എത്ര വിശാലമാണ് ഈ മതം....ഒരു ചിത്രം വിളിച്ചു പറയുന്നത്

ഇയ്യിടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒരു ചിത്രമാണ് ഇത്.. 
ആദ്യ കാഴ്ചയിൽ, വെളുത്ത പ്രതലത്തിൽ വൃത്താകൃതിയിൽ തൂവെളിച്ചം വിതറുന്ന വിളക്കുകൾ കൊളുത്തിവെച്ചതെന്ന് തോന്നിക്കുന്നൊരു ചിത്രം. എന്നാല്‍, കോവിഡ് കാലത്തെ മാനദണ്ഡങ്ങൾ പാലിച്ച് കൃത്യമായ അകലത്തിൽ കഅബക്ക് ചുറ്റും ആരാധനാ കർമ്മങ്ങളിൽ ഏർപ്പെടുന്നവരുടെ  ആകാശക്കാഴ്ചയാണ് ശരിക്കുമത്. 

ചില മതചടങ്ങുകളുടെ സംഗമങ്ങള്‍ സമൂഹത്തിന് ഭാരമാവുമ്പോള്‍, ഈ ചിത്രം നമ്മോട് ഒട്ടേറെ കാര്യങ്ങള്‍ ഉറക്കെ പറയുന്നുണ്ട്. അതിലേറ്റവും പ്രധാനം, ആരാധനയിൽ ആത്മാവ് കൊണ്ട് നാഥനെ തൊടുമ്പോൾ അതിന്റെ വെളിച്ചം കൊണ്ട് ചുറ്റുമുള്ള മനുഷ്യരെ കൂടി വിശ്വാസി തലോടേണ്ടിയിരിക്കുന്നു എന്ന് തന്നെയാണ്. ഒന്ന് കൂടി കടന്ന് പറഞ്ഞാല്‍, സമസൃഷ്ടികള്‍ക്ക് പ്രയാസമുണ്ടാക്കുന്നതൊന്നും ആരാധനയേ അല്ല, അത്തരം ആരാധനകള്‍ ദൈവത്തിന് ആവശ്യമില്ലെന്ന് തന്നെ.
അനേകം സൗന്ദര്യങ്ങളെയാണ് ഈ ഒരൊറ്റ ചിത്രം ആവാഹിച്ചിരിക്കുന്നതും പ്രസരണം ചെയ്യുന്നതും. ഹൃദ്യതയുടെ വിവിധ വ്യാഖ്യാനങ്ങൾക്ക് ഇട നൽകുന്ന ബാഹ്യ സൗന്ദര്യത്തേക്കാൾ മാറിയ സാഹചര്യത്തിൽ പ്രതിഫലിക്കേണ്ട സാമൂഹ്യ ബോധത്തിന്റെ ആന്തരിക സൗന്ദര്യമാണ് അതിൽ പ്രധാനം. അകതലം കൊണ്ടടുക്കുകയും കരുതൽ കൊണ്ട് അകലുകയും ചെയ്യുന്നതിന്റെ മനോഹാര്യതയാണ് അനേകം ആസാദുമാർക്ക് ഈ ചിത്രം ഹൃദ്യമാക്കുന്നത്.  ഈ ചിത്രം പങ്ക് വെച്ചവരിലധികവും മുസ്ലിം മതവിശ്വാസികളല്ല എന്നതാണ് ആരാധനയിൽ വിശ്വാസി പങ്കവെക്കുന്നത് സാർവ്വത്രിക സ്നേഹം കൂടിയാണ് എന്ന പരാമർത്ഥത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നത്.

ആത്മാവിൽ തൊട്ട ആവിഷ്കാരമാണ് വിശ്വാസിക്ക് ആരാധന. സ്രഷ്ടാവിനോടുള്ള സംവേദനത്തിനായി സ്വയം സമർപ്പിക്കുന്നതിന്റെ സൗന്ദര്യമാണ് ഓരോ ആരാധനയുടെയും അകക്കാഴ്ച. നന്മയുള്ള ഓരോ നിമിഷവും, മനസ്സറിഞ്ഞുള്ള മന്ദഹാസം പോലും ആരാധനയാണെങ്കിലും ചിട്ടവട്ടങ്ങളോടെ നിയമ നിഷ്ഠയിൽ നിർവഹിക്കപ്പെടുന്ന വിശിഷ്ട കർമ്മങ്ങളെയാണ് പൊതുവിൽ അങ്ങനെ വിളിക്കാറ്. വളമിട്ട് വെള്ളം തെളിച്ചുണ്ടാക്കിയ പൂവാടിക്ക് സമാനമാണ് ഈ ആരാധനകളെങ്കിൽ ആദ്യത്തേത് ഹരിതോന്മുഖമായ പ്രകൃതിക്കാഴ്ചകളെ പോലെയാണ്. രണ്ടായാലും വിശ്വാസിക്കവ ആത്മഹർഷമേറ്റുന്ന കർമ്മാനുഭവങ്ങൾ തന്നെയായിരിക്കും. നിയതമായ ആരാധന നിയമങ്ങളിലൂടെ മതം വിശ്വാസിയോട് പറയുന്നത് അപരനെ അസഹ്യപ്പെടുത്തരുതെന്ന് മാത്രമല്ല, അവനിൽ ആശ്വാസത്തിന്റെ ജലാംശം പേറി വേരുറക്കാൻ കൂടിയാണ്. അത് കൊണ്ട് ഇസ്‌ലാമിന്റെ നിയമങ്ങളെപ്പോഴും വിശ്വാസിക്ക് മാത്രമുള്ളതല്ല, വിശ്വാസിയെ അനുഭവിക്കുന്നവന് കൂടിയുള്ളതാണ്. മനസ്സിലെ വിദ്വേഷം ഇതരരോട് നീതികാണിക്കുന്നതിന് തടസ്സമാവരുതെന്ന അധ്യാപനത്തിലുണ്ട് ഈ നൈതികതയുടെ സമ്പൂർണ്ണ സാരാംശം.

Also Read:ഹജ്ജ്: കര്‍മങ്ങളുടെ അകംപൊരുള്‍ തേടുമ്പോള്‍

ആരാധനയുടെ ഈ സൗന്ദര്യ ശാസ്ത്രമാണ് മുഹമ്മദ് അസദിന് ഇസ്‌ലാമിലേക്ക് വഴി തുറന്നത്. മക്കയിലെത്തുമ്പോൾ മറ്റെവിടെയുമില്ലാത്ത ഒരു ദൈവ സാമീപ്യം അനുഭവിച്ചതായി  മക്കയിലേക്കുള്ള പാത എന്ന കൃതിയിൽ അദ്ദേഹം കുറിച്ചിട്ടുണ്ട്. കഅബയെന്ന സൂര്യന് ചുറ്റും ഇടവേളയില്ലാതെ കറങ്ങുന്ന ഗ്രഹങ്ങളുള്ള മക്ക അദ്ദേഹത്തിന് പുതിയൊരു പ്രപഞ്ചമായി. സകല നന്മകളുടെയും സങ്കേതമെന്നാണ് മക്കയ്ക്ക് അദ്ദേഹമിട്ട പേര്. ആൾക്കൂട്ടത്തിന്റെ ബഹളമല്ല, ഭക്തിയുടെ ശുദ്ധജലത്തിൽ നിശബ്ദമായി ഉൾച്ചേരുന്ന ലായനി കണക്കുള്ള ജനസഞ്ചയത്തെയാണ് അവിടെ ദൃശ്യമാവുന്നത്. അവർ നിരയിൽ നീങ്ങുമ്പോൾ മെലിഞ്ഞ ഒരരുവിയും വൃത്തത്തിൽ കറങ്ങുമ്പോൾ വേഗം കുറഞ്ഞൊരു ഏറു പമ്പരവും ദൈവകീർത്തനങ്ങൾ ഉരുവിടുമ്പോൾ ഇലക്കൂട്ടങ്ങളെ തൊട്ടുപോവുന്ന ഇളംതെന്നലും അനുഭവവേദ്യമാകുന്നത് കാണാം. നിഷ്ഠയും അച്ചടക്കവുമാണ് ഈ ആരാധനയുടെ മുഖമുദ്ര എന്നാണ് മുഹമ്മദ് അസദിന്റെ പക്ഷം.  ആ സൗന്ദര്യമാണ് തന്റെ ശിഷ്ട ജീവിതത്തെ മനോഹരമാക്കുകയെന്നും അദ്ദേഹം ഉപസംഹരിക്കുന്നുണ്ട്.

ആ പ്രദക്ഷിണത്തിൽ പങ്ക് കൊണ്ടവർ മാത്രമല്ല ചിത്രത്തെ അത്ര മേൽ മനോഹരമാക്കുന്നത്. മഹാമാരിയില്ലായിരുന്നെങ്കിൽ ആ കൂട്ടത്തിലലിയേണ്ടിയിരുന്ന മറ്റനേകം വിശ്വാസികൾ കൂടിയാണ്. തിരുഗേഹസാമീപ്യമെന്ന ചിരകാല മോഹത്തെ സാമൂഹ്യ ബോധത്തിന്റെ കരുത്തിൽ അടക്കം ചെയ്ത അവരുടെ അസാന്നിധ്യം കൂടിയാണ് ആ ചിത്രത്തിന് വെളിച്ചം പകരുന്നത്. കണ്ടതിലുമെത്രയോ ഇനിയും കാണാനുള്ള ഈ ചിത്രത്തിന്റെ സൗന്ദര്യമായിരിക്കും കോവിഡ് ബാക്കി വക്കുന്ന ചുരുക്കം നന്മകളിൽ ആദ്യത്തേത്.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter