യുക്തി ഉയര്‍ത്തുന്ന സംശയങ്ങള്‍ 03: എന്താണ് ഖുര്‍ആന്‍, എന്താണ് ശാസ്ത്രം

ഖുര്‍ആന്റെ ഉള്ളടക്കം പൂര്‍ണമായി മനസ്സിലാക്കാത്തതും അറിയാത്തതുമാണ് പലപ്പോഴും ഖുര്‍ആന്‍ വിമര്‍ശകരെ അതിന് പ്രേരിപ്പിക്കുന്നത് എന്നതാണ് വസ്തുത. അതുകൊണ്ട് എന്താണ് ഖുര്‍ആന്‍ നമ്മോട് പറയുന്നത് എന്നതിന്റെ ഒരു സംക്ഷിപ്ത വിവരണമാണ് ആദ്യം മനസ്സിലാക്കേണ്ടത്.

മനുഷ്യന്റെ അറിവ് ഇന്നെവിടെയത്തിനില്‍ക്കുന്നുവെന്നും അതിനോട് ഖുര്‍ആന്‍ എങ്ങനെ സംവദിക്കുന്നുവെന്നും അറിയല്‍ പ്രധാനമാണല്ലോ. ഖുര്‍ആന്‍ വിമര്‍ശകരുടെ സമീപനം സുദുദ്ദേശപരമായിരുന്നുവെങ്കില്‍, അവര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് ഖുര്‍ആനെന്താണെന്ന് പഠിക്കുകയാണ്. വിമര്‍ശകരില്‍ പലരും ശാസ്ത്രീയമായി കൂടുതല്‍ അവബോധമുള്ളവരും ആധുനിക ശാസ്ത്രത്തില്‍ പ്രൊഫസര്‍മാരോ ആ മേഖലയില്‍ ജീവിതം ഉഴിഞ്ഞുവെച്ചവരോ ആണ്. തീര്‍ച്ചയായും അവര്‍ക്ക് ശാസ്ത്രീയമായ അറിവുകളുണ്ട്. അതംഗീകരിച്ചുകൊണ്ട് തന്നെ എന്താണ് അവരറിയുന്ന, അവര്‍ കൈകാര്യംചെയ്യുന്ന മേഖലയിലെ പുതിയ വിവരങ്ങള്‍ എന്ന് മനസ്സിലാക്കുകയും അവയുമായി വിശുദ്ധ ഖുര്‍ആന്‍ എങ്ങനെ സംവദിക്കുന്നു എന്ന് കണ്ടെത്താന്‍ വളരെ ആത്മാര്‍ത്ഥമായി, മുന്‍വിധികളൊന്നുമില്ലാതെ ശ്രമിക്കുകയും ചെയ്തിരുന്നെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചുപോവാറുണ്ട്. വിശുദ്ധ ഖുര്‍ആന്‍ നേരിട്ട് ഒരു തവണയെങ്കിലും വായിച്ച് മനസ്സിലാക്കിയിരുന്നെങ്കില്‍ പകുതിയിലേറെയും വിമര്‍ശനങ്ങള്‍ ഇല്ലാതാവുമായിരുന്നു എന്നും തോന്നാറുണ്ട്. 

ആത്മാര്‍ത്ഥമായ അന്വേഷണത്തിനൊടുവില്‍ ഉത്തരംകിട്ടുമ്പോള്‍ നാം അനുഭവിക്കുന്ന ഒരു മാനസികമായ സുഖമുണ്ട്. ആരെന്ത് പറഞ്ഞാലും ചോദ്യങ്ങള്‍ക്കുത്തരമുണ്ടാകുമ്പോള്‍ മനുഷ്യന് കിട്ടുന്ന ഒരു സുഖം. ആ സുഖം ഈ വിഷയത്തില്‍ അവര്‍ക്കും ലഭിക്കുമായിരുന്നു. കാരണം ഭൗതികമായ ഏതന്വേഷണത്തിന്റെയും ഒടുവില്‍ നിലവില്‍ അതിന് ഉത്തരമില്ലെന്നോ നാളെ പുതിയ ശാസ്ത്രാന്വേഷണങ്ങള്‍ വന്നേക്കാം എന്നോ ഉള്ള മറുപടിയുമാണ് നമുക്ക് കിട്ടുന്നത്. ഭൗതികമായി അതുതന്നെയാണ് അതിന്റെ ശരിയായ മറുപടിയും.

എന്താണ് ഖുര്‍ആന്‍, എന്താണ് ഈ മഹാപ്രപഞ്ചം. അന്വേഷണത്തിലേക്ക് പോകുമ്പോള്‍ നാം ജീവിക്കുന്ന, നാം നില കൊള്ളുന്ന ഭൂമിയിലെ പ്രദേശത്തെ കുറിച്ച്, ഈ ഭൂമി എവിടെയാണ് നില്‍ക്കുന്നതെന്ന് തുടങ്ങിയവ ചിന്തിക്കേണ്ടി വരുന്നു. അത്തരമൊരു അന്വേഷണത്തില്‍ നമ്മെപറ്റി ചില ചിന്തകളൊക്കെ ആവശ്യമാണ്. സംക്ഷിപ്തമായ രീതിയില്‍ ചിന്തിച്ചാല്‍ നാം ജനിക്കുന്ന സമയത്ത്  ഇതൊന്നും അറിയില്ലായിരുന്നു. പിന്നീട് ആ അറിവുകളിലേക്ക് പതിയെ എത്തുന്നു. ഖുര്‍ആന്‍ അതേ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, 'യാതൊന്നും അറിഞ്ഞുകൂടാത്തവരായി നിങ്ങളെ ഉമ്മമാരുടെ വയറ്റില്‍ നിന്നു അല്ലാഹു പുറത്തുകൊണ്ടുവന്നു' (സൂറത്ത് നഹ്‌ല് :78)

Read More : യുക്തി ഉയര്‍ത്തുന്ന സംശയങ്ങള്‍ 02- ഖുര്‍ആന്‍ പരിഭാഷയെ നിരുല്‍സാഹപ്പെടുത്തുന്നുണ്ടോ

ഇനി ഖുര്‍ആനിലൂടെ അല്ലാതെ തന്നെ നമ്മുടെ പൊതുബോധമോ സാമാന്യബോധമോ ശാസ്ത്രീയബോധമോ ഉപയോഗപ്പെടുത്തി ചിന്തിച്ചു നോക്കൂ. ജനിക്കുമ്പോള്‍ ഇതേപറ്റി ചിന്തിച്ചിട്ടില്ലായിരുന്നു. ചിന്തിക്കേണ്ട പ്രായവുമല്ലായിരുന്നു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ സ്വാഭാവികമായി  കുറേകാര്യങ്ങള്‍ നാം അറിയാന്‍ തുടങ്ങി. ആ അന്വേഷണങ്ങളുടെ ഒടുവില്‍ വലിയ അന്വേഷണമായി നാം ആരും മുന്നോട്ട് പോയിട്ടില്ല, കാരണം നാം ജീവിക്കുന്നതെവിടെയാണെന്നും അതിന്റെ കൃത്യത എന്താണെന്നും അറിയുന്നതിലേറെ ചെയ്യേണ്ട ബാധ്യതകള്‍ വേറെയുമുണ്ടായിരുന്നു. അതിനോരോന്നിനും അര്‍ഹമായ മുന്‍ഗണന നല്‍കി മുമ്പോട്ട് പോവുക എന്നത് മാത്രമാണ് ഭൂരിഭാഗ പേരും ചെയ്യുന്നത്. മാതാപിതാക്കളെ സംരക്ഷിക്കേണ്ടവരുണ്ടാകും, കുടുംബം പോറ്റേണ്ടവരുണ്ടാവും, നാട്ടിലെയും വീട്ടിലെയും കാര്യങ്ങള്‍ ചെയ്യേണ്ടവരുണ്ടാവും, സാമൂഹ്യമായ ഒട്ടേറെ ബാധ്യതകള്‍ നിറവേറ്റാനുണ്ടാവും. അതുകൊണ്ട് തന്നെ, 24 മണിക്കൂറും ശാസ്ത്രീയ അന്വേഷണങ്ങളുമായി എല്ലാവര്‍ക്കും പോകാനാവില്ല. പക്ഷെ ചില ആളുകള്‍ അവരുടെ മേഖല അതാണെന്ന് തിരഞ്ഞെടുത്ത് അന്വേഷണങ്ങളിലൂടെ പോവുകയും ചെയ്യും. അത് ഈ ലോകത്തിന്റെ സ്വാഭാവികമായ വൈവിധ്യമാണ്. അങ്ങിനെയേ ഈ ലോകത്ത് മുമ്പോട്ട് പോവാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ നമുക്കൊക്കെ ഈ ലോകത്തെ കുറിച്ച് രണ്ടും കൂടിയുള്ള (ശാസ്ത്രീയപരമായതും മതകീയമായതും) പല അറിവുകളുമായി സ്വഭാവികമായും മുന്നോട്ട് പോകുമ്പോള്‍ നാം ചിന്തിക്കും എവിടെയാണ് നാം ഈ ഭൂമിയില്‍ നില്‍ക്കുന്നതെന്ന്.?

ആ ഭൂമി എവിടെ നില്‍ക്കുന്നു എന്നതിനെപറ്റി, സൗരയൂഥത്തെ പറ്റി, അങ്ങനെ മില്‍കിവെ ഗാലക്‌സിയിലേക്ക്, അവിടന്ന് ക്ലസ്റ്ററുകളിലേക്ക് അങ്ങനെയൊക്കെ പോകുമ്പോഴും വിസ്തൃതമായ ഒരു പ്രപഞ്ചവും അതിനെതുടര്‍ന്ന് പിന്നെ എന്ത് എന്ന ചോദ്യവും സ്വാഭാവികമായും കടന്നുവരുന്നു. മനുഷ്യബുദ്ധിയുടെ ചോദ്യമാണത്. ചോദിക്കാതിരിക്കാന്‍ കഴിയില്ലല്ലോ, അതിനപ്പുറമെന്താണ്, ആ അപ്പുറത്തെ ഇങ്ങനെയൊക്കെ വിശദീകരിക്കാന്‍ ശ്രമിക്കുമ്പോഴും നിലവിലുള്ള ഇന്ന്‌വരെയുള്ള ഒരു സമവാക്യത്തിന് ഉത്തരമാകാന്‍ കഴിയുന്നില്ല. 

പ്രപഞ്ചത്തിന്റെ വിസ്തൃതി, ഹബ്ള്‍ ടെലസ്‌കോപ്പ് വെച്ച് നടത്തുന്ന ഗവേഷണങ്ങളും അളന്ന് തിട്ടപ്പെടുത്തുന്ന വലുപ്പവും, 90 ബില്യണ്‍ പ്രകാശവര്‍ഷങ്ങളുള്ള ഒരു പ്രപഞ്ചമാണെന്ന് അപ്പോള്‍ നമുക്ക് മനസ്സിലാവുന്നു. അതിനപ്പുറമോ, അതിനപ്പുറവും പ്രപഞ്ചം വിശാലമായി കിടക്കുകയാണ്. പിന്നെയും ആ വിശാലതകള്‍ തുടര്‍ന്നുക്കൊണ്ടിരിക്കുകയാണ്. അങ്ങിനെയുള്ള ഈ ലോകത്താണ് നാമുള്ളത്. അതിനര്‍ഥം ഇപ്പോള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തനത്തിന് മുമ്പ് കുറച്ച്കൂടി ചെറിയ ലോകത്തായിരുന്നു നാം. അതിനേക്കാള്‍ ലോകം ഒരുപാട് വികസിച്ച് പോയിട്ടുണ്ട്. അതിന്മുമ്പ് ഇന്ന് രാവിലെയാകുമ്പോള്‍ ഇന്നലെ വൈകുന്നേരമാകുമ്പോള്‍ ഇന്നലെയാകുമ്പോള്‍ മിനിഞ്ഞാന്നാകുമ്പോള്‍ ആപേക്ഷികമായി ചെറിയ ലോകമായിരുന്നു. അതിനേക്കാള്‍ ലോകം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും അത് വികസിച്ച് വികസിച്ച് വളര്‍ന്നുകൊണ്ടേയിരിക്കും.

ഇതിനൊന്നും കൃത്യമായൊരുത്തരം ഇന്ന്‌വരെ മനുഷ്യരാശിയുടെ അന്വേഷണങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അവിടെ ഒരുപാട് പ്രപഞ്ചങ്ങളുണ്ടാകാം. ഒരുപാട് പ്രപഞ്ചങ്ങള്‍ എന്ന മള്‍ട്ടിവേഴ്‌സ് സിദ്ധാന്തം അവിടെ കടന്നുവരുന്നു. അല്ലെങ്കില്‍ ഈ പ്രപഞ്ചം തന്നെ ഒരു പരിധി കഴിയുമ്പോള്‍ അതിന്റെ വികസനത്തിന്റെ തോത് നില്‍ക്കുകയോ കുറയുകയോ ഒക്കെ ചെയ്യേണ്ടി വരും.

എന്താകും ഇതിന്റെയെല്ലാം അവസാനം. ഇതെല്ലാം കൂടി ഒരു ബിഗ്ക്രഞ്ചിലേക്ക് വരുമോ, അതല്ല തുടങ്ങിയത് പോലെ തിരിച്ചുപോകുമോ, അല്ല ഏതെങ്കിലും ബ്ലാക്ക് ഹോളില്‍ ഈ പ്രപഞ്ചം ഒന്നായ്‌ചെന്ന് അവസാനിച്ച് അവിടെനിന്ന് പുതിയൊരു തുടക്കം ഉണ്ടാവുമോ, മറ്റൊരു ബിഗ്ബാംഗ് ഉണ്ടാകുമോ.

ഇങ്ങനെയുള്ള ഒരുപാട് ചര്‍ച്ചകളും ചിന്തകളുമാണ് ശാസ്ത്രീയ ലോകത്ത് നടക്കുന്നത്. കൃത്യമായി ഒരു ഉത്തരം പറയാന്‍ ശാസ്ത്രത്തിനാവില്ല എന്നതാണ് ശാസ്ത്രത്തിന്റെ മികവ്. അതൊരു പോരായ്മയല്ല. അന്വേഷണത്തിന്റെ സ്വാഭാവികത തന്നെയാണ്.

മറുവശത്ത് ഇനി പിന്നോട്ട് പോയി നോക്കാം. ഇന്നലെ, മിനിഞ്ഞാഞ്ഞ്, വര്‍ഷങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ക്കും മുമ്പ്, അങ്ങനെ പോകും തോറും പ്രപഞ്ചം ചെറുതാവുകയാണെന്ന് ശാസ്ത്രം പറയും. ചെറുതായി ചെറുതായി പുറകോട്ട് പോകുമ്പോള്‍, 10-14 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൂറേക്കൂടി കൃത്യതയോടെ പറയുമ്പോള്‍ 1370 കോടി വര്‍ഷം /13.7 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രപഞ്ചം ഏറ്റവും സൂക്ഷ്മമായ ഒരു കണമായിരുന്നെന്നും ആ കണത്തില്‍ നിന്ന് ബിഗ്ബാംഗ് എന്ന് പറയുന്ന ഒരു മഹാവികാസത്തിലൂടെയാണ് ഈ പ്രപഞ്ചം ഉണ്ടായി തീര്‍ന്നതെന്നും ശാസ്ത്രം പറയും. അതിനും മുമ്പ് എന്തായിരുന്നു എന്ന് ചോദ്യം വീണ്ടും ബാക്കി കിടക്കുകയാണ്. അവിടെയും ശാസ്ത്രത്തിന്റെ മറുപടി മൗനം മാത്രമാണ്. 

നിലവില്‍ മനുഷ്യന്റെ അന്വേഷണം എത്തിപ്പെട്ടതാണ് ശാസ്ത്രം പറയുന്നത്. ഇത് നാം പറയുന്നത് ശാസ്ത്രത്തിന്റെ ന്യൂനതയോ കുറവോ ആയല്ല. ബുദ്ധിയുള്ള നാമൊക്കെ ഉത്തരം കണ്ടെത്താന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ്. 'വിജ്ഞാനികള്‍ മാത്രമേ അവയെ പറ്റി യഥായോഗ്യം ഗ്രഹിക്കുകയൂള്ളൂ' (സൂറത്ത് അന്‍കബൂത്ത് :43) എന്ന് ഖുര്‍ആന്‍ പറയുന്നതും അത് കൊണ്ട് തന്നെ.

ഇന്നോളമുള്ള മൊത്തം മനുഷ്യരാശിയുടെ അന്വേഷണമാണ് ഇന്ന് എത്തിനില്‍ക്കുന്ന ശാസ്ത്രം. അത് തുടര്‍ന്നുകൊണ്ടേയിരിക്കണം. ആ ഒരു പ്രക്രിയയക്ക് വേണ്ടി തന്നെയാണ് മനുഷ്യനെ അല്ലാഹു / ദൈവം / പ്രപഞ്ചനാഥന്‍ ഭൂമിയിലേക്ക് പറഞ്ഞയച്ചത്. ഭൂമിയില്‍ നമ്മെ പറഞ്ഞയക്കുന്നതിന്റെ അടിസ്ഥാന ലക്ഷ്യം അത് കൂടിയാണ്. അതിലുപരി, ആ അന്വേഷണം പോലും ആരാധനയാണെന്നാണ് ഖുര്‍ആന്‍ പറയുന്നത്. 

Read More: യുക്തി ഉയര്‍ത്തുന്ന സംശയങ്ങള്‍ ഭാഗം 01- ഖുര്‍ആന്‍: ദൈവം മനുഷ്യനെ വെല്ലുവിളിക്കുകയോ?

അഥവാ, മതം മനുഷ്യനെ പുറകോട്ട് വലിക്കുകയല്ല, എത്തിനില്‍ക്കുന്ന പരിധികളിലൊന്നും നില്‍ക്കരുതെന്ന് പറഞ്ഞ് മുന്നോട്ട് മുന്നോട്ട് തള്ളുകയാണ് ചെയ്യുന്നത്. അന്വേഷണങ്ങള്‍ക്ക് മുമ്പില്‍ യഥാര്‍ത്ഥ മതം ഒരിക്കലും വന്‍മതില്‍ കെട്ടുന്നില്ല എന്നര്‍ത്ഥം. 

എന്നാല്‍ ഖുര്‍ആന്‍ ആവശ്യപ്പെട്ടത് സമൂഹം നിറവേറ്റിയോ, തീര്‍ച്ചയായും നിറവേറ്റിയിട്ടുണ്ട്. ഖുര്‍ആന്റെ അനുയായികള്‍ ശാസ്ത്രീയന്വേഷണങ്ങളുമായി എത്രമാത്രം മുന്നോട്ട് പോയി എന്നതിന് മധ്യകാലശാസ്ത്രം തെളിവാണ്. ഇന്നത്തെ ശാസ്ത്ര കണ്ട് പിടുത്തങ്ങളെല്ലാം അവയുടെ അടിത്തറയില്‍ ഉയര്‍ന്നുവന്നതാണ്. അഥവാ, ഈ അന്വേഷണപ്രചോദനവും അത് ഒരു ആരാധനയാണെന്നുള്ള നിര്‍ദ്ദേശവും ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് നാം കാണുന്ന ശാസ്ത്രത്തിന്റെ പകുതിപോലും നാം എത്തിയിട്ടുണ്ടാവില്ല എന്നര്‍ത്ഥം.

ചുരുക്കത്തില്‍ ഖുര്‍ആനും ശാസ്ത്രവും വിരുദ്ധമായ ദ്വന്ദങ്ങളല്ലെന്ന് മാത്രമല്ല, ശാസ്ത്രത്തെ ഇത്രമേല്‍ ചലിപ്പിച്ചതും ഇത്രയും മുന്നോട്ടെത്തിച്ചതും മതത്തിന്റെ, ഇസ്‍ലാമിന്റെ, വിശുദ്ധ ഖുര്‍ആനികാധ്യപനങ്ങളുടെ വെളിച്ചത്തിലും പ്രചോദനത്തിലുമായിരുന്നു എന്നര്‍ത്ഥം. ഖുര്‍ആനും ശാസ്ത്രം എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്ന് ഇനി അധികം വിശദീകരിക്കേണ്ടതില്ലല്ലോ.

ക്രോഡീകരണം: അബ്ദുല്‍ ഹഖ് മുളയങ്കാവ്

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter