ഒരുമിച്ചുള്ള ഈ യാത്ര,ഇനി അൽപ ദൂരം മാത്രം

നമ്മെളെല്ലാവരും ഒരു യാത്ര പോയിക്കൊണ്ടിരിക്കയാണ്... അൽപ്പ ദൂരം മാത്രമേ അതുള്ളൂ എന്ന് നിങ്ങൾ സ്വയം അറിഞ്ഞിരിക്കണം.

മനസിലാക്കാം ചെറിയ ഉദാഹരണത്തിലൂടെ,

തിരക്ക് പിടിച്ച ഒരു ബസ്സിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ അടുത്ത് കൈ നിറയെ ബാഗുകളുമായി ഒരു വൃദ്ധ വന്നിരുന്നു, അവരും ബാഗുകളും കൂടിയായപ്പോൾ ഒട്ടും സ്ഥലം ഇല്ലാതെ ഞെരുങ്ങി ഇരിക്കേണ്ടി വന്നിരുന്ന യുവതിയുടെ അപ്പോഴത്തെ അവസ്ഥ കണ്ട് വിഷമം തോന്നിയ, എതിരെ ഇരുന്ന ഒരാൾ, അവരോടു ചോദിച്ചു,

നിങ്ങൾ എന്ത് കൊണ്ടാണ് പ്രതികരിക്കാത്തത്? ആ ബാഗുകൾ താഴെ വെക്കാൻ ആ വൃദ്ധയോടു  പറയാത്തത് എന്ത് കൊണ്ടാണ്?

 അപ്പോൾ നിറപുഞ്ചിരിയോടെ ആ യുവതി അവരോട് പറഞ്ഞു,ഇത്ര ചെറിയ ഒരു കാര്യത്തിന് ഞാൻ എന്തിനു ഇത്ര പ്രാധാന്യം കൊടുക്കണം? ദേഷ്യപ്പെടുകയോ, തർക്കിക്കുകയോ ചെയ്യണം? കാരണം, ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങുകയാണ്,  ഞങ്ങൾ ഒരുമിച്ചുള്ള ഈ യാത്ര ഇനി അൽപ ദൂരം മാത്രം

സത്യത്തിൽ ജീവിതത്തിലെ എത്രമാത്രം പ്രസക്തമായ ഒരു കാര്യം ആണ് ആ ഉത്തരത്തിലൂടെ യുവതി പറഞ്ഞു വെച്ചത്,"സുവർണ്ണ ലിപികളിൽ കുറിക്കപ്പെടേണ്ടതാണത്"നമ്മൾ ഒരുമിച്ചുള്ള ഈ യാത്ര,ഇനി അൽപ ദൂരം മാത്രം എന്നിരിക്കെ ഒരു തർക്കത്തിന്റെയും വഴക്കിന്റെയും പ്രസക്തി എന്താണ് ? ശരിയല്ലെ...


Also Read:സോറി എന്ന വാക്ക്


നമ്മുടെ ഈ ജീവിതം  നശ്വരമായത് ആണെന്നും, ചെറുതാണെന്നും വഴക്കുകൾ കൊണ്ടോ, അനാവശ്യ തർക്കങ്ങൾ കൊണ്ടോ, നന്ദി കേടു കൊണ്ടോ, ആരോടും ക്ഷമിക്കാതിരിക്കുന്നത്  കൊണ്ടോ ഇരുൾ പരത്തേണ്ട ഒന്നല്ല  ആ ജീവിതമെന്നും നമ്മൾ ഓരോരുത്തരും തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ, അല്ലെ? ....

നിങ്ങളുടെ ഹൃദയം ആരെങ്കിലും തകർത്തുവോ, വേദനിപ്പിച്ചുവോ?  .... അവരോടു ഒന്ന് ക്ഷമിച്ചേക്കൂ, കാരണം ഒരുമിച്ചുള്ള ഈ യാത്ര ഇനി അൽപ ദൂരം മാത്രമേയുള്ളൂ

നിങ്ങളെ ആരെങ്കിലും അപമാനിച്ചോ?ചതിച്ചോ?നാണം കെടുത്തിയോ? വിഷമിക്കണ്ട, ഒരുമിച്ചുള്ള ഈ യാത്ര, ഇനി അൽപ ദൂരം മാത്രമേയുള്ളൂ എന്നോർത്താൽ മതിഎന്തെങ്കിലും ശിക്ഷ നിങ്ങൾക്ക് വേണ്ടപ്പെട്ട ആരെങ്കിലും തന്നാലും ഓർക്കുക, അവരോടൊപ്പം ഒരുമിച്ചുള്ള ഈ യാത്ര  ഇനി അൽപ ദൂരം മാത്രം

മനസ് മുഴുവൻ നന്ദിയും സ്നേഹവും മാധുര്യവും കൊണ്ട് നിറക്കൂ,നന്ദി ഒരു അനുഗ്രഹം ആണ്, ഭീരുക്കൾക്കോ,മനസ്സിൽ തിന്മ നിറഞ്ഞവർക്കോ കിട്ടാത്ത ഒന്നാണാ അനുഗ്രഹം.അത് കൊണ്ട് തന്നെ,ഇനി ഉള്ള കാലം നമുക്ക് സന്തോഷത്തോടെ, സ്നേഹത്തോടെ,നന്ദിയോടെ,പരസ്പരം മാപ്പ് കൊടുത്തു കൊണ്ട്,തെറ്റുകൾ പൊറുത്തു കൊണ്ട് മുന്നോട്ട് പോകാം,

കാരണം, തിരിച്ചു പോക്കില്ലാത്ത,എപ്പോൾ ആര് ഏതു സ്റ്റോപ്പിൽ ഇറങ്ങുമെന്നു  മുൻകൂട്ടി പ്രവചിക്കാൻ ആവാത്ത ഈ യാത്ര ഇനി അൽപ ദൂരം മാത്രമേയുള്ളൂ...

ഈ യാത്രകളിൽ നമ്മുടെ ശക്തി, താങ്ങ്, സഹായം എല്ലാം ദൈവമാണെന്നും, ആ ദൈവത്തിന് നന്ദി പറയലാണ് നമ്മുടെ ജീവിതമെന്നും യാത്ര അവസാനിപ്പിക്കപ്പെടും മുന്നേ എങ്കിലും നാമറിയണം. 

(മുജീബുല്ല KM, സിജി ഇൻ്റർനാഷനൽ R&D ടീം)
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter