അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 114-121) അത്ഭുതം കൂറുന്ന പിശാചും കെണികളും

മദീനയില്‍ ബനൂളഫര്‍ ഗോത്രത്തിലുണ്ടായൊരു  മോഷണക്കേസുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനകളെക്കുറിച്ച് കഴിഞ്ഞ പേജില്‍ പറഞ്ഞിരുന്നല്ലോ. അതുസംബന്ധമായ പൊതുവായ ചില കാര്യങ്ങളാണ് ഈ പേജിലെ ആദ്യആയത്തില്‍ പറയുന്നത്.

 

കപടവിശ്വാസികളുടെ മാത്രമല്ല, പലരുടെയും മിക്ക ഗൂഢാലോചനകളും നല്ലതിനുള്ളതല്ല; നാശത്തിനുള്ളതാണ്. മോശമായ കാര്യങ്ങളെക്കുറിച്ചാണല്ലോ സാധാരണ ഗൂഢാലോചന നടത്തുക. വിഷയം പുറത്തറിയാന്‍ കൊള്ളാത്തതുകൊണ്ടാണല്ലോ പാത്തുംപതുങ്ങിയുമൊക്കെ അങ്ങനെ ചെയ്യേണ്ടിവരുന്നത്. 

 

ഇങ്ങനെ രഹസ്യമായി വല്ല പദ്ധതിയുമിടുന്നത് നല്ലതുതന്നെയാണ് – എപ്പോഴാണെന്നറിയോ? വല്ല ദാനധര്‍മങ്ങള്‍ ചെയ്യാനോ ജനങ്ങള്‍ക്കിടയില്‍ വഴക്കുണ്ടായാല്‍ അവിടെ മസ്‍ലഹത്തുണ്ടാക്കാനോ മറ്റുവല്ല നല്ല കാര്യങ്ങള്‍ക്കോ ആണെങ്കില്‍. അതിനെല്ലാംവേണ്ടി രഹസ്യമായി വല്ല പരിപാടിയും തയ്യാറാക്കുന്നെങ്കില്‍ അത് നല്ലതുതന്നെ. പക്ഷേ, കപടവിശ്വാസികളുടെ ഉദ്ദേശ്യം അതല്ലല്ലോ. ഇവര്‍ ദോഷൈക ദൃക്കുകള്‍ മാത്രമാണ്. കുഴപ്പവും നാശവും വിതറുകമാത്രമാണ് അവരുടെ ലക്ഷ്യം. അല്‍ബഖറ 12 ലും ഇക്കാര്യം സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്.

 

لَا خَيْرَ فِي كَثِيرٍ مِنْ نَجْوَاهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَاحٍ بَيْنَ النَّاسِ ۚ وَمَنْ يَفْعَلْ ذَٰلِكَ ابْتِغَاءَ مَرْضَاتِ اللَّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا (114)

അവരുടെ മിക്ക രഹസ്യാലോചനകളിലും നന്മയേ ഇല്ല; ദാനം ചെയ്യാനോ സദാചാരമനുവര്‍ത്തിക്കാനോ ആളുകള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കാനോ നിര്‍ദേശിക്കുന്നവരുടേതിലൊഴികെ. ദൈവ പ്രീതി കാംക്ഷിച്ച് അങ്ങനെയൊരാള്‍ ചെയ്താല്‍ അവനു നാം അതിമഹത്തായ പ്രതിഫലം നല്‍കുന്നതാണ്.

 

‘ഗൂഢസംസാരം, രഹസ്യഭാഷണം’ എന്നൊക്കെയാണ് نَجْوَى എന്ന വാക്കിനര്‍ഥം.

 

അടുത്ത ആയത്ത് 115

 

നേരത്തെ പറഞ്ഞ മോഷണക്കേസില്‍ ഗൂഢാലോചന നടത്തി. തല്‍ക്കാലമത് ഫലിക്കുകയും ചെയ്തു. പക്ഷേ, അധികം താമസിയാതെത്തന്നെ എല്ലാ രഹസ്യങ്ങളും തുറന്നുകാട്ടി വഹ്‍യ് അവതരിച്ചു.

 

ഒരു മുസ്‌ലിം കുടുംബം എന്ന നിലക്ക് യഥാര്‍ത്ഥ മോഷ്ടാവിന്‍റെ കുടുംബത്തിന്, തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെപ്പറ്റി ഏറെക്കുറെ അറിയാവുന്നതാണ്. അതിനു പുറമെ, തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും അവിടുന്ന് പ്രബോധനം ചെയ്യുന്ന സന്മാര്‍ഗത്തിന്‍റെയും സത്യസന്ധതക്ക് ഇപ്പോഴിതാ സ്പഷ്ടമായൊരു തെളിവുകൂടി, ഈ സംഭവം വഴി അവര്‍ക്ക് ലഭിക്കുകയും ചെയ്തിരിക്കുന്നു.

 

തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കുപോലും അറിയാന്‍ കഴിയാതിരുന്ന ആ ഗൂഢരഹസ്യങ്ങള്‍ വെളിപ്പെടുത്തിയത് അല്ലാഹുവല്ലാതെ മറ്റാരുമല്ലെന്ന് അവര്‍ക്ക് നന്നായറിയാം. ആ സ്ഥിതിക്ക് താല്‍ക്കാലികമായ അപമാനം വകവെക്കാതെ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെയടുത്തുവന്ന് പശ്ചാത്തപിച്ചു മടങ്ങുകയായിരുന്നു ഥുഅ്മ ചെയ്യേണ്ടിയിരുന്നത്. അതവന്‍ ചെയ്തില്ലെന്ന് മാത്രമല്ല, കൂടുതല്‍ ധിക്കാരം കാണിക്കുകയാണ് ചെയ്തത്. മുര്‍തദ്ദായി നേരെ മക്കയില്‍ ചെന്നു മുശ്‌രിക്കുകളുടെ കൂട്ടത്തില്‍ ചേര്‍ന്നു. ഇത് സംബന്ധിച്ചാണിനി അല്ലാഹു പറയുന്നത്.

 

മക്കയില്‍ ചെന്ന ശേഷവും അവന്‍ മോഷ്ടിച്ചിരുന്നു. മോഷണത്തിനിടയില്‍ വളരെ ദാരുണമായാണവന്‍ മരണപ്പെട്ടത്. ചുമര്‍ ദേഹത്തിനുമീതെ വിഴുകയായിരുന്നുവത്രേ.

 

ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ആയത്തിന്‍റെ അവതരണമെങ്കിലും, വിഷയം പൊതുവെ എല്ലാവരെയും ബാധിക്കുന്നതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

 

തിരുനബി (صلى الله عليه وسلم) അല്ലാഹുവിന്‍റെ റസൂലാണെന്ന് ലക്ഷ്യസഹിതം ബോധ്യമായിട്ടും, തിരുനബി (صلى الله عليه وسلم) യുടെ തീരുമാനങ്ങള്‍ക്കെതിരെ തിരിയുകയും  സത്യവിശ്വാസികളുടെ വഴിയല്ലാത്ത മറ്റു മാര്‍ഗങ്ങള്‍ പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്കെല്ലാം ശക്തമായ താക്കീതാണിത്.

 

ഇങ്ങനെ സന്മാര്‍ഗം വ്യക്തമായി മനസിലായശേഷം മനപ്പൂര്‍വം തെറ്റായ വഴിയിലേക്ക് തിരിയുമ്പോള്‍, അല്ലാഹു അവനെ നിര്‍ബന്ധിച്ച് തടുത്തുനിര്‍ത്തുകയില്ല. അവന്‍ തിരിഞ്ഞ വഴിക്കുതന്നെ അല്ലാഹു തിരിച്ചുവിടും.  ഇത് വളരെ ഗൗരവതരമാണ്.

 

അല്ലാഹു നല്‍കിയ വിവേചനാധികാരം, ബുദ്ധി, അറിവ്, മനസ്സാക്ഷി എന്നിവയെല്ലാം ധിക്കാരപൂര്‍വ്വം ദുരുപയോഗപ്പെടുത്തുകയാണവന്‍ ചെയ്തത്. അപ്പോള്‍പിന്നെ, പോകുന്ന വഴിക്ക് അവനെയങ്ങ് വിടും. മാറിച്ചിന്തിച്ചില്ലെങ്കില്‍ അവസാനം നരകശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്യും.

 

ഈ കഠിന ശിക്ഷയെക്കുറിച്ച് ഇവിടെ താക്കീത് ചെയ്യുന്നത്, രണ്ട് തരം കുറ്റക്കാരെയാണെന്ന് പ്രത്യേകം മനസ്സിലാക്കുക:

 

1) തിരുനബി  صلى الله عليه وسلمയുമായി ഭിന്നിച്ചവര്‍. ഖുര്‍ആനിലെയും ഹദീസിലെയും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ക്കെതിരായ നിലപാടെടുക്കുന്നവരെല്ലാം ഇതിലുള്‍ടും.

 

2) വിശ്വാസ-കര്‍മങ്ങളില്‍ സത്യവിശ്വാസികള്‍ ഏകകണ്ഠമായി അംഗീകരിച്ച മാര്‍ഗമുപേക്ഷിച്ച്, മറ്റു മാര്‍ഗങ്ങള്‍ അംഗീകരിച്ചവര്‍. പരിശുദ്ധ ശരീഅത്തിന്‍റെ അടിസ്ഥാനലക്ഷ്യങ്ങളില്‍ ഒന്നാണ് ഇജ്മാഅ് എന്നും ആ ഇജ്മാഇനോട് ഭിന്നിക്കുക എന്നത് പാടില്ലെന്നും ഇമാം ശാഫിഈ(رحمه الله) ഈ ആയത്തില്‍ നിന്ന് ഗ്രഹിച്ചിട്ടുണ്ട്.

 

തിരുനബി (صلى الله عليه وسلم) യുടെ വഫാത്തിന് ശേഷം 'ഒരു കാലക്കാരായ 'മുജ്തഹിദു'കളായ പണ്ഡിതര്‍ ഒരു വിഷയത്തില്‍ ഏകാഭിപ്രായക്കാരാവുക' – ഇതാണ് ഇജ്‍മാഅ്. അവര്‍ ഒരു മേശക്കുചുറ്റുമിരുന്ന് പരസ്പരം കൂടിയാലോചിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ത്ത് യോജിപ്പിലെത്തിയതല്ല ഇത്. പ്രത്യുത, ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ അധിവസിക്കുന്ന ആ മഹാത്മാക്കള്‍ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം ചിന്തിച്ച് ഓരോരുത്തരും എത്തിച്ചേര്‍ന്ന അഭിപ്രായം ഒത്തുവന്നതാണ്.

 

ഇത് അല്ലാഹുവിന്‍റെ പ്രത്യേക അനുഗ്രഹം കൊണ്ടാണെന്ന കാര്യത്തില്‍ സംശയമില്ലല്ലോ. അതുകൊണ്ടാണ് ഇജ്മാഇല്‍ പിഴവ് പറ്റുകയില്ലെന്ന് തിരുനബി (صلى الله عليه وسلم) ഉറപ്പു നല്‍കിയത്:

 

عَنْ ابْنِ عُمَرَ رضي الله عنهما أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: إِنَّ اللَّهَ لَا يَجْمَعُ أُمَّتِي عَلَى ضَلَالَةٍ، وَيَدُ اللَّهِ مَعَ الْجَمَاعَة (الترمذي)

عن أنس بن مالك رضي الله عنه، قال رسول الله صلى الله عليه وسلم: إِنَّ اللَّهَ قَدْ أَجَارَ أُمَّتِي أَنْ تَجْتَمِعَ عَلَى ضَلالَةٍ (ابن ماجه)

(എന്‍റെ ഉമ്മത്ത് പിഴവിന്മേല്‍ യോജിക്കുകയില്ല എന്ന് ആശയം).

 

ഇതിന്‍റെയെല്ലാം വെളിച്ചത്തില്‍, ഇജ്മാഇല്‍ പിഴവ് സംഭവിക്കില്ലെന്നും അത് ശരീഅത്തിന്‍റെ ലക്ഷ്യമാണെന്നും ഇബ്‌നുകസീര്‍(رحمه الله)വും പറഞ്ഞിട്ടുണ്ട്.

 

وَمَنْ يُشَاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا (115)

 

സന്മാര്‍ഗം വ്യക്തമായിക്കഴിഞ്ഞിട്ടും ഒരാള്‍ റസൂലുമായി ഭിന്നിക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത വഴി അനുഗമിക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്‍റെ പാട്ടിനു നാമവനെ വിടുകയും നരകത്തില്‍ കടത്തുകയും ചെയ്യും. എത്രഹീനമായ സങ്കേതമാണത്!

 

തിരുനബി صلى الله عليه وسلمയുടെയും സ്വഹാബത്തിന്‍റെയും പവിത്രപാതയാണ് ആയത്തില്‍ പറഞ്ഞ الْهُدَىٰ (സന്മാര്‍ഗം). അതനുഗമിച്ച് പില്‍ക്കാലക്കാരായ മുസ്‌ലിംകള്‍ സ്വീകരിച്ചുവന്ന പന്ഥാവാണ്  سَبِيلُ الْمُؤْمِنِينَ. ഇതിന് തിരുത്തും ഭേദഗതിയും നിര്‍ദേശിച്ച് മേല്‍പറഞ്ഞ സന്മാര്‍ഗം കൈവെടിയുന്ന പുത്തന്‍ വാദികള്‍ക്കുള്ള കഠിന താക്കീതുകൂടിയാണിത്.

 

അടുത്ത ആത്തുകള്‍ - 116, 117

 

നേരത്തെ പറഞ്ഞ മോഷ്ടാവ് കള്ളി പുറത്തായതോടെ മദീനയില്‍ നിന്ന് മക്കയിലേക്ക് ഓടിപ്പോയെന്ന് പറഞ്ഞിരുന്നല്ലോ. പരസ്യമായി ശിര്‍ക്ക് ചെയ്ത് മുശ്‌രിക്കുകളോടൊപ്പം ചേരുകയാണയാള്‍ ചെയ്തത്. അതുകൊണ്ട്, അവന്‍റെയും കുടുംബത്തിന്‍റെയും കുതന്ത്രങ്ങളും ഗൂഡാലോചനയും വിവരിച്ച ശേഷം ശിര്‍ക്കിന്‍റെ ഗൗരവം പറയുകയാണിനി.

 

അല്ലാഹു പൊറുക്കാത്ത മഹാപാപമാണ് ശിര്‍ക്ക്. അല്ലാത്ത പാപങ്ങള്‍ ഉദ്ദേശിക്കുന്നവര്‍ക്കവന്‍ പൊറുത്തുകൊടുക്കും.

 

 إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَنْ يَشَاءُ ۚ وَمَنْ يُشْرِكْ بِاللَّهِ فَقَدْ ضَلَّ ضَلَالًا بَعِيدًا (116)

തന്നോട് മറ്റാരെയെങ്കിലും പങ്കുചേര്‍ക്കപ്പെടുന്ന മഹാപാതകമായ ബഹുദൈവ വിശ്വാസം അല്ലാഹു പൊറുക്കുകയില്ല, തീര്‍ച്ച. അതല്ലാത്തത് താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവിനോട് മറ്റാരെയെങ്കിലും ഒരാള്‍ പങ്കുചേര്‍ത്താല്‍ അവന്‍ ബഹുദൂരം വഴിതെറ്റുക തന്നെ ചെയ്തു!

 

 إِنْ يَدْعُونَ مِنْ دُونِهِ إِلَّا إِنَاثًا وَإِنْ يَدْعُونَ إِلَّا شَيْطَانًا مَرِيدًا (117)

 

അല്ലാഹുവിനെവിട്ട് അവര്‍ ആരാധിക്കുന്നത് ചില പെണ്ണുങ്ങളെ മാത്രമാണ്. ധിക്കാരിയായ പിശാചി - ഇബ്‌ലീസ്- നെയല്ലാതെ മറ്റാരെയുമല്ല അവര്‍ ആരാധിക്കുന്നത്.

 

മക്കാമുശ്‌രിക്കുകള്‍ ആരാധിച്ചിരുന്ന ലാത്ത്, ഉസ്സാ, മനാത്ത് എന്നീ ദൈവങ്ങളുടെ പേരുകള്‍ സ്ത്രീനാമങ്ങളാണ്. അതാണ് പെണ്ണുങ്ങളെ ആരാധിക്കുക എന്ന് പറഞ്ഞത്. ഇതാണ് ഒരഭിപ്രായം.

 

ഒന്നും ചെയ്യാന്‍ കഴിവില്ലാത്തവര്‍ എന്ന അര്‍ത്ഥത്തില്‍  إناث എന്ന് അറബികള്‍ ഉപയോഗിക്കാറുണ്ടായിരുന്നുവത്രേ. ബിംബങ്ങളും ഒന്നും ചെയ്യാന്‍ കഴിവില്ലാത്തവരാണല്ലോ, അതുകൊണ്ടാണിങ്ങനെ പ്രയോഗിച്ചതെന്നാണ് മറ്റൊരു അഭിപ്രായം.

 

ദേവതകളെയും പെണ്‍ദൈവങ്ങളെയും പൂജിക്കുന്നവരും ഇതിലുള്‍പ്പെടും.

 

‘ധിക്കാരിയായ പിശാച് (شَيْطَانًا مَّرِيدًا)’ എന്ന് പറഞ്ഞത് ഇബ്‌ലീസിനെ ഉദ്ദേശിച്ചാണെന്ന് തുടര്‍ന്നുള്ള ആയത്തുകളില്‍ നിന്ന് മനസ്സിലാക്കാം.

ഇബ്‌ലീസാണല്ലോ മനുഷ്യര്‍ക്ക് ദുര്‍മാര്‍ഗവും ശിര്‍ക്കും ദൈവനിഷേധവുമൊക്കെ അലംകൃതമാക്കിക്കൊടുക്കുന്നത്. അവന്‍റെ ദുര്‍ബോധനം കൊണ്ടാണ് ബിംബാരാധന നടക്കുന്നതും. അതുകൊണ്ടാണ് യഥാര്‍ഥത്തില്‍ പിശാചിനെയാണവര്‍ ആരാധിക്കുന്നതെന്ന് പറഞ്ഞത്.

 

പിശാച് ധിക്കാരിയാണെന്നാണ് (مَرِيدًا) ഈ ആയത്തില്‍ പറയുന്നത്.

അടുത്ത ആയത്തില്‍, അല്ലാഹു അവനെ ശപിച്ചിരിക്കുന്നു (لَعَنَه اُلَّله) എന്നും പറയുന്നുണ്ട്. ശേഷം, മനുഷ്യവര്‍ഗത്തിന്‍റെ ആജീവനാന്ത ശത്രുവാണവനെന്നും, അവരെ വഴിപിഴപ്പിക്കാന്‍ പ്രതിജ്ഞയെടുത്തവനാണെന്നും – അവന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടുതന്നെ – ഓര്‍മിപ്പെടുത്തുകയാണ്. അവന്‍റെ കെണിയില്‍ പെട്ടാലുണ്ടാകുന്ന ഭവിഷ്യത്തുകളും മനസ്സിലാക്കിത്തരുന്നുണ്ട്.  

 

അല്ലാഹുവിനെ അനുസരിക്കാത്ത, അവന്‍റെ ശാപമേറ്റ, താന്‍ മനുഷ്യന്‍റെ ശത്രുവാണെന്നു അല്ലാഹുവിനോട് തുറുന്നു പറഞ്ഞ ഒരാളെ പിന്തുടരുകയെന്നത് ബുദ്ധിഹീനതയല്ലാതെ മറ്റെന്താണ്?!

 

പല മുന്നറിയിപ്പുകളും അല്ലാഹുവും തിരുനബി صلى الله عليه وسلمയും ഇതു സംബന്ധമായി നല്‍കിയിട്ടുണ്ട്.  അത്രയും ശക്തമാണ്, സമര്‍ത്ഥമാണ് അതോടൊപ്പം അദൃശ്യവുമാണ് അവന്‍റെ ഉപദ്രവം എന്നതാണതിന് കാരണം.

 

പിശാചുക്കളുടെ പണിയെടുക്കുന്നവര്‍ മനുഷ്യരുടെ കൂട്ടത്തിലുമുണ്ട്. സൂറത്തുന്നാസില്‍ മനുഷ്യ-ജിന്നുകളിലെ പിശാചുക്കളെക്കുറിച്ച പരാമര്‍ശമുണ്ടല്ലോ. ഫിത്നയും ഫസാദുമുണ്ടാക്കുന്നവരാണവര്‍. അവരെ നേര്‍ക്കുനേരെ കാണാന്‍ കഴിയും. പക്ഷേ, ജിന്നുകളിലെ പിശാചുക്കളെ കാണാന്‍ കഴിയില്ല - ഈ വ്യത്യാസം മാത്രം!

അടുത്ത ആയത്ത് 118

 

ആദം നബി (عليه السلام)ന് സുജൂദ് ചെയ്യാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് അല്ലാഹുവിന്‍റെ ശാപത്തിന് വിധേയമായപ്പോള്‍, ആദമിന്‍റെ മക്കളെ കഴിയുംവിധം വഴിപിഴപ്പിക്കുമെന്ന് ഇബ്‌ലീസ് ധിക്കാരപൂര്‍വം ശപഥം ചെയ്ത്പറയുകയുണ്ടായി. ആ ശപഥങ്ങളിലെ ചില ഭാഗങ്ങളാണ് ഇവിടെ 118, 119 വചനങ്ങളില്‍ അല്ലാഹു ഉദ്ധരിക്കുന്നത്.

 

لَعَنَهُ اللَّهُ ۘ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًا مَفْرُوضًا (118)

അല്ലാഹു അവനെ ശപിച്ചിരിക്കുന്നു. അല്ലാഹുവോടവന്‍ പറഞ്ഞിട്ടുണ്ട്: നിന്‍റെ അടിമകളില്‍ നിന്നു ഒരു നിശ്ചിതവിഭാഗത്തെ തീര്‍ച്ചയായും ഞാന്‍ സ്വന്തമാക്കുന്നതാണ്.

 

ഈ നിശ്ചിത വിഭാഗം എന്ന് പറഞ്ഞതു കൊണ്ടുദ്ദേശ്യം പിശാചിന്‍റെ ദുര്‍ബോധനങ്ങള്‍ക്കു വശംവദരാകുന്നവര്‍ എന്നാണ്. അതായത്, എന്‍റെ ചൊല്‍പടിക്കനുസരിച്ച് നില്‍ക്കുന്ന അനുയായികളായി മനുഷ്യരില്‍ നിന്നൊരു വിഭാഗത്തെ ഞാന്‍ ഉണ്ടാക്കിത്തീര്‍ക്കും.

 

അടുത്ത ആയത്ത് – 119

ധിക്കാരപരമായ സംസാരം തുടരുകയാണവന്‍, അല്ലാഹുവിനോട്.

 

وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَآمُرَنَّهُمْ فَلَيُبَتِّكُنَّ آذَانَ الْأَنْعَامِ وَلَآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّهِ ۚ وَمَنْ يَتَّخِذِ الشَّيْطَانَ وَلِيًّا مِنْ دُونِ اللَّهِ فَقَدْ خَسِرَ خُسْرَانًا مُبِينًا (119)

നിശ്ചയം ഞാനവരെ ദുര്‍മാര്‍ഗത്തിലാക്കുന്നതും വ്യാമോഹിപ്പിക്കുന്നതുമാണ്; ഞാന്‍ കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറും, ഞാന്‍ ഉത്തരവിടുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തും, തീര്‍ച്ച. എന്നാല്‍, അല്ലാഹുവിനെ വിട്ട് പിശാചിനെ ആര് സംരക്ഷകനാക്കുന്നുവോ അവന്‍ സ്പഷ്ടമായി പരാജയത്തിലാപതിക്കുക തന്നെ ചെയ്തിരിക്കുന്നു.

 

وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ

'വ്യാമോഹിപ്പിക്കുക' എന്നു വെച്ചാല്‍ അല്ലാഹുവിനെ ധിക്കരിക്കുന്നതു കൊണ്ടുണ്ടാകുന്ന 'ലാഭ'ളെക്കുറിച്ചു മനുഷ്യമനസ്സില്‍ വ്യാമോഹങ്ങളുദിപ്പിക്കും. ദുന്‍യാവ് സുഖിക്കാനും അറമാദിക്കാനുള്ളതുമാണ്, ഇനിയും കുറെക്കാലം നിനക്ക് ജീവിക്കാനുണ്ട്. നന്നായി ധനം സമ്പാദിക്കണം, ഹറാമാണോ ഹലാലാണോ എന്നൊന്നും നേക്കേണ്ടതില്ല, അല്ലാഹുവിന്‍റെ വിധി, നിശ്ചയം എന്നെല്ലാം പറയുന്നത് നിരര്‍ത്ഥകമാണ്, മരിച്ചാലും ആരോടും കണക്കൊന്നും ബോധിപ്പിക്കാനില്ല, അടിസ്ഥാനരഹിതമായ പഴഞ്ചന്‍ വിശ്വാസമാണതെല്ലാം... ഇങ്ങനെ പലതും പിശാച് തോന്നിപ്പിക്കും... അങ്ങനെ വഴിതെറ്റിക്കുകയും ചെയ്യും.

 

സൂറത്തുല്‍ അഅ്റാഫ് 17 ല്‍ അല്ലാഹു ഇബ്‍ലീസിനെ ഉദ്ധരിക്കുന്നതുനോക്കൂ:

 

 قَالَ فَبِمَا أَغْوَيْتَنِي لَأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ (16ثُمَّ لَآتِيَنَّهُم مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَن شَمَائِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَاكِرِينَ (17)الأعراف

 

(നിന്‍റെ നേരായ വഴിയില്‍ ഞാന്‍ അവര്‍ക്കായി ഇരിപ്പുറപ്പിക്കും, എന്നിട്ട് അവരുടെ മുമ്പിലൂടെയും പിമ്പിലൂടെയും വലഭാഗത്തുകൂടെയും ഇടഭാഗത്തുകൂടെയും അവരുടെയടുത്ത് ചെല്ലും; അധികമാളുകളെയും നന്ദിയുള്ളവരായി നീ കാണില്ല.’)

 

قَالَ رَبِّ بِمَا أَغْوَيْتَنِي لَأُزَيِّنَنَّ لَهُمْ فِي الْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ (39) إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ (40)الحجر

(ഭൂമിയില്‍ ഞാന്‍ അവര്‍ക്ക് അലംകൃതമാക്കിക്കൊടുക്കും.)

 

പിശാചിന്‍റെ വഴിപിഴപ്പിക്കലും വ്യാമോഹിപ്പിക്കലുമെല്ലാം, വ്യക്തികള‍ക്കനുസരിച്ച്, ദേശ, സമയ, കാല വ്യത്യാസമനുസരിച്ച് വിവിധ രൂപങ്ങളിലായിരിക്കുമെന്നാണ് പിന്നീട് പറയുന്നത്.

 

وَلَآمُرَنَّهُمْ فَلَيُبَتِّكُنَّ آذَانَ الْأَنْعَامِ

 

അവരോട് ഞാന്‍ പലതും നിര്‍ദ്ദേശിക്കും, അതനുസരിച്ച് കാലികളുടെ കാതുകള്‍ കീറി മുറിക്കുകപോലെയുള്ള തോന്നിവാസങ്ങളവര്‍ ചെയ്യും.

 

ബിംബങ്ങളുടെ പേരില്‍ ആടുമാടൊട്ടകങ്ങളെ ഉഴിഞ്ഞുവിടുന്നത് അന്നത്തെ മുശ്‌രിക്കുകളുടെ പതിവായിരുന്നു. ബഹീറ, സാഇബ, വസ്വീല, ഹാമി എന്നീ പേരുകളിലാണവ അറിയപ്പെട്ടിരുന്നത്. അടയാളമായി അത്തരം മൃഗങ്ങളുടെ കാത് കീറിമുറിക്കുകയും ചെയ്തിരുന്നു. അതാണിവിടെ ഉദാഹരണമായി പറയുന്നത്. ഇങ്ങനെയാണ് മുഫസ്സിറുകളെല്ലാം അഭിപ്രായപ്പെടുന്നത്.

 

وَلَآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّهِ

 

വിപുലമായ അര്‍ത്ഥമാണിതിനുള്ളത്. അല്ലാഹു നിശ്ചയിച്ച പ്രകൃതികളില്‍ മാറ്റത്തിരുത്തലുകള്‍ വരുത്താന്‍ ശ്രമിക്കുകയും അവ അലങ്കോലപ്പെടുത്തുകയും ചെയ്യുന്ന, ജന്മനാ ഉള്ള പ്രകൃതങ്ങളില്‍ മാറ്റം വരുത്തുന്ന എല്ലാ ഏര്‍പ്പാടുകളും ഇതില്‍പെടും.

 

ഇക്കാലത്തിപ്പോള്‍ എമ്പാടും ഉദാഹരണങ്ങളുമിതിന് കാണാമല്ലോ. ഉപകരണങ്ങളോ മറ്റോ ഉപയോഗിച്ച് ശരീരത്തിന് മാറ്റം വരുത്തുക, നിറമാറ്റം വരുത്തുക, പച്ച കുത്തുക, ടാറ്റൂ ചെയ്യുക, സ്വവര്‍ഗഭോഗം, വന്ധ്യംകരണം, സ്ത്രീകള്‍ പുരുഷവേഷവും പുരുഷന്മാര്‍ സ്ത്രീവേഷവും സ്വീകരിക്കുക – ഇതെല്ലാം ഇതിനുദാഹരണങ്ങളാണെന്ന് ഹദീസുകളുടെ വെളിച്ചത്തില്‍ മനസ്സിലാക്കാം.

 

പരിശുദ്ധമായ പ്രകൃതിയോട് കൂടിയാണ് മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത്. സത്യം അറിയാനുള്ള വാസന, അത് അറിഞ്ഞാല്‍ അനുസരിക്കാനുള്ള മനഃസ്ഥിതി മുതലായ പല നല്ല സ്വഭാവങ്ങളും ജന്മനായുള്ളതാണ്. അതെല്ലാം വ്യത്യാസപ്പെടുത്താന്‍ പിശാച് മനുഷ്യനെ ഉപദേശിക്കും, മനുഷ്യനത് സ്വീകരിക്കുകയും ചെയ്യും.

 

അടുത്ത ആയത്തുകള്‍ 120, 121

 

പിശാച് ഏത് ടൈപ്പാണെന്ന് അവന്‍റെതന്നെ വാക്കുകളിലൂടെ വിവരിച്ചശേഷം, അവന്‍റെ ഉപദേശങ്ങള്‍ കേട്ടാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാട്ടുകയാണ്. തീരാനഷ്ടത്തിന് കാരണമാണത്. അവന്‍റെ വാഗ്ദാനങ്ങള്‍ തനിപൊള്ളയും വഞ്ചനാത്മകവുമാണ്. വെറുതെ വ്യാമോഹിപ്പിക്കുക മാത്രമാണവന്‍ ചെയ്യുക. കെണിയില്‍പെട്ടാല്‍ പിന്നെ ശാശ്വതമായ നരകശിക്ഷയായിരിക്കും ലഭിക്കുക.

 

 يَعِدُهُمْ وَيُمَنِّيهِمْ ۖ وَمَا يَعِدُهُمُ الشَّيْطَانُ إِلَّا غُرُورًا (120)

പിശാച് അവര്‍ക്ക് പലതും വാഗ്ദാനം ചെയ്യും; ഒട്ടേറെ വ്യാമോഹങ്ങള്‍ ജനിപ്പിക്കും. വഞ്ചന മാത്രമേ അവര്‍ക്കവന്‍ വാഗ്ദാനം ചെയ്യുന്നുള്ളൂ.

 

 أُولَٰئِكَ مَأْوَاهُمْ جَهَنَّمُ وَلَا يَجِدُونَ عَنْهَا مَحِيصًا (121)

അവരുടെ സങ്കേതം നരകമാകുന്നു. അതില്‍ നിന്ന് ഒരഭയസ്ഥാനം അവര്‍ കണ്ടെത്തുന്നതല്ല.

 

ഇവനോടുള്ള കൂട്ടുകെട്ട് വേണ്ട, ആള് ഒന്നാം നമ്പര്‍ ശത്രുവാണ് എന്നൊക്കെ റബ്ബ് എത്രയോ തവണ പറഞ്ഞതാണ്, എല്ലാവര്‍ക്കും ബോധ്യപ്പെട്ടതുമാണ്. എന്നാലും പലപ്പോഴും നമ്മളവന്‍റെ പിന്നാലെ കൂടുകയാണ്. പല സമയത്തും നമ്മുടെ Best & Close Friend അവനാണ്!

പിശാചുതന്നെ അത്ഭുതപ്പെട്ടിട്ടുണ്ട് നമ്മളെക്കുറിച്ച്: മനുഷ്യര്‍ക്കിതെന്തുപറ്റി! അല്ലാഹുവിനെയവര്‍ക്ക് ഇഷ്ടമാണ്, പക്ഷേ, അവനെയവര്‍ ധിക്കരിക്കുന്നു. എന്നെയവര്‍ക്ക് ദേഷ്യമാണ്, എന്നിട്ടും എന്നെ അനുസരിക്കുകയാണ്!

ആയുസ്സ് നീട്ടിത്തരാന്‍ ഇബ്ലീസ് അല്ലാഹുവിനോട് ആവശ്യപ്പെട്ടത് പശ്ചാത്താപിച്ചുമടങ്ങി നന്നാകാനല്ല, ആദമിനോടും ഹവ്വയോടും عليهما السلام  അവരുടെ സന്തതികളോടും പ്രതികാരം ചെയ്യാന്‍ വേണ്ടിയാണ്.

അവരെ പിഴപ്പിക്കാനും നരകത്തില്‍ കൊണ്ടുചാടിക്കാനും വേണ്ടിയാണ്. അവസാനമവന്‍ കൈയൊഴിയുകയും ചെയ്യും (സൂറത്തു ഇബ്റാഹീം 22 നോക്കുക).

قَالَ الشّيْطَانُ لَمّا قُضِيَ الأمْرُ إِنّ اللّهَ وَعَدَكُمْ وَعْدَ الْحَقّ وَوَعَدتّكُمْ فَأَخْلَفْتُكُمْ، وَمَا كَانَ لِيَ عَلَيْكُمْ مّن سُلْطَانٍ إِلاّ أَن دَعَوْتُكُمْ فَاسْتَجَبْتُمْ لِي، فَلاَ تَلُومُونِي وَلُومُوَاْ أَنفُسَكُمْ، مّآ أَنَاْ بِمُصْرِخِكُمْ وَمَآ أَنتُمْ بِمُصْرِخِيّ إِنّي كَفَرْتُ بِمَآ أَشْرَكْتُمُونِ مِن قَبْلُ إِنّ الظّالِمِينَ لَهُمْ عَذَابٌ أَلِيمٌ * سورة ابراهيم22

നമ്മെ സ്വാധീനിക്കാനുള്ള അവസരങ്ങളുണ്ടാക്കിക്കൊടുക്കരുത്.

മൂന്ന് കാര്യങ്ങളില്‍ പിശാചിന് നമ്മളെ എളുപ്പം പിടികൂടാനാകുമത്രേ: ലഹരിബാധ, ദേഷ്യം, പിശുക്ക്.

ഞാനത്യാവശ്യം തരക്കേടില്ല എന്ന് തോന്നുമ്പോഴും നമ്മളെയവന്‍ വിടില്ല. മൂന്ന് സംഗതികളുണ്ടായാല്‍ പിന്നെ പിടുത്തം വിടില്ലെന്ന് അവന്‍തന്നെ തുറന്നുപറഞ്ഞതാണ്: ചെയ്തുപോയ തെറ്റുകള്‍ മറന്നാല്‍, ധാരാളം അമലുകള്‍ ചെയ്തുവെന്ന തോന്നലുണ്ടായാല്‍, ഞാനത്യാവശ്യം തരക്കേടില്ലെന്ന ചിന്തയുണ്ടായാല്‍.

അസൂയയും ആര്‍ത്തിയും ഒഴിവാക്കണം. നൂഹ്‌നബി(عليه السلام)യോട് ഇബ്‌ലീസ് പറഞ്ഞത് നോക്കൂ: ”ജനങ്ങളെ ഞാന്‍ നശിപ്പിക്കുന്നത് രണ്ട് കാര്യങ്ങള്‍ കൊണ്ടാണ്. അസൂയയും ആര്‍ത്തിയും. അസൂയ കൊണ്ടാണ് ഞാന്‍ ശപിക്കപ്പെട്ടത്. ഞാന്‍ ആട്ടപ്പെട്ടതും പിശാചായതും ഇതുകൊണ്ടാണ്”.

അതുകൊണ്ട് നമ്മള്‍ പിടികൊടുക്കാതിരിക്കുക. നമുക്കവനെ കാണാത്തതുകൊണ്ട് മുങ്ങിനടക്കാന്‍ കഴിയുന്നില്ല അല്ലേ! അതിനല്ലേ റബ്ബ് ഇത്രയും കൃത്യമായി പറഞ്ഞുതരുന്നത്.

നല്ല ഈമാനും തവക്കുലുമുണ്ടെങ്കില്‍ അവന്‍റെ ഫിത്നയില്‍ രക്ഷപ്പെടാം. (സൂറത്തുന്നഹല്‍ 99 നോക്കുക).

അഥവാ അവന്‍റെയൊപ്പം കൂടി തെറ്റുകളെന്തെങ്കിലും ചെയ്തുപോയാല്‍ ഉടനെ ഇസ്തിഗ്ഫാര്‍ ചെയ്യുക, തൌബ ചെയ്തുമടങ്ങുക. നിരന്തരം ജാഗ്രത പുലര്‍ത്തുകയും ചെയ്യുക. അല്ലാഹു കാത്തുരക്ഷിക്കട്ടെ-ആമീന്‍.

-------------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter