അധ്യായം 5. സൂറത്തുല്‍ മാഇദ - (Ayath 46-50) ജാഹിലിയ്യത്തിന്റെ വിധിയോ ?
തൗറാത്ത് അവതരിപ്പിച്ചതിനെക്കുറിച്ചും പല പ്രവാചകന്മാരും അതിലെ അധ്യാപനങ്ങള്‍ പ്രബോധനം ചെയ്തതിനെക്കുറിച്ചും പല കാര്യങ്ങളും കഴിഞ്ഞ പേജില്‍ പറഞ്ഞുവല്ലോ. ഇനി, ഈസാ നബി (عليه السلام)യെ നിയോഗിച്ചതിനെക്കുറിച്ചും മഹാനവര്‍കള്‍ക്ക് ഇന്‍ജീല്‍ നല്‍കിയതിനെക്കുറിച്ചും പറയുകയാണ്.
ഇസ്രാഈല്യരില്‍ വന്ന നബിമാരുടെ പിന്തുടര്ച്ചയായാണ് ഈസാനബി(عليه السلام)യും നിയോഗിതനാകുന്നത്. തൗറാത്തില്‍ പറഞ്ഞതനുസരിച്ച് ജീവിക്കാന്‍ യഹൂദികളോട് കല്പിക്കപ്പെട്ടിരുന്നതുപോലെ ഇന്‍ജീല്‍ അനുസരിച്ച് ജീവിക്കാന്‍ ഈസാനബി عليه السلام യുടെ അനുയായികളും കല്പിക്കപ്പെട്ടിരുന്നു.
وَقَفَّيْنَا عَلَىٰ آثَارِهِمْ بِعِيسَى ابْنِ مَرْيَمَ مُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ ۖ وَآتَيْنَاهُ الْإِنْجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ وَهُدًى وَمَوْعِظَةً لِلْمُتَّقِينَ(46)
ഈസ ബ്നു മര്‍യമിനെ പ്രവാചകന്മാരുടെ പിന്‍ഗാമിയായി തന്റെ മുമ്പേയുള്ള തൗറാത്തി നെ ശരിവെച്ചുകൊണ്ട് നാം നിയോഗിച്ചു. അദ്ദേഹത്തിനു നാം ഇന്‍ജീല്‍ നല്കി; അതില്‍ സന്മാര്ഗവും പ്രകാശവുമുണ്ട്. അതാകട്ടെ, മുമ്പിലുള്ള തൗറാത്തിനെ അംഗീകരിക്കുകയും സൂക്ഷ്മതയുള്ളവര്‍ക്ക് സന്മാര്ഗവും സദുപദേശവും നല്‍കുകയും ചെയ്യുന്നു.
مُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ
ഇന്‍ജീല്‍ തൗറാത്തിനെ ശരിവെക്കുന്നു എന്ന് പറഞ്ഞതിന്, തൗറാത്തിലെ ഒരു നിയമവും ഇന്‍ജീല്‍ ദുര്‍ബലപ്പെടുത്തിയിട്ടില്ല എന്നര്‍ത്ഥമില്ല. തൗറാത്തിലെ ചില വിധികള്‍ ഇന്ജീലില് നസ്ഖ് ചെയ്തിട്ടുണ്ട്. ഇത്തരം ചില കാര്യങ്ങളൊഴിച്ചു ബാക്കി വിഷയങ്ങളിലെല്ലാം തൗറാത്തിന്റെ നിയമങ്ങള്തന്നെയായിരുന്നു ഈസാ നബി (عليه السلام)യും അനുധാവനം ചെയ്തിരുന്നത്. ഈസാ നബി (عليه السلام)യോ ഇന്ജീലോ തൗറാത്തിനെ തള്ളിയിട്ടില്ലെന്ന് ചുരുക്കം.
ബൈബ്ളിന്റെ പുതിയ നിയമത്തില്‍തന്നെ ഈസാ (عليه السلام) ഇങ്ങനെ പറയുന്നത് കാണാം: ‘ഞാന്‍ ന്യായപ്രമാണത്തെ (തൗറാത്തിനെ)യോ, പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്ന് നിരൂപിക്കരുത്. നീക്കുവാനല്ല, നിവൃത്തിപ്പാനത്രെ ഞാന്‍ വന്നത്... സകലതും നിവൃത്തിയാവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും ഒരു നാളും ഒഴിഞ്ഞുപോകയില്ല’ (മത്തായി, 5ല്‍ 17-19).
അങ്ങനെയല്ലേ ആവാന്‍ തരമുള്ളൂ. കാരണം, എല്ലാ പ്രവാചകരും പ്രബോധനം ചെയ്തിരുന്ന മതം ഒന്നാണ്. അതുകൊണ്ടുതന്നെ ഓരോ പ്രവാചകനും വരുമ്പോള്‍, മുമ്പുള്ള പ്രവാചകന്മാര് സ്വീകരിച്ചുവന്ന അതേവഴി താനും തുടരും. അനുഷ്ഠാന മുറകളുടെ വിശദാംശങ്ങളില്‍ കാലത്തിനനുസരിച്ച വല്ല മാറ്റവും ചിലപ്പോള്‍ വരുത്തിയെന്നുവരാം.
പിന്നെ മറ്റൊരു കാര്യം, തൗറാത്ത് പോലെ പൂര്‍ണമായും ഒരു നിയമ പ്രമാണമായിരുന്നില്ല ഇന്‍ജീല്‍. പ്രധാനമായും സദുപദേശങ്ങളും സുവിശേഷങ്ങളുമായിരുന്നു അതില്‍. ‘ഇന്‍ജീല്‍’ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ സുവിശേഷം എന്നാണ്.
അതുകൊണ്ടുതന്നെ, ആദ്യകാലങ്ങളില്‍ ഈസാ നബി (عليه السلام)യില്‍ വിശ്വസിച്ചവരും തൗറാത്തിന്റെ നിയമങ്ങള്‍ തന്നെയാണ് അംഗീകരിച്ചുപോന്നിരുന്നത്. പിന്നീട് പല കാരണങ്ങളാലും യഹൂദികളും നസ്വാറാക്കളും പരസ്പരം ശത്രുത വെച്ചുപുലര്‍ത്താന്‍ തുടങ്ങി. അപ്പോഴാണ് നസ്വാറാക്കള്‍ പഴയ നിയമം (തൗറാത്ത്) ഒഴിവാക്കാന്‍ തുടങ്ങിയതും തല്‍സ്ഥാനത്ത് പുതിയ നിയമനടപടികള്‍ സ്വീകരിച്ചതും.
അടുത്ത ആയത്ത് 47
തൗറാത്തിലെ പല വിധികളും യഹൂദികള്‍ മാറ്റിമറിച്ചതുപോലെ ഇന്‍ജീലിലെ വിധികള്‍ നസ്വാറാക്കളും മാറ്റിമറിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്തു. തിരുനബി (صلى الله عليه وسلم) യുടെ ആഗമനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ പലതും മാറ്റിമറിച്ചിരുന്നവയില് പെടുന്നു. ഇങ്ങനെ മാറ്റത്തിരുത്തലുകളൊന്നും വരുത്താതെ, സ്വന്തം വേദങ്ങള്‍ ശരിയായ രൂപത്തില്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അവര്‍ സത്യത്തിന്റെ വഴിയില്‍തന്നെ എത്തിച്ചേരുകയും തിരുനബി (صلى الله عليه وسلم) യെ വിശ്വസിക്കുകയും ഇസ്ലാം അംഗീകരിക്കുകയും ചെയ്യുമായിരുന്നു എന്നാണിനി പറയുന്നത്. അങ്ങനെ ചെയ്യാത്തതുകാരണം, അവര്‍ വഴിതെറ്റിപ്പോയി.
وَلْيَحْكُمْ أَهْلُ الْإِنْجِيلِ بِمَا أَنْزَلَ اللَّهُ فِيهِ ۚ وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَٰئِكَ هُمُ الْفَاسِقُونَ (47)
ഇന്ജീലുകാര്, അതില്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധി കല്പിക്കട്ടെ. അല്ലാഹു ഇറക്കിയ നിയമങ്ങള്‍ വിധിക്കാത്തവര്‍ തന്നെയാണ് അധര്‍മകാരികള്‍.
وَلْيَحْكُمْ أَهْلُ الْإِنجِيلِ (ഇന്ജീലുകാര്, അതില്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധി കല്പിക്കട്ടെ) എന്ന് പറഞ്ഞതില്‍ നിന്ന് ഇന്ജീലില് സുവിശേഷങ്ങള്‍ക്കും സദുപദേശങ്ങള്‍ക്കും പുറമെ ചില നിയമങ്ങളും ഉണ്ടെന്ന് മനസ്സിലാക്കാം, നേരത്തെ നമ്മള് പറഞ്ഞതുപോലെ.
ഈ പറഞ്ഞതുകൊണ്ട്, ഇന്‍ജീലിന്റെ അനുയായികള്‍ തൗറാത്തോ, ഖുര്‍ആനോ അംഗീകരിക്കേണ്ടതില്ലെന്നോ, ഇന്‍ജീലിനെ മാത്രം അവലംബിച്ചാല്‍ മതിയെന്നോ അര്‍ത്ഥമില്ല. കാരണം, തൗറാത്തിനെ ശരിവെച്ചുകൊണ്ടാണ് ഈസാ നബി (عليه السلام) വന്നതും ഇന്‍ജീല്‍ അവതരിച്ചതും. അപ്പോള്‍പിന്നെ അവര്‍ തൗറാത്ത് പിന്‍പറ്റിയേ തീരൂ.
അതുപോലെ, തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വരവിനെക്കുറിച്ചുള്ള സുവിശേഷങ്ങളും, അവിടത്തെ വിശ്വസിക്കണമെന്ന മുന്നറിയിപ്പുകളും രണ്ടിലും (തൗറാത്തിലും ഇന്‍ജീലിലും) ഉണ്ട്താനും. അപ്പോള്‍, ഇന്‍ജീലിലുള്ള ആ കല്പനകള് യഥാവിധി സ്വീകരിക്കുന്ന പക്ഷം അവര്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യിലും ഖുര്‍ആനിലും വിശ്വസിക്കുകയും ചെയ്യേണ്ടിവരും.
ഞങ്ങള്‍ക്ക് ഒരു കിതാബുണ്ട്, അതാണ് ഞങ്ങള്‍ പിന്‍പറ്റുന്നത് എന്ന് അവകാശപ്പെടുന്ന യഹൂദികള്‍ ആ കിതാബിന്റെ അധ്യാപനങ്ങളില്‍നിന്ന് വ്യതിചലിച്ചതുപോലെ, അതേ അവകാശവാദം നടത്തുന്ന ഇന്‍ജീലൂകാര്‍ അവരുടെ വേദഗ്രന്ഥത്തില്‍നിന്നും വ്യതിചലിക്കുകയാണ് ചെയ്തിരിക്കുന്നത്.
അതുകൊണ്ടാണ് ‘ഇന്ജീലുകാര്, അതില്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധി കല്പിക്കട്ടെ’ എന്നു പറഞ്ഞത്. അങ്ങനെ വിധിക്കാത്ത പക്ഷം- അല്ലാഹു അതില്‍ അവതരിപ്പിച്ച വിധികള്‍ സ്വീകരിക്കാത്തപക്ഷം - അത് അധര്‍മവും ധിക്കാരവുമാണെന്ന് അല്ലാഹു അവരെ താക്കീത് ചെയ്യുകയും ചെയ്തിരിക്കുന്നു.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക: ക്രിസ്ത്യാനികളില്‍ ചിലര്‍ ഈ സൂക്തവും മുന്‍വേദ ഗ്രന്ഥങ്ങളെ സംബന്ധിച്ച ഇതുപോലെയുള്ള വേറെ ചില ആയത്തുകളും ഉദ്ധരിച്ചുകൊണ്ട് ബൈബിള്‍ പുതിയ നിയമം സത്യസന്ധവും സ്വീകര്യവുമാണെന്ന് വാദിക്കാറുണ്ട്. എന്നാല്‍, അവര്‍ക്കുള്ള മറുപടി ഇതില്‍ തന്നെ ഒളിഞ്ഞിരിക്കുന്നതായി കാണാം: അല്ലാഹു അതില്‍ അവതരിപ്പിച്ചത് (ക്രിസ്തീയര്‍ മാറ്റിമറിച്ചതല്ല) എന്തോ, തദനുസാരം വിധികല്പിക്കണമെന്നാണ് പ്രയുക്ത പദം.
وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَٰئِكَ هُمُ الْفَاسِقُونَ
فاسق എന്ന വാക്കിന് ‘അനുസരണയില്ലാത്തവന്‍, തോന്നിവാസി, ധിക്കാരി, തെമ്മാടി എന്നൊക്കെ അര്‍ത്ഥം പറയാം. ‘കുഫ്റ്’ അല്ലാത്ത വന്‍കുറ്റം ചെയ്തവരെയും, പതിവായി ചെറിയ കുറ്റങ്ങള്‍ ചെയ്തുവരുന്നവരെയും ഉദ്ദേശിച്ചു മാത്രമാണ് സാധാരണ ഈ വാക്ക് ഉപയോഗിക്കാറുള്ളത്. എങ്കിലും കുഫ്റ് അടക്കമുള്ള വന്‍കുറ്റങ്ങള്‍ ചെയ്യുന്ന എല്ലാവര്ക്കും ഖുര്‍ആനില്‍ ഈ വാക്ക് ഉപയോഗിച്ചുകാണാറുണ്ട്.
وَلْيَحْكُمْ أَهْلُ الْإِنْجِيلِ بِمَا أَنْزَلَ اللَّهُ فِيهِ
വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരുന്ന കാലമാണല്ലോ അത്. പിന്നെ എങ്ങനെയാണവര്‍ ഇന്‍ജീല്‍ അംഗീകരിക്കണം എന്ന് പറുയന്നത്, ഖുര്‍ആനല്ലേ അംഗീകരിക്കേണ്ടത്? - അതെങ്ങനെ ശരിയാകും? ഈ ഒരു സംശയം ഇവിടെ വരാവുന്നതാണ്.
മൂന്ന് രീതിയില്‍ അതിന് മറുപടി പറയാം: തിരുനബി (صلى الله عليه وسلم) യെ സംബന്ധിച്ച മുന്നറിയിപ്പ്, അവിടത്തെ ലക്ഷണ-വിശേഷണങ്ങള്‍ തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഇന്ജീലില് വന്ന കാര്യങ്ങള്‍ അവര്‍ അംഗീകരിക്കണം എന്നാണുദ്ദേശ്യം. ഇതാണ് ഒരു മറുപടി. രണ്ട്, ഖുര്‍ആന്‍ ദുര്ബലപ്പെടുത്തിയിട്ടില്ലാത്ത വിഷയങ്ങള്‍ അംഗീകരിക്കുക എന്നാണ് താല്പര്യം. മൂന്ന്, അല്ലാഹു അവതരിപ്പിച്ചതനുസരിച്ചേ അത് വായിക്കാവൂ. ദുര്‍വ്യാഖ്യാനങ്ങളും ഭേദഗതികളും വരുത്തരുതെന്നര്‍ത്ഥം (അത്തഫ്സീറുല്‍ കബീര്‍ വാല്യം: 12 പേജ്:10).
തൊട്ടുമുമ്പു കഴിഞ്ഞ മൂന്ന് സൂക്തങ്ങളിലെ (44, 45, 47) അവസാന വാക്യങ്ങള്‍ സഗൗരവം മനസ്സിരുത്തി ചിന്തിക്കേണ്ടതാണ്: അല്ലാഹു അവതരിപ്പിച്ച നിയമങ്ങള്‍ എന്താണോ, അതനുസരിച്ച് വിധികല്‍പിക്കാത്തവര്‍ നിഷേധികളാണ് (الكَافِرُون), അതിക്രമകാരികളാണ് (الظَّالِمُون), അധര്‍മകാരികളാണ് (الْفَاسِقُون) എന്നാണവ ഉദ്ഘോഷിക്കുന്നത്. അല്ലാഹുവിന്റെ ശരീഅത്ത് പ്രയോഗവല്ക്കരിക്കാത്തവരുടെ അവസ്ഥ അതീവ ദൗര്‍ഭാഗ്യകരമാണെന്ന് അര്‍ത്ഥ ശങ്കക്കിടമില്ലാതെ അത് വ്യക്തമാക്കുന്നു. അടുത്ത സൂക്തത്തിലും അക്കാര്യം പറയുന്നുണ്ട്.
അടുത്ത ആയത്ത് 48
തൗറാത്തിനെയും ഇന്ജീലിനെയും കുറിച്ച് പറഞ്ഞ ശേഷം വിശുദ്ധ ഖുര്‍ആനെപ്പറ്റി പരാമര്‍ശിക്കുകയാണ്. ആ രണ്ടു വേദഗ്രന്ഥങ്ങളുമെന്നപോലെ, വിശുദ്ധ ഖുര്‍ആനും അല്ലാഹു തന്നെയാണ് സത്യസമേതം അവതരിപ്പിച്ചിരിക്കുന്നത്. മുമ്പുള്ള വേദഗ്രന്ഥങ്ങളെ അത് നിഷേധിക്കുന്നില്ല. മറിച്ച് അവയെ ശരിവെക്കുകയും അതെല്ലാം സത്യമാണെന്ന് സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്.
അതിനെല്ലാം പുറമെ, ആ വേദഗ്രന്ഥങ്ങള്ക്കൊരു സംരക്ഷണം കൂടിയാണ് വിശുദ്ധ ഖുര്‍ആന്‍. കാരണം, അവയുടെ അനുയായികള്‍ കടത്തിക്കൂട്ടിയ കാര്യങ്ങളും അവര്‍ പൂഴ്ത്തിവെച്ച ഭാഗങ്ങളും തുറന്നുകാട്ടുക കൂടി ചെയ്യുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍.
ഇത്തരമൊരു ഗ്രന്ഥം തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് അവതരിപ്പിക്കപ്പെട്ട സ്ഥിതിക്ക് എല്ലാ കാര്യത്തിലും വിധി കല്പിക്കുന്നത് അതനുസരിച്ചു മാത്രമായിരിക്കണം. അതൊഴിവാക്കി വേദക്കാരുടെയോ മറ്റോ തന്നിഷ്ടങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കരുത് എന്നാണ് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് അല്ലാഹു കല്പിക്കുന്നത്.
ഈ കല്പന തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചാണുള്ളതെങ്കിലും എല്ലാവര്ക്കും ബാധകരമാണെന്ന കാര്യത്തില്‍ സംശയമില്ല. മുസ്ലിം സമുദായത്തിന് പൊതുവെയും, പണ്ഡിതര്‍ക്കും വിധികര്‍ത്താക്കള്‍ക്കും വിശേഷിച്ചും ബാധകമാണിത്. സത്യസന്ധമായ മതവിധികള്‍ നല്കാന് തയ്യാറാകാത്തവരും, മതപ്രമാണങ്ങള്‍ തന്നിഷ്ടത്തിനനുസരിച്ചോ മറ്റോ വ്യാഖ്യാനിക്കുന്ന ഉത്തരവാദപ്പെട്ടവരും ഇത് പ്രത്യേകം ശ്രദ്ധിക്കണം. അത്തരക്കാര്‍ എമ്പാടുമുള്ള കാലം കൂടിയാണല്ലോ ഇത്.
وَأَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ ۖ فَاحْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ ۖ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ ۚ لِكُلٍّ جَعَلْنَا مِنْكُمْ شِرْعَةً وَمِنْهَاجًا ۚ وَلَوْ شَاءَ اللَّهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلَٰكِنْ لِيَبْلُوَكُمْ فِي مَا آتَاكُمْ ۖ فَاسْتَبِقُوا الْخَيْرَاتِ ۚ إِلَى اللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُمْ بِمَا كُنْتُمْ فِيهِ تَخْتَلِفُونَ (48)
താങ്കള്‍ക്കു നാം സത്യസമേതം ഗ്രന്ഥമവതരിപ്പിച്ചു തന്നിരിക്കുന്നു. മുമ്പുള്ള വേദങ്ങളെ അംഗീകരിക്കുന്നതും സംരക്ഷിക്കുന്നതുമാണത്. അതിനാല്‍ നാമവതരിപ്പിച്ച പ്രകാരം അവര്‍ക്കിടയില്‍ താങ്കള്‍ വിധിക്കുക. ലഭിച്ചു കഴിഞ്ഞിട്ടുള്ള ഈ സത്യം കൈവിട്ട് അവരുടെ തന്നിഷ്ടങ്ങള്‍ താങ്കള്‍ അനുധാവനം ചെയ്യരുത്. നിങ്ങളില്‍ ഓരോ സമുദായത്തിനും ഓരോ നിയമസംഹിതയും കര്മപാതയും നാം നിശ്ചയിച്ചുതന്നിട്ടുണ്ട്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ ഏക സമുദായമാക്കുമായിരുന്നു; എന്നാല്‍ നിങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞതില്‍ നിങ്ങളെ പരീക്ഷണ വിധേയരാക്കാനാണ് അവനുദ്ദേശിക്കുന്നത്. അതിനാല്‍ സല്‍കര്‍മങ്ങളിലേക്ക് നിങ്ങള്‍ അഹമഹമികയാ മുന്നേറുക. നിങ്ങളെല്ലാവരുടെയും മടക്കം അല്ലാഹുവിങ്കലേക്കാണ്. പരസ്പരം ഭിന്നിച്ചിരുന്ന കാര്യങ്ങളെപ്പറ്റി അവിടെ വെച്ചു നിങ്ങള്‍ക്കവന്‍ അറിയിച്ചു തരുന്നതാണ്.
مُهَيْمِنഎന്ന വാക്കിന് സാക്ഷ്യം വഹിക്കുന്നത്, സംരക്ഷിക്കുന്നത്, വിശ്വസ്ഥത പാലിക്കുന്നത് എന്നെല്ലാം അര്‍ത്ഥമുണ്ട്. ഇതെല്ലാം വിശുദ്ധ ഖുര്‍ആനിന്റെ വിശേഷണങ്ങളായി പറയുകയും ചെയ്യാമല്ലോ.
مُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ الْكِتَابِ
വിശുദ്ധ ഖുര്‍ആന്‍ മുമ്പുള്ള വേദഗ്രന്ഥങ്ങളെയെല്ലാം ശരിവെക്കുന്നു; എല്ലാ നബിമാരും പ്രബോധനം ചെയ്തത് ഒരേ മതവുമാണ്. എന്നാല്പിന്നെ എല്ലാ സമുദായങ്ങളും ഒരേ തരത്തിലല്ലേ ആകേണ്ടത്; നിയമപരമായ കാര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലുമൊക്കെ എല്ലാവരും ഒരുപോലെ? പക്ഷേ, നിലവില്‍ അങ്ങനെയല്ലല്ലോ ഉള്ളത്? ഈ ചോദ്യത്തിന് മറുപടിയായാണ് 2 കാര്യങ്ങള്‍ അല്ലാഹു പറയുന്നത്:
(1) لِكُلٍّ جَعَلْنَا مِنْكُمْ شِرْعَةً وَمِنْهَاجًا (നിങ്ങളില്‍ ഓരോ സമുദായത്തിനും ഓരോ നിയമസംഹിതയും കര്മപാതയും നാം നിശ്ചയിച്ചുതന്നിട്ടുണ്ട്).
അതായത്, അല്ലാഹുവിന്റെ മതം ഒന്നുമാത്രമാണ്. ഏകദൈവ വിശ്വാസം, പ്രവാചകത്വം, പാരത്രിക ജീവിതം, സ്വര്‍ഗ-നരകം തുടങ്ങിയ അതിന്റെ അടിസ്ഥാന പ്രമാണങ്ങളെല്ലാം ഒന്നുതന്നെ. മുഴുവന്‍ പ്രവാചകന്മാരും പഠിപ്പിച്ചതും അതുതന്നെ. അതാണല്ലോ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞത്: ‘പ്രവാചക സമൂഹങ്ങളാകുന്ന ഞങ്ങള്‍ പല മാതൃവഴിക്കുള്ള സഹോദരങ്ങളാകുന്നു. ഞങ്ങളുടെ മതം ഒന്നത്രെ’.
അതേസമയം, പ്രായോഗികമായ കര്‍മരീതികളും (منھاج) നിയമസംഹിതകളും (شرعة) വ്യത്യസ്തമാകാം. ഓരോ സമുദായത്തിനും, അവരവരുടെ ബുദ്ധിപരവും മാനസിക-സാമൂഹികവുമായ വളര്‍ച്ചക്കും, കാല-ദേശ-സാഹചര്യങ്ങള്ക്കുമനുസരിച്ചും ഓരോ നിയമക്രമം തന്നെന്നിരിക്കാം. അത് അല്ലാഹുവിന്റെ ഒരു പരീക്ഷണം കൂടിയാണ്. അങ്ങനെ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചുതീര്ന്നതോടെ, ഇനി മുതല്‍ ലോകാവസാനം വരെയുള്ള എല്ലാവരും അതനുസരിച്ച് നടക്കണമെന്ന വിധിയും അല്ലാഹു നല്‍കിയിരിക്കുകയാണ്.
അടിയുറച്ച സത്യവിശ്വാസവുമായി സല്‍കര്‍മങ്ങളിലേക്ക് സാവേശം മുന്നേറുകയാണ് മനുഷ്യന് ചെയ്യേണ്ടത്. അങ്ങനെ ചെയ്താല്‍, ഗുണഫലങ്ങള്‍ പരലോകത്ത് സ്പഷ്ടമായി ബോധ്യപ്പെടുകതന്നെ ചെയ്യും.
2) وَلَوْ شَاءَ اللَّهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلَٰكِنْ لِيَبْلُوَكُمْ فِي مَا آتَاكُمْ ۖ എല്ലാം ഒരുപോലെയുള്ള, ഒരേ നിയമവും ആചാരാനുഷ്ഠാനങ്ങളുമുള്ള ഒരൊറ്റ സമുദായം ആക്കാന്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍, നിങ്ങളെയവന്‍ അങ്ങനെത്തന്നെ ആക്കുമായിരുന്നു. പക്ഷേ, അവനത് ചെയ്യാതിരുന്നത്, നിങ്ങളെ പരീക്ഷിക്കാന്വേണ്ടിയാണ്; ഓരോ സമുദായത്തിനും നിശ്ചയിച്ചുതന്ന നിയമസംഹിതകള്‍ സംബന്ധിച്ച് എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് പരീക്ഷിക്കാന്‍. നിശ്ചയിക്കപ്പെട്ട പരിധിക്കുള്ളിലൊതുങ്ങിനിന്ന് ആരാണ് ലക്ഷ്യത്തിലേക്ക് കൂടുതല്‍ മുന്നേറുന്നതെന്നും, ആരാണ് കൂടുതല്‍ വിജയം നേടുന്നതെന്നും ടെസ്റ്റ് ചെയ്യാന്‍.
മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ പക്ഷികളെപ്പോലെ, മൃഗങ്ങളെപ്പോലെ മനുഷ്യവര്‍ഗവും ഒരു മാറ്റവുമില്ലാതെ, പുരോഗമനമില്ലാതെ എന്നും ഒരേ രൂപത്തില്‍ തന്നെ നിലനിന്നുപോരുമായിരുന്നു. പക്ഷേ, അത്തരം ജീവികളെപ്പോലെയാക്കാതെ, ഓരോ കാലത്തും മനുഷ്യപുരോഗതിക്ക് ആവശ്യമായ നിയമസംഹിത നല്കിക്കൊണ്ടിരുന്നു അല്ലാഹു. അതനുസരിച്ച് ജീവിക്കുന്നവരെയും അല്ലാത്തവരെയും പരീക്ഷിക്കാനും, ഓരോ വിഭാഗത്തിനും അര്‍ഹിക്കുന്ന പ്രതിഫലം നല്‍കാനുമാണ് അല്ലാഹു ഇങ്ങനെ ചെയ്തുകൊണ്ടിരുന്നത്.
എന്തുകൊണ്ട് എല്ലാവരും ഒരേ സമുദായമായില്ല, എന്തുകൊണ്ട് ഒരേ കര്‍മപദ്ധതിയും നിയമസംഹിതയും നല്‍കപ്പെട്ടവരായില്ല എന്നെല്ലാം ചോദിച്ച് വെറുതെ തര്‍ക്കിക്കുകയല്ല നിങ്ങള്‍ വേണ്ടത്. സല്‍ക്കര്‍മങ്ങള്‍ കൂടുതല്‍ ചെയ്ത് മാത്സര്യബുദ്ധിയോടുകൂടി മുന്നേറുകയാണ് വേണ്ടത്. അതാണ് فَاسْتَبِقُوا الْخَيْرَاتِ എന്നു പറഞ്ഞതിന്റെ താല്പര്യം.
إِلَى اللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُمْ بِمَا كُنْتُمْ فِيهِ تَخْتَلِفُونَ
ഓരോ ടീമും എങ്ങനെയൊക്കെ ജീവിച്ചാലും, അവസാനം എല്ലാവരും തിരിച്ചുവരുന്നത് അല്ലാഹുവിങ്കലേക്കാണല്ലോ. അപ്പോള്‍, ഓരോ സമൂഹവും സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്ന് അവരെ ശരിക്കും ബോധ്യപ്പെടുത്തി നടപടി എടുക്കുന്നതാണ്. ഇതൊരു താക്കീതുകൂടിയാണ്.
അടുത്ത ആയത്ത് 49
അല്ലാഹു അവതരിപ്പിച്ച പ്രകാരംതന്നെ വിധി പറയണം, വേദക്കാരുടെയോ മറ്റോ തന്നിഷ്ടങ്ങള്‍ക്ക് വഴങ്ങിപ്പോകരുത് എന്ന് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് വീണ്ടും ഉണര്‍ത്തുകയാണ് അല്ലാഹു. ഏതെങ്കിലും തരത്തില്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ വശീകരിച്ചോ വഞ്ചിച്ചോ സത്യത്തിന്റെ വഴിയില്‍ നിന്ന് വ്യതിചലിപ്പിക്കാമെന്ന പൂതി വെച്ചുനടക്കുകയും അതിന് തക്കം പാര്‍ത്തിരിക്കുകയും ചെയ്യുന്ന ശത്രുക്കള്‍, ആ മോഹം ഉപേക്ഷിക്കണമെന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇക്കാര്യം വീണ്ടും ഉണര്‍ത്തുന്നത്.
ഈ ആയത്തിറങ്ങാനൊരു കാരണവുമുണ്ട്. ഇമാം ഇബ്നു അബ്ബാസ് (رحمهما الله) പറയുന്നു: കഅ്ബുബ്നു ഉസൈദ്, അബ്ദുല്ലാഹിബ്നു സ്വൂറിയാ, ശാസുബ്നു ഖൈസ് എന്നിവരടങ്ങുന്ന ജൂതരുടെ ഒരു നേതൃസംഘം ഒരിക്കല്‍ സമ്മേളിച്ചരിക്കവേ ഇങ്ങനെ അഭിപ്രായപ്പെട്ടു: `നമുക്കൊന്ന് മുഹമ്മദിന്റെയടുത്ത് പോയി മതത്തില്‍ നിന്ന് വ്യതിചലിപ്പിച്ചുകളയാന് നോക്കാം.' അങ്ങനെയവര്‍ തിരുനബി (صلى الله عليه وسلم) യുടെ അടുത്തെത്തി പറഞ്ഞു: “മുഹമ്മദേ, ഞങ്ങള്‍ ജൂതനേതാക്കളും പണ്ഡിതരുമാണ് എന്ന് നിനക്കറിയാമല്ലോ. ഞങ്ങള്‍ നിന്റെ മതം പിന്‍പറ്റുകയാണെങ്കില്‍ മുഴുവന്‍ യഹൂദികളും ഞങ്ങളെ പിന്തുടരും. ഒരാളും മാറി നില്‍ക്കില്ല.”
“ഇപ്പോള്‍ ഒരു തര്‍ക്കമുണ്ടായി, ഞങ്ങളും ഞങ്ങളുടെ തന്നെ ഖൌമില്‍ പെട്ട മറ്റൊരു ടീമും. അതില്‍ നിന്നെ ഞങ്ങള്‍ വിധികര്‍ത്താവാക്കാം. ഞങ്ങള്‍ക്കനുകൂലമായി ഒരു തീര്‍പ്പ് നീ കല്പ്പിച്ചുതരികയാണെങ്കില് നിന്നെ ഞങ്ങള്‍ അംഗീകരിക്കുകയും സത്യവിശ്വാസം കൈകൊള്ളുകയും ചെയ്യാം.”
പക്ഷേ, ഈ ആവശ്യം തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിരസിക്കുകയാണ് ചെയ്തത്. അപ്പോഴാണ് ഈ വചനങ്ങള്‍ (49, 50) അവതരിച്ചത് (അസ്ബാബുന്നുസൂല്‍, ഖുര്‍ഥുബി 6:213).
കഠിനഹൃദയരും ദുഷ്ടരുമായ ജൂതര്‍ ഒരു നിലക്കും വിശ്വസിക്കുകയില്ലെന്ന് നിരവധി അനുഭവങ്ങളിലൂടെ തിരുനബി (صلى الله عليه وسلم) ക്ക് ബോധ്യപ്പെട്ടതാണ്. അതുകൊണ്ടാണ് അവിടന്ന് അതില്‍ നിന്ന് പിന്മാറിയത്. എന്നാല്‍, അങ്ങനെ പിന്മാറേണ്ട ആവശ്യമില്ലെന്നാണ് അല്ലാഹു നിര്‍ദേശിക്കുന്നത്. അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കുകയാണ് അങ്ങ് ചെയ്യേണ്ടത്. അതേസമയം, അങ്ങയെ വെട്ടിലാക്കാന്‍ ജൂതന്മാര് കുടിലതന്ത്രങ്ങള്‍ പ്രയോഗിച്ചേക്കാം, അത് കരുതിയിരിക്കണം. ഇനി അവര്‍ പിന്തിരിഞ്ഞുപോയാല് തന്നെയും താങ്കള്‍ നിരാശപ്പെടേണ്ട കാര്യമില്ല. അല്ലാഹു ഇഹലോകത്തും പരലോകത്തുമൊക്കെ വെച്ച് അവര്‍ക്ക് കഠിന ശിക്ഷ നല്‍കും.
وَأَنِ احْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَنْ يَفْتِنُوكَ عَنْ بَعْضِ مَا أَنْزَلَ اللَّهُ إِلَيْكَ ۖ فَإِنْ تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّهُ أَنْ يُصِيبَهُمْ بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرًا مِنَ النَّاسِ لَفَاسِقُونَ (49)
അല്ലാഹു അവതരിപ്പിച്ച പ്രകാരം അവര്‍ക്കിടയില്‍ താങ്കള്‍ വിധിക്കുക; അവരുടെ സ്വേച്ഛകള്‍ പിന്‍പറ്റരുത്. അല്ലാഹു അവതരിപ്പിച്ചുതന്നവയില് നിന്നു താങ്കളെയവര്‍ വ്യതിചലിപ്പി ക്കുന്നത് സൂക്ഷിക്കുക. ഈ സത്യമവര് അവഗണിക്കുന്നുവെങ്കില്‍, ചില കുറ്റകൃത്യങ്ങള്‍ മൂലം അവരെ പിടികൂടാനാണ് അല്ലാഹു ഉദ്ദേശിക്കുന്നതെന്നു താങ്കള്‍ മനസ്സിലാക്കണം. മനുഷ്യരില്‍ മിക്കവരും അധര്‍മകാരികള്‍ തന്നെയാകുന്നു.
فَإِنْ تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّهُ أَنْ يُصِيبَهُمْ بِبَعْضِ ذُنُوبِهِمْ
അല്ലാഹുവിന്റെ വിധി സ്വീകരിക്കാന്‍ തയ്യാറില്ലാതെ അവര്‍ പിന്തിരിഞ്ഞു പോകുകയാണെങ്കില്‍ താങ്കളത് പ്രശ്നമാക്കേണ്ട, അവരുടെ ചില തെറ്റുകള്‍ കാരണം അല്ലാഹു അവരെ പിടികൂടും.
യഹൂദികള്‍ ചെയ്തുകൂട്ടിയ തെറ്റുകളും കുറ്റങ്ങളും കുറച്ചൊന്നുമല്ല. എല്ലാറ്റിനും കൂടിയുള്ള ശിക്ഷ ഇവിടെവെച്ചല്ല - പരലോകത്തു വെച്ചാണ് – നല്കപ്പെടുക. എന്നാലും ചിലതിന്റെ അനന്തരഫലം ഇവിടെവെച്ചുതന്നെ അവരനുഭവിക്കേണ്ടി വരുമെന്നാണിതിന്റെ താല്പര്യം. അതവര് അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
മദീനയിലെ യഹൂദികള്‍ പ്രധാനമായും രണ്ടു ഗോത്രങ്ങളായിരുന്നു; ഖുറൈളയും നളീറും (قريضة والنضير). ചില പ്രശ്നങ്ങളുണ്ടായതിന്റെ പേരില്‍ നളീര്‍ ഗോത്രം ഒന്നടങ്കം മദീനയില്‍ നിന്ന് നാടുകടത്തപ്പെട്ടു. ഖുറൈളയാകട്ടെ, അവര്‍ തന്നെ നിശ്ചയിച്ച മദ്ധ്യസ്ഥന്റെ തീരുമാനമനുസരിച്ച്, അവരിലെ പ്രമുഖരെല്ലാം കൊല്ലപ്പെടുകയും ചെയ്തു. ഇത്തരത്തിലുള്ള പല തിക്താനുഭവങ്ങളും അവര്‍ നേരിടേണ്ടിവന്നത്, അല്ലാഹുവിന്റെ വിധിയും കല്പനയും തള്ളിക്കളഞ്ഞതുകൊണ്ടു മാത്രമായിരുന്നു.
وَإِنَّ كَثِيرًا مِنَ النَّاسِ لَفَاسِقُونَ
തിരുനബി صلى الله عليه وسلمയെ സമാധാനിപ്പിക്കുകയാണ് അല്ലാഹു: ആളുകള്‍ പൊതുവെ അങ്ങനെയാണ് നബിയേ (صلى الله عليه وسلم), ഉപദേശങ്ങളും തെളിവുകളും എത്ര കണ്ടാലും കേട്ടാലും സത്യം സ്വീകരിക്കാന്‍ തയ്യാറാകില്ല. അക്കാര്യത്തിലങ്ങ് പ്രയാസപ്പെടേണ്ടതില്ല. അങ്ങയുടെ ഉത്തരവാദിത്തം അങ്ങ് നിറവേറ്റിയല്ലോ.
അടുത്ത ആയത്ത് 50
അല്ലാഹുവിന്റെ വിധി അംഗീകരിക്കാത്ത യഹൂദികളെക്കുറിച്ചുതന്നെയാണ് ചോദ്യരൂപത്തിലുള്ള രണ്ട് വാക്യങ്ങളടങ്ങിയ അടുത്ത ആയത്തും.
ജാഹിലിയ്യത്തിന്റെ വിധിയാണോ അവര്‍ ആഗ്രഹിക്കുന്നത്!’ എന്ന് ആക്ഷേപ രൂപത്തിലാണ് അല്ലാഹു അവരോട് ചോദിക്കുന്നത്. ശിര്‍ക്കും മറ്റു വേണ്ടാത്തരങ്ങളും കൊടികുത്തിവാണിരുന്ന കാലമായിരുന്നല്ലോ ജാഹിലിയ്യാ കാലം.
വേദക്കാരെ സംബന്ധിച്ചിടത്തോളം, തീരുമാനമെടുക്കാന്‍ അവര്‍ക്ക് വേദഗ്രന്ഥമുണ്ടായിരുന്നു. മുശ്രിക്കുകളുടെ കാര്യം പറയേണ്ടതില്ല; തോന്നിയപോലെയാണ്. ആചാരങ്ങളും അന്ധവിശ്വാസങ്ങളുമല്ലാതെ പ്രമാണങ്ങളൊന്നും അവരുടെയടുത്തില്ല. ഗോത്രമാഹാത്മ്യവും കൈയൂക്കും മാത്രാണ് എന്തിനും ഏതിനുമുള്ള യോഗ്യത. അതിപ്പോള്‍ ഏതെങ്കിലും കാര്യത്തില്‍ തീരുമാനം പറയാനാണെങ്കിലും അങ്ങനെത്തന്നെ.
അപ്പോള്‍, വേദക്കാര്‍ അവരുടെ വേദഗ്രന്ഥത്തിന്റെ വിധി സ്വീകരിക്കാന്‍ കൂട്ടാക്കുന്നില്ല എന്ന് പറഞ്ഞാല്‍ എന്താണതിനര്‍ത്ഥം? അവരും ജാഹിലിയ്യാ സമ്പ്രദായം സ്വീകരിക്കാന്‍ തയ്യാറായവരാണെന്നല്ലേ. അതുകൊണ്ടാണ് ‘ജാഹിലിയ്യ ത്തിന്റെ വിധിയാണോ അവര്‍ ആഗ്രഹിക്കുന്നത്!’ എന്ന് ആക്ഷേപസ്വരത്തില്‍ അല്ലാഹു ചോദിക്കുന്നത്.
അല്ലാഹുവിലും വേദഗ്രന്ഥത്തിലുമൊക്കെ വിശ്വസിക്കുന്നുവെന്ന് അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതെല്ലാം വെറും പേരിനു മാത്രമാണ്. ശരിക്കും അങ്ങനെ വിശ്വാസമുണ്ടായിരുന്നുവെങ്കില്‍, അവരുടെ വേദഗ്രന്ഥത്തിലുള്ള വിധികള്‍ കാറ്റില്‍ പറത്തി മറ്റൊന്ന് സ്വീകരിക്കില്ലായിരുന്നു. സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ച് വിധിക്കില്ലായിരുന്നു. ഇതാണ് രണ്ടാം ചോദ്യത്തിലടങ്ങിയിരിക്കുന്ന സൂചന: അതായത്, അല്ലാഹുവിനേക്കാള്‍ നന്നായി വിധി പറയുന്നവന് ആരുണ്ട് എന്ന ചോദ്യം.
أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِقَوْمٍ يُوقِنُونَ (50)
അജ്ഞത നിറഞ്ഞ ജാഹിലിയ്യ യുഗത്തിലെ വിധിയാണോ അവരാഗ്രഹിക്കുന്നത്? ദൃഢവിശ്വാസികളായ ഒരു ജനതക്ക് അല്ലാഹുവിനെക്കാള്‍ ഉത്തമനായ ഒരു വിധികര്‍ത്താവായി മറ്റാരുണ്ട്?
أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ
അല്ലാഹു നടപ്പാക്കിയ ശരീഅത്ത്, നിയമനിരോധനങ്ങള് - ഇതെല്ലാമാണ് സത്യസന്ധവും സ്വീകാര്യവും. അതല്ലാത്തതെല്ലാം ജാഹിലിയ്യത്ത് എന്നു പറഞ്ഞതില്‍ പെടും. അതായത്, ജാഹിലിയ്യാ കാലത്തുള്ളവര്‍ നടപ്പാക്കിയിരുന്ന വിധികള്‍ക്ക് മാത്രമല്ല حكم الجاھلية (ജാഹിലിയ്യത്തിന്റെ വിധി) എന്ന് പറയുക.
ഇമാം സുദ്ദി(رحمه الله) പറയുന്നു: `വിധികള്‍ രണ്ടു തരമാണ്-അല്ലാഹുവിന്റെ വിധിയും ജാഹിലിയ്യത്തിന്റെ വിധിയും.' ഇങ്ങനെ പറഞ്ഞ ശേഷം അദ്ദേഹം ഈ 50-ആം സൂക്തം പാരായണം ചെയ്തു. (അദ്ദുര്റുല് മന്‍സൂര്‍ 6:98).
ഹസന് (رحمه الله) പറഞ്ഞതായി ഇബ്നു അബീഹാതീം (رحمه الله) ഉദ്ധരിക്കുന്നു: ‘അല്ലാഹുവിന്റെ വിധിയല്ലാത്ത മറ്റേതൊന്നുകൊണ്ടും ആരെങ്കിലും വിധികല്‍പിച്ചാല്‍, ജാഹിലിയ്യത്തിന്റെ വിധിയാണ് അയാള്‍ വിധിച്ചത്.
ഇന്ന് പലരും ജാഹിലിയ്യ സമ്പ്രദായം ആഗ്രഹിക്കുന്നവരാണെന്നത് ഖേദകരമാണ്. ദീനിന്റെ വിധിവിലക്കുകളോ മറ്റോ അനുസരിക്കാന്‍ തയ്യാറില്ലാതെ, മറ്റു പല ഇസങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പിറകെ പോയി തോന്നിയതുപോലെ ജീവിക്കുന്നവര്‍. മുസ്ലിം പേരുള്ളവരെയും അക്കൂട്ടത്തില്‍ കാണാം. അല്ലാഹു കാത്തുരക്ഷിക്കട്ടെ-ആമീന്‍.
وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِقَوْمٍ يُوقِنُونَ
മനുഷ്യനെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ് അവന്റെ ജീവിത മുറകളുടെ നിയമാവിഷ്കര്ത്താവ്. അതിനെക്കാള്‍ മെച്ചപ്പെട്ട ഒരു നിയമസംഹിത വേറെ ഇല്ല; ഉണ്ടാകാന്‍ സാധ്യതയുമില്ല. വിശ്വാസദാര്ഢ്യതയുള്ളവര്ക്ക് അക്കാര്യത്തിലൊരു സംശയവുമില്ല.
--------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment