അധ്യായം 3. സൂറ ആലു ഇംറാന്‍ (Ayath 71-77) കടം വീട്ടാത്തവർ
വേദക്കാരുടെ കൂട്ടത്തില്‍ കുറച്ചെങ്കിലും മനഃസാക്ഷിയുള്ളവരുണ്ടെങ്കില്‍, അത്തരക്കാരെ ഇരുത്തിച്ചിന്തിപ്പിക്കുന്ന രണ്ട് ചോദ്യങ്ങള്‍ അല്ലാഹു ചോദിച്ച കാര്യമാണ് കഴിഞ്ഞ പേജില്‍ നമ്മള്‍ പഠിച്ചത്. ഒന്നാം ചോദ്യം കഴിഞ്ഞ പേജിലെ അവസാന ആയത്തില്‍ (70 ല്‍) പഠിച്ചു. അതായത്, മനഃസാക്ഷിക്കെതിരായി അല്ലാഹുവിന്‍റെ വാക്യങ്ങളെ നിഷേധിക്കുന്നത് എന്തിനാണ്?
രണ്ടാമത്തെ ചോദ്യമാണിനി 71 ല്‍ പഠിക്കുന്നത്: എന്തിനാണ് നിങ്ങള്‍ സത്യവും അസത്യവും കൂട്ടിക്കലര്‍ത്തുകയും സത്യം മൂടിവെക്കുകയും ചെയ്യുന്നത്?
يَا أَهْلَ الْكِتَابِ لِمَ تَلْبِسُونَ الْحَقَّ بِالْبَاطِلِ وَتَكْتُمُونَ الْحَقَّ وَأَنْتُمْ تَعْلَمُونَ(71)
നിങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെ സത്യത്തെ അസത്യവുമായി കൂട്ടിക്കലര്‍ത്തുകയും യാഥാര്‍ത്ഥ്യം മറച്ചുവെക്കുകയും ചെയ്യുന്നതെന്തിനാണ്?
ഇത് വേദക്കാരെക്കുറിച്ചാണ് അവതരിച്ചതെങ്കിലും ഇപ്പണി ചെയ്യുന്നവര്‍ക്കൊക്കെ ബാധകമാണ്. ജനങ്ങളെ വഴിതെറ്റിക്കാന്‍ മനപ്പൂര്‍വ്വം സത്യവും അസത്യവും കൂട്ടിക്കലര്‍ത്തുകയും സത്യം മൂടിവെക്കുകയും ചെയ്യുന്ന എല്ലാവരും മറുപടി പറയേണ്ട ചോദ്യം.
അതുപോലെ, പല കാര്യങ്ങളും സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത്, ദുര്‍വ്യാഖ്യാനം ചെയ്‌ത് തെറ്റായി വ്യാഖ്യാനിക്കുന്നവരുമുണ്ട്. അവരും ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയണം.
അടുത്ത ആയത്ത് 72
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടും സത്യവിശ്വാസികളോടും കടുത്ത അസൂയയും, പകയുമായിരുന്നു വേദക്കാര്‍ക്ക് എന്ന് നേരത്തെ നമ്മള്‍ പഠിച്ചല്ലോ. എങ്ങനെയെങ്കിലും സത്യവിശ്വാസികളെ വഴിതെറ്റിക്കണമെന്നവര്‍ ആഗ്രഹിച്ചിരുന്നു, വിശേഷിച്ചും യഹൂദികള്‍. അതിനവര്‍ പയറ്റുന്ന ഒരു കുതന്ത്രം തുറന്നുകാട്ടുകയാണിനി. അവരുടെ ഒരു നാടകമാണിത്.
അതായത്, അവരുടെ കൂട്ടത്തില്‍ പെട്ട ചില ആളുകളെ ശട്ടംകെട്ടി പറഞ്ഞയക്കുക; രാവിലെ ചെന്ന് തങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചുവെന്ന് പറഞ്ഞ് മുസ്‌ലിം വേഷമണിയുക; കുറേ നേരം മുസ്‌ലിംകളോടൊപ്പം ഇരുന്ന ശേഷം, വൈകുന്നേരമാകുമ്പോള്‍ ഇസ്‌ലാമില്‍ നിന്ന് സ്വയം പുറത്തുപോകുകയും ചെയ്യുക. നിസ്കരിക്കാനൊക്കെ ഒപ്പം കൂടും. വൈകുന്നേരമായാല്‍ തള്ളിപ്പറയും.
‘ഇസ്‌ലാം സത്യമതമെന്ന് കരുതിയാണ് ഞങ്ങളത് സ്വീകരിച്ചത്. ഇപ്പോഴല്ലേ അതിന്‍റെ ഉള്ളുകള്ളി മനസ്സിലായത്. അതുകൊണ്ടിതാ ഞങ്ങളതില്‍ നിന്ന് മടങ്ങിപ്പോന്നിരിക്കുന്നു.’ ഇങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യും.
ഇത് കാണുമ്പോള്‍, വേദഗ്രന്ഥവുമായി പരിചയമുള്ള ഇവര്‍ തന്നെ ഇങ്ങനെ പറയുന്ന സ്ഥിതിക്ക് അത് ശരിയാണെന്ന് കരുതി വലിയ വിവരമൊന്നുമില്ലാത്ത ചില സത്യവിശ്വാസികളെങ്കിലും ഇസ്‌ലാം ഉപേക്ഷിച്ചേക്കുമെന്നും അങ്ങനെ അവരെ ഉപയോഗിച്ച് ഇസ്‌ലാമിനെതിരെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാമെന്നുമാണ് അവരുടെ കണക്കുകൂട്ടല്‍.
وَقَالَتْ طَائِفَةٌ مِنْ أَهْلِ الْكِتَابِ آمِنُوا بِالَّذِي أُنْزِلَ عَلَى الَّذِينَ آمَنُوا وَجْهَ النَّهَارِ وَاكْفُرُوا آخِرَهُ لَعَلَّهُمْ يَرْجِعُونَ (72)
വേദക്കാരില്‍ ഒരുകൂട്ടര്‍ പറഞ്ഞു: വിശ്വാസികള്‍ക്ക് അവതീര്‍ണമായ ഖുര്‍ആന്‍ രാവിലെ നിങ്ങള്‍ വിശ്വസിക്കുകയും വൈകുന്നേരം നിഷേധിക്കുകയും ചെയ്യുക-അവര്‍ മടങ്ങിയെങ്കിലോ!
ഈ കപട പുതുമുസ്ലിംകള്‍, ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനും കര്‍മങ്ങളനുഷ്ഠിക്കാനും വല്ലാത്ത താല്‍പര്യം കാണിക്കും, ജമാഅത്തുകളിലൊക്കെ ഒന്നാം സ്വഫ്ഫിലുണ്ടാകും. അധികം വൈകാതെത്തന്നെ ഇവരുടെ മട്ടും ഭാവവുമൊക്കെ മാറും. ഇസ്‌ലാം വലിച്ചെറിയും. അത് പരസ്യപ്പെടുത്തുകയും ചെയ്യും.
ഇമാം ഹസന്‍, ഇമാം സുദ്ദി(رحمهما الله) പറയുന്നു: ഖൈബറിലെ ജൂതപണ്ഡിതരില്‍ 12 പേര്‍ ചേര്‍ന്ന് ഒരു പദ്ധതി ആസൂത്രണം ചെയ്തു-കുറച്ചു പേര്‍ രാവിലെ ബാഹ്യമായി മാത്രം മുഹമ്മദിന്‍റെ മതത്തില്‍ ചേരുക. വൈകുന്നേരം അത് ഒഴിവാക്കുകയും ചെയ്യുക. എന്നിട്ട് ഇങ്ങനെ പ്രചരിപ്പിക്കുകയും വേണം: ഞങ്ങള്‍ സ്വന്തം വേദഗ്രന്ഥത്തില്‍ പരിശോധിച്ചുനോക്കുകയും പുരോഹിതരുമായി വിശകലനം നടത്തുകയും ചെയ്തുനോക്കി. പക്ഷേ, പ്രതിശ്രുത പ്രവാചകന്‍ മുഹമ്മദ് അല്ല എന്നാണ് മനസ്സിലായത്. മാത്രമല്ല, അവന്‍റെ വാക്കുകളും മതവുമൊക്കെ വ്യാജമാണെന്നും ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു.
ഇങ്ങനെ സംഭവിച്ചാല്‍ മുസ്‌ലിംകള്‍ ചിന്തിക്കും: ഇവര്‍ പൂര്‍വവേദങ്ങള്‍ പഠിച്ചവരും വേദക്കാരിലെ യോഗ്യന്മാരുമൊക്കെയാണല്ലോ. പരിശോധിച്ചുനോക്കിയ ശേഷം ഇസ്‌ലാം മോശമാണെന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് അതിലെന്തെങ്കിലും അപാകതകളുണ്ടാകാം. ഇങ്ങനെ ചിന്തിക്കുമ്പോള്‍, മുസ്‌ലിംകള്‍ ദീന്‍ ഉപേക്ഷിക്കുമെന്നായിരുന്നു വേദക്കാരുടെ കണക്കു കൂട്ടല്‍. ഈ പശ്ചാത്തലത്തിലാണ് ഈ സൂക്തം അവതരിച്ചത് (അസ്ബാബുന്നുസൂല്‍ 62).
അടുത്ത ആയത്ത് 73, 74
യഹൂദികള്‍ പ്രയോഗിച്ച മറ്റൊരു കുതന്ത്രത്തെക്കുറിച്ചാണിനി പറയുന്നത്.
നേതാക്കള്‍ അനുയായികളെ ഇങ്ങനെ ഉപദേശിക്കും: യഹൂദികള്‍ക്ക് അല്ലാഹു നല്‍കിയതുപോലുള്ള ഉന്നതസ്ഥാനം ആ മതം സ്വീകരിച്ചവര്‍ക്കല്ലാതെ മറ്റാര്‍ക്കും നല്‍കില്ല, അല്ലാഹുവിന്‍റെയടുത്തുവെച്ച് ഇവരോട് തര്‍ക്കിച്ച് ജയിക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിയുകയുമില്ല.
ഇങ്ങനെ ചെയ്യുന്നവരോട് കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാനാണ് അല്ലാഹു കല്‍പിക്കുന്നത്. 2 കാര്യങ്ങളാണ് പറയേണ്ടത്:
1) ജൂതനേതാക്കളുടേതല്ല, അല്ലാഹുവിന്‍റേതാണ് യഥാര്‍ഥ മാര്‍ഗദര്‍ശനം.
2) قُلْ إِنَّ الْفَضْلَ بِيَدِ اللَّهِ يُؤْتِيهِ مَنْ يَشَاءُ
അനുഗ്രഹമെല്ലാം അല്ലാഹുവിന്‍റെ കൈയിലാണ്. താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കും.
ഇസ്രാഈല്യരില്‍ നിന്ന് പ്രവാചകത്വം എടുത്ത് ഇസ്മാഈല്യരായ അറബികളില്‍ പെട്ട നബി (صلى الله عليه وسلم) ക്ക് അത് നല്‍കിയത് അവന്‍റെ ഔദാര്യമാണെന്നും യഹൂദികളെ ഉണര്‍ത്താന്‍ തിരുനബി (صلى الله عليه وسلم) യോട് അല്ലാഹു നിര്‍ദ്ദേശിക്കുന്നുണ്ട്.
ഇവിടെ അവരുടെ ഈ ഗൂഢതന്ത്രം തുറന്നുകാട്ടുക മാത്രമല്ല, അതുകൊണ്ടൊന്നും ഒരു പ്രയോജനവും കിട്ടാന്‍ പോകുന്നില്ലെന്നും, അസൂയ മാത്രമാണതെന്നും അവരെ തെര്യപ്പെടുത്താനും തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് കല്‍പിക്കുന്നുണ്ട്.
وَلَا تُؤْمِنُوا إِلَّا لِمَنْ تَبِعَ دِينَكُمْ قُلْ إِنَّ الْهُدَىٰ هُدَى اللَّهِ أَنْ يُؤْتَىٰ أَحَدٌ مِثْلَ مَا أُوتِيتُمْ أَوْ يُحَاجُّوكُمْ عِنْدَ رَبِّكُمْ ۗ قُلْ إِنَّ الْفَضْلَ بِيَدِ اللَّهِ يُؤْتِيهِ مَنْ يَشَاءُ ۗ وَاللَّهُ وَاسِعٌ عَلِيمٌ (73)
വേദക്കാര്‍ പറയുന്നു: നിങ്ങളുടെ മതം അനുധാവനം ചെയ്യുന്നവരെ മാത്രമേ വിശ്വസിക്കാവൂ. നബിയേ, പ്രഖ്യാപിക്കുക: ശരിയായ മാര്‍ഗദര്‍ശനം അല്ലാഹുവിന്‍റേതത്രേ. നിങ്ങള്‍ക്ക് നല്‍കപ്പെട്ടതുപോലുള്ള വേദം മറ്റാര്‍ക്കെങ്കിലും കൊടുക്കപ്പെടുമെന്നോ, രക്ഷിതാവിങ്കല്‍ മുസ്‌ലിംകളാരെങ്കിലും നിങ്ങളുമായി വാദപ്രതിവാദം നടത്തി ജയിക്കുമെന്നോ അംഗീകരിച്ചു കൊടുക്കരുത്. നബിയേ, പ്രഖ്യാപിക്കുക: അനുഗ്രഹം അവങ്കല്‍ മാത്രമാണ്. താനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. വിശാലമായി കൊടുക്കുന്നവനും അറിവുറ്റവനുമത്രേ അവന്‍.
يَخْتَصُّ بِرَحْمَتِهِ مَنْ يَشَاءُ ۗ وَاللَّهُ ذُو الْفَضْلِ الْعَظِيمِ (74)
താനുദ്ദേശിക്കുന്നവരെ തന്‍റെ അനുഗ്രഹം കൊണ്ടവന്‍ സവിശേഷരാക്കുന്നു. മഹത്തായ ഉദാരനത്രേ അല്ലാഹു.
സന്‍മാര്‍ഗം കാണിച്ചുകൊടുക്കുന്നതും അത് പ്രാപിക്കുവാനുള്ള ഭാഗ്യം നല്‍കുന്നതും അല്ലാഹുവാണ്. ഇന്ന വിഭാഗക്കാര്‍ക്കോ സമുദായത്തിനോ മാത്രമേ അനുഗ്രഹം നല്‍കുകയുള്ളൂവെന്ന് ഒരു നിയമവും അവന്‍ വെച്ചിട്ടില്ല.
നിങ്ങളെപ്പോലെ കുടില മനസ്‌കനൊന്നുമല്ല അല്ലാഹു. അവന്‍ വളരെ വിശാലനും എല്ലാം അറിയുന്നവനുമാണ്. അവനുദ്ദേശിക്കുന്നവരെ അവന്‍ അനുഗ്രഹിക്കും. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പ്രത്യേകം കാരുണ്യം ചൊരിയുകയും ചെയ്യും. ആര്‍ക്കൊക്കെയാണ് അനുഗ്രഹവും കാരുണ്യവും നല്‍കേണ്ടതെന്നും അവന്നറിയാം.
നിങ്ങള്‍ക്ക് ലഭിച്ചതുപോലെ മറ്റൊരു കൂട്ടര്‍ക്ക് (മുസ്‌ലിംകള്‍ക്ക്) വേദഗ്രന്ഥവും പ്രവാചകനും വന്നതിലുള്ള അസൂയയാണ് ഇതിനൊരു കാരണം.
മറ്റൊരു കാരണം, സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ മുമ്പില്‍ ചെല്ലുമ്പോള്‍, അറിഞ്ഞുകൊണ്ടുതന്നെ സത്യത്തെ നിഷേധിച്ചവരാണ് നിങ്ങളെന്ന് വാദിച്ച് നിങ്ങളെ തോല്‍പിക്കാന്‍ അവര്‍ക്ക് കഴിയരുത്, അതുകൊണ്ടുതന്നെ അവര്‍ സന്‍മാര്‍ഗം സ്വീകരിച്ചവരാകരുത് എന്ന നിങ്ങളുടെ താല്പര്യമാണ്. അതൊന്നും നടക്കാന്‍ പോകുന്നില്ല. വ്യാമോഹമാണത്.
ഇതാണ് ഇത്തരം നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുന്നത്. ഇതിലൊന്നും നിങ്ങള്‍ വിജയിക്കുകയില്ല - ഇതൊക്കെയാണ് അല്ലാഹു പറയുന്നതിന്‍റെ താല്‍പര്യം.
قُلْ إِنَّ الْهُدَىٰ هُدَى اللَّهِ (അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമാണ് മാര്‍ഗദര്‍ശനമെന്ന് പറയുക) എന്ന വാക്യം ഇടക്കുവെച്ച് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് കല്‍പിച്ചതാണ്. വ്യാഖ്യാതാക്കളില്‍ പലരും അഭിപ്രായപ്പെട്ടതിങ്ങനെയാണ്.
അപ്പോള്‍, ആ വാക്യങ്ങളുടെ താല്‍പര്യം ഇങ്ങനെ മനസ്സിലാക്കാം: ഇവര്‍ -സത്യവിശ്വാസികള്‍- അവരുടെ മതത്തില്‍ ഉറച്ചുനില്‍ക്കുന്നപക്ഷം, നമുക്ക് ലഭിച്ചതു പോലെ വേദഗ്രന്ഥം മുതലായ അനുഗ്രഹങ്ങള്‍ നമുക്കുപുറമെ ഇവരെപ്പോലെയുള്ളവര്‍ക്കും ലഭിച്ചതായി വരും. അവര്‍ അല്ലാഹുവിന്‍റെ അടുക്കല്‍ വെച്ച് നമുക്കെതിരില്‍ ന്യായം സമര്‍പ്പിക്കാനും ഇടവരും. അതുകൊണ്ട് അതിന് നാം അവര്‍ക്ക് അവസരം കൊടുക്കാതിരിക്കേണ്ടതുണ്ട്.
വേറെയും ചില അഭിപ്രായങ്ങള്‍ ഇവിടെയുണ്ട്.
അടുത്ത ആയത്ത് 75
മതപരമായ കാര്യങ്ങളില്‍ കാണിക്കുന്നതുപോലെ സാമ്പത്തിക ഇടപാടുകളിലും വഞ്ചന കാണിക്കുന്നവര്‍ വേദക്കാരിലുണ്ടെന്നാണ് ഇനി പറയുന്നത്.
അവരെല്ലാവരും ഒരുപോലെയല്ല . എത്ര വലിയ സംഖ്യയും വിശ്വസിച്ചേല്‍പിച്ചാല്‍ തക്കസമയം മടക്കിത്തരുന്ന നല്ലവരുണ്ട്. നേരെ മറിച്ച് വിശ്വസിച്ചേല്‍പിച്ച ഒരു പൊന്‍പണം പോലും തിരിച്ചുതരാത്തവരുമുണ്ട്; പിന്നാലെ കൂടിയാലേ അത് കിട്ടൂ.
തിരിച്ചുകൊടുക്കാതിരിക്കാന്‍ അവര്‍ പറയുന്ന ന്യായം വിചിത്രമാണ്: ഞങ്ങള്‍ അല്ലാഹുവിന്‍റെ പുത്രന്മാരാണ്, മിത്രങ്ങളാണ്, തങ്ങളല്ലാത്തവരുടെ ജീവനും സ്വത്തിനും യാതൊരു വിലയുമില്ല! തങ്ങളല്ലാത്ത ആരുടെയും ധനം മടക്കിക്കൊടുക്കേണ്ടതില്ല. അവരോടുള്ള ബാധ്യത നിറവേറ്റേണ്ടതുമില്ല! മറ്റുള്ളവരുടേത് ഉപയോഗിക്കുന്നത് കുറ്റകരമല്ല. സ്വന്തം സമുദായത്തോടുള്ള കടമകള്‍ മാത്രമേ പാലിക്കേണ്ടതുള്ളൂ!
അബ്ദുല്ലാഹിബ്‌നു സലാം (رضي الله عنه-പിന്നീട് മുസ്‍ലിമായിട്ടുണ്ട്) ഒരു ജൂതപ്രമുഖനും പണ്ഡിതനുമായിരുന്നല്ലോ. അദ്ദേഹത്തിന്‍റെ കൈയില്‍ ഒരു ഖുറൈശി ആയിരം ഊഖിയ (ഒരു പുരാതന തൂക്കം) സ്വര്‍ണം അമാനത്തായി സൂക്ഷിക്കാന്‍ കൊടുത്തു. കൃത്യസമയത്തുതന്നെ അദ്ദേഹമത് തിരിച്ചേല്‍പിക്കുകയും ചെയ്തു.
എന്നാല്‍ ഫന്‍ഹാസ് എന്ന ഒരു ജൂതന്‍റെയടുത്ത് വെറും ഒരു ദീനാര്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ച മറ്റൊരാള്‍ക്ക് അത് തിരിച്ചുലഭിച്ചില്ല. അയാള്‍ അങ്ങനെയൊരു ഇടപാടുതന്നെ നിഷേധിക്കുകയായിരുന്നു.
وَمِنْ أَهْلِ الْكِتَابِ مَنْ إِنْ تَأْمَنْهُ بِقِنْطَارٍ يُؤَدِّهِ إِلَيْكَ وَمِنْهُمْ مَنْ إِنْ تَأْمَنْهُ بِدِينَارٍ لَا يُؤَدِّهِ إِلَيْكَ إِلَّا مَا دُمْتَ عَلَيْهِ قَائِمًا ۗ ذَٰلِكَ بِأَنَّهُمْ قَالُوا لَيْسَ عَلَيْنَا فِي الْأُمِّيِّينَ سَبِيلٌ وَيَقُولُونَ عَلَى اللَّهِ الْكَذِبَ وَهُمْ يَعْلَمُونَ (75)
ഒരു കൂമ്പാരം സ്വര്‍ണമോ വെള്ളിയോ വിശ്വസിച്ചേല്‍പിച്ചാലും അതു തിരിച്ചു തരുന്നവര്‍ വേദക്കാരിലുണ്ട്; എന്നാല്‍ ഒരു ദീനാര്‍ ഏല്‍പിച്ചാല്‍ പോലും ശല്യം ചെയ്തു കൊണ്ടിരുന്നെങ്കിലേ മടക്കിത്തരൂ എന്ന നിലപാടുകാരെയും അവരില്‍ കാണാം. അതിനു കാരണമിതാണ്: നിരക്ഷരരായ അറബികളെ കബളിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്കു കുറ്റമുണ്ടാകാന്‍ ന്യായമില്ലെന്നവര്‍ തട്ടിവിട്ടു. അറിഞ്ഞു കൊണ്ടു തന്നെ അല്ലാഹുവിന്‍റെ പേരില്‍ അവര്‍ വ്യാജം ചമക്കുകയുമുണ്ടായി.
قِنْطَارٍ ന്‍റെ അര്‍ത്ഥം ഇതേ സൂറയിലെ 14 ആം ആയത്തില്‍ പഠിച്ചിരുന്നുവല്ലോ അല്ലേ.
زُيِّنَ لِلنَّاسِ حُبُّ الشَّهَوَاتِ مِنَ النِّسَاءِ وَالْبَنِينَ وَالْقَنَاطِيرِ الْمُقَنْطَرَةِ مِنَ الذَّهَبِ وَالْفِضَّةِ (14)
കൂമ്പാരം, ഒരുപാട് ധനം എന്നാണുദ്ദേശ്യം.
അക്ഷരജ്ഞാനമില്ലാത്ത, എഴുത്തും വായനയും അറിയാത്ത ആളുകള്‍ എന്നാണ് أمِّيِّين എന്ന വാക്കിന്‍റെ അര്‍ത്ഥം. വേദഗ്രന്ഥവുമായി പരിചയമില്ലാത്ത അറബികള്‍ എന്നാണുദ്ദേശ്യം.
ഒരു 'ദീനാര്‍' (സ്വര്‍ണനാണയത്തിന്‍റെ പേരാണത്) പോലും അവരെ വിശ്വസിച്ചേല്‍പിച്ചാല്‍, അത് മടക്കിക്കൊടുക്കാതിരിക്കാനുള്ള എല്ലാ അടവുകളും പ്രയോഗിക്കും. എപ്പോഴും ചോദിച്ചും മറ്റും ബുദ്ധിമുട്ടിച്ചാലല്ലാതെ അത് മടക്കിക്കൊടുക്കുകയില്ല.
അതിന് പറയുന്ന ന്യായം: വേദക്കാരല്ലാത്തവരോടുള്ള ബാധ്യതകള്‍ നിറവേറ്റണമെന്ന് നിര്‍ബന്ധമൊന്നുമില്ല, അവരുടെ ധനം ഉപയോഗിക്കുന്നത് കുറ്റകരമല്ല, സ്വന്തം സമുദായത്തില്‍ പെട്ടവരോടുള്ള കടമകള്‍ മാത്രമേ പാലിക്കേണ്ടതുള്ളൂ.
അല്ലാഹുവിന്‍റെ പേരില്‍ അവര്‍ കെട്ടിച്ചമക്കുന്ന നുണയാണിത്. അതവര്‍ക്കുതന്നെ അറിയുകയും ചെയ്യും.
وَيَقُولُونَ عَلَى اللَّهِ الْكَذِبَ وَهُمْ يَعْلَمُونَ
കരാരുകളും വിശ്വസ്തതയും ആരോടായാലും പാലിക്കണം. കരാറുകള്‍ പാലിക്കുന്ന, അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ സൂക്ഷിച്ചുപോരുന്നവരെയാണ് അല്ലാഹു സ്‌നേഹിക്കുക. അല്ലാത്തവരെ അവനിഷ്ടമില്ല.
യഹൂദികള്‍ പരമ്പരാഗതമായി വിശ്വസിച്ചുപോന്നിരുന്നത് ഇങ്ങനെയാണ്: സ്വന്തം സമുദായക്കാരല്ലാത്തവരോട് ഇടപാടുകളില്‍ വിട്ടുവീഴ്ച കാണിക്കരുത്. അവരോട് പലിശ വാങ്ങുന്നതിനും വിരോധമില്ല. സ്വന്തം സമുദായക്കാരോട് മാത്രമേ ഇതൊന്നും ചെയ്യാന്‍ പാടില്ലാത്തതുള്ളൂ. (ആവര്‍ത്തന പുസ്തകം 15:3, 23:20)
നീതിയും വിശ്വസ്തതയും പാലിക്കുന്നതില്‍ മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ വിവേചനമില്ല. അത് എല്ലാവരോടും ഒരേപോലെയാകണം. ഇന്നിപ്പോ നമ്മുടെ കൂട്ടത്തില്‍ പെട്ട ചിലര്‍ക്കും ഇത്തരം ചില തോന്നലുകള്‍ ഉണ്ടാകാറുണ്ട്. അത് ശരിയല്ല.
ഇബ്‌നു അബീഹാതിം (رضي الله عنه) ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെയാണ്: നിരക്ഷരരായ അറബികളെ കബളിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്കു കുറ്റമുണ്ടാകാന്‍ ന്യായമില്ല(لَيْسَ عَلَيْنَا فِي الْأُمِّيِّينَ سَبِيلٌ)’ എന്ന് വേദക്കാര്‍ പറഞ്ഞപ്പോള്‍, തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അല്ലാഹുവിന്‍റെ ശത്രുക്കള്‍ കളവ് പറയുകയാണ്. 'ജാഹിലിയ്യാ കാലത്തുള്ള സര്‍വതും എന്‍റെ കാല്‍ക്കീഴില്‍ താഴ്ത്തിയിരിക്കുന്നു-അമാനത്തുകളൊഴികെ. അത് നല്ലവനും തെമ്മാടിക്കുമൊക്കെ തിരിച്ചുനല്‍കേണ്ടതാണ്' (ഖുര്‍ഥുബി 4:119).
കടം വാങ്ങി മുങ്ങി നടക്കലാണല്ലോ ഇപ്പോഴത്തെ പതിവുരീതി. അത്തരം ആളുകളൊക്കെ ശരിക്ക് ശ്രദ്ധിക്കണം. ഒരിക്കലും ഒഴിവാകാത്ത ബാധ്യതയാണ് കടം! ശഹീദിനു പോലും!
ഇന്നിപ്പോള്‍ പൊതുവെ, കടം വാങ്ങിയാല്‍ പിന്നെ ഒരു അഡ്രസും ഉണ്ടാകാറില്ല. ഫോണ്‍ നമ്പര്‍ മാറ്റും. അല്ലെങ്കില്‍ വിളിച്ചാലെടുക്കില്ല. തിരിച്ചുചോദിച്ചാല്‍ അതും കുറ്റം. പിന്നെയത്, പിണക്കമായി മാറും.
കടംകൊടുത്തു സഹായിക്കുന്നത് വലിയ പുണ്യമുള്ള കാര്യം തന്നെയാണ്. പക്ഷേ, കൊടുത്താല്‍ തിരിച്ചുകിട്ടില്ല എന്നിടം വരെ ഇന്ന് കാര്യങ്ങളെത്തിയിട്ടുണ്ട്. ഉണ്ടായിട്ടും തിരിച്ചുകൊടുക്കാത്തവരുണ്ടെന്നത് എത്രമാത്രം ഖേദകരമാണ്!
അടുത്ത ആയത്ത് 76
ജൂതന്മാര്‍ അവകാശവാദമുന്നയിക്കുന്നതുപോലെ അല്ലാഹു അവരെ സ്‌നേഹിക്കുന്നില്ല. ഭക്തന്മാരെയും സച്ചരിതരെയുമാണവന്‍ സ്‌നേഹിക്കുക. തന്‍റെ കരാര്‍ പൂര്‍ത്തിയാക്കുകയും ഇടപാടിലും മറ്റും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നവരാരോ അത്തരക്കാരെയും അല്ലാഹു സ്‌നേഹിക്കും. ഇവരങ്ങനെയല്ലല്ലോ.
بَلَىٰ مَنْ أَوْفَىٰ بِعَهْدِهِ وَاتَّقَىٰ فَإِنَّ اللَّهَ يُحِبُّ الْمُتَّقِينَ (76)
അങ്ങനെയല്ല, ആര് തന്‍റെ കരാര്‍ പാലിക്കുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്തുവോ, സൂക്ഷ്മാലുക്കളെ അല്ലാഹു സ്‌നേഹിക്കുക തന്നെ ചെയ്യുന്നു.
കടം വാങ്ങിയാല്‍ തിരിച്ചുകൊടുക്കാതെയും മറ്റും അന്യരുടെ ധനം അന്യായമായി കൈക്കലാക്കുന്ന ജൂതരെ എങ്ങനെയാണ് അല്ലാഹു സ്‌നേഹിക്കുക?
എല്ലാവരോടും, അതേത് മതക്കാരനോ പാര്‍ട്ടിക്കാരനോ സംഘടനക്കാരനോ ആകട്ടെ, അവരോടൊക്കെ മര്യാദയോടെ പെരുമാറണം. ആരുടെയും ധനം അന്യായമായി കൈക്കലാക്കരുത്. ഇതൊക്കെയാണിവിടെ നിന്ന് നമ്മള്‍ പഠിക്കേണ്ടത്.
ഒരു കാര്യം കൂടി ഇവിടെ ശ്രദ്ധിക്കണം: യഹൂദികളുടെ കൂട്ടത്തിലെ മര്യാദക്കാരെ ഖുര്‍ആന്‍ അഭിനന്ദിക്കുകയാണ്. കപടവേഷം ധരിച്ച് മുസ്‌ലിംകളുടെ ഇടയില്‍ കടന്നുകൂടി വഴിപിഴപ്പിക്കാന്‍ ശ്രമം നടത്തുന്ന യഹൂദികളെ ആക്ഷേപിക്കുമ്പോഴും, അവരുടെ കൊള്ളരുതായ്മകള്‍ ഒന്നൊന്നായി വിവരിക്കുമ്പോഴും, കൂട്ടത്തിലെ മര്യാദക്കാരെ അല്ലാഹു പുകഴ്ത്തുകയാണ്. മനുഷ്യരുടെ വര്‍ഗത്തെയല്ല, അവരുടെ നടപടികളാണ് ഖുര്‍ആന്‍ പരിഗണിക്കുന്നത് എന്ന് സൂചന.
മറ്റുള്ളവരുടെ പണം കൈക്കലാക്കാന്‍ അവര്‍ കെട്ടിച്ചമച്ചിരുന്ന ന്യായവാദങ്ങളെല്ലാം പൊള്ളയാണെന്ന് സാമാന്യബുദ്ധികൊണ്ട് ചിന്തിച്ചാല്‍ തന്നെ മനസ്സിലാകും.
മറ്റൊരാളുടെ സമ്പത്ത് അവിഹിതമായി കൈപ്പറ്റാന്‍ അല്ലാഹു ഒരിക്കലും അനുവദിക്കുകയില്ലല്ലോ. ജൂതന്മാര്‍ പറഞ്ഞിരുന്നതോ, നിരക്ഷരരായ അറബികളുടെ സ്വത്ത് ഞങ്ങള്‍ക്ക് അനുവദനീയമാണെന്നായിരുന്നു.
ചിലപ്പോള്‍ ഇങ്ങനെയാണ് പറയുക. മറ്റു ചിലപ്പോഴോ, എല്ലാ മനുഷ്യരും ഞങ്ങളുടെ അടിമകളാണ്; സ്വന്തം അടിമകളുടെ സ്വത്ത് തിന്നുന്നതില്‍ എന്താണ് തെറ്റ്! ജൂതമതം അംഗീകരിക്കാത്തവരുടെ സ്വത്ത് അനുഭവിക്കാമെന്നാണവരുടെ വാദം.
അമാനത്ത് ഏത് സാഹചര്യത്തിലും മടക്കിക്കൊടുക്കേണ്ടതുതന്നെയണ്. അല്ലാഹുവിന്‍റെ ശരീഅത്തില്‍ മറിച്ചൊരു നിയമം ഇല്ലേയില്ല.
അടുത്ത ആയത്ത് 77
കരാര്‍ലംഘനവും കള്ളസത്യവുമൊക്കെ ഇവരുടെ ഏര്‍പ്പാടായിരുന്നുവെന്നാണ് ഇനി പറയുന്നത്.
മഹാനായ സ്വഹാബി അശ്അസുബ്‌നു ഖൈസ് رضي الله عنه പറയുന്നു: ഞാനും ഒരു ജൂതനുമായി ഭൂമി ഇടപാടുണ്ടായിരുന്നു. (എനിക്ക് അയാളില്‍ നിന്ന് ഭൂമി കിട്ടാനുണ്ടായിരുന്നു). ജൂതന്‍ അത് നിഷേധിച്ചു. അയാളെയും കൂട്ടി ഞാന്‍ തിരുനബി (صلى الله عليه وسلم) യുടെ സന്നിധിയിലെത്തി പ്രശ്‌നങ്ങള്‍ ബോധിപ്പിച്ചു.
തിരുനബി (صلى الله عليه وسلم) ചോദിച്ചു: നിന്‍റെ വാദത്തിന് തെളിവുണ്ടോ? ഞാന്‍ പറഞ്ഞു: ഇല്ല. അപ്പോള്‍ ഭൂമി തന്‍റേതുതന്നെയാണന്ന് സത്യം ചെയ്യാന്‍ നബി (صلى الله عليه وسلم) ജൂതനോടാവശ്യപ്പെട്ടു. ഉടന്‍ ഞാന്‍ പറഞ്ഞു: നബിയേ, അയാള്‍ കള്ളസത്യം ചെയ്യുകയും എന്‍റെ ഭൂമി തട്ടിയെടുക്കുകയും ചെയ്യുമല്ലോ. അവിടെ തെളിവൊന്നും ഇല്ലാത്തതുകൊണ്ട് വേറെയൊന്നും ചെയ്യാനും ഒക്കില്ലല്ലോ.
തത്സമയമാണ് ഈ സൂക്തം അവതീര്‍ണമായത്.
إِنَّ الَّذِينَ يَشْتَرُونَ بِعَهْدِ اللَّهِ وَأَيْمَانِهِمْ ثَمَنًا قَلِيلًا أُولَٰئِكَ لَا خَلَاقَ لَهُمْ فِي الْآخِرَةِ وَلَا يُكَلِّمُهُمُ اللَّهُ وَلَا يَنْظُرُ إِلَيْهِمْ يَوْمَ الْقِيَامَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ (77)
അല്ലാഹുവിന്‍റെ കരാറുകളും സ്വന്തം ശപഥങ്ങളും തുച്ഛവിലക്കു വില്‍ക്കുന്നവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമില്ല. അന്ത്യനാളില്‍ അവന്‍ അവരോടു സംസാരിക്കുകയോ അവര്‍ക്കവന്‍റെ കരുണാകടാക്ഷമുണ്ടാവുകയോ അവരെയവന്‍ സംസ്‌കരിച്ചെടുക്കുകയോ ചെയ്യില്ല. വേദനയുറ്റ ശിക്ഷയാണവര്‍ക്കുണ്ടാവുക.
إِنَّ الَّذِينَ يَشْتَرُونَ بِعَهْدِ اللَّهِ
അന്ത്യപ്രവാചകരായ തിരുനബി (صلى الله عليه وسلم) യുടെ ആഗമനത്തെക്കുറിച്ചും, തിരുനബി (صلى الله عليه وسلم) നിയുക്തരായാല്‍ സ്പഷ്ടമായി മനസ്സിലാക്കാന്‍ പറ്റുന്ന നിരവധി വിശേഷണങ്ങളും മുന്‍വേദങ്ങളില്‍ പറഞ്ഞിട്ടുണ്ടല്ലോ. ജനങ്ങള്‍ക്ക് അക്കാര്യങ്ങള്‍ വിവരിച്ചുകൊടുക്കാമെന്നും തിരുനബി (صلى الله عليه وسلم) യെ അനുകരിച്ചുകൊള്ളാമെന്നും വേദക്കാര്‍ അല്ലാഹുവിനോട് കരാര്‍ ചെയ്തിരുന്നു. അതവര്‍ ലംഘിച്ചു.
وَأَيْمَانِهِمْ
മാത്രമല്ല, നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടിപോലും യാതൊരു തത്ത്വദീക്ഷയും മനഃസാക്ഷിക്കുത്തുമില്ലാതെ കള്ളസത്യം ചെയ്യുകയും ചെയ്തിരുന്നു അവര്‍. ഭൗതിക നേട്ടത്തിനായിരുന്നു അങ്ങനെ ചെയ്തിരുന്നത്.
ഇതുമൂലം ശാശ്വതമായ പരലോകസുഖമാണ് അവര്‍ക്ക് നഷ്ടപ്പെട്ടതെന്നും അവര്‍ക്കവിടെ കഠിനമായ ശിക്ഷയാണ് ഉള്ളതെന്നും അല്ലാഹു ഉണര്‍ത്തുകയാണ്. അല്ലാഹുവിന്‍റെ ശാപവും വെറുപ്പുമാണ് അവര്‍ക്കുണ്ടാവുക.
കരാര്‍ ലംഘനവും കള്ളസത്യവും ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. കള്ളസത്യം ചെയ്യുക എന്നത് ജൂതന്മാരെ സംബന്ധിച്ച് ഒരു പ്രശ്‌നമേ അല്ലായിരുന്നു.
ഇതുമായി ബന്ധപ്പെട്ട നിരവധി ഹദീസുകള്‍ കാണാം:
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘മൂന്ന് കൂട്ടരുണ്ട്: അവരോട് ഖിയാമത്തുനാളില്‍ അല്ലാഹു സംസാരിക്കുകയില്ല, അവരുടെ നേരെ നോക്കുകയുമില്ല, അവരെ സംസ്‌ക്കരിക്കുകയുമില്ല.’ ഞാന്‍ പറഞ്ഞു; ‘അവര്‍ നഷ്ടപ്പെടുകയും അപമാനപ്പെടുകയും ചെയ്തുവല്ലോ! ആരാണവര്‍, റസൂലേ?’ തിരുമേനി صلى الله عليه وسلم ആ വാക്ക് മൂന്നുവട്ടം ആവര്‍ത്തിച്ചിട്ട് പറഞ്ഞു: ‘വസ്ത്രം നിലത്തിഴച്ച് നടക്കുന്നവനും, കള്ളസത്യം വഴി ചരക്ക് ചെലവഴിക്കുന്നവനും, ചെയ്ത ഉപകാരം എടുത്തുപറയുന്നവനും.’ (അഹ്‍മദ്, മുസ്‍ലിം).
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഒരാളുടെ സ്വത്ത് പിടിച്ചെടുക്കാന്‍ വേണ്ടി ആരെങ്കിലും കളളസത്യം ചെയ്താല്‍ അല്ലാഹു അവന്‍റെ മേല്‍ കോപിക്കും. ’ (അഹ്‍മദ്, ബുഖാരി, മുസ്‍ലിം).
നമ്മളൊക്കെ നല്ലവണ്ണം ശ്രദ്ധിക്കുക, പ്രത്യേകിച്ച് കച്ചവടക്കാര്‍. മറ്റുള്ളവരെ പറ്റിച്ചും വെട്ടിച്ചും ചതിച്ചും ഒന്നും നേടണ്ട... താല്‍ക്കാലിക ലാഭമുണ്ടാകുമെങ്കിലും റബ്ബിന്‍റെ മുന്നിലെത്തുമ്പോള്‍ കനത്ത വില നല്‍കേണ്ടിവരും.
നമ്മുടെ ഖൌമില്‍ പലരും ഇത്തരം ഏര്‍പ്പാടുകളില്‍ വ്യാപൃതരാണിന്ന്. സാര്‍വത്രികമാണത്. അതൊക്ക എല്ലാരും ചെയ്യുന്നതല്ലേ എന്ന മുടന്തന്‍ ന്യായവും പറയും.
അത്തരക്കാരുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണം... കരാറുകള്‍ കൃത്യമായി പാലിക്കണം. വിശ്വാസവഞ്ചന ചെയ്യരുത്. ആരെയും പറ്റിക്കേണ്ട. ഹലാല്‍ മാത്രം സമ്പാദിക്കുക. റബ്ബ് സഹായിക്കട്ടെ-ആമീന്‍
-------------
Leave A Comment