ആഫ്രിക്കയിലെ ഇസ്‌ലാം (ഭാഗം 2)
55 രാഷ്ട്രങ്ങളുള്ള ആഫ്രിക്കയിലെ ഒമ്പത് രാജ്യങ്ങൾ അറബി രാജ്യങ്ങളാണ്. ഈജിപ്ത്, തുനീഷ്യ, സുഡാൻ, ലിബിയ, അൾജീരിയ, മഗ്‌രിബ്, മാറിത്താനിയ, സോമാലിയ, ജിബൂതി എന്നീ രാജ്യങ്ങളാണവ. സുഡാനിൽ ഒഴികെ മറ്റെല്ലായിടത്തും ബഹുഭൂരിപക്ഷം മുസ്ലിം ജനവിഭാഗമാണ് ജീവിക്കുന്നത്.
സുഡാൻ
എഴുപത് ശതമാനത്തിലധികം മുസ്ലികൾ അധിവസിക്കുന്ന നാടാണ് സുഡാൻ. ക്രിസ്തുവിന് നാലായിരം വർഷങ്ങൾക്ക് മുൻപ് ശിലായുഗ മനുഷ്യർ ജീവിച്ച നാടാണിത്. നീഗ്രോ വംശജർ തന്നെയാണ് ഇവിടെയും. ഈജിപ്തിലേക്ക് ഇസ്ലാം കടന്നു വരുമ്പോൾ നൂബിയ എന്ന പേരിൽ ഈജിപ്തിന്റെ ഭാഗമായി നിലനിന്ന ഈ പ്രദേശം ക്രിസ്ത്യാനികളുടെ അധീനതയിലായിരുന്നു. ആറാം നൂറ്റാണ്ടു മുതൽക്കാണ് ഇവിടെ ക്രിസ്തീയാധിപത്യം ശക്തമായത്. ഈജിപ്തിനോടൊപ്പം നൂബിയ ഇസ്ലാമിലേക്ക് വന്നെങ്കിലും എട്ടാം നൂറ്റാണ്ടിൽ അറബ് ഗോത്രങ്ങളുടെ ചെങ്കടൽ വഴിയുള്ള പ്രവേശനമാണ് ഇസ്ലാമിനെ വ്യാപിപ്പിച്ചത്. 15 ആം നൂറ്റാണ്ട് ആവുമ്പോഴേക്കും ഈ മേഖലയിൽ ഇസ്ലാം നിറഞ്ഞു നിന്നിരുന്നു.
Also Read:ആഫ്രിക്കയിലെ ഇസ്‌ലാം ഭാഗം 1
1820 ൽ ബ്രിട്ടീഷ് അധീനതയിൽ ഈജിപ്ത് ഭരിച്ചിരുന്ന മുഹമ്മദ് അലി പാഷ സുഡാൻ ആക്രമിച്ച് പിടിച്ചു. മഹദീസുഡാനിയുടെ നേതൃത്വത്തിൽ സുഡാനികൾ സ്വാതന്ത്ര്യ സമരം നടത്തി വിജയിച്ചു. എന്നാലും പിന്നീട് സുഡാൻ ഈജിപ്ത്-ബ്രിട്ടീഷ് ഭരണത്തിന് കീഴിലായി.
നീഗ്രോ വംശജരെ ഇളക്കി വിട്ട് ആഭ്യന്തര കലാപങ്ങൾക്ക് ബ്രീട്ടീഷുകാർ നിരന്തരം ശ്രമിച്ചു. മിഷനറിമാരെ ഇറക്കി ക്രിസ്തുവൽക്കരണ പരിപാടി ശക്തമാക്കി. പള്ളികൾക്ക് കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവന്നു. സുഡാനികളുടെ സ്വതന്ത്ര സമര പോരാട്ടം കടുത്തതായിരുന്നു. വിദേശികൾക്കെതിരെ അവർ ഒന്നിച്ച് പോരാടി. തദ്‌ഫലമായി 1965 ൽ സ്വതന്ത്രമായി. എന്നാൽ അതിന് ശേഷം ബ്രീട്ടീഷുകാർ കലാപം നെയ്തു. സൈനീക വിപ്ലവങ്ങൾ ഉണ്ടായി. ക്രൈസ്തവ വിഘടനാവാദികൾ ആഭ്യന്തര കലാപങ്ങൾ ഉണ്ടാക്കി. 1988 ലെ ക്ഷാമത്തിൽ മരിച്ചത് മൂന്ന് ലക്ഷം സുഡാനികളാണ്. പീപ്പിൾസ് ലിബറേഷൻ ആർമിയും സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റും തമ്മിലുണ്ടായ ആഭ്യന്തര കലാപം അവസാനിച്ചത് 1996 ലാണ്. 2012 ൽ ദക്ഷിണ സുഡാൻ വേറെ രാഷ്ട്രമായിത്തീർന്നു.