നാല്പത് പ്രണയ നിയമങ്ങൾ;സൂഫി വായനയുടെ ഒരിതൾ
സൂചി കൊണ്ട്കിണർ കുഴിക്കുന്നത്ര പാടാണ് നോവലെഴുത്തെന്ന് പറയാറുണ്ട്.നോവലിനുള്ളിൽ മറ്റൊരു നോവലായി നാൽപത് പ്രണയനിയമങ്ങളിലൂടെ ഭ്രമണം തെറ്റാതെ രണ്ട്നോവലുകളെ ആവിഷ്കരിക്കുകയാണ് തുർക്കിഷ് എഴുത്തുകാരി എലിഫ് ഷഫാക്ക്.പതിമൂന്നാം നൂറ്റാണ്ടിലെ തുർക്കിയിലെ മദ്ധ്യഅനറ്റോളിയയിൽ സ്ഥിതി ചെയ്യുന്ന പ്രധാന നഗരമായ കൊനിയയുടെ സാമൂഹിക പരിസരത്തിന്റെ സൂഫിവായനയെയാണ് നോവൽ സാധ്യമാക്കുന്നത്.
ശൂന്യമായ ഗുഹക്കുള്ളിലെ അമൂല്യ രത്നങ്ങളെ പോലെ, പ്രണയസൂര്യനായ ശംസേതബ് രീസിയുടെയും പൂ‍ർണ്ണതയുടെ നിർവൃതി തേടിയൊടുവിൽ ശംസിലലിഞ്ഞ മൗലാനാ റൂമിയുടെയും ദാർശനിക സ‍ഞ്ചാരമാണ് നോവലിനുള്ളിലെ നോവൽ.പലതായ ഓരോ രത്നങ്ങളും ഒന്നൊന്നിനോട് ചേർന്നൊരുമിച്ച് വെട്ടിത്തിളങ്ങുന്നു.ശൂന്യമായ ഗുഹക്കകത്തെ തിളക്കം ഗുഹാഭിത്തിയിൽ തട്ടി ഒന്നാകെ പ്രകാശം പരക്കുന്നു,മുഖ്യകഥാപാത്രമായ എല്ല റുബിന്സ്റ്റണിന്റെ ജീവിതത്തിന് നോവൽ പുതുമ പകരുന്നത് പോലെ.
ഒരു നിയോഗംമെന്നോണം,ജോലിയാവശ്യാർത്ഥം താൻ വായിക്കാനിടയായ നോവൽ എല്ലയെന്ന വീട്ടമ്മയുടെ ജീവിതം പുതിയൊരു താളത്തിൽ തുടിക്കാൻ ഹേതുവാകുന്നു.ശാന്തമാണെന്ന് സ്വയം ധരിച്ചുവെച്ച തന്റെ ജീവിതത്തിന്റെ കൊഴിഞ്ഞ്പോയ ദിനങ്ങളിലേക്ക് പോകെ പോകെ അവൾ സംശയത്തിന്റെ നോട്ടമെറിയുന്നു.നോവലിന്റെ താളുകളോരോന്നായി മുന്നോട്ട് മറിയുമ്പോഴും എല്ല ജീവിതപുസ്തകത്തിന്റെ ഓരോ താളുകളും പിന്നോട്ട് മറിക്കുന്നു,ഇഴകീറി വീണ്ടും വായിക്കാനുള്ള ശ്രമം നടത്തുന്നു.ശുന്യമാണെന്ന് ബോധ്യപ്പെട്ടിടത്ത് നിന്ന് അവൾ പുതിയ മേച്ചിൽ പുറങ്ങൾ തേടുന്നു.അസാധാരണമായതെന്തോ സംഭവിക്കാനിരിക്കുന്നതിന്റെ സർവ്വഭാവവും അവൾ ഉൽക്ണ്ഠയോടെ തിരിച്ചറിയുന്നു.ഒടുവിൽ പ്രണയത്തിന്റെ ശാന്തി തിരഞ്ഞിറങ്ങുന്നു,വരണ്ട മണ്ണ് മഴയെ തേടും പോലെ.
എലിഫ് ശഫാക്ക് എഴുതിവെച്ച പ്രണയത്തിന്റെ നാൽപ്പത് പ്രമാണങ്ങളും വേര് പൊട്ടിയത് ആത്മാർത്ഥതയുടെ അകക്കാമ്പിൽ നിന്നാണ്.സ്നേഹത്തിന് മതത്തിന്റെ വേലികെട്ടില്ലെന്ന്, സ്നേഹമാണ് മതമെന്ന് ഓരോന്നും നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്നു.കൂട്ടിവെച്ച അക്ഷരങ്ങളിൽ നിന്ന് ശാന്തത നമ്മെ തിരഞ്ഞിറങ്ങിവരും.ഉള്ളിൽ വേവുന്ന മുറിവുകൾക്ക് മേലെ അത് തേൻ പുരട്ടും.
മതത്തിന്റെ ഉൾകാമ്പ് ദർശിക്കാതെ പുറംതോടിനെ വ്യഖ്യാനിക്കാനുള്ള പരക്കംപാച്ചിലിനെക്കുറിച്ച് മർമ്മം നോക്കിപറയുന്നുണ്ട് പുസ്തകം.അൽപജ്ഞാനികളായ പാരമ്പര്യമുസ്ലിം യാഥാസ്തികരുടെ പ്രവർത്തനങ്ങളോട് പുറംതിരിഞ്ഞ ശംസ് തബ്രീസിയുടെ സമീപനം അതിമനോഹരമായി പകർത്തിവെക്കാൻ എഴുത്തുകാരി ശ്രമിക്കുന്നുണ്ട്.അതിലേറ്റവും സുന്ദരമായി എലിഫ് ശഫാക്ക് എഴുതിവെച്ചത് ഇരുപത്തിനാലാം പ്രമാണമാണ്; "നരകം ഇപ്പോൾ ഇവിടെയുണ്ട്,ഈ നിമിഷത്തിലാണ്.അതുപോലെ,സ്വർഗവും.ഈയൊരു നിമിഷം രണ്ടും നിന്റെ അകത്ത് തന്നെയുള്ളത്കൊണ്ട്, നരകത്തെയോർത്ത് ആധികൊള്ളുന്നതും സ്വർഗത്തെ സ്വപ്നം കണ്ടിരിക്കുന്നതും അവസാനിപ്പിക്കുക.നാം സ്നേഹത്തിലാകുന്ന ഒരോ നിമിഷവും നാം സ്വർഗത്തിലേറുന്നു.മറ്റൊരാളോട് പോരടിക്കുമ്പോഴും,അസൂ യ വെക്കുമ്പോഴും,വിദ്വേശം കാണിക്കുമ്പോഴും,നാം നരഗാഗ്നിയിലേക്ക് പതറി വീഴുന്നു."
ഭൂമി,ജലം,കാറ്റ്,തീ,ശൂന്യത എന്നിങ്ങനെ അഞ്ചായി പരന്നകിടക്കുന്ന നോവൽ, ഇല്ലായ്മയിൽ നിന്നുയിര്കൊണ്ട് ഭൂമിയിലേക്കുതിർന്ന് വീണ മനുഷ്യനോട് ദൈവിക പ്രണയത്തിൽ അലിഞ്ഞ് ശുന്യതയുടെ ഉണ്മയിലേക്ക് ഇറങ്ങിച്ചെല്ലാൻ ആഹ്വാനം ചെയ്യുന്നു.ജീവനുള്ളിടത്തൊക്കെ പ്രണയമുണ്ടാകണമെന്ന്,പ്രണയമുള്ളിടത്തൊക്കെ ജീവനുണ്ടെന്ന് ഓരോ താളുകളും പറഞ്ഞ് കൊണ്ടിരിക്കുന്നു.തോരാമഴയത്തും കെടാവിളക്കുമായി ഇറങ്ങിനടന്ന ശംസേതബ്രീസിയുടെ കണ്ണുകളിൽ കൊലയാളി കണ്ട അതേ തെളിച്ചം കണ്ട്, നന്മയെ കൊന്നൊടുക്കിയ നമ്മിലെ പിശാച് നടുങ്ങും. കൈവിരലുകളിൽ നിന്ന് ഊർന്ന്പോയ നന്മയുടെ സുഗന്ധം മെല്ലെ തൊട്ടറിയും,വരണ്ടമണ്ണിൽ മഴ ചേർത്തുവെക്കുന്ന പുതുമണം പോലെ.
ഇംഗ്ലീഷിൽ രചിക്കപ്പെട്ട നോവൽ അ‍ജയ്.പി മങ്ങാട്,ജലാലുദ്ദീൻ എന്നിവരാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.ലളിതമായി പറയാനാവുന്നിടത്ത് സങ്കീർണ്ണമായ ഭാഷകൊണ്ട് ചിലയിടങ്ങൾ അഭംഗിയായി തോന്നി എന്നതൊഴിച്ച് വിവർത്തനം മനോഹരമായി എന്നു തന്നെ പറയാം.മലയാളത്തിന്റെ വായനാലോകത്തേക്ക് റൂമിവായനകളുടെ പ്രസരണത്തിന് ആക്കം കൂട്ടാൻ ഈ പുസ്തകത്തിന് കഴിയുന്നു.ലക്ഷക്കണക്കിന് വായനക്കാരെ സ്വാധീനിക്കുകയും ഒട്ടനവധി ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് ഈ കൃതി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter