവാചകന്റെ ദൗത്യത്തിന്റെ ആരംഭത്തെക്കുറിച്ചും അവിടുത്തെ ജനനവുമായി ബന്ധപ്പെട്ട ദൃഷ്ടാന്തങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവെക്കുകയും, തുടർന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുക. ഈ അടിസ്ഥാന രൂപം എന്നത് 'ബിദ്അത്ത് ഹസന' ആണ്. നബി(സ്വ) തങ്ങളെ ആദരിക്കലും അവിടുത്തെ പരിശുദ്ധ ജന്മത്തിൽ സന്തോഷം പ്രകടിപ്പിക്കലും ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് ചെയ്യുന്നവർക്ക് പ്രതിഫലം ലഭിക്കുമെന്നും അദ്ദേഹം സമർത്ഥിക്കുന്നു.

നബിദിനാഘോഷത്തിന്റെ ചരിത്ര പശ്ചാത്തലം

നബിദിനാഘോഷത്തിന്റെ ചരിത്ര പശ്ചാത്തലം വിവരിച്ചുകൊണ്ടാണ് അദ്ദേഹം ഈ ഗ്രന്ഥം തുടങ്ങുന്നത്. നബിദിനാഘോഷങ്ങൾക്ക് തുടക്കമിട്ട ആദ്യ വ്യക്തി, സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിയുടെ പ്രമുഖ സേനാപതിയും എർബൽ (ഇന്നത്തെ ഇറാഖി കുർദിസ്ഥാൻ മേഖലയുടെ തലസ്ഥാനമായ ഹെവ്‌ലർ) പ്രദേശത്തെ ഭരണാധികാരിയുമായിരുന്ന മുദഫറുദ്ദീൻ ഗോക്‍ബോരി (Muzaffar ad-Din Gökböri / മലിക് അൽമുദഫർ അബൂ സഈദ് കൂകബ്രി ബിൻ സൈനുദ്ദീൻ അലി) ആണ്. അദ്ദേഹം തികഞ്ഞ ഔദാര്യ മനസ്കതയുള്ള ജനപ്രിയനായ ഒരു ഭരണാധികാരിയായിരുന്നു. അക്കാലത്തെ പ്രമുഖ പണ്ഡിതനായ അബൂ അൽഖത്വാബ് ഇബ്നു ദിഹ്‌യയെ (ഹി. 544 - 633) പോലുള്ളവരെ അദ്ദേഹം ആദരിക്കുകയും ഗ്രന്ഥരചനയ്ക്കുള്ള പിന്തുണകൾ നൽകുകയും ചെയ്തിട്ടുണ്ട്. സിറിയയിലെ ദമാസ്കസിലുള്ള ഖാസിയൂൻ (Mount Qasiyun) മലഞ്ചെരുവിൽ 'അൽമുദഫർ ജുമാ മസ്ജിദ്' നിർമ്മിച്ചതും അദ്ദേഹമാണ്.

ഇതുമായി ബന്ധപ്പെട്ട് ചരിത്രകാരനായ ഇബ്നു കസീർ തന്റെ അൽബിദായതു വന്നിഹായയിൽ രേഖപ്പെടുത്തുന്നു: "അദ്ദേഹം റബീഉൽ അവ്വൽ മാസത്തിൽ തിരുനബിയുടെ ജന്മദിനം വലിയതോതിൽ ആഘോഷിക്കാറുണ്ടായിരുന്നു. അദ്ദേഹം ധീരനും വീരനും ബുദ്ധിമാനും പണ്ഡിതനും നീതിമാനും ആയിരുന്നു."

തുടർന്ന്, ദിഹ്‌യ അദ്ദേഹത്തിനുവേണ്ടി തിരുനബിയുടെ ജന്മത്തെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചും 'അത്തൻവീർ ഫീ മൗലിദി അൽബശീർ അന്നദീർ' (التنوير في مولد البشير النذير) എന്ന പേരിൽ ഒരു ഗ്രന്ഥം രചിക്കുകയുണ്ടായി. നബിദിനാഘോഷത്തിനായി രചിക്കപ്പെട്ട ചരിത്രത്തിലെ ഏറ്റവും ആദ്യത്തെ ഗ്രന്ഥങ്ങളിൽ ഒന്നാണിത്. പ്രവാചകന്റെ പിറവിയെയും വംശപരമ്പരയെയും ജന്മവേളയിൽ പ്രകടമായ ദൃഷ്ടാന്തങ്ങളെയും കുറിച്ചുള്ള ആധികാരിക വിവരണങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ചരിത്രത്തെയും  ഹദീസ് നിവേദനങ്ങളെയും പ്രവാചക പ്രകീർത്തന കാവ്യങ്ങളെയും ഒരേപോലെ സമന്വയിപ്പിക്കുന്ന (ഗദ്യത്തിന്റെയും പദ്യത്തിന്റെയും മിശ്രണമായ) ഒരു മികച്ച രചനയാണിത്. ഈ ആദരവിന് പ്രതിഫലമായി അദ്ദേഹം ഇബ്നു ദിഹ്‌യയ്ക്ക് ആയിരം ദീനാർ സമ്മാനമായി നൽകിയെന്നും ഇബ്നു കസീർ രേഖപ്പെടുത്തുന്നുണ്ട്.

കുരിശുയുദ്ധക്കാരുമായി അക്കാ നഗരത്തിൽ വെച്ചുണ്ടായ ഉപരോധത്തിനിടയിൽ മരണപ്പെടുന്നത് വരെ നീണ്ടകാലം അദ്ദേഹം ഭരണത്തിൽ തുടർന്നു. നല്ല ജീവിതചര്യയും ആന്തരികശുദ്ധിയുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. സബ്ത് ഇബ്നു അൽജൗസി തന്റെ 'മിർആത്തുസ് സമാൻ' (مرآة الزمان) എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ചില മൗലിദ് സദസ്സുകളിൽ മുദഫർ രാജാവ് നൽകിയ വിരുന്നിൽ പങ്കെടുത്ത ചിലർ വിവരിച്ചത്, ആ വിരുന്നിൽ ചുട്ട ആടുകളുടെ തലകൾ അയ്യായിരവും, പതിനായിരം കോഴികളും, നൂറ് കുതിരകളും, ഒരു ലക്ഷം പാത്രങ്ങളും, മുപ്പതിനായിരം പലഹാര തളികകളും ഉണ്ടായിരുന്നു എന്നാണ്."

മൗലിദ് വേളയിൽ പണ്ഡിതപ്രമുഖന്മാരും സൂഫികളും അദ്ദേഹത്തിന് ചുറ്റും ഒത്തുകൂടുമെന്നും, അവർക്ക് അദ്ദേഹം വസ്ത്രങ്ങളും മറ്റ് സമ്മാനങ്ങളും നൽകുമെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. ഉച്ച മുതൽ പ്രഭാതം വരെ സൂഫികൾക്കായി അദ്ദേഹം ആത്മീയ സദസ്സുകൾ ഒരുക്കുകയും അവരോടൊപ്പം നൃത്തം ചെയ്യുകയും ചെയ്യുമായിരുന്നു. മൗലിദിനായി അദ്ദേഹം വർഷംതോറും മൂന്ന് ലക്ഷം ദീനാർ ചെലവഴിച്ചിരുന്നു. ഏത് ദിശയിൽ നിന്നും ഏത് അവസ്ഥയിലും എത്തുന്ന അതിഥികൾക്കായി അദ്ദേഹത്തിന് ഒരു അതിഥിമന്ദിരം ഉണ്ടായിരുന്നു. ഈ മന്ദിരത്തിനായി അദ്ദേഹം വർഷംതോറും ഒരു ലക്ഷം ദീനാർ ചെലവഴിച്ചിരുന്നു. കുരിശുയുദ്ധക്കാരുടെ പക്കൽ നിന്ന് വർഷംതോറും ഇരുപതിനായിരം ദീനാർ നൽകി തടവുകാരെ മോചിപ്പിക്കുമായിരുന്നു. ഹിജാസിലേക്കുള്ള തീർത്ഥാടകരുടെ പാതയിലും (ദർബുൽ ഹിജാസ്) വിശുദ്ധ ഹറമുകളിലും വെള്ളമെത്തിക്കാനും അവിടുത്തെ ആവശ്യങ്ങൾക്കും വേണ്ടി മാത്രം അദ്ദേഹം വർഷംതോറും മുപ്പതിനായിരം ദീനാറാണ് ചെലവഴിച്ചിരുന്നത്.

സുൽത്താൻ സലാഹുദ്ദീൻ അയ്യൂബിയുടെ സഹോദരിയായ റബീഅ ഖാത്തൂൻ ബിന്ത് അയ്യൂബിനെയാണ് മുദഫർ രാജാവ് വിവാഹം കഴിച്ചിരുന്നത്. ഈ ദാമ്പത്യബന്ധം അക്കാലത്തെ പ്രമുഖ രാഷ്ട്രീയ ശക്തികളെ തമ്മിൽ കൂടുതൽ അടുപ്പിക്കുന്ന ഒന്നായിരുന്നു. രാജാവിന്റെ ലളിത ജീവിതത്തെക്കുറിച്ച് (വിലകുറഞ്ഞ പരുക്കൻ തുണികൊണ്ടുള്ള വസ്ത്രം ധരിക്കുന്നതിനെക്കുറിച്ച്) ഭാര്യയായ റബീഅ ഖാത്തൂൻ ആക്ഷേപിച്ചപ്പോൾ, വിലകൂടിയ വസ്ത്രം ധരിച്ച് പാവങ്ങളെ അവഗണിക്കുന്നതിനേക്കാൾ നല്ലത് ലളിതമായി ജീവിച്ച് ബാക്കി തുക പാവങ്ങൾക്ക് ദാനം ചെയ്യുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

നബിദിനാഘോഷവും എതിർവാദങ്ങളും

മാലികി മദ്ഹബിലെ പണ്ഡിതനായ ശൈഖ് താജുദ്ദീൻ അൽഫാകിഹാനി തന്റെ 'അൽമൗരിദ് ഫീ അൽകലാമി അലാ അമൽ അൽമൗലിദ്' (المورد في الكلام على عمل المولد) എന്ന ഗ്രന്ഥത്തിലൂടെ നബിദിനാഘോഷത്തെ ശക്തമായി എതിർത്തിട്ടുണ്ട്. ഖുർആനിലോ സുന്നത്തിലോ മുൻകാല സജ്ജനങ്ങളുടെ ചര്യയിലോ നബിദിനാഘോഷത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും, സമയം കളയുന്നവരും വയറു നിറയ്ക്കാൻ നടക്കുന്നവരും ഉണ്ടാക്കിയെടുത്ത ഒരു 'ബിദ്അത്ത്' മാത്രമാണിതെന്നുമാണ് അദ്ദേഹം വാദിച്ചത്. കർമ്മശാസ്ത്രപരമായ അഞ്ച് വിധികളിലേക്ക് (വാജിബ്, സുന്നത്ത്, മുബാഹ്, മക്റൂഹ്, ഹറാം) ഈ വിഷയത്തെ വ്യാപിപ്പിച്ചുകൊണ്ട്, ഇത് അനുവദനീയമായ മുബാഹോ സുന്നത്തോ അല്ലെന്നും മറിച്ച് വെറുക്കപ്പെട്ടതോ നിഷിദ്ധമോ ആയ കാര്യമാണെന്നും അദ്ദേഹം സ്ഥാപിക്കാൻ ശ്രമിച്ചു. പ്രത്യേകിച്ചും, മൗലിദ് സദസ്സുകളിൽ കടന്നുകൂടുന്ന വാദ്യമേളങ്ങൾ, സ്ത്രീ-പുരുഷന്മാർ തമ്മിൽ  ഇടകലരൽ തുടങ്ങിയ തിന്മകളെ അദ്ദേഹം ശക്തമായി വിമർശിക്കുകയും ചെയ്തു. ഇതോടൊപ്പം അൽഫാകിഹാനി ഉന്നയിച്ച മറ്റൊരു പ്രധാന വാദം  നബി(സ്വ) ജനിച്ച റബീഉൽ അവ്വൽ ദിവസം  തന്നെയാണ് അവിടുന്ന് വഫാത്തായ ദിവസവും  എന്നത് ശ്രദ്ധേയമാണ്. അതിനാൽ ആ ദിവസത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നതിനേക്കാൾ കൂടുതൽ അവിടുത്തെ വഫാത്തിന്റെ പേരിൽ ദുഃഖം പ്രകടിപ്പിക്കാനാണ് മുൻഗണന നൽകേണ്ടത്.

അൽഫാകിഹാനിയുടെ വാദങ്ങളെ ഓരോന്നായി ഖണ്ഡിച്ചുകൊണ്ട് ഇമാം സുയൂത്വി(റ) ശക്തമായ മറുപടിയാണ് നൽകുന്നത്. നബി(സ്വ) തങ്ങളുടെ ജനനമെന്നത് മാനവികതയ്ക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ്. അവിടുത്തെ വഫാത്താകട്ടെ നമുക്കേറ്റവും വലിയ നഷ്ടവും ദുഃഖവുമാണ്. എന്നാൽ ഇസ്‌ലാമിക ശരീഅത്ത് അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കാനും സന്തോഷം പ്രകടിപ്പിക്കാനുമാണ് കൽപ്പിച്ചിട്ടുള്ളത്. മറിച്ച്, പ്രവാചകന്മാരുടെയും മറ്റും മരണദിവസങ്ങളിലോ വഫാത്തിന്റെ മാസത്തിലോ മാതൃകയാക്കി ദുഃഖാചരണം നടത്താന്‍ മതം കൽപ്പിച്ചിട്ടില്ല. ചരിത്രത്തിൽ ഹുസൈൻ(റ) വഫാതായ ദിവസം മുൻനിർത്തി ശിയാക്കൾ ആശൂറാഇനെ മഅ്തമാക്കി (ദുഃഖാചരണമായി) മാറ്റിയതിനെ പ്രമുഖ പണ്ഡിതനായ ഇബ്നു റജബ് തന്റെ ലതാഇഫ് (كتاب اللطائف) ൽ ശക്തമായി വിമർശിച്ചിട്ടുള്ളത് ഇതിനോട് ചേർത്തു വായിക്കാവുന്നതാണ്. അതിനാൽ, വഫാത്തിന്റെ പേരിൽ ദുഃഖാചരണം നടത്തുന്നതിനേക്കാൾ, തിരുനബിയുടെ ജനനം നൽകിയ വലിയ അനുഗ്രഹത്തിന് നന്ദി സൂചകമായി റബീഉൽ അവ്വൽ മാസത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നതാണ് ശരീഅത്ത് നിയമങ്ങൾക്ക് കൂടുതൽ അനുയോജ്യമായത് എന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.

നബിദിനാഘോഷത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന അൽഫാകിഹാനിയുടെ പ്രസ്താവനയെ എതിർത്ത് കൊണ്ട് , "അറിയില്ല എന്നത് ഒരു വസ്തുവിന്റെ നിലനിൽപ്പില്ലായ്മയെ തെളിയിക്കുന്നില്ല" എന്ന് സുയൂത്വി(റ) വ്യക്തമാക്കുന്നു. തുടർന്ന്, ഹദീസ് പ്രമാണങ്ങളിൽ നിന്നും പ്രമുഖ പണ്ഡിതന്മാർ ഇതിനുള്ള ശക്തമായ അടിസ്ഥാനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം സമർത്ഥിക്കുന്നു. ഇബ്നു ഹജർ അൽഅസ്ഖലാനി(റ) ഇതിനായി അവലംബിച്ച സുപ്രധാന പ്രമാണം ബുഖാരിയും മുസ്‍ലിമും റിപ്പോർട്ട് ചെയ്യുന്ന ആശൂറാഇന്റെ ഹദീസാണ്. നബി(സ്വ) മദീനയിൽ എത്തിയപ്പോൾ ജൂതന്മാർ മുഹറം പത്തിന് നോമ്പ് അനുഷ്ഠിക്കുന്നത് കാണാനിടയായി. അതിന്റെ കാരണം അന്വേഷിച്ചപ്പോൾ, "അല്ലാഹു ഫിർഔനിൽ നിന്നും അവന്റെ ജനങ്ങളിൽ നിന്നും മൂസാ നബിയെയും അനുയായികളെയും രക്ഷപ്പെടുത്തിയ ദിവസമാണിത്; അതിനാൽ ഞങ്ങൾ അല്ലാഹുവിനോടുള്ള നന്ദിസൂചകമായി ഈ ദിവസം നോമ്പ് അനുഷ്ഠിക്കുന്നു" എന്ന് അവർ മറുപടി പറഞ്ഞു. അപ്പോൾ നബി(സ്വ) പറഞ്ഞു: "മൂസായോട് നിങ്ങളെക്കാൾ കൂടുതൽ ബന്ധമുള്ളവർ ഞാനാണ്." തുടർന്ന് ആ ദിവസം നോമ്പ് അനുഷ്ഠിക്കാൻ അവിടുന്ന് കൽപ്പിക്കുകയും ചെയ്തു.

ഈ ഹദീസിൽ നിന്ന് പണ്ഡിതന്മാർ രൂപപ്പെടുത്തുന്ന കർമ്മശാസ്ത്ര നിയമം അത്യന്തം പ്രയോജനപ്രദമാണ്. ഒരു പ്രത്യേക ദിവസത്തിൽ അല്ലാഹു നൽകിയ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുകയോ വലിയൊരു ആപത്തിൽ നിന്ന് ലഭിച്ച മോചനത്തിന്റെ സന്തോഷം പങ്കുവെക്കുകയോ ചെയ്യുന്നത് ആ ദിവസത്തിന്റെ വാർഷികാവൃത്തിയിലൂടെ ആചരിക്കാവുന്നതാണ്. ഈ പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ, പ്രപഞ്ചത്തിലേക്ക് പ്രവാചകൻ കടന്നുവന്നതും അല്ലാഹു മാനവികതയ്ക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹവുമായ റബീഉൽ അവ്വൽ മാസത്തിൽ തിരുനബിയുടെ ജന്മദിനാഘോഷവും അന്നദാനവും നടത്തുന്നതിന് ഇതിൽ വ്യക്തമായ തെളിവ് ദൃശ്യമാണെന്നാണ് ഇമാം സുയുതി പറയുന്നത്.

ഇമാം സുയൂത്വി(റ) കൊണ്ടുവരുന്ന മറ്റൊരു തെളിവ്, ഇമാം ബൈഹഖി റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസാണ്. പ്രവാചകൻ(സ്വ) തന്റെ ആഗമനത്തിന് ശേഷം സ്വന്തം വകയായി അഖീഖഃ അറുത്തിട്ടുണ്ട്. അബ്ദുൽ മുത്വലിബ് തനിക്ക് ഏഴാം ദിവസം അഖീഖഃ അറുത്തിരുന്നു എന്ന് മനസ്സിലാക്കിയ നബി(സ്വ) തനിക്ക് വേണ്ടി പ്രവാചകത്വത്തിന് ശേഷവും അഖീഖഃ അറുക്കുകയുണ്ടായി. ഇവിടെ ഇമാം സുയൂത്വി(റ) കൊണ്ടുവരുന്ന യുക്തി ഇതാണ്: പ്രവാചകന്റെ ജനനം പോലുള്ള ലോകത്തെ ഏറ്റവും വലിയ അനുഗ്രഹം മുൻകാലത്ത് നടന്നിട്ടുണ്ടെങ്കിലും, ആ ജന്മദിനത്തിന്റെ ഓർമ്മ പുതുക്കുന്നതും സന്തോഷം പ്രകടിപ്പിക്കുന്നതും ആവർത്തിച്ച് ആഘോഷിക്കുന്നതും പ്രവാചകന്റെ പദവിയെ ആദരിക്കുന്നതിന്റെയും അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി പറയുന്നതിന്റെയും ഭാഗമാണ്. അതിനാൽ ഈ പ്രമാണങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് മൗലിദാഘോഷത്തെ ഒരു 'ബിദ്അത്ത് ഹസന'യായി പണ്ഡിതന്മാർ അംഗീകരിച്ചത്.

ബിദ്അത്തിന്റെ വിഭജനത്തെക്കുറിച്ച് പറയുമ്പോൾ, ബിദ്അത്ത് എന്നാൽ പൂർണ്ണമായും ഹറാമും നിഷിദ്ധവുമായ കാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇമാം ഇസ്സുദ്ദീൻ ബിൻ അബ്ദുസ്സലാം, ഇമാം നവവി(റ) തുടങ്ങിയ പ്രമുഖ കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ ഉദ്ധരണികൾ കൊണ്ടുവന്ന്, ബിദ്അത്ത് 'ഹസന', 'ഖബീഹ' എന്നിങ്ങനെ വിഭജിക്കപ്പെട്ടിട്ടുണ്ടെന്ന് സുയൂത്വി(റ) വിശദീകരിക്കുന്നു. തിന്മകളൊന്നുമില്ലാതെ, ഖുർആൻ പാരായണവും അന്നദാനവും നടത്തി നബി(സ്വ) തങ്ങളുടെ ജന്മദിനത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നത് 'ബിദ്അത്ത് ഹസന' ആണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.

തിന്മകളും അനാചാരങ്ങളും ഒഴിവാക്കിയുള്ള നബിദിനാഘോഷം

ആചാരങ്ങളിലെ തിന്മകളെയും അടിസ്ഥാനത്തെയും വേർതിരിച്ചു കാണിച്ചുകൊണ്ട്, നബിദിനാഘോഷ സദസ്സുകളിൽ ചിലയിടങ്ങളിൽ തെറ്റായ കാര്യങ്ങൾ (വാദ്യമേളങ്ങൾ, ആഭാസങ്ങൾ) കടന്നുകൂടുന്നു എന്നത് കൊണ്ട് അടിസ്ഥാനപരമായ 'നബിദിനാഘോഷവും സന്തോഷ പ്രകടനവും' തെറ്റാകുന്നില്ല എന്നും സുയൂത്വി(റ) വ്യക്തമാക്കുന്നു. ജുമാ നമസ്കാരത്തിനോ തറാവീഹ് നമസ്കാരത്തിനോ ഇടയിൽ ഏതെങ്കിലും തിന്മകൾ സംഭവിച്ചാൽ അതുകൊണ്ട് ആ നമസ്കാരങ്ങളുടെ അടിവേരുകൾ തെറ്റാണെന്ന് പറയാത്തതുപോലെയാണിത്. സദസ്സിലെ തെറ്റുകൾ തിരുത്തപ്പെടേണ്ടതാണെങ്കിലും, തിരുനബിയോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്ന മൗലിദിന്റെ അടിസ്ഥാന രൂപം പുണ്യമുള്ള കർമ്മമാണ്.

അൽഫാകിഹാനിയുടെ വിമർശനങ്ങൾക്ക് പുറമെ, പ്രമുഖ പണ്ഡിതന്മാരായ ഇബ്‌നുൽ ഹാജ്, ഇമാം ഇബ്നു ഹജർ അൽഅസ്ഖലാനി, ഇബ്‌നുൽ ജസരി, ഇബ്നു നാസിറുദ്ദീൻ അദ്ദിമിശ്ഖി തുടങ്ങിയവരുടെ നിരീക്ഷണങ്ങളും നിലപാടുകളും ഇമാം സുയൂത്വി(റ) തന്റെ ഗ്രന്ഥത്തിൽ വിശദമായി ക്രോഡീകരിച്ചിട്ടുണ്ട്.

ഇബ്‌നുൽ ഹാജിന്റെ വിലയിരുത്തൽ അനുസരിച്ച്, മൗലിദ് ആഘോഷ വേളകളിൽ കടന്നുകൂടുന്ന വാദ്യമേളങ്ങൾ, സ്ത്രീ-പുരുഷന്മാർ ഇടകലരൽ, ലൗകിക താല്പര്യങ്ങൾ, പണം പിരിക്കാനുള്ള മാർഗ്ഗമായി മൗലിദിനെ ഉപയോഗിക്കൽ തുടങ്ങിയ തിന്മകളെ അദ്ദേഹം ശക്തമായി വിമർശിക്കുന്നുണ്ട്. എന്നാൽ ഈ വിമർശനങ്ങളെല്ലാം മൗലിദിന്റെ അടിസ്ഥാനപരമായ രൂപത്തിനെയല്ല, മറിച്ച് അതിൽ വന്നുചേരുന്ന തിന്മകളെയാണ് ബാധിക്കുന്നത് എന്ന് ഇമാം സുയൂത്വി വ്യക്തമാക്കുന്നു. തിന്മകളൊന്നുമില്ലാതെ, ഖുർആൻ പാരായണവും അന്നദാനവും നടത്തി നബി(സ്വ) തങ്ങളുടെ ജന്മദിനത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നത് പ്രശംസനീയമായ കാര്യമാണ്. ഇബ്നു ഹജർ അൽഅസ്ഖലാനിയുടെ നിലപാട് വ്യക്തമാക്കുന്നത്, ഖുർആൻ പാരായണം, അന്നദാനം, സദസ്സിൽ സദ്വൃത്തരുടെ ഓർമ്മകൾ പങ്കുവെക്കൽ എന്നിവ ഉൾക്കൊള്ളുന്ന മൗലിദ് 'ബിദ്അത്ത് ഹസന'യാണെന്നാണ്. എന്നാൽ അതിൽ നിഷിദ്ധമായ കാര്യങ്ങളോ ലൗകിക ആഭാസങ്ങളോ കടന്നുവന്നാൽ അത് ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. നബി(സ്വ) തങ്ങളുടെ ജന്മദിനത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നതിന്റെയും ആദരവുകൾ അർപ്പിക്കുന്നതിന്റെയും മഹത്വം വിശദീകരിച്ചുകൊണ്ട്, തിരുനബിയുടെ ജനനം കൊണ്ടുണ്ടായ സന്തോഷം നിമിത്തം അവിടുത്തെ ജന്മദിനത്തിൽ അബൂലഹബിന് പോലും നരകത്തിൽ ഇളവ് ലഭിക്കുന്നുണ്ടെന്ന ചരിത്രപരമായ പരാമർശം ഇമാം ഇബ്‌നുൽ ജസരിയും ഇബ്നു നാസിറുദ്ദീൻ അദ്ദിമിശ്ഖിയും തങ്ങളുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ, തിരുനബിയെ സ്നേഹിക്കുകയും അവിടുത്തെ ജന്മദിനത്തിൽ ആത്മാർത്ഥമായി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു സത്യവിശ്വാസിക്ക് അല്ലാഹു നൽകുന്ന പ്രതിഫലം എത്രയോ വലുതായിരിക്കും!

റബീഉൽ അവ്വൽ മാസത്തിന്റെ സവിശേഷതകൾ

നബി(സ്വ) തങ്ങളുടെ ജനനത്തിനായി റബീഉൽ അവ്വൽ മാസവും തിങ്കളാഴ്ച ദിവസവും തിരഞ്ഞെടുക്കപ്പെട്ടതിന്റെ കാരണങ്ങളെക്കുറിച്ചും ഇമാം ഇബ്‌നുൽ ഹാജ് അടക്കമുള്ള പണ്ഡിതന്മാർ ചില സുപ്രധാനമായ രഹസ്യങ്ങൾ വിവരിക്കുന്നുണ്ട്.

ഒന്നാമതായി, തിങ്കളാഴ്ചയാണ് അല്ലാഹു മരങ്ങളെ സൃഷ്ടിച്ചത്. മനുഷ്യർക്ക് ജീവിക്കാനും ആഹരിക്കാനും ആവശ്യമായ ആഹാരങ്ങളും ഫലവർഗ്ഗങ്ങളും ആവാസവ്യവസ്ഥയും രൂപപ്പെട്ട ആ ദിവസത്തിന്റെ പ്രാധാന്യവുമായി ഇതിന് ബന്ധമുണ്ട്. രണ്ടാമതായി, 'റബീഅ്' (വസന്തം) എന്ന പദത്തിൽ തന്നെ നല്ലൊരു ശകുനവും ശുഭസൂചനയും (തഫാഉൽ) അടങ്ങിയിരിക്കുന്നു. മൂന്നാമതായി, പ്രകൃതിയിലെ ഏറ്റവും മനോഹരവും സന്തുലിതവുമായ 'വസന്തകാലം' (ഫസ്‍ലു റബീഅ്) ആണ് റബീഉൽ അവ്വൽ മാസം. അതുപോലെ തന്നെ അവിടുന്ന് മാനവികതയ്ക്ക് സമ്മാനിച്ച ഇസ്‌ലാമിക ശരീഅത്തും ഏറ്റവും നീതിപൂർവ്വകവും ലളിതവുമായ നിയമങ്ങളുള്ളതാണ്. നാലാമതായി, അൽഹകീം (അഗാധമായ യുക്തിയുള്ളവൻ) ആയ അല്ലാഹു, ആ സമയത്ത് ജന്മം നൽകിയതിലൂടെ ആ കാലഘത്തിന് കൂടുതൽ പ്രൗഢിയും മഹത്വവും നൽകാനാണ് ഉദ്ദേശിച്ചത്. പ്രമുഖമായ മറ്റു ചില പുണ്യകാലങ്ങളിൽ (റമദാൻ, ലൈലത്തുൽ ഖദ്ർ, വിശുദ്ധ മാസങ്ങൾ, ബറാഅത്ത് രാവ്, വെള്ളിയാഴ്ച എന്നിവയിൽ) നബി(സ്വ) ജനിച്ചിരുന്നുവെങ്കിൽ, ആ പ്രത്യേക സമയങ്ങളുടെ മഹത്വംകൊണ്ടാണ് ആ ജന്മം എന്ന് ആളുകൾ തെറ്റായി ധരിച്ചേക്കാമായിരുന്നു. എന്നാൽ ഈ വേളയിൽ ജനിച്ചതിലൂടെ ആ സമയത്തിന്റെ തന്നെ മാഹാത്മ്യം പ്രവാചകനിലൂടെ ഉയർത്തപ്പെടുകയായിരുന്നു.

ചുരുക്കത്തില്‍, നബിദിനാഘോഷത്തിനെതിരെ ഇന്ന് പൊതുവെ പറയപ്പെടാറുള്ള ആരോപണങ്ങള്‍ക്കെല്ലാം, ഇമാം സുയൂത്വി(റ) നേരത്തെ വ്യക്തമായ മറുപടി നല്കിയിട്ടുണ്ട്. ആഘോഷിക്കുന്നവര്‍ക്ക്, അതിനുള്ള തെളിവുകളായി അവ തന്നെ ധാരാളമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter