കൈവിട്ട് പോവുന്ന ലിബിയൻ ആഭ്യന്തരയുദ്ധം

ഇബ്നു അഹ് മദ്

21 May, 2020

+ -
image

മുഅമ്മര്‍ ഗദ്ദാഫിയുടെ പതനത്തിന് പിനാലെ പശ്ചിമാഫ്രിക്കൻ അറബ് രാജ്യമായ ലിബിയയില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധത്തിൽ യു.എന്‍ പിന്തുണയുള്ള ഭരണകൂടത്തിന് മേൽക്കൈ നേടിയ വാർത്തയാണ് പുറത്തുവരുന്നത്.

തുനീഷ്യന്‍ അതിര്‍ത്തിയിലെ ബദര്‍, തിജി എന്നീ പട്ടണങ്ങൾ കിഴക്കന്‍ ലിബിയ ആസ്ഥാനമായുള്ള വിമതസേനയായ ഖലീഫ ഹഫ്​തറിന്‍റെ ലിബിയന്‍ നാഷനല്‍ ആര്‍മിയില്‍ (എല്‍.എന്‍.എ) നിന്ന് തിരിച്ചുപിടിച്ചാണ് സര്‍ക്കാര്‍ അനുകൂല സേന കരുത്ത് കാണിച്ചത്.

ഗദ്ദാഫിയുടെ പതനം

അറബ് ലോകത്ത് അരക്ഷിതാവസ്ഥയും കുഴപ്പങ്ങളും സൃഷ്ടിക്കുവാൻ പാശ്ചാത്യ ലോബികൾ ആസൂത്രണം ചെയ്ത് അറബ് വസന്തം എന്നും മുല്ലപ്പൂ എന്നും ഓമനപ്പേരിട്ട് വിളിച്ച അറബ് വിപ്ലവം അറബ് ലോകത്തുടനീളം ഭരണാധികാരികൾക്കെതിരെ ജനങ്ങളെ തെരുവിലിറക്കുകയും സായുധമായി സംഘടിച്ച് സർക്കാർ സേനക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തുകയും ചെയ്തു.

ലിബിയയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പാശ്ചാത്യ ഭരണകൂടങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച് പ്രശസ്തനായിരുന്ന പ്രസിഡൻറ് മുഅമ്മർ ഗദ്ദാഫിക്കെതിരെ ജനം തെരുവിലിറങ്ങുകയും അത്യാധുനിക ആയുധങ്ങൾ കൊണ്ട് പാശ്ചാത്യ രാജ്യങ്ങൾ പിന്തുണ നൽകുകയും ചെയ്തതോടെ വിമതസേന സാവകാശം തലസ്ഥാനമായ ട്രിപ്പോളി കൈവശപ്പെടുത്തുകയും മുഅമ്മർ ഗദ്ദാഫിയെ തെരുവിൽ കൈകാര്യം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തു.

ആഭ്യന്തര യുദ്ധം

ഗദ്ദാഫിക്ക് ശേഷം ലിബിയയിൽ പല കക്ഷികൾ അധികാര വാദവുമായി രംഗത്തെത്തി. പാശ്ചാത്യ രാജ്യങ്ങളുടെയും സൗദി അറേബ്യ യുഎഇ, ഇസ്രായേൽ, ഈജിപ്ത്, ജോർദാൻ എന്നീ പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും പിന്തുണയുള്ള തൊബ്റുക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജന പ്രതിനിധി സഭയാണ് അതിലൊന്ന്. ലിബിയൻ നാഷണൽ ആർമി തലവൻ ഖലീഫ ഹഫ്താറിന്റെ ശക്തമായ പിന്തുണയും ഈ വിഭാഗത്തിനുണ്ട്.

അതേസമയം തുർക്കി, ഖത്തർ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയുള്ള നാഷണൽ സാൽവേഷൻ ഗവൺമെന്റ് ആണ് മറ്റൊരു ഭാഗത്തുണ്ടായിരുന്നത്. ഇരു വിഭാഗങ്ങളേയും രജ്ഞിപ്പിലെത്തിക്കുവാൻ ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും കഠിന പരിശ്രമമാണ് നടത്തിയത്.

സമാധാന കരാറും ദേശീയ സഖ്യ സർക്കാറും (government of national accord)

ഏറെക്കാലത്തെ ഇടപെടലുകൾക്ക് ശേഷം 2015 ഡിസംബറിൽ ഇരുവിഭാഗവും തമ്മിൽ മൊറോക്കോയിലെ സ്കിറാതിൽ സമാധാന കരാർ ഒപ്പിടുകയും അങ്ങനെ ദേശീയ സഖ്യ സർക്കാവ(ജിഎൻഎ) രൂപീകരിക്കുകയും ചെയ്തു. 2016 മാർച്ച് 30 ന് ഫായിസ് സർറാജ് പുതിയ പ്രസിഡന്റായി അവരോധിതനാവുകയും ട്രിപ്പോളിയിലെ ഓഫീസിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ പൂർണ പിന്തുണയോടെയായിരുന്നു അദ്ദേഹത്തിന്റെ അധികാരാരോഹണം. 2016 ജനുവരി 2 ന് ടുണീഷ്യൻ തലസ്ഥാനമായ തൂനിസിൽ ജിഎൻഎയുടെ ആദ്യ യോഗവും നടക്കുകയുണ്ടായി.

ഇതോടെ നേരത്തെ നാഷണൽ സാൽവേഷൻ ഗവൺമെന്റിന് പിന്തുണ നൽകിയിരുന്ന തുർക്കി, ഖത്തർ, സിറിയ തുടങ്ങിയ രാജ്യങ്ങൾ ഈ സഖ്യത്തിന് പൂർണ പിന്തുണ നൽകി.

ഹഫ്തറിന്റെ എതിർപ്പും മുസ്‌ലിം ലോകത്തെ നിഴൽ യുദ്ധവും

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ഒപ്പുവെച്ച കരാർ ഏറെ വൈകാതെ ലിബിയൻ നാഷണൽ ആർമി തലവൻ ഖലീഫ ഹഫ്താർ തള്ളിക്കളയുന്ന നിർഭാഗ്യകരമായ കാഴ്ചയാണ് കാണാനായത്. അതോടെ ഇരു വിഭാഗവും തമ്മിൽ വീണ്ടും അതിരൂക്ഷമായ പോരാട്ടം ആരംഭിക്കുകയും സൗദി, യുഎഇ ഒരു വശത്തും തുർക്കി, ഇറാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ മറുവശത്തും നിന്നുള്ള നിഴൽ യുദ്ധമായി മാറുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലിലെ രൂക്ഷമായ പോരാട്ടത്തിനൊടുവിൽ തലസ്ഥാനമായ ട്രിപ്പോളിക്ക് തെക്ക് സ്ഥിതി ചെയ്യുന്ന അല്‍ വാദിയ വ്യോമകേന്ദ്രം ജിഎൻഎ സേന തന്ത്രപരമായ നീക്കത്തിലൂടെ തിരികെ പിടിച്ച് മേൽക്കൈ നേടിയെടുത്തു.

തുനീഷ്യന്‍ അതിര്‍ത്തിയിലെ ബദര്‍, തിജി എന്നീ പട്ടണങ്ങൾ കൂടി തിരിച്ചു പിടിച്ചതോടെ ജിഎൻഎയുടെ ശക്തി പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. അതേസമയം സൗദി, യുഎഇ സഖ്യങ്ങൾ ജിഎൻഎയുടെ മുന്നേറ്റത്തെ കൈയ്യും കെട്ടി നോക്കിനിൽക്കില്ലെന്ന് ഉറപ്പാണ്. ശക്തമായ നടപടികളിലൂടെ സമാധാനം ഉറപ്പുവരുത്തുന്നില്ലെങ്കിൽ ലിബിയ തകർന്നു തരിപ്പണമായ മറ്റൊരു യമനായി മാറുമെന്നുറപ്പാണ്.