മുനമ്പം വഖ്ഫ് ഭൂമി, പരിഹാരമാണ് ആവശ്യം

ഏതാനും ദിവസങ്ങളായി, കേരള രാഷ്ട്രീയ രംഗത്തെ ചൂട് പിടിച്ച ചര്‍ച്ചയായിരിക്കുകയാണ്, എറണാകുളം ജില്ലയിലെ വൈപ്പിൻ കരയിലെ കടലോര പ്രദേശമായ മുനമ്പത്തെ വഖ്ഫ് ഭൂമിയും അവിടെ താമസിക്കുന്ന അറുനൂറോളം കുടുംബങ്ങളിലെ മനുഷ്യ സമൂഹവും. എല്ലാ വശങ്ങളും പരിഗണിച്ച് ഏറെ സംയമനത്തോടെ പരിഹരിക്കേണ്ട ഒരു വിഷയത്തെ, വര്‍ഗ്ഗീയ വിദ്വേഷവും മതസ്പര്‍ദ്ധയും സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന്റെ അവസാനഉദാഹരണമായി അത് മാറുന്നതില്‍ ഏറെ സങ്കടമുണ്ട്. ഉല്‍ബുദ്ധരായ കേരളീയ സമൂഹത്തില്‍നിന്ന് ഒട്ടും പ്രതീക്ഷിക്കുന്നതല്ല അത്. അതേ സമയം, അത്തരം ഒരു പരിഹാരത്തിന് മുന്‍കൈയ്യെടുക്കേണ്ട സര്‍കാര്‍ പോലും, ഈ വിഷയത്തില്‍ അഴകൊഴമ്പന്‍ സമീപനം സ്വീകരിക്കുന്നതും അല്‍ഭുതകരമാണ്.
ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തില്‍, വെറുതെ കിടന്നിരുന്ന പല ഭൂമികളും കൃഷിഭൂമിയാക്കാൻ രാജാവ് പലർക്കും പാട്ടത്തിന് കൊടുത്തിരുന്നു. കൊച്ചിയിൽ കച്ചവടം നടത്തിയിരുന്ന ഗുജറാത്തി വ്യാപാരികളായ കച്ച് മേമൻ വിഭാഗത്തിൽ പെട്ട അബ്ദുൽ സത്താർ സേട്ടിനും 404.7 ഏക്കർ ഭൂമി ഇത് പോലെ പാട്ടത്തിന് ലഭിച്ചു. 1947ല്‍ രാജ്യം സ്വതന്ത്രമായി രാജഭരണം അവസാനിച്ചതോടെ, മറ്റു പല ഭൂമികളെയും പോലെ ഈ ഭൂമി സത്താർ സേട്ടിൻ്റെ അനന്തരാവകാശി സിദ്ധീഖ് സേട്ടിന്റെ ഉടമസ്ഥതയിലായി മാറി.

അക്കാലത്താണ്, മലബാറിലെ മുസ്‍ലിംകളുടെ വൈജ്ഞാനിക നവോത്ഥാനം ലക്ഷ്യമിട്ട് ഫറൂഖ് കോളേജ് ആരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. കേരളത്തിലെ പല മുസ്‍ലിം പ്രമാണിമാരും ആ സംരഭത്തെ സഹായിച്ചതിന്റെ ഭാഗമായി, സിദ്ധീഖ് സേട്ടും തൻ്റെ 404 ഏക്കർ ഭൂമി സർവ്വ അവകാശങ്ങളും വിട്ട് നൽകി രജിസ്റ്റർ ചെയ്ത് കൊടുത്തു. 1950 ജനുവരിയില്‍ ഫറൂഖ് കോളേജ് ട്രസ്റ്റിൻ്റെ ചുമതലക്കാരൻ പി കെ ഉണ്ണിക്കമ്മുവിൻ്റെ പേരിലാണ് ഇത് രജിസ്റ്റർ ചെയ്തത്. എന്നാല്‍ കാര്യമായ വരുമാനമൊന്നുമില്ലാത്ത തരിശ് ഭൂമി ആയതിനാലും കിലോമീറ്ററുകള്‍ അപ്പുറത്ത് ഏറെ വിദൂരമായതിനാലും ആവാം, ഫാറൂഖ് കോളേജ് അധികൃതര്‍ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയതേ ഇല്ല. അതോടെ, പിന്നീട് സ്വന്തമായി ഭൂമിയില്ലാത്ത കുറെ മനുഷ്യർ ഈ ഭൂമിയുടെ കടലോരത്ത് കുടിലുകൾ കെട്ടി താമസം തുടങ്ങി. ഇത് ശ്രദ്ധയിൽ പെട്ട ഫാറൂഖ് കോളേജ് അധികൃതർ അവരുടെ വക്കീലും കോൺഗ്രസ് നേതാവുമായിരുന്ന എം.സി. പോളിന് വസ്തുവുമായി ബന്ധപ്പെട്ട് പവർ ഓഫ് അറ്റോണി നൽകുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരപ്പെടുത്തുകയും ചെയ്തു. 

എറണാകുളം നഗര പരിസരങ്ങൾ വൈപ്പിൻ ദ്വീപിലേക്ക് കൂടി വികസിക്കുകയും ചെറായി ബീച്ച് കേന്ദ്രീകരിച്ച് ടൂറിസം സാധ്യതകൾ ഉയര്‍ന്ന് വരുകയും ചെയ്യുന്ന സമയമായിരുന്നു അത്. സമീപ പ്രദേശമായ മുനമ്പവും അതോടെ ശ്രദ്ധിക്കപ്പെട്ടു. അധികാരപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍, എം.സി പോൾ, സിദ്ദീഖ് സേട്ട് വഖ്ഫ് ആയി നല്കിയ ഈ 404 ഏക്കറിൽ നിന്ന് പലർക്കും, നിയമവിരുദ്ധമായി വില്‍ക്കുകയായിരുന്നു. ഇങ്ങനെ വിറ്റു കിട്ടിയ ഭൂമിയില്‍ ഇന്ന് താമസിക്കുന്നത്,  അവരുടെ അനന്തരാവകാശികളാണ്. നിലവിലെ പ്രശ്നത്തെ തുടര്‍ന്ന് അനിശ്ചിതാവസ്ഥയിൽ കഴിയുന്ന അറുന്നൂറോളം കുടുംബങ്ങളിൽ മഹാഭൂരിപക്ഷവും ലത്തീൻ കത്തോലിക്കാ വിഭാഗവും ധീവര സമുദായവുമാണ്. മറുഭാഗത്ത് വഖഫ് ബോഡും ഫാറൂഖ് കോളേജും ആകുന്നതോടെയാണ്, രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാവുന്ന ഏറ്റവും നല്ലൊരു ആയുധമായി ഇത് മാറുന്നത്. ക്രിസ്ത്യന്‍ സമുദായത്തെ കൂടെ നിര്‍ത്തി മുസ്‍ലിംകള്‍ക്കെതിരെ നീക്കം നടത്തുക എന്നതാണ്, കുറച്ച് കാലമായി  കേരളത്തിൽ ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലിം സമുദായവും ലത്തീൻ സമുദായവും തമ്മിലുള്ള ഒരു സംഘർഷമായി മുനമ്പം പ്രശ്നം മാറണമെന്ന് അവര്‍ ആഗ്രഹിക്കുന്നതും അത് കൊണ്ട് തന്നെ. മണിപ്പൂരിലെ പോലെ, കേരളത്തിലും ഒരു കലാപമുണ്ടാക്കാന്‍ ഇതൊരു തുരുപ്പ് ചീട്ടാവും എന്നതായിരിക്കാം ഒരു പക്ഷേ, അവരുടെ കണക്ക് കൂട്ടല്‍. അതോടൊപ്പം, വഖഫ് നിയമങ്ങളിൽ ഭേദഗതി വരുത്തുക എന്ന മുറവിളിക്കും ഇതിലൂടെ മൈലേജ് ലഭിക്കും എന്നും അവര്‍ കരുതുന്നുണ്ടാവാം. പലരുടെയും പ്രകോപനപരമായ പ്രതികരണങ്ങളും മുസ്‍ലിംകള്‍ക്കെതിരെയും വഖ്ഫ് സ്വത്തുക്കള്‍ക്കെതിരെയുമുള്ള അനാവശ്യമായ പരാമര്‍ശങ്ങളുമെല്ലാം ഇതാണ് സൂചിപ്പിക്കുന്നത്. 

എന്നാല്‍, ഇത്തരം രാഷ്ട്രീയ മുതലെടുപ്പുകള്‍ തിരിച്ചറിയാന്‍ ഭൂരിപക്ഷ കേരളീയ സമൂഹത്തിനാവുമെന്നതാണ് വലിയ ആശ്വാസം. അതോടൊപ്പം, മുസ്‍ലിം ലീഗ് അടക്കമുള്ള മുസ്‍ലിം സംഘടനകള്‍ ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടുകളും ഏറെ സ്തുത്യര്‍ഹമാണ്. ഏറ്റവും അവസാനമായി വരാപ്പുഴ ബിഷപ്പിനെ കണ്ട് കാര്യങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയതും ഈ വിഷയത്തെ ആളിക്കത്തിക്കാനോ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗപ്പെടുത്താനോ അനുവദിക്കില്ലെന്ന് സംയുക്തമായി പ്രസ്താവന നടത്തിയതും ഏറെ പ്രതീക്ഷാവഹമാണ്. 

ചുരുക്കത്തിൽ, ഇത്രയും കാലം നാം കാത്ത് സൂക്ഷിച്ച് പോന്ന സൗഹാര്‍ദ്ദവും പരസ്പര സ്നേഹവും തകര്‍ക്കാന്‍ നാം ആരെയും അനുവദിച്ച് കൂടാ. അതിന് കാരണമാവുന്ന ചെറിയൊരു നീക്കത്തെ പോലും, അതിനായി പതിയിരിക്കുന്ന ആളുകളും പാര്‍ട്ടികളും കൂട്ടായ്മകളുമുള്ല ഇക്കാലത്ത്, ഏറെ ജാഗ്രതയോടെ മാത്രമേ നാം സമീപിക്കാവൂ. വഖ്ഫ് ഭൂമിയെ മതവിധികളുടെ വെളിച്ചത്തില്‍ സംരക്ഷിക്കുകയും അര്‍ഹമായ മേഖലയിലേക്ക് തന്നെ അതിനെ തിരിച്ച് വിടുകയും ചെയ്യുന്നതോടൊപ്പം തന്നെ, നിലവില്‍ അവിടെ താമസിച്ച് വരുന്ന കുടുംബങ്ങളെ യഥാവിധി പുനരവധിസിപ്പിക്കാനും അവരുടെ സ്വസ്ഥ ജീവിതത്തിന് യാതൊരു തടസ്സവും വരാത്ത രീതിയില്‍ പ്രശ്നത്തെ പരിഹരിക്കാനും ബന്ധപ്പെട്ടവര്‍ ശ്രമിക്കുക തന്നെ വേണം. അതിനായി, കേരളീയ സമൂഹം ഒന്നടങ്കം കൈകോര്‍ക്കുമെന്നതില്‍ സംശയമില്ല തന്നെ.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter