മക്തൂബ് 14 തജല്ലി, ദിവ്യവെളിപാടിന്റെ അനുഭൂതികള്‍
എന്‍റെ സഹോദരന്‍ ശംസുദ്ധീന്‍,
തന്റെ വിശേഷണങ്ങളുടെ വെളിപെടല്‍ (തജല്ലി) കൊണ്ട് അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.
അല്ലാഹുവിന്‍റെ ശരീരവും വിശേഷണങ്ങളും പ്രകടമാകുന്നതിനെക്കുറിച്ചാണ് തജല്ലി എന്ന് പറയുന്നത്. ആത്മാവിനും ഇതു സംഭവിക്കാറുണ്ട്. ആത്മാവിനു സംഭവിക്കുന്ന ഈ തജല്ലിയെ യഥാര്‍ത്ഥ തജല്ലിയെന്ന് കരുതിയ ആത്മീയ സഞ്ചാരികള്‍ക്ക് കാലിടറിയിട്ടുണ്ട്. ആധ്യാത്മിക ലോകത്ത് വ്യാപൃതനായ പൂര്‍ണ്ണനായ ഒരു ശൈഖിന്റെ മാര്‍ഗനിര്‍ദേശങ്ങളില്ലാതെ ഈ അപകടത്തില്‍ നിന്നും രക്ഷപ്പെടല്‍ വളരെ പ്രയാസകരമാണ്. സത്യസന്ധനായ ഏതൊരു സാലികിന്‍റെയും ബാധ്യത തന്‍റെ കാര്യങ്ങള്‍ വലിയ അധികാരമുള്ള പൂര്‍ണ്ണനായ ആ ശൈഖിനെ ഏല്‍പ്പിക്കുക എന്നതാണ്. ആ സഹവാസത്തിന്‍റെ പുണ്ണ്യം കൊണ്ട് ലക്ഷ്യസ്ഥാനത്തേക്ക് എത്തിയേക്കാം. ഇതിലേക്കാണ് ഖുര്‍ആനികവചനം വിരല്‍ ചൂണ്ടുന്നത്. ഗൃഹങ്ങളില്‍ അവയുടെ കവാടങ്ങളിലൂടെ ചെല്ലുക ( അല്‍ ബഖറ 189)
കവി പറഞ്ഞു:
ശൈഖില്ലാതെ
നീ
ഈ വഴി താണ്ടിയാല്‍
പിഴക്കും,
ആപത്തിന്‍റെ കിണറ്റില്‍ ചെന്ന് വീഴും,
ശൈഖ്
കൂട്ടിനുണ്ടെങ്കില്‍
ആ പുണ്ണ്യം മതി
നിമിഷാര്‍ദ്ധങ്ങളെ കൊണ്ട്
രാജാധിരാജന്‍റെ
സാനിധ്യത്തിലെത്താനും
നാഥനായ റബ്ബിന്‍റ തജല്ലിയും ആത്മാവിന്‍റെ തജല്ലിയും വ്യത്യസ്തമാണ്. അതിന്‍റെ വിശദീകരണത്തിലേക്ക് പ്രവേശിക്കും മുമ്പ് ചില സുപ്രധാന കാര്യങ്ങള്‍ പങ്കുവെക്കട്ടെ.
Read More: മക്തൂബ് - 13 വെളിപാടും ദിവ്യബോധനവും
അല്ലാഹു അല്ലാത്തതിന്‍റെ ഉണ്‍മയുടെ മാലിന്യത്തില്‍ നിന്നും ഹൃദയദര്‍പ്പണം ശുദ്ധമാവുകയും പൂര്‍ണ്ണമായും തെളിയുകയും ചെയ്താല്‍ അത് അല്ലാഹുവിന്‍റെ സൗന്ദര്യകിരണങ്ങളുടെ ഉദയസ്ഥാനമാകും. അവിടെ അല്ലാഹുവിന്‍റെ ദാതും സ്വിഫാതും പ്രകടമാകും. എന്നാല്‍ ഹൃദയം തെളിച്ചപ്പെടുത്തിയ എല്ലാവര്‍ക്കും ഈ മഹാസൗഭാഗ്യം സിദ്ധിക്കില്ല. അത് തെളിച്ചപ്പെടുത്തിയവര്‍ക്കേ ഇത് കിട്ടുകയുള്ളൂ താനും. ശക്തമായി ഓടാന്‍ കഴിയുന്ന എല്ലാവര്‍ക്കും കാട്ടുപന്നിയെ ലഭിക്കണമെന്നില്ല. കാട്ടു പന്നിയെ വേട്ടയാടുന്നവന്‍ വലിയ ഓട്ടക്കാരനാണ് താനും. അത് അല്ലാഹു ഉദ്ധേശിച്ചവര്‍ക്ക് മാത്രം കൊടുക്കുന്ന ഔദാര്യമാണെന്നേ പറയാനൊക്കൂ.
ആത്മീയസഞ്ചാരികളില്‍ ചിലരുടെ ഹൃദയവാനം മാനുഷികവിശേഷണങ്ങളുടെ മേഘങ്ങളില്‍ നിന്നും സ്വാഭാവികമായ ഭാവപ്പകര്‍ച്ചകളില്‍ നിന്നും തെളിഞ്ഞാല്‍ ചില റൂഹാനിയായ വിശേഷണങ്ങള്‍ ആ ഹൃദത്തിന്‍റെ മേല്‍ വെളിപെടും. ആത്മാവ് മാനുഷികമായ ഗുണഗണങ്ങളില്‍ നിന്നും മുക്തമാവുമ്പോള്‍ സംഭവിക്കുന്ന ആത്മാവില്‍ നിന്നുള്ള നൂറിന്‍റെ ആധിക്യ കൊണ്ടാണിത്. ചിലപ്പോള്‍ ആത്മാവ് തന്നെ അതിന്‍റെ യാഥാര്‍ത്ഥ സ്വഭാവങ്ങളുമായി തജല്ലിയാകും. ചില സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിന്‍റെ ഖലീഫയായ ആത്മാവ് തന്നെ തജല്ലിയായി ഇങ്ങനെ പറഞ്ഞേക്കാം, ഞാനാണ് ഹഖ്.
മുഴുവന്‍ വസ്തുക്കളും തന്‍റെ ഖിലാഫതിന്റെ മുമ്പില്‍ സാഷ്ടാംഗം ചെയ്യുന്നതായും കണ്ടേക്കാം. ഇതാണ് ഹഖിന്‍റെ സന്നിഹിതമാവല്‍ എന്ന് കരുതി പിഴച്ച് പോകുകപോലും ചെയ്യും. പ്രവാചകവചനത്തില്‍ ഇപ്രകാരമുണ്ടല്ലോ. ഒരു വസ്തുവില്‍ അല്ലാഹുവിന്‍റെ തജല്ലി ഉണ്ടായാല്‍ സകലവസ്തുക്കളും അതിനു കീഴടങ്ങും.
കാലിടറപ്പോകുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ നിന്നും അല്ലാഹുവിന്‍റെ സഹായവും പിന്നെ അകക്കാഴ്ച്ചയുള്ള ഒരു ശൈഖിന്റെ പിന്തുണയും കൊണ്ടല്ലാതെ രക്ഷപ്പെടില്ല. നമ്മുടെ സംസാര വിഷയമായ റൂഹിയായ തജല്ലിയും ഇലാഹിയായ തജല്ലിയും തമ്മിലുള്ള വ്യത്യസങ്ങളിലേക്കു മടങ്ങി വരാം.
1. റൂഹിയായ തജല്ലി പുതുതായി ഉണ്ടാകുന്നതാണ്.
2. റൂഹിയായ തജല്ലിക്ക് മാനുഷികമായ എല്ലാ വിശേഷണങ്ങളെയും ഇല്ലാതാക്കാനാവുമെങ്കിലും ഫനാ ആക്കാനുള്ള ശേഷിയില്ല.
3. റൂഹിയായ തജല്ലി ഒരു മറക്കു പിന്നില്‍ നിന്ന് കൊണ്ടേ സാധ്യമാവൂ എന്നതിനാല്‍ മനുഷ്യന്‍ എന്ന നിലക്കേ അത് ഉണ്ടായിത്തീരുകയുള്ളൂ.
ഇത്തരം കാര്യങ്ങളൊന്നും ദൈവികമായ തജല്ലിയില്‍ ഉണ്ടാകില്ല. നഫ്സിനെ തകര്‍ത്ത് കൊണ്ട് ബാത്വിലായ വിശേഷണത്തെ ഇല്ലാതെയാക്കുക എന്നത് അതിന്‍റെ അനിവാര്യതയില്‍ പെട്ടതാണ്. അല്ലാഹുവിന്‍റെ വചനം പോലെ, സത്യം സമാഗതമാകുകയും അസത്യം നിഷ്ക്രമിക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും നശിക്കാനുളളതു തന്നെയാണ് അസത്യം എന്നു താങ്കള്‍ പ്രഖ്യാപിക്കുക. ( ഇസ്റാഅ്- 81)
4. റൂഹിയായ തജല്ലി ഹൃദയത്തിന്, ആശങ്കകളില്‍ നിന്നും ആകുലതകളില്‍ നിന്നം പൂര്‍ണ്ണമായ സംക്ഷണം തരില്ല. ആത്മീയജ്ഞാനത്തിന്‍റെ മധുരം പകര്‍ന്നെന്നും വരില്ല. പകരം ഒരുതരം ഇരുട്ട് ഹൃദയത്തിലുണ്ടായേക്കാം. ഇതൊരിക്കലും ഇലാഹിയായ തജല്ലിക്ക് ഉണ്ടാകില്ല.
5. റൂഹിയായ തജല്ലിയില്‍ അഹങ്കാരം, ലോകമാന്യം, ദൈവികസംപ്രീതി തേടുന്നതിലുള്ള വീഴ്ച്ച, ദുന്‍യാവിനേടുള്ള നിര്‍ഭയത്വം എന്നിവ കലര്‍ന്നേക്കാം. ഇതൊരിക്കലും ഇലാഹിയായ തജല്ലിയില്‍ ഉണ്ടാവില്ല. അവിടെ ഉണ്‍മ തന്നെ ഇല്ലാതാവുകയും ദൈവികപ്രീതി പൂര്‍ണ്ണമായും തേടപ്പെടുകയും തന്‍റെ ഹബീബിനെ കാണാനുള്ള ദാഹം ശക്തമാവുകയും ചെയ്യുന്നു.
മനുഷ്യന്‍ അല്ലാഹുവിന്‍റെ കണ്ണാടിയാണ്. എത്രമാത്രം അവന്‍ തെളിഞ്ഞുനില്‍ക്കുന്നുവോ അത്രമേല്‍ അല്ലാഹു അവനുദ്ധേശിക്കുന്നവിധം ദൃശ്യമാകുന്നു. അല്ലാഹു തന്‍റെ ജീവന്‍ (ഹയാത്) എന്ന വിശേഷണം കൊണ്ട് വെളിപെട്ടാല്‍ ആധ്യാത്മികസഞ്ചാരി ഖിള്റ് നബിയെയും ഇല്‍യാസ് നബിയെയും പോലെ ശാശ്വതജീവിതം നേടുന്നു. അല്ലാഹുവിന്‍റെ സംസാരം എന്ന വിശേഷണം കൊണ്ടാണ് തജല്ലിയെങ്കില്‍ മൂസാ നബിയെപോലെയാകുന്നു.
മൂസാ നബിയോട് അല്ലാഹു നേരിട്ടു തന്നെ സംസാരിച്ചു ( നിസാ 164 )
അന്നദാതാവ് (റാസിഖ്) എന്ന വിശേഷണത്തിന്‍റെ തജല്ലിയാണെങ്കില്‍ മര്‍യം ബീവിയെ പോലെയാകുന്നു. ഈന്തമരം അടുത്തേക്കു പിടിച്ചു കുലുക്കുക (സൂറ മര്‍യം 25)
സൃഷ്ടിക്കല്‍ എന്ന വിശേഷണം കൊണ്ട് തജല്ലി ഉണ്ടായാല്‍ ഈസാ നബിയെ പോലെയാകുന്നു. എന്‍റെ ഉദ്ദേശ്യാനുസൃതം കളിമണ്ണു കൊണ്ട് താങ്കള്‍ പക്ഷി രൂപം പോലെയുണ്ടാക്കി ( സൂറ മാഇദ 110 )
മരിപ്പിക്കല്‍ എന്ന വിശേഷണം കൊണ്ടാണെങ്കില്‍ അബൂതുറാബ് നഖ്ശബിയുടെ ഒരു മുരീദിനു സംഭവിച്ച പോലെയാകും. ഒരിക്കല്‍ ആ മുരീദ് മഹാനായ അബൂയസീദി(ഖ.സി)ലേക്ക് നോക്കിയപ്പോള്‍ അദ്ദേഹം ഒരു അട്ടഹാസത്തോടെ മൃതിയടഞ്ഞു വീണു. മരിപ്പിക്കല്‍ എന്ന വിശേഷണത്തിന്‍റെ തജല്ലി സംഭവിച്ചവന്‍ ആരിലേക്ക് മനസ്സ് തിരിച്ചാലും അത് വിനാശകരമായിരിക്കും.
അല്ലാഹുവിന്‍റെ മറ്റു വിശേഷണങ്ങള്‍ മേല്‍പറഞ്ഞതിനോട് തുലനം ചെയ്യൂ.
കൂടാതെ, മുകാശഫ, മുശാഹദ, തജല്ലി ഇവക്കിടയില്‍ നേരിയ വ്യത്യസങ്ങളുണ്ട്. സൂക്ഷമായ ചിന്ത കൊണ്ടേ അതു ഗ്രഹിക്കാനാവൂ. അതിന്റെ വിശദാംശങ്ങള്‍ക്ക് ഇവിടെ പരിമിതികളുണ്ട്.
തജല്ലിയുടെ അര്‍ത്ഥം വിവരിച്ചു കൊണ്ട് നാം പറയട്ടെ. തജല്ലി, ഇസ്തിതാര്‍ എന്നീ പദങ്ങള്‍ ആധ്യാത്മിക ലോകത്ത് പ്രസിദ്ധമാണ്. ഭാഷാര്‍ത്ഥത്തില്‍ തജല്ലി എന്നാല്‍ വെളിവാകല്‍ എന്നും ഇസ്തിതാര്‍ എന്നാല്‍ മറയല്‍ എന്നുമാണ്. സൂഫികളുടെ അടുക്കല്‍ തജല്ലി എന്നാല്‍ ഹഖിന്റെ വെളിവാകലും ഇസ്തിതാര്‍ എന്നാല്‍ ഹഖിന്റെ മറയലുമാണ്. ഹഖ് കൊണ്ട് അല്ലാഹുവിന്റെ ദാത് എന്നല്ല ഉദ്ധേശ്യം. കാരണം അല്ലാഹുവിന്റെ ദാതില്‍ ഭാവപ്പകര്‍ച്ചകള്‍ ഉണ്ടാവില്ലല്ലോ. നാം സാധാരണ ഈ കാര്യം എനിക്ക് വ്യക്തമായി എന്ന് പറയുന്നത് പോലെയാണിത്. ഒരു കാര്യവും വ്യക്തമാകുന്നില്ല, പകരം ഹൃദയമാണ് തെളിയുന്നത്. ഹൃദയം തെളിയുന്ന സന്ദര്‍ഭം ആ കാര്യം സുഗ്രാഹ്യമാവുന്നു. ആകയാല്‍ ആ കാര്യത്തെ അറിയല്‍ തജല്ലിയും അറിയാതിരിക്കല്‍ ഇസ്തിതാറുമാണ്. തന്റെ സിര്‍റ് സ്വശരീരത്തിന്റെ തിരക്കില്‍ പെട്ടാല്‍ മറഞ്ഞതു കാണുക എന്നത് അപ്രാപ്യമായിരിക്കും. ഇതാണ് ഇസ്തിതാര്‍. എന്നാല്‍ സര്‍വ്വവും ഹഖില്‍ നിന്നും സര്‍വ്വത്തില്‍ നിന്നും ഹഖിനെയും കാണുമ്പോള്‍ ഇവക്കിടയിലെ മനുഷ്യന്‍ എന്ന തലം അന്തര്‍ധാനം ചെയ്യുന്നു. ഒന്നില്‍ നിന്നും സ്വശരീരത്തെയും ശരീരത്തില്‍ നിന്നും മറ്റൊന്നിനെയും അദ്ധേഹം കാണുകയില്ല. അന്നേരം മറഞ്ഞു നില്‍ക്കുന്നതിനെ കാണാനാവുന്നു. അതിനെയാണ് തജല്ലി എന്ന് പറയപ്പെടുന്നത്.
Read More: മക്തൂബ് - 12 പ്രകാശ പ്രസരണങ്ങളുടെ വിവിധ തലങ്ങള്‍
എന്‍റെ സഹോദരാ,
അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ അവന്‍ ഇപ്രകാരം നിര്‍ദേശിക്കപ്പെട്ടു, ജീവിതം അന്വേഷണത്തില്‍ ചെലവഴിക്കുക, ലക്ഷ്യത്തില്‍ എത്തിച്ചേരുന്ന വിചാരം ഉപേക്ഷിക്കുക.
പക്ഷെ, മഹാശ്ചര്യം തന്നെ !!. മുരീദ് തേടിക്കൊണ്ടിരിക്കുന്നു. തേടപ്പെടുന്നത് ഒരു പ്രതാപത്തിന്റെ മറയില്‍ കഴിയുകയും ചെയ്യുന്നു. അന്വേഷണം ശരിയായതുമില്ല, അന്വേശിക്കപ്പെടുന്നതിലേക്ക് എത്തിച്ചേര്‍ന്നതുമില്ല. എന്തു കൊണ്ടാണിതെന്ന് നിനക്കറിയുമോ?. സൗന്ദര്യമുള്ള ഇടങ്ങളില്‍ അല്‍പ്പം അഹംബോധവും നെഗളിപ്പും സാധാരണയാണ്. അഴക് തൂകുന്നിടങ്ങളിലെല്ലാം നിന്ദ്യതയും ബന്ധനവും അനിവാര്യമാണു താനും.
കവിയുടെ വാക്കുകള്‍ എത്ര മഹത്തരം
നിന്‍റെ വഴിയിലെ
മൂടല്‍
എത്ര ആനന്ദദായകമാണ്.
നിന്നിലെ
ഇരുട്ട് പോലും
എത്ര ആസ്വദ്യകരമാണ്.
നിന്‍റെ വഴിയിലെ
മണല്‍ തരിയായാലും,
ആവതില്ല ഞങ്ങള്‍ക്ക്
ആ പാദങ്ങളില്‍
പതിയാന്‍ പോലും
തന്റെ ജീവിതചര്യയെ നന്നാക്കുന്നവര്‍ക്ക് ചോദിക്കാതെ തന്നെ അല്ലാഹു എല്ലാം നല്‍കും. നന്നാക്കാത്തവര്‍ക്കോ ചോദിച്ചാലും അല്ലാഹു നല്‍കില്ല. ഒരു ശൈഖ് ഇപ്രകാരം ചോദിക്കപ്പെട്ടു: നിങ്ങള്‍ അല്ലാഹുവിനെ കണ്ടോ?
അദ്ദേഹം പറഞ്ഞു: ഇല്ല
ചോദ്യകര്‍ത്താവ്: എന്ത്കൊണ്ട് കാണുന്നില്ല?
ശൈഖ്: മൂസാ നബി ആവശ്യപ്പെട്ടപ്പോള്‍ കണ്ടില്ല, മുഹമ്മദ് നബി ആവശ്യപ്പെട്ടില്ല, പക്ഷേ കാണുകയും ചെയ്തു.
എന്റെ സഹോദരാ,
മനുജന്‍ ... അതൊരു ആലങ്കാരികവാക്കല്ല, ഒരു യാഥാര്‍ത്ഥ്യവും ലക്ഷ്യവുമാണ്. ഒരു പാട് വസ്തുക്കളുണ്ടായിട്ടും ഈ കാര്യങ്ങളെല്ലാം അല്ലാഹു നിന്നെയാണല്ലോ ഏല്‍പിച്ചത്. ഈ പരിഗണന എന്തെങ്കിലും മാനദണ്ഡപ്രകാരമായിരുന്നുവെങ്കില്‍ പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട മലക്കുകളായിരുന്നു ഏറ്റവും അര്‍ഹര്‍. അവരെയാണല്ലോ അല്ലാഹു വിശുദ്ധിയുടെയും ഭക്തിയുടെയും പരിപാവനത്വത്തിന്‍റെയും പാപസുരക്ഷിതത്വത്തിന്‍റെയും ഉടയാട അണിയിച്ചത്. എന്‍റെ സഹോദരാ, എല്ലാ സേവകരും സ്നേഹിക്കപ്പെടുകയില്ല. വലിയ സാമീപ്യമുള്ളവര്‍ ഒരുപക്ഷെ സന്തോഷം തരണമെന്നുമില്ല.
Leave A Comment