Thursday, 3 December 2020

ലൗ ജിഹാദ് - യഥാര്‍ത്ഥത്തില്‍ അപമാനിതരാകുന്നത് സഹോദരിമാരല്ലേ

- സ്വിദ്ദീഖ് നദ് വി ചേരൂർ

21 November, 2020

+ -
image

'ലൗ ജിഹാദ്' എന്ന ഉണ്ടയില്ലാ വെടിയുതിർത്ത് സമൂഹത്തിൽ അപശബ്ദമുണ്ടാക്കുന്നവർക്കെതിരെ അവരുടെ സമുദായങ്ങളിലെ തന്നെ ആത്മാഭിമാനമുള്ള സ്ത്രീകൾ രംഗത്തിറങ്ങാൻ എന്ത് കൊണ്ട് വൈകുന്നുവെന്നോർത്ത് അൽഭുതപ്പെടുകയാണ്.

സ്വന്തം സമുദായത്തിൻ്റെ സമുദ്ധാരകരും സ്ത്രീ ശാക്തീകരണത്തിൻ്റെ ധ്വജവാഹകരമാണെന്നവകാശപ്പെടുന്നവരിൽ നിന്നും ഇത്തരം അപമാനവും അപകീർത്തിയും അവർക്കെങ്ങനെ സഹിക്കാൻ കഴിയുന്നു?

മുസ് ലിം യുവാക്കൾ ആസൂത്രിതമായി ഹൈന്ദവ - ക്രൈസ്തവ സമുദായത്തിൽ പെട്ട യുവതികളെ വിവാഹ വാഗ്ദാനം നൽകി വല വീശിപ്പിടിക്കുകയാണത്രേ. അതിന് ഉപോൽ ബലകമായ ഒരു രേഖയോ ഔദ്യോഗിക സ്ഥിരീകരണമോ അവർക്ക് ഇത് വരെ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന കാര്യം അവിടെ നിൽക്കട്ടെ. എന്നാൽ സ്വന്തം സമുദായത്തിലെ വിവരവും വിവേകവും ആർജവവും ഉള്ള സ്ത്രീകളെ ഇത്രത്തോളം വില കുറച്ചു കാണിക്കാനും അപമാനിക്കാനും അവർക്ക് ഒരു മന:സാക്ഷിക്കുത്തും അനുഭവപ്പെടുന്നില്ലേ?

പൊതുവേ വിവരം കുറഞ്ഞവരും എടുത്തു ചാട്ടക്കാരും ബാഹ്യ മോഡികളിൽ അഭിരമിക്കുന്നവരുമെന്ന് എതിരാളികളാൽ ആരോപിക്കപ്പെടുന്ന, വിദ്യാഭ്യാസമോ അതിനനുസൃതമായ വ്യവസ്ഥാപിതമായ തൊഴിൽ പാരമ്പര്യമോ അവകാശപ്പെടാനില്ലാത്ത, മാംസ ഭുക്കുകളും അത് കാരണം ക്രൂര സ്വഭാവികളുമായി മുദ്രകുത്തപ്പെടുന്നവരാണ് മുസ് ലിം യുവാക്കൾ.

ഇതിൽ നിന്നെല്ലാം വിപരീതമായ പശ്ചാത്തലത്തിൽ വളർന്നുവന്ന, നല്ല തൻ്റേടവും ദൂരക്കാഴ്ചയും ജീവിത വീക്ഷണവുമെല്ലാം ഉള്ളവരെന്ന് പൊതുവേ കരുതപ്പെടുന്ന പെൺക്കുട്ടികളെ ഇത്ര നിഷ്പ്രയാസം വളച്ചെടുക്കാൻ കഴിയുന്നുവെന്ന് സമ്മതിക്കുന്നവർ അതിന് പറ്റിയ എന്ത് മാജിക്കാണ് മുസ് ലിം ചെറുപ്പക്കാർ പയറ്റുന്നതെന്ന് വ്യക്തമാക്കണം.

സ്വന്തം സമുദായത്തിലെ ചെറുപ്പക്കാർക്കില്ലാത്ത എന്ത് മേൻമയാണ് മാപ്പിള ചെക്കൻമാർ പെൺകുട്ടികളെ വശീകരിക്കാനായി ഉപയോഗിക്കുന്നത്? പണമാണോ? അധികാരമാണോ? നിയമ പരിരക്ഷയാണോ? അതോ ഭൂരിപക്ഷമാണെന്ന ഹുങ്കും ഗർവുമാണോ? ഇതെല്ലാം അപ്പുറത്താണല്ലോ.

ഈ പിന്നാക്കക്കാരും ഭരണകൂടങ്ങളുടെ കണ്ണിലെ കരടും എല്ലാ രംഗത്തും അവഗണനയ്ക്കും അടിച്ചമർത്തലിനും നിരന്തരം ഇരയായി മാറുന്ന ഒരു സമുദായത്തിലെ യുവാക്കൾക്ക് അവരെ ഇങ്ങനെ നിഷ്പ്രയാസം സ്വാധീനിച്ചു സ്വന്തമാക്കാൻ കഴിയുമെന്നാണ് നിങ്ങളുടെ ധാരണയെങ്കിൽ വല്ലാത്ത അപകർഷബോധവും അരക്ഷിതാവസ്ഥയും നിങ്ങളെ പിടികൂടിയിരിക്കുന്നു. അല്ലെങ്കിൽ നിങ്ങളുടെ സന്താന ശിക്ഷണത്തിൽ എന്തോ കാര്യമായ തകരാറുണ്ടെന്ന് നിങ്ങൾ സംശയിക്കുന്നു!

അങ്ങനെയല്ലെങ്കിൽ ഒരടിസ്ഥാനവുമില്ലാതെ ഇങ്ങനെ കാടടച്ചു വെടി വെക്കുന്നവർ അത് വഴി മാനം കെടുത്തുന്നത് സ്വന്തം സമുദായത്തിലെ ആത്മാഭിമാനമുള്ള യുവതീ-യുവാക്കളെയാണെന്ന കാര്യമെങ്കിലും ഓർക്കുന്നത് നല്ലതാണ്.