ഉസാമത്തുബ്നു സൈദി(റ)ല്‍ നിന്നും നിവേദനം- അദ്ദേഹം പറഞ്ഞു: ''നബി പറയുന്നതായി ഞാന്‍ കേട്ടു. അന്ത്യനാളില്‍ ഒരാളെ കൊണ്ടുവന്ന് നരകത്തിലെറിയും. അപ്പോള്‍ അയാളുടെ കുടലുകള്‍ പുറത്തു വരികയും, കഴുതകള്‍ ആസു കല്ലുമായി ചുറ്റുന്നതുപോലെ കുടലുകൊണ്ട് അവന് ചുറ്റിത്തിരിയുകയും ചെയ്യും. അപ്പോള്‍ നകരക്കാര് അവന്റെ അടുത്തുകൂടി ചോദിക്കും: ''നിനക്കെന്തു പറ്റി, നീ നല്ലതു കല്പിക്കുകയും ചീത്ത വിരോധിക്കുകയും ചെയ്തിരുന്നല്ലോ?''
അവന് പറയും: ''അതെ, ഞാന്‍ നന്മ കല്പിച്ചിരുന്നു. പക്ഷെ, ഞാനത് ചെയ്തില്ല. ഞാന്‍ തിന്മ വിരോധിച്ചിരുന്നു. പക്ഷെ, ഞാനത് ചെയ്തു.'' (ബുഖാരി, മുസ്ലിം)
ഉപദേശകരും പ്രഭാഷകരും ഇന്ന് സമൂഹത്തില്‍ ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. അപരന് തെറ്റു ചെയ്യുന്നതു കണ്ടാല്‍ വിലക്കാനും അങ്ങനെയല്ല ചെയ്യേണ്ടതെന്ന് തിരുത്താനും തുനിയുന്ന ആളുകള്‍ക്ക് പഞ്ഞമില്ല. അവരെത്തന്നെയാണ് സമൂഹത്തിന് ഇന്ന് ആവശ്യവും. കാരണം, സമൂഹത്തിന്റെ മുഖ്യധാരയെ സ്ഫുടംചെയ്തെടുക്കുന്ന ഒരു ഉപദേശകവൃത്തം ഇല്ലാത്ത സ്ഥിതിവിശേഷം ഏറെ അപകടംപിടിച്ചതായിരിക്കും. മാര്‍ഗനിര്‍ദ്ദേശം നല്കാന് ഒരാളില്ലെങ്കില്‍ എല്ലാവരും താന്തോന്നികളായി, തങ്ങള്‍ക്കിഷ്ടമുള്ളത് പ്രവര്‍ത്തിക്കും. അത് ഉപകാരമായാലും ഉപദ്രവമായാലും നന്മയായാലും തിന്മയായാലും. അങ്ങനെ വരുമ്പോള്‍ സമൂഹത്തിന് നേതൃത്വം നഷ്ടപ്പെടും. അരാജകത്വം ഉടലെടുക്കും. ഇത്തരം ഭീഷണാവസ്ഥയില്നിന്ന് സമൂഹത്തെ കരകയറ്റാന്‍ സമുദ്ധാരകനും വഴികാട്ടിയും ആവശ്യമാണ്.
ഈ ഉപദേശക വൃന്ദം എങ്ങനെ നീങ്ങണം എന്നതിനെക്കുറിച്ച് വിശകലനം ചെയ്യേണ്ടതുണ്ട്. സ്റ്റേജ് കെട്ടി മൈക്കിനുമുമ്പില്‍ വാചാലരാകുന്ന പ്രഭാഷകരും തൂലിക ഉപയോഗിച്ച് ജനമനസ്സുകളിലേക്ക് ആശയങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ ശ്രമിക്കുന്ന തൂലികാകാരന്മാരും കുഞ്ഞുമനസ്സുകളില്‍ സംസ്കാരത്തിന്റെ ബാലപാഠങ്ങള്‍ സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്ന അധ്യാപകരും തുടങ്ങി, സമൂഹത്തെ സമുദ്ധരിക്കാന്‍ ശ്രമിക്കുന്ന ഏതൊരുത്തനും തന്റെ വ്യക്തി ജീവിതത്തിന്റെ കിടപ്പ് എവ്വിധത്തിലാണെന്ന് ആദ്യമായി പരിശോധിക്കണം. എന്നിട്ടേ മറ്റുള്ളവരെ ഉപദേശിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ പാടുള്ളൂ.
മേല്‍വിവരിച്ച ഹദീസ് വചനം സൂചിപ്പിക്കുന്ന പോലെ, തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ചിന്തിക്കാതെ ഉപദേശിക്കാനിറങ്ങുന്നവര്ക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നതാണ് വസ്തുത.
നബിതിരുമേനി (സ)യുടെ നയം ഇതായിരുന്നു. അല്ലാഹുവിങ്കല്‍നിന്നും ഒരു കാര്യം നിരോധിക്കാനോ, നടപ്പാക്കാനോ നിര്‍ദ്ദേശം വന്നാല്‍ ആദ്യം തന്റെ വ്യക്തി ജീവിതത്തില്‍ പകര്‍ത്തിയ ശേഷമേ അനുയായികളോട് അതേക്കുറിച്ച് സംസാരിക്കുമായിരുന്നുള്ളൂ.
ഒരു ഉപദേശം, അത് മുമ്പോട്ടു വെക്കുന്നയാള്ക്കനുസരിച്ചേ ശ്രോതാക്കള്‍ മുഖവിലക്കെടുക്കുകയുള്ളൂ. അഥവാ, ഉപദേശകന് തന്റെ ഹൃദയത്തില്‍നിന്നാണ് അത് പകര്‍ന്നുകൊടുക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഫലവത്തായിരിക്കും. മറിച്ച്, തന്റെ മനസ്സിലുദിക്കാത്ത, താന്‍ ചെയ്യാത്ത ഒരു കാര്യം കേവലം നാക്കിന് തുമ്പില്‍ കൊണ്ടുവന്ന് ജനങ്ങളിലേക്കിട്ടുകൊടുത്താല് അത് ഒരു ചെവിയിലൂടെ കടന്ന് മറുചെവി വഴി പുറത്തുപോകുമെന്നല്ലാതെ യാതൊരു ഫലവും ഉണ്ടാവുകയില്ല.
ഒരു കാര്യം മനസ്സിലുണ്ടായിരിക്കണമെങ്കില് അത് അയാള്‍ കൊണ്ടുനടക്കുന്ന കാര്യമായിരിക്കണമെന്നത് വസ്തുതയാണ്. ഒരു കാര്യം ചെയ്യുന്നില്ലെങ്കില്‍ അതു സംബന്ധിച്ചുള്ള ഉപദേശം വാചകക്കസര്‍ത്തു മാത്രമായിരിക്കും. ഇങ്ങനെ, കാതുകള്‍ക്ക് ഇമ്പമൂറുന്ന ശൈലികളില്‍ വഅളുകളും പ്രഭാഷണങ്ങളും നടത്തുന്ന എത്രയോപേരെ സമൂഹം നിത്യേനെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. എത്രയോ പ്രഭാഷണങ്ങള്‍ കേട്ടിട്ടും, കാലം ചെല്ലുന്തോറും ജനം മോശമാകുന്നുവെന്നല്ലാതെ ഒരു പുരോഗതിയെന്നു പറയാന്മാത്രം ഒരു സ്വാധീനവും ചെലുത്താന്‍ ഇന്നിന്റെ ഉപദേശകര്‍ക്ക് സാധിക്കുന്നില്ലെന്നത് ഒരു ദുഃഖസത്യമാണ്. കാര്യകാരണങ്ങളന്വേഷിക്കുമ്പോള് പലയിടങ്ങളിലേക്ക് നാം ചെന്നെത്തുന്നുവെങ്കിലും, പറയുന്നവരുടെയും തൂലിക ചലിപ്പിക്കുന്നവരുടെയും ഉദ്ദേശശുദ്ധിയില്ലായ്മയാണ് ഇവയില്‍ പ്രധാനമമെന്നു പറയാതിരിക്കാന്‍ വയ്യ.
ഇന്ന് പണമാണ് ആവശ്യം. മിക്കവരും കൂലിയെഴുത്തുകാരും കൂലിപ്രഭാഷകരുമായി അധഃപതിച്ചിരിക്കുന്നു. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് വാക്കും വരിയുമുപയോഗിക്കുന്ന സാത്വികരായ ഒരു വലിയ സമൂഹവും ഉണ്ടെന്ന സത്യം വിസ്മരിക്കുന്നില്ല.
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഇത്തരം വാചകക്കസര്‍ത്തുകാര്‍ക്ക് ശക്തമായ ഭാഷയില്‍ താക്കീതു നല്‍കുന്നുണ്ട്. സൂറതു സ്സ്വഫ്ഫില് അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുകയെന്നത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു.'' (സ്വഫ്ഫ് 3, 4) നാം നമ്മെ സൂക്ഷിക്കുക. മിഅ്റാജിന്റെ രാവില്‍ തിരുനബി(സ)ക്ക് കാണിക്കപ്പെട്ട, നാക്ക് മുറിച്ചുമാറ്റപ്പെടുന്ന ആളുകളുടെ കൂട്ടത്തില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. അതിന് ആദ്യം സ്വശരീരത്തെ തിന്മകളില്നിന്ന് സ്ഫുടം ചെയ്ത് നന്മകള്കൊണ്ട് പ്രകാശം പരത്തുക. പിന്നീട് സമൂഹത്തിലേക്കിറങ്ങി സാമൂഹിക തിന്മകളെ എതിര്‍ക്കുക. സമൂഹത്തെ സുകൃതങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുക.
Leave A Comment