റഫയിലും അക്രമണം, ഇസ്റാഈലിന്റെ മൃഗീയതക്ക് മുന്നില്‍ ലോകം ലജ്ജിക്കുന്നു

1.4 മില്യണ്‍ ഫലസ്തീനികള്‍ അഭയാര്‍ത്ഥികളായി ഇപ്പോള്‍ കഴിയുന്നത് ഗസ്സയിലെ, ഈജിപ്തിനോട് ചേര്‍ന്ന റഫാ പ്രദേശത്താണ്. അറുപത് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ഇവിടെ, യു.എന്‍ കേമ്പുകള്‍, വിദ്യാലയങ്ങള്‍, ആശുപത്രി കെട്ടിടങ്ങള്‍ എന്നിവയിലായാണ് ഇത്രയും പേര്‍ തിങ്ങിത്താമസിക്കുന്നത്. ഗസ്സയിലേക്കുള്ള ഏക പ്രവേശന കവാടമായ, ഈ അതിര്‍ത്തിയിലൂടെയാണ് ഗസ്സയിലേക്കുള്ള പരിമിതമായ സഹായങ്ങളെത്തുന്നത്. 

എല്ലാം നഷ്ടപ്പെട്ട് ഇവിടെയെത്തിയ അഭയാര്‍ത്ഥികളുടെ നേരെയാണ് ഇസ്റാഈല്‍ ഇപ്പോള്‍ അക്രമണം നടത്തുന്നത്. നൂറിലേറെ പേര്‍ ഇതിനകം ഇവിടെ കൊല്ലപ്പെടുകയും അനേകം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരിക്കുകയാണ്. ചികില്‍സാ സംവിധാനങ്ങളൊന്നും കാര്യമായി ഇല്ലാത്ത ഇവിടെ നടത്തുന്ന അക്രമണം ഗസ്സയിലെ സ്ഥിതിഗതികളെ കൂടുതല്‍ ദുരന്തപൂര്‍ണ്ണമാക്കിയിരിക്കുകയാണ്. കൂടുതല്‍ അക്രമണം ഉണ്ടാവുമെന്ന ആശങ്കയില്‍ പലരും പരിസരത്തെ ആശുപത്രികളില്‍ അഭയം തേടിയിരിക്കുകയാണ്.

ഇത്രയും അഭയാര്‍ത്ഥികള്‍ ഒന്നിച്ച് താമസിക്കുന്ന ഈ പ്രദേശത്ത് അക്രമണം നടന്നാല്‍, അത് ഏറ്റവും വലിയ ദുരന്തമായിരിക്കുമെന്ന് യു.എന്‍ അഭയാര്‍ത്ഥി സംരക്ഷണ വിഭാഗമായ ഉനര്‍വ (UNRWA) നേരത്തെ മുന്നറിയിപ്പ് നല്കുിയിരുന്നു. ഈ പ്രദേശത്ത് കൂടി അക്രമണം നടത്തുന്നതോടെ, ഇനി പോവാന്‍ മറ്റൊരിടമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അതെല്ലാം അവഗണിച്ചിരിക്കുകയാണ് ഇസ്റാഈല്‍.

സാധാരണക്കാര്‍ അഭയം തേടിയ ഈ പ്രദേശത്ത് അക്രമണം നടത്തുന്നതിനെ പിന്തുണക്കാനാവില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നു. മനുഷ്യത്വം ലജ്ജിച്ചുപോവുന്ന ഈ അക്രമണ പരമ്പര എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഇനിയും അവധാനത അരുതെന്നും നഷ്ടപ്പെട്ടുപോയ നമ്മുടെ മനുഷ്യത്വം തിരിച്ചുപിടിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അമേരിക്കന്‍ ഡെമോക്രാറ്റ് കോറി ബുഷും മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം, ഖാന്‍യൂനുസില്‍ നടക്കുന്ന മുഖാമുഖ പോരാട്ടത്തില്‍ അധിനിവേശ സൈന്യത്തിന് ശക്തമായ അക്രമണം നേരിടേണ്ടിവന്നു. ഹമാസ് പോരാളികള്‍ ഒരുക്കിയ കെണിയില്‍ പെട്ട് 11 ഇസ്റാഈല്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്റാഈല്‍ വൃത്തങ്ങള്‍ തന്നെ സ്ഥിരീകരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter