ആലമുൽ മിഥാൽ: ഇസ്‌ലാമിക തത്ത്വചിന്തയിലെ ഒരു ഇടനില പ്രപഞ്ചം

ഇസ്‌ലാമിക തത്ത്വചിന്തയിലെ പ്രപഞ്ചവീക്ഷണത്തെയും സത്താമീംസയെയും (Ontology) സംബന്ധിച്ച പഠനങ്ങളിൽ ഏറ്റവും മൗലികവും സങ്കീർണ്ണവുമായ ഒന്നാണ് 'ആലമുൽ മിഥാൽ' എന്ന സങ്കൽപ്പം. ആത്മീയതയുടെ ലോകത്തിനും, ദ്രവ്യനിഷ്ഠമായ ഭൗതിക ലോകത്തിനും മധ്യേ വർത്തിക്കുന്ന ഒരു വിതാനമായാണ് ഇത് അടയാളപ്പെടുത്തപ്പെടുന്നത്. ആകൃതി, വിസ്തൃതി, അളവ് തുടങ്ങിയ ഭൗതിക ഗുണങ്ങൾ പ്രകടിപ്പിക്കുമ്പോഴും പദാർത്ഥപരമായ ദ്രവ്യത്തിന്റെ  അഭാവമാണ് ഈ ലോകത്തിന്റെ സവിശേഷത. നാം കാണുന്നതും കാണാത്തതുമായ പല വസ്തുക്കൾക്കും വസ്തുതകൾക്കും രൂപം കല്പിക്കപ്പെടുന്നുണ്ട് ഇവിടെ.

ഇബ്നു സീനയെപ്പോലുള്ള മശാഇയ്യ (Peripatetic) ദാർശനികർ ഭാവനയെ മനുഷ്യന്റെ മസ്തിഷ്കവുമായി ബന്ധപ്പെട്ട ഒരു ഭൗതിക പ്രതിഭാസമായി മാത്രം പരിഗണിച്ചപ്പോൾ, ഇശ്റാഖി ദർശനത്തിന്റെ വക്താവായ ശൈഖ് സുഹ്‌റവർദിയാണ് ഇതിനെ ഒരു സ്വതന്ത്ര അസ്തിത്വതലമായി വികസിപ്പിച്ചത്. തുടർന്ന് മുല്ലാ സദ്‌റയുടെ 'ഹിക്മത്തുൽ മുതആലിയ'യിൽ ഇത് കൂടുതൽ ദാർശനികമായ പൂർണ്ണത കൈവരിച്ചു. ആത്മാവിന്റെ ഭൗതികേതരമായ ഭാവനയുടെ ഉൽപ്പന്നമായ ഈ ലോകം, മരണാനന്തര ജീവിതം, സ്വപ്നദർശനം, ആത്മീയ വെളിപാടുകൾ തുടങ്ങിയവയെ യുക്തിഭദ്രമായി വിശദീകരിക്കാൻ സഹായിക്കുന്നു. കേവലമായ മാനസിക സങ്കൽപ്പങ്ങൾക്കപ്പുറം, വസ്തുനിഷ്ഠമായ അസ്തിത്വമുള്ള ഒന്നായി ഇതിനെ കാണുന്നതിലൂടെ ഇസ്‌ലാമിക തത്ത്വചിന്തയിലെ ഭൗതിക-ആത്മീയ ദ്വന്ദ്വങ്ങൾക്കിടയിലുള്ള വിടവ് നികത്തപ്പെടുന്നു. ഹെൻറി കോർബിനെപ്പോലുള്ള സമകാലിക പണ്ഡിതർ Mundus Imaginalis എന്ന് വിശേഷിപ്പിച്ച ഈ സങ്കൽപ്പം, ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിലെ ആഴമേറിയ ഒരധ്യായമാണ്.

തത്ത്വചിന്തകരുടെ സാങ്കേതിക പ്രയോഗത്തിൽ 'ആലമുൽ മിഥാൽ' പ്രധാനമായും രണ്ട് അർത്ഥങ്ങളിലാണ് ഉപയോഗിക്കപ്പെടുന്നത്:

  1. ആലമുൽ മിഥാൽ അൽമുൻഫസിൽ: ഇതിനെ 'മിഥാൽ അൽഅക്ബർ' എന്നും 'ഖയാൽ മുൻഫസിൽ' എന്നും വിളിക്കുന്നു. ശൈഖ് സുഹ്‌റവർദി ഇതിനെ 'ആലമുൽ അശ്ബാഹ് അൽമുജർറദ' (ഭൗതികേതര പ്രതിരൂപങ്ങളുടെ ലോകം) എന്നാണ് വിശേഷിപ്പിച്ചത്. ഇത് ദ്രവ്യലോകത്തിനും (ആലമുൽ മാദ്ദ), ആത്മീയ ലോകത്തിനും മധ്യേ സ്ഥിതിചെയ്യുന്ന ഒരു സ്വതന്ത്ര പ്രപഞ്ചമാണ്. ഭൗതിക ലോകത്തെപ്പോലെ ഇതിൽ രൂപവും അളവും നിലനിൽക്കുന്നു. എന്നാൽ ആത്മീയ ലോകത്തെപ്പോലെ ഇത് ഭൗതിക പദാർത്ഥങ്ങളിൽ നിന്ന് മുക്തവുമാണ്. മുല്ലാ സദ്‌റയുടെ അഭിപ്രായത്തിൽ പ്രപഞ്ചം എന്നത് വിവിധ തലങ്ങളിലുള്ള ഒരു യാഥാർത്ഥ്യമാണ്. കൂടുതൽ തെളിച്ചമുള്ളതും വിപുലവുമായ ആത്മീയ ലോകം അതിന്റെ താഴെയുള്ള മിഥാൽ ലോകത്തിന് കാരണമാവുകയും, മിഥാൽ ലോകം ഭൗതിക ലോകത്തിന് കാരണമാവുകയും ചെയ്യുന്നു.
  2. ആലമുൽ മിഥാൽ അൽമുത്തസിൽ: ഇതിനെ 'ഖയാൽ മുത്തസിൽ' എന്ന് വിളിക്കുന്നു. ഇത് മനുഷ്യന്റെ മനസ്സിനുള്ളിലോ ആത്മാവിന്റെ തലത്തിലോ നിലനിൽക്കുന്ന ഭാവനാശക്തിയാണ്. ശൈഖ് സുഹ്‌റവർദിയുടെയും മുല്ലാ സദ്‌റയുടെയും നിരീക്ഷണപ്രകാരം, ബാഹ്യമായ പഞ്ചേന്ദ്രിയങ്ങൾ നൽകുന്ന രൂപങ്ങളെ അവയുടെ അസാന്നിധ്യത്തിലും നിലനിർത്തുന്ന ആന്തരികമായ ഒരു ഖജനാവാണിത്. ഇത് ബാഹ്യ സംവേദനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇന്ദ്രിയങ്ങൾ വസ്തുക്കളെ നേരിട്ട് അനുഭവിക്കുമ്പോൾ, ഖയാൽ അവയുടെ പ്രതിബിംബങ്ങളെ മനസ്സിന്റെ തലത്തിൽ സംരക്ഷിക്കുന്നു.

ശൈഖ് സുഹ്‌റവർദി തന്റെ 'ഹിക്മത്തുൽ ഇശ്റാഖിൽ' പ്രപഞ്ചത്തെ നാല് പ്രധാന തലങ്ങളായി വിഭജിക്കുന്നു:

  1. ആലമുൽ അൻവാർ അൽഖാഹിറ ( عالم الأنوار القاهرة ): ഇത് ഭൗതികതയുമായി യാതൊരു ബന്ധവുമില്ലാത്ത ശുദ്ധ ബുദ്ധിയുടെയും (Pure Intellects) മലക്കുകളുടെയും ലോകമാണ്.
  2. ആലമുൽ അൻവാർ അൽമുദബ്ബിറ (عالم الأنوار المدبّرة): മനുഷ്യലോകത്തെയും ആകാശലോകത്തെയും നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പ്രകാശ ലോകം
  3. ആലമുൽ ബർസഖ് (عالم البرزخ): നക്ഷത്രങ്ങളും ഭൂമിയിലെ മൂലകങ്ങളും ഉൾപ്പെടുന്ന ഭൗതിക പദാർത്ഥങ്ങളുടെ ലോകം.
  4. അൽ-സുവർ അൽമുഅല്ലഖ (الصور المعلّقة): ഇതാണ് 'ആലമുൽ മിഥാൽ മുൻഫസിൽ'. ഇതിൽ ഇരുളടഞ്ഞ രൂപങ്ങളും (പാപികൾക്കുള്ള ശിക്ഷയുടെ പ്രതീകങ്ങൾ) പ്രകാശപൂർണ്ണമായ രൂപങ്ങളും (പുണ്യവാന്മാർക്കുള്ള അനുഗ്രഹങ്ങൾ) അടങ്ങിയിരിക്കുന്നു.

ദാർശനികർക്ക് 'ആലമുൽ മിഥാൽ' എന്നത് ഭൗതികതയുടെ ഇരുളിനും ആത്മീയതയുടെ ശുദ്ധപ്രകാശത്തിനും ഇടയിലുള്ള ഒരു സുപ്രധാനമായ വിതാനമാണ്. ഇത് മരണാനന്തര ജീവിതത്തിലെ അനുഭവങ്ങളെയും സ്വപ്നങ്ങളെയും വ്യാഖ്യാനിക്കുന്നതിനുള്ള ദാർശനികമായ അടിത്തറ നൽകുന്നു.

ആലമുൽ മിഥാൽ തെളിയിക്കുന്നതിനുള്ള ദാർശനിക പ്രമാണങ്ങൾ

  1. برهان الصور الخيالية: ശൈഖ് സുഹ്‌റവർദിയുടെ ഈ വാദപ്രകാരം, നാം ഭാവനയിൽ കാണുന്ന വലിയ രൂപങ്ങൾ (ഉദാഹരണത്തിന് ഒരു വലിയ പർവ്വതം) നമ്മുടെ ചെറിയ മസ്തിഷ്കത്തിൽ ഒതുങ്ങുക സാധ്യമല്ല (امتناع انطباع الكبير في الصغير). ഈ രൂപങ്ങൾ വെറും ശൂന്യതയല്ല, കാരണം അവയ്ക്ക് സവിശേഷമായ ഗുണങ്ങളുണ്ട്. അവ ഭൗതിക ലോകത്തോ ബുദ്ധിപരമായ ലോകത്തോ നിലനിൽക്കുന്നതുമല്ല. അതിനാൽ, അവ നിലനിൽക്കുന്നതിന് രൂപവും അളവുമുള്ള, എന്നാൽ പദാർത്ഥമില്ലാത്ത ഒരു സ്വതന്ത്ര ലോകം ആവശ്യമാണ്. ഇതാണ് ആലമുൽ മിഥാൽ.
  2. قاعدة إمكان الأشرف : സുഹ്‌റവർദിയും മുല്ലാ സദ്‌റയും ഒരുപോലെ ഉപയോഗിക്കുന്ന പ്രമാണമാണ് ഇത്. താഴ്ന്ന നിലയിലുള്ള ഒരു സത്ത (ഭൗതിക ലോകം) ഉണ്ടാകുന്നതിന് മുൻപ് അതിനേക്കാൾ ശ്രേഷ്ഠമായ ഒന്ന് (മിഥാൽ ലോകം) ഉണ്ടായിരിക്കണം. സ്രഷ്ടാവിൽ നിന്നുള്ള Emanation നേരിട്ട് ഭൗതികതയിലേക്ക് എത്തുന്നില്ല; പകരം അത് ഘട്ടം ഘട്ടമായി ഏറ്റവും ശ്രേഷ്ഠമായതിൽ നിന്ന് കുറഞ്ഞ ശ്രേഷ്ഠതയുള്ളതിലേക്ക് (മിഥാൽ) പ്രവഹിക്കുന്നു.
  3. تطابق العوالم: മനുഷ്യൻ ഒരു 'ചെറിയ പ്രപഞ്ചം' (Microcosm) ആണെന്ന തത്വത്തിലധിഷ്ഠിതമാണിത്. മനുഷ്യനിൽ ബുദ്ധി, ഭാവന, ഇന്ദ്രിയങ്ങൾ എന്നിവയുള്ളതുപോലെ, അതിന് സമാന്തരമായ വിതാനങ്ങൾ പുറംലോകത്തുമുണ്ട് (Macrocosm). മനുഷ്യന്റെ ഭാവനയ്ക്ക് (ഖയാൽ) അനുരൂപമായ പുറംലോകമാണ് 'ആലമുൽ മിഥാൽ'.
  4. الحصر العقليّ : അല്ലാമ തബാതബാഈ മുന്നോട്ടുവെക്കുന്ന വാദമാണിത്. അസ്തിത്വത്തെ യുക്തിപരമായി മൂന്നായി തിരിക്കാം:

ദ്രവ്യവും അതിന്റെ ഗുണങ്ങളും ഉള്ളത് (ഭൗതിക ലോകം).

ദ്രവ്യമില്ലാത്തതും എന്നാൽ ഗുണങ്ങളുള്ളതും (മിഥാൽ ലോകം).

ദ്രവ്യവും രൂപപരമായ ഗുണങ്ങളുമില്ലാത്ത ശുദ്ധമായ അസ്തിത്വം (ആത്മീയ ലോകം).

5.الخيال المتّصل: മനുഷ്യന്റെ ഭാവനാശക്തി (ഖയാൽ മുത്തസിൽ) പദാർത്ഥത്തിൽ നിന്ന് സ്വതന്ത്രമാണെന്ന് മുല്ലാ സദ്‌റ വാദിക്കുന്നു. ഭൗതിക ശരീരം നശിച്ചാലും ആത്മാവിനോടൊപ്പം ഈ ഭാവന നിലനിൽക്കുന്നു. ഇത്തരമൊരു ഭാവനാപരമായ കഴിവ് മനുഷ്യനിൽ ഉണ്ടെങ്കിൽ, അത് സ്വതന്ത്രമായി നിലനിൽക്കുന്ന ഒരു മിഥാൽ ലോകവുമായുള്ള ആത്മാവിന്റെ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.

ആലമുൽ മിഥാൽ കേവലമായ ഒരു ആശയമല്ല, മറിച്ച് ദിക്കുകളും അളവുകളുമുള്ള ഒരു സത്തയാണ്. ഭൗതിക വസ്തുക്കളെപ്പോലെ ഇതിന് നീളം, വീതി, ആഴം എന്നീ മൂന്ന് അളവുകൾ ഉണ്ടാകാം. ഇതിനെ 'ജിസ്മുൽ മിഥാലി' എന്ന് വിളിക്കുന്നു. ഭൗതിക ദ്രവ്യത്തിന്റെ സാന്നിധ്യമില്ലാതെ തന്നെ ഗുണപരമായ അളവുകൾ ഇതിൽ നിലനിൽക്കുന്നു. അളവുകളും വ്യാപ്തിയുമുള്ള ഒരു സത്തയായതിനാൽ, ആലമുൽ മിഥാലിലെ രൂപങ്ങളെ യുക്തിപരമായി വിഭജിക്കാൻ സാധിക്കും. ഭൗതിക വസ്തുക്കളെ മുറിക്കുന്നത് പോലെ പദാർത്ഥപരമായിട്ടല്ലെങ്കിലും, വിസ്തൃതിയുള്ളതിനാൽ അവ വിഭജനം സാധ്യമായ ഒന്നായി കണക്കാക്കപ്പെടുന്നു. മിഥാൽ ലോകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ഭൗതിക ദ്രവ്യത്തിൽ  നിന്ന് മുക്തമാണ് എന്നതാണ്. അവിടെ വസ്തുക്കൾ 'സാധ്യത' എന്ന അവസ്ഥയിലല്ല, മറിച്ച് പൂർണ്ണതയിലാണ് നിലനിൽക്കുന്നത്. അതിനാൽ ഭൗതിക ലോകത്ത് കാണുന്നതുപോലെയുള്ള ഉൽപ്പത്തിവിനാശങ്ങളോ, ചലനങ്ങളോ, മാറ്റങ്ങളോ അവിടെ സംഭവിക്കുന്നില്ല. കാലം ചലനത്തിന്റെ അളവാണ്. ആലമുൽ മിഥാലിൽ ഭൗതികമായ ചലനങ്ങളില്ലാത്തതിനാൽ അത് കാലത്തിന് അതീതമാണ്. അതായത്, മിഥാൽ ലോകത്തെ വസ്തുക്കൾ സമയത്തിന്റെ പരിമിതികൾക്ക് ഉള്ളിലല്ല നിലകൊള്ളുന്നത്. രൂപവും ലാവണ്യവുമുള്ള എന്നാൽ മാറ്റങ്ങളോ തകർച്ചയോ ഇല്ലാത്ത ഒരു നിത്യമായ വിതാനമായാണ് ദാർശനികർ ആലമുൽ മിഥാലിനെ ദർശിക്കുന്നത്.

ആലമുൽ മിഥാലിനെ (മാതൃകാ ലോകം) സംബന്ധിച്ച പഠനത്തിൽ ശൈഖ് സുഹ്‌റവർദിയുടെ 'ഇശ്റാഖി' ദർശനവും മുല്ലാ സദ്‌റയുടെ 'മുതആലിയ' ദർശനവും തമ്മിലുള്ള പ്രധാന വൈരുദ്ധ്യങ്ങളെ താഴെ പറയുന്ന മൂന്ന് കാര്യങ്ങളിൽ  സംഗ്രഹിക്കാം:

  1. സുഹ്‌റവർദിയുടെ അഭിപ്രായത്തിൽ ഭാവനാചിത്രങ്ങൾ (Imaginary forms) മനുഷ്യ മനസ്സിന് പുറത്തുള്ള 'ആലമുൽ മിഥാൽ അൽമുൻഫസിലിൽ' ആണ് നിലനിൽക്കുന്നത്. എന്നാൽ മുല്ലാ സദ്‌റ ഇതിനോട് വിയോജിക്കുന്നു. അദ്ദേഹത്തിന്റെ നിഗമനത്തിൽ ഇത്തരം ചിത്രങ്ങൾ ആത്മാവിന്റെ തന്നെ സൃഷ്ടിയാണ് (ഖയാൽ മുത്തസിൽ). മനുഷ്യൻ കാണുന്ന പേടിസ്വപ്നങ്ങളും അർത്ഥശൂന്യമായ സങ്കൽപ്പങ്ങളും പവിത്രമായ ആത്മീയ ലോകത്തിന്റെ ഭാഗമാകാൻ കഴിയില്ലെന്നും, മറിച്ച് അവ ആത്മാവിന്റെ ഭാവനാപരമായ വികൃതികളാണെന്നും സദ്‌റ സമർത്ഥിക്കുന്നു.
  2. ഭാവനാശക്തി എന്നത് മസ്തിഷ്കത്തിലെ ഒരു ഭൗതിക പ്രവർത്തനമാണെന്ന ഇബ്നു സീനയുടെയും മശാഇയ്യുകളുടെയും നിലപാടിനോട് സുഹ്‌റവർദി ഭാഗികമായി യോജിക്കുന്നു. എന്നാൽ മുല്ലാ സദ്‌റ 'ഭാവന' എന്നത് ഭൗതികതയിൽ നിന്ന് പൂർണ്ണമായും വിച്ഛേദിക്കപ്പെട്ട ഒരു ആത്മീയ സത്തയാണെന്ന് (Immaterial/Abstract) വാദിക്കുന്നു. ആത്മാവ് അതിന്റെ ഏകാഗ്രതയിലൂടെ ഈ ചിത്രങ്ങളെ സ്വയം നിർമ്മിക്കുകയാണ് ചെയ്യുന്നത്. ഇതിനെ ബലപ്പെടുത്താൻ അല്ലാമ തബാതബാഈ 'ഓർമ്മ' (Memory) എന്ന പ്രതിഭാസത്തെ ചൂണ്ടിക്കാട്ടുന്നു; വർഷങ്ങൾക്ക് മുൻപ് കണ്ട ഒരാളെ, ശരീരത്തിലെ കോശങ്ങൾ മാറിയിട്ടും അതേപടി ഓർത്തെടുക്കാൻ കഴിയുന്നത് ആ രൂപം മാറ്റമില്ലാത്ത ഒരു ആത്മീയ വിതാനത്തിൽ (ഭാവനയിൽ) നിലനിൽക്കുന്നത് കൊണ്ടാണ്.
  3. കണ്ണാടിയിൽ കാണുന്ന പ്രതിബിംബങ്ങൾ ഭൗതിക ലോകത്തല്ല, മറിച്ച് 'ആലമുൽ മിഥാൽ അൽമുൻഫസിലിലാണ്' നിലനിൽക്കുന്നതെന്ന് സുഹ്‌റവർദി കരുതി. കണ്ണാടി ആ ലോകത്തെ ദർശിക്കാനുള്ള ഒരു ഉപകരണം മാത്രമാണ്. എന്നാൽ മുല്ലാ സദ്‌റ ഇതിനെ നിരാകരിച്ചു. കണ്ണാടിയുടെ ആകൃതി (വളഞ്ഞതോ നിരപ്പായതോ) മാറുന്നതിനനുസരിച്ച് പ്രതിബിംബത്തിലും മാറ്റം വരുന്നത് ഇത് ഭൗതിക ലോകത്തെ ഒരു പ്രതിഭാസമാണെന്നതിന് തെളിവായി അദ്ദേഹം അവതരിപ്പിച്ചു. പ്രതിബിംബങ്ങൾ എന്നത് വസ്തുക്കളുടെ നിഴലുകളെപ്പോലെ ഭൗതിക ലോകത്ത് തന്നെ നിലനിൽക്കുന്ന ഒന്നാണെന്നാണ് സദ്‌റയുടെ പക്ഷം.

സൃഷ്ടിപ്പിന്റെയും ആത്മാവിന്റെ പ്രയാണത്തിന്റെയും പശ്ചാത്തലത്തിൽ ആലമുൽ മിഥാലിനെ  ദാർശനികർ രണ്ട് ഘട്ടങ്ങളായി തിരിക്കുന്നു:

  1. അവരോഹണ ക്രമം (نزولي - قوس النزول): സൃഷ്ടിപ്പിന്റെ ആദ്യ ഘട്ടത്തിൽ ആത്മാവ് ശുദ്ധമായ ആത്മീയ ലോകത്ത് (ബുദ്ധി) നിന്ന് ഭൗതിക ലോകത്തേക്ക് ഇറങ്ങി വരുന്ന പ്രക്രിയയാണിത്. ഇതിനെ الغيب الإمكاني എന്ന് വിളിക്കുന്നു. ആത്മീയ ലോകത്തെ നിഗൂഢ സത്യങ്ങൾ ഭൗതികമായി രൂപപ്പെടുന്നതിന് മുൻപുള്ളതാണിത്. ഇതിനെ ദർശിക്കാൻ സാധിക്കുന്ന ഒരാൾക്ക് ഭൗതിക ലോകത്ത് നടക്കാൻ പോകുന്ന കാര്യങ്ങളെ മുൻകൂട്ടി അറിയാൻ സാധിച്ചേക്കാം.
  2. ആരോഹണ ക്രമം (صعودي - قوس الصعود): മനുഷ്യൻ ഭൗതിക ലോകത്തെ ജീവിതത്തിന് ശേഷം മരണത്തിലൂടെ ആത്മീയ ലോകത്തേക്ക് തിരിച്ചുപോകുന്ന ഘട്ടമാണിത്. ഇതിനെ الغيب المحاليّ എന്ന് വിളിക്കുന്നു. ഇവിടുത്തെ ചിത്രങ്ങളും അനുഭവങ്ങളും മനുഷ്യൻ ഭൗതിക ലോകത്ത് ചെയ്ത പ്രവൃത്തികളുടെ ഫലമായി രൂപപ്പെടുന്നവയാണ്. അതായത്, ദുനിയാവിലെ കർമ്മങ്ങളുടെ പ്രതിരൂപങ്ങൾ ആത്മാവ് ഇവിടെ അനുഭവിക്കുന്നു.

ഭൗതിക മോഹങ്ങളിൽ നിന്ന് മുക്തനായി ആത്മാവിനെ ശുദ്ധീകരിക്കുന്നവർക്ക് ഈ ലോകത്തെ ദർശിക്കാനാകും. വെളിപാടുകൾ, അദൃശ്യ ശബ്ദങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്. ഉറക്കത്തിൽ മനുഷ്യന്റെ ഇന്ദ്രിയങ്ങൾ ബാഹ്യലോകത്ത് നിന്ന് വിച്ഛേദിക്കപ്പെടുമ്പോൾ ആത്മാവ് ആലമുൽ മിഥാലുമായി ബന്ധപ്പെടുന്നു. ഇതാണ് സത്യസന്ധമായ സ്വപ്നങ്ങൾക്ക് ആധാരം.

ആലമുൽ മിഥാൽ എന്ന സങ്കൽപ്പം ഇസ്‌ലാമിക ദൈവശാസ്ത്രത്തിലെ പല സങ്കീർണ്ണ പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നു. ഭൗതിക ശരീരം മണ്ണടിഞ്ഞാലും ആത്മാവിന് അതേ രൂപവും ഗുണങ്ങളുമുള്ള ഒരു 'മിഥാലി ശരീരം' ഉണ്ടെന്ന് മുല്ലാ സദ്‌റ സമർത്ഥിക്കുന്നു. ഇത് മരണാനന്തര ശിക്ഷയെയും രക്ഷയെയും യുക്തിഭദ്രമായി വിശദീകരിക്കാൻ സഹായിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ആകാശാരോഹണം, ജിബ്‌രീൽ എന്ന മലക്കിന്റെ പ്രത്യക്ഷപ്പെടൽ എന്നിവ ആലമുൽ മിഥാലിന്റെ പശ്ചാത്തലത്തിൽ ദാർശനികർ വിശദീകരിക്കുന്നുണ്ട്. മലക്കുകൾ ഭൗതിക രൂപം സ്വീകരിക്കുന്നത് ഈ ലോകത്തിന്റെ സവിശേഷതയാണ്. യൂസഫ് നബിയുടെ സ്വപ്നങ്ങളെ ഉദാഹരണമാക്കി, സ്വപ്നത്തിൽ കാണുന്ന പ്രതീകങ്ങൾ ആലമുൽ മിഥാലിലെ യാഥാർത്ഥ്യങ്ങളാണെന്നും അവയ്ക്ക് അർത്ഥം നൽകാൻ ആ ലോകത്തെക്കുറിച്ചുള്ള അറിവ് അനിവാര്യമാണെന്നും ഇബ്നു അറബിയെപ്പോലുള്ളവർ വ്യക്തമാക്കുന്നു.

ആലമുൽ മിഥാലിനെ പ്ലാറ്റോയുടെ ideal world മായി  പലപ്പോഴും താരതമ്യം ചെയ്യാറുണ്ടെങ്കിലും അവ തമ്മിൽ വ്യക്തമായ വ്യത്യാസങ്ങളുണ്ട്. ആലമുൽ മിഥാൽ എന്നത് ഭൗതികതയുടെ അടയാളങ്ങളുള്ള (രൂപം, അളവ്) ഒരു ഇടനില ലോകമാണ്. എന്നാൽ പ്ലാറ്റോണിക് ആശയങ്ങൾ ദ്രവ്യത്തിൽ നിന്നും രൂപപരമായ പരിമിതികളിൽ നിന്നും പൂർണ്ണമായും വിച്ഛേദിക്കപ്പെട്ട 'ശുദ്ധ പ്രകാശ'ങ്ങളാണ്. പ്ലാറ്റോണിക് ആശയങ്ങൾ ആലമുൽ മിഥാലിനും മുകളിലുള്ള അതീന്ദ്രിയ ലോകത്താണ് നിലകൊള്ളുന്നത്.

കേവലമായ യുക്തിചിന്തകൾക്ക് അപ്പുറം ആത്മീയമായ അനുഭവങ്ങളിലൂടെയും വിശുദ്ധ ഗ്രന്ഥങ്ങളിലെ സൂചനകളിലൂടെയും ഇസ്‌ലാമിക ദാർശനികർ മനസ്സിലാക്കിയ പ്രപഞ്ചമാണ് ആലമുൽ മിഥാൽ.

References

അൽഹിക്മത്തുൽ മുതആലിയ ഫിൽ അസ്ഫാർ അൽഅർബഅ

ഹിക്മത്തുൽ ഇശ്റാഖ്

Al-Awadi, Furqān. “ʿĀlam al-Mithāl ʿinda Shaykh al-Suhrawardī wa al-Mullā Ṣadrā wa Atharuhū fī al-Masāʾil al-ʿAqādiyyah.” Al-ʿAqīdah, no. 24, Summer 2022 / 1443 AH, Iraqi Institute for Islamic and Cultural Studies, Jul. 20, 2022.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter