പുണ്യവസന്തം സമാഗതമാകുമ്പോള്‍

ലോകചരിത്രത്തില്‍ വെച്ച് ഏറ്റവും മഹാനായ മനുഷ്യന്‍ പ്രവാചകപ്രഭു മുഹമ്മദ് നബി(സ) ഈ ലോകത്തേക്ക് ഭുജാതനാകുന്നത് റബീഉല്‍അവ്വല്‍ പന്ത്രണ്ട് (എ.ഡി:571) മക്കയിലാണ്. അന്ന് ഭുലോകത്ത് വെച്ച് ഏറ്റവും അധപതിച്ച ഒരു ജനവിഭാഗമായിരുന്നു അറബികള്‍. സ്ത്രീ, യുദ്ധം, മദ്യം എന്നീ മുന്ന് കാര്യങ്ങളില്‍ മാത്രം അഭിരമിച്ച് ജീവിക്കുകയായിരുന്ന അറബികളെ വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ലോകത്തിന്റെ രാജ ശില്‍പ്പികളാക്കി മാറ്റിയത് പ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ സാംസ്‌കാരിക പോരാട്ടമായിരുന്നു.

എതിര്‍പ്പുകളും അക്രമണങ്ങളും നബി(സ)യെയും അനുചരന്മാരെയും നിരന്തരം വേട്ടയാടിയപ്പോഴും മുളളും കല്ലും നിറഞ്ഞ വഴിയില്‍നിന്ന് അല്‍പം പോലും പിന്നോട്ടടിക്കാതെ വിജയത്തിന്റെ വെന്നിക്കൊടി പൂര്‍ണ്ണാര്‍ത്ഥത്തില്‍തന്നെ പാറിപ്പിച്ച ഒരു നേതാവ് ലോകത്തുണ്ടെങ്കില്‍ അത് മുഹമ്മദ് നബി (സ) മാത്രമാണ്.

ഗാന്ധിജി വിളിച്ചത് ഇന്ത്യന്‍ ജനസഞ്ജയത്തെയാണെങ്കില്‍, കാറല്‍മാര്‍ക്സ് ഒരുമിച്ച് കൂട്ടിയത് തൊഴിലാളി വര്‍ഗ്ഗത്തെയായിരുന്നെങ്കില്‍, മാര്‍ട്ടിന്‍‍ ലൂതര്‍കിങ് പ്രസംഗിച്ചത് കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി മാത്രമായിരുന്നുവെങ്കില്‍, യാതൊരു പരിമിതിയും കൂടാതെ സകല ലോകരേയും വിളിച്ചു കൊണ്ടായിരുന്നു മുഹമ്മദ് നബി(സ)യുടെ രംഗ പ്രവേശം: മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവീന്‍.(4:1)

ജോലി ചെയ്ത് പാട്പെടുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് നെറ്റിത്തടത്തിലെ വിയര്‍പ്പ് ഉണങ്ങുന്നതിന് മുമ്പ് തന്നെ അവരുടെ വേതനം നല്‍കണമെന്ന് കല്‍പിച്ചതും, വെളുത്തവനും കറുത്തവനും, അറബിയും അനറബിയും തമ്മില്‍ യാതൊരു അന്തരവുമില്ലെന്ന വസ്തുത വിളിച്ച് പറഞ്ഞതും സമത്വത്തിന്റെ നായകന്‍ മുഹമ്മദ് നബി(സ) തന്നെയാണ്.

ബന്ധനങ്ങളുടെ ചങ്ങലക്കണ്ണികളില്‍ ജീവിതം ഹോമിക്കപ്പെട്ടവര്‍ക്ക് ആശ്വാസമായി അന്ന് അറേബ്യന്‍ ഉപദ്വീപില്‍ അലയടിച്ചത് നബി(സ) യുടെ ഉദ്ധരണികളായിരുന്നു. ജീവിക്കാന്‍  പോലും അനുവദിക്കപ്പെടാതെ ഭൂമിയുടെ ഇരുണ്ട ഗര്‍ത്തത്തിലേക്ക് ക്രൂരമാംവിധം വലിച്ചറിയപ്പെടുന്ന സ്ത്രീ ജന്മങ്ങള്‍ക്ക് മാന്യതയോടെ ജീവിക്കാനുളള അവകാശം നേടിക്കൊടുത്തതും അവര്‍തന്നെ.

അഭിനവ സംസ്‌കാരത്തിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന ഫ്രാന്‍സില്‍ പോലും സ്ത്രീക്ക് അനന്തര സ്വത്തില്‍ അവകാശം ലഭിക്കുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണെങ്കില്‍, അറേബ്യയില്‍ പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പെ ഇത് അനുവദിക്കപ്പെട്ടിരുന്നു.

നബി(സ)യുടെ ജീവിതം വെറുംമാനുഷിക പരികല്‍പനകളില്‍ മാത്രം ഒതുങ്ങുന്നതല്ല. വിശന്നൊട്ടിയ ഒട്ടകത്തെ ചൂണ്ടി അതിന്റെ ഉടമസ്ഥന്‍ ആരാണെന്നന്വേഷിച്ച് ഇതിന്റെ കാര്യത്തില്‍ നീ അല്ലാഹുവിനെ ഭയക്കമെന്ന് പറഞ്ഞതും പ്രവാചകന്‍ മുഹമ്മദ് നബി(സ) തങ്ങള്‍ മാത്രമാണ്. ആ പ്രവാചകന്‍(സ) തന്നെയാണ് സൂര്യ ചന്ദ്രാദി നക്ഷത്രങ്ങള്‍ തുടങ്ങി, പര്‍വ്വതം, പുഴ, സമുദ്രം അടങ്ങി സകല പരിസ്ഥിതി പ്രതിഭാസങ്ങളെയും കുറിച്ച് വാചാലനായതും.

മൗലിദ് എന്നാല്‍

മൗലിദ് എന്ന പദം അര്‍ത്ഥമാക്കുന്നത് ജന്മദിനം, ജന്മപ്രദേശം എന്നൊക്കെയാണ്. സാങ്കേതികാര്‍ത്ഥത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹവും സാമീപ്യവും കരഗതമാക്കിയ മഹാത്മാക്കളെ സ്‌നേഹാദരവോടെ സ്മരിച്ച് അവരുടെ സംഭവബഹുലവും സദാചാര സമ്പുഷ്ടവുമായ ജീവിതത്തിലെ സ്തുതി കീര്‍ത്തനങ്ങള്‍ പദ്യമോ ഗദ്യമോ ആയി അവതരിപ്പിക്കുക എന്നാണ്. കീര്‍ത്തനങ്ങള്‍ പദ്യ രൂപേണയാകുമ്പോള്‍ മലയളത്തില്‍ മാല എന്നും അറബിയില്‍ മദഹ് ബൈത്ത് എന്നും പറയപ്പെടുന്നു.

ഖുര്‍ആനിക തെളിവുകള്‍

ഖുആന്‍‍ വ്യക്തമാക്കുന്നു: മനുഷ്യരാശിയേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുളള തത്വോപദേശങ്ങളും ശമനവും മാര്‍ഗ്ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു. (12:57) ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ അഗ്രഗണ്യരായ ഇബനു അബ്ബാസ്(റ), പ്രസ്തുത ആയതിലെ ഫള്ല്‍ എന്നതിനെ വിജ്ഞാനമെന്നും റഹ്മത് എന്നതിനെ മുഹമ്മദ് നബി (സ) എന്നുമാണ് വ്യാഖ്യാനിക്കുന്നത്. (റൂഹുല്‍ മആനി: 6/141)

ഖുര്‍ആന്‍ വീണ്ടും പറയുന്നു: ഓ നബിയേ, ലോക ജനതക്ക് അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല. (2-107). ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ വിശ്രുത വ്യാഖ്യാതാവ് ഇബനു കസീര്‍(റ) പറയുന്നു: അല്ലാഹു തആല മുഹമ്മദ് നബി(സ)യെ ഭൂലോകത്തേക്ക് അനുഗ്രഹമയിട്ടാണ് നിയോഗിച്ചത്. ആരെങ്കിലും ഈ അനുഗ്രഹത്തെ സ്വീകരിക്കുകയും, നന്ദി കാണിക്കുകയും ചെയ്താല്‍ ഈ ലോകത്തും പരലോകത്തും വിജയിക്കും. ഇനി ആരെങ്കിലും ഇതിനെ തളളുകയും നിഷേധിക്കുകുയം ചെയ്താല്‍ ഈ ലോകത്തും പരലോകത്തും അവന്‍ പരാജിതാനാകും.(തഫ്‌സീറുല്‍ഖുര്‍ആനില്‍ അളീം- 3/175)

ഇതിന്റെ അടിസ്ഥാനത്തില്‍ അനുഗ്രഹദിവസം വന്നെത്തിയാല്‍ സന്തോഷാധിക്യത്താല്‍ ആഹ്‌ളാദിക്കുന്നതിനും ആഘോഷിക്കുന്നതിനും നാമെന്തിന് മടിക്കണം. മാത്രവുമല്ല, അല്ലാഹു നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്.  അതിനു വേണ്ടിയായിരിക്കില്ലെ, ഫല്‍യഫ്‌റഹൂ (സന്തോഷിക്കട്ടെ) എന്ന് പ്രത്യേകം എടുത്തു പറഞ്ഞതും.

ഹദീസിന്റെ വെളിച്ചത്തില്‍

നബി(സ)തങ്ങള്‍ മദീനയില്‍ വന്നപ്പോള്‍ അവിടെയുള്ള ജൂതന്‍മാര്‍ (ആശൂറാഅ്) മുഹറം പത്തില്‍ വ്രതമനുഷ്ടിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. കാരണമന്വേഷിച്ചപ്പോള്‍, മൂസാ(അ)മിനെയും അനുയായികളെയും ഫറോവയില്‍നിന്ന് അല്ലാഹു  രക്ഷപ്പെടുത്തിയത് ഈ ദിവസമാണെന്നും അതില്‍ സന്തോഷിച്ച് പുണ്യ വ്രതമനുഷ്ടിക്കുകയാണെന്നും പറഞ്ഞത് കേട്ട നബി (സ) ഇങ്ങനെ പറഞ്ഞു, നിങ്ങളേക്കാള്‍ ആ ദിവസം കൊണ്ട് ഏറ്റവും അര്‍ഹര്‍ ഞങ്ങളാണ്. തുടര്‍ന്ന് ആ ദിവസത്തില്‍ വ്രതമനുഷ്ടിക്കാന്‍ സ്വഹാബാക്കളോട് കല്‍പിക്കുകയും ചെയ്തു. (ബുഖാരി, മുസ്ലിം)

അബൂ ഖതാദ(റ) റിപ്പോര്‍ട്ട്  ചെയ്യുന്നു: എന്തു കൊണ്ടാണ് തിങ്കളാഴ്ച്ച നോമ്പ് എടുക്കുന്നതെന്ന് ചോദിക്കപ്പെട്ടപ്പോള്‍ നബി(സ) പ്രതികരിച്ചു, എന്നെ പ്രസവിക്കപ്പെട്ടതും എനിക്ക് ഖുര്‍ആന്‍ അവതരിക്കപ്പെട്ടതും അന്നേ ദിവസമാണ്. (മുസ്‌ലിം)

ഇബ്‌നുഅബ്ബാസ്(റ) നിവേദനം ചെയ്യുന്നു:  ഇന്ന് ഞാന്‍ നിങ്ങളുടെ മതം പൂര്‍ത്തീകരിച്ചിരിക്കുന്നു…(5:3) എന്ന സൂക്തം ഞാന്‍ ഓതിയപ്പോള്‍ അടുത്തുണ്ടായിരുന്ന ഒരു ജൂതന്‍ ഇങ്ങനെ പറഞ്ഞു: ഈ സൂക്തം ഞങ്ങള്‍ക്കാണ് അവതരിച്ചതെങ്കില്‍ ആ ദിവസം ഞങ്ങള്‍ സാഘോഷം കൊണ്ടാടുമായിരുന്നു. (ഇത് ശ്രവിച്ച്) ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ഈ സൂകതം അവതരിച്ചത് തന്നെ രണ്ട് വിധത്തില്‍ ആഘോഷം ഉള്‍കൊളളുന്ന ദിവസത്തിലാണ്, അറഫ ദിനവും, വെളളിയാഴ്ച്ചയം. (തിര്‍മിദി.

ഇങ്ങനെ ഒട്ടനവധി ഹദീസുകള്‍ പുണ്യദിനാഘോഷങ്ങള്‍ കൊണ്ടാടാന്‍ പ്രേരിപ്പിക്കുന്നതാണ്. നബി(സ) തങ്ങള്‍ പറയുന്നു: അമ്പിയാക്കളെ സ്മരിക്കല്‍ ആരാധാനയാണ്, സജ്ജനങ്ങളെ സ്മരിക്കല്‍ പ്രായശ്ചിത്തവുമാണ്.

പണ്ഡിത വചനങ്ങള്‍

ജലാലുദ്ദീന്‍ സ്വുയൂഥി(റ) തന്റെ അല്‍വസാഇലു ഫീ ഷറഹില്‍ മസാഇല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഏതൊരു സ്ഥലത്തോ പളളിയിലോ വീട്ടിലോ നബി(സ)യുടെ മൗലിദ് പാരായണം ചെയ്യപ്പെടുന്നുവോ അവിടെയൊക്കെ അല്ലാഹുവിന്റെ മാലാഖമാര്‍ വന്ന് നിറയും.

മഅ്‌റൂഫുല്‍ ഖര്‍ഖീ(റ) പറയുന്നു: ആരെങ്കിലും നബി(സ)യുടെ മൗലിദ് പാരായണത്തിന് വേണ്ടി സല്‍ക്കാരം, അലങ്കാരം, ജനങ്ങളെ സംഘിടിപ്പിക്കല്‍, പുത്തന്‍ വസ്ത്രം ധരിക്കല്‍, ദാന ധര്‍മ്മം  തുടങ്ങിയ സല്‍കര്‍മ്മങ്ങള്‍ ചെയ്താല്‍ അല്ലാഹു അവനെ നബി(സ)യോടൊപ്പം ഒരിമിച്ചുകൂട്ടുമത്രെ.

ജുനൈദുല്‍ ബഗ്ദാദി(റ) പറയുന്നു: ആരെങ്കിലും നബി(സ)യുടെ മൗലിദില്‍ സന്നിഹിതനാവുകയും, അതിനെ ബഹുമാനിക്കുകയും ചെയ്താല്‍ അവന്‍ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചിരിക്കുന്നു.

ഇമാം സ്വുയൂഥി(റ) പറയുന്നു: ജനങ്ങള്‍ സമ്മേളിച്ച് ഖുര്‍ആനില്‍നിന്നും വിശുദ്ധ നബി(സ)യുടെ വിശേഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹദീസുകളില്‍നിന്നും അല്പം പാരായണം ചെയ്യുകയും ശേഷം വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ച് പിരിഞ്ഞു പോവുകയും ചെയ്യുന്ന ഇന്നത്തെ രീതിയിലുളള പ്രത്യേക മൗലിദ് പരിപാടികള്‍ നബി(സ)യുടെ കാലത്ത് ഇല്ലെങ്കിലും പിന്നീട് നടപ്പില്‍ വന്ന നല്ലൊരു ആചാരമാണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍നിന്ന് പ്രതിഫലം ലഭിക്കുന്നതാണ്. കാരണം നബി(സ)യെ ആദരിക്കലും അവിടത്തെ പാവനമായ ചരിത്രത്തെ സ്മരിക്കലുമാണ് ഈ പരിപാടിയില്‍  ഉള്‍കൊളളുന്നത്. (ഇആനത്ത് :3,365, ശര്‍വാനി: 7,426)

മേല്‍പറഞ്ഞതെല്ലാം നബിദിനത്തിലെ സന്തോഷപ്രകടനത്തെ സാധൂകരിക്കുന്നതാണ്. ഏത് നെറികേടിനും ആഘോഷപ്പെരുമഴ നടത്തുന്ന ആധുനിക യുഗത്തില്‍  സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച വിശ്വവിമോചകന്‍ പ്രവാചകഗുരു മുഹമ്മദ് മുസ്ത്വഫാ(സ)യുടെ ജന്മദിനം കൊണ്ടാടുന്നതും ആ ധര്‍മ്മാധ്യാപനങ്ങളുടെ ഓര്‍മ്മപുതുക്കുന്നതും, അവിടത്തോടുള്ള ആദരവും ബഹുമാനവും സ്നേഹപ്രകടനവുമാണെന്നതിന് പുറമെ, ശോഷിച്ചുകൊണ്ടിരിക്കുന്ന സാംസ്‌കാരികമൂല്യവും സദാചാരബോധവും വീണ്ടെടുക്കാന്‍ പ്രേരകമാവുമെന്നതില്‍ യാതൊരു സംശയവുമില്ല. ആ നിലയില്‍ ചിന്തിക്കുമ്പോഴും ഇത് തീര്‍ത്തും പുണ്യകരമാണെന്ന് പറയാനേ ന്യായമുള്ളൂ.

– തുര്‍ഗുത്ഗസാല്‍ യൂണിവേഴ്സിറ്റി, തുര്‍കി-

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter