മുഹമ്മദ് ബ്നു സീരീന്(റ): ഹദീസിലെ മഹല്‍ സാന്നിദ്ധ്യം
അനസുബ്നു മാലികി(റ)ന്റെ ചെമ്പു പണിക്കാരനായിരുന്ന അടിമയായിരുന്നു സീരീന്. മതഭക്തിയോടൊപ്പം തൊഴില്‍ വൈദഗ്ധ്യമുള്ള അസാധാരണ വ്യക്തിത്വം. ഐന്‍ തംറ് യുദ്ധത്തില്‍ ഖാലിദ്(റ) ബന്ധിയാക്കിയ നാല്പ്പതിലൊരാളാണ്. അനസ്(റ) മോചനം നല്കിയ ശേഷം ദാമ്പത്യജീവിതം നയിക്കാന്‍ തീരുമാനിച്ച സീരീന് അബൂബക്കര്‍(റ)വിന്റെ അടിമയായ സഫിയയെ ഇണയായി സ്വീകരിച്ചു. പിതൃസ്ഥാനത്തു നിന്ന് കാര്യങ്ങള്‍ നിര്‍വഹിച്ചു കൊണ്ട് മുന്‍പന്തിയില്‍തന്നെ അബൂബക്കര്‍(റ) ഉണ്ടായിരുന്നു. മണവാട്ടിയെ അണിയിച്ചൊരുക്കാന്‍ ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങളും. ഈ അനശ്വര ദമ്പതികള്‍ക്ക് പിറന്ന സുന്ദരനായ മകനായിരുന്നു മുഹമ്മദ് ബ്നു സീരീന്. ഹദീസ് ശാഖയിലെ കുലപതിയായിരുന്ന മഹാപണ്ഡിതന്. മസ്ജിദുന്നബവിയുടെ മുറ്റത്ത് ഓടിക്കളിച്ചു വളര്‍ന്ന കുട്ടിക്ക് സ്വഹാബി ശ്രേഷ്ടരില്നിന്ന് വിജ്ഞാനമധു നുകരാനുള്ള അവസരങ്ങള്‍ എമ്പാടും ലഭിച്ചു. യുവാവായ മുഹമ്മദ്(റ) കുടുംബത്തോടൊപ്പം ബസറയിലേക്ക് താമസം മാറ്റി.
ഉമര്‍(റ)ന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട ഈ പട്ടണം ആ സമയമായപ്പോഴേക്കും അറിവിന്റെ അക്ഷയഖനിയായി മാറിയിരുന്നു. ആരാധനകൊണ്ട് ധന്യമായ രാപകലുകള്‍, സൂക്ഷ്മതയും ഇലാഹീ ഭക്തിയും നിറഞ്ഞ ജീവിതം. ഇതൊക്കെ മുഹമ്മദ് ബ്നു സീരീന്(റ) ബസറക്കാരുടെ ആത്മീയ നേതാവായി വരാന്‍ കാരണമായി. സൂക്ഷ്മാലുവായ അദ്ദേഹം ജനങ്ങളുമായുള്ള ഇടപാടുകള്‍ സശ്രദ്ധം കൈകാര്യംചെയ്തിരുന്നു. ഒരു മനുഷ്യന് ഇബ്നു സീരീന്(റ) രണ്ട് ദിര്‍ഹം തരാനുണ്ടെന്ന് ഒരുദിവസം ജനമധ്യേ വാദിച്ചു.
ഇബ്നു സീരീന്(റ) ഇത്തരം സന്ദര്‍ഭങ്ങളില്‍ പണം വിഷയമാക്കാറില്ലായിരുന്നു. പക്ഷേ, ഇത്തവണ കൊടുക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. മാത്രമല്ല, സത്യം ചെയ്യുക കൂടി ചെയ്തു. ഉടന്‍ അദ്ദേഹത്തോട് നാട്ടുകാര്‍ ചോദിച്ചു: ''വെറുമൊരു സംശയത്തിന്റെ പേരില്‍ നാല്‍പ്പതിനായിരം ദിര്ഹമുപേക്ഷിച്ച അങ്ങെന്തിനാണീ രണ്ടു ദിര്‍ഹമിനു വേണ്ടി സത്യം ചെയ്തത്.'' ഇബ്നു സീരീന് പ്രതിവചിച്ചു: ''ആ മനുഷ്യനെ ഹറാം ഭക്ഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'' പരീക്ഷണങ്ങള്‍ സച്ചരിതരായ അടിമകള്‍ക്ക് ഔന്നത്യത്തിലേക്കുള്ള ചവിട്ടുപടിയാണ്. ഏന്നേക്കുമുള്ള ജനതയ്ക്ക് ഗുണപാഠങ്ങള്‍ ചൊല്ലിക്കൊടുക്കാന്‍ പോന്ന നാഥന്റെ അച്ചില്‍തീര്‍ത്ത തീരുമാനവുമാണ്. മുഹമ്മദ് ബ്നു സീരീന്(റ)വിനും താണ്ടേണ്ടിവന്നു പരീക്ഷണങ്ങളുടെ കാലം. ജയില്‍വാസവും അതിന്റെ ഭാഗമായിരുന്നു. ഒരിക്കല്‍ നാല്‍പ്പതിനായിരം രൂപ കടം പറഞ്ഞ് എണ്ണ വാങ്ങി. പാത്രം തുറന്നുനോക്കിയപ്പോള്‍ ഒരു എലി അതില്‍ ചത്തു കിടക്കുന്നത് കണ്ടു. അശുദ്ധമായ എണ്ണ കച്ചവടക്കാരന് തിരിച്ചു കൊടുത്താല്‍ അയാള്‍ അത് മറച്ച് വിറ്റാലോ എന്ന് ഭയന്ന ആ വലിയ മനുഷ്യന് അത് മുഴുവന്‍ മുറ്റത്തേക്ക് ചൊരിച്ചു.
നഷ്ടഭയം അദ്ദേഹത്തെയൊട്ടും അലട്ടിയില്ല. എണ്ണക്കച്ചവടക്കാരന്‍ പറഞ്ഞ ദിവസം തന്നെ പണം വാങ്ങാനെത്തി. തിരിച്ചു കൊടുക്കാന്‍ കഴിയാത്തത് കൊണ്ട് ഇബ്നു സീരീനിനെ അയാള്‍ കോടതികയറ്റി. പണം തിരിച്ചു കൊടുക്കുന്നതു വരെ ജയിലിലടക്കാന്‍ ജഡ്ജി വിധിച്ചു. രാത്രിയില്‍ ആരാധനാ നിമഗാനായ ആ മഹാനുഭാവനോട് ജയിലധികൃതര്‍ക്ക് അടങ്ങാനാവാത്ത ആദരവുണ്ടായി. ''മഹാനവര്കളേ.. രാത്രിയായാല്‍ അങ്ങ് വീട്ടിലേക്ക് പോയി അന്തിയുറങ്ങിക്കോളൂ.രാവിലെ തിരിച്ചെത്തിയാല്‍ മതി, ബാക്കി കാര്യം ഞാന്‍ നോക്കിക്കോളാം''-ജയിലര്‍ പറഞ്ഞു. ''വേണ്ട... നീ നിന്റെ നേതാവിനെ വഞ്ചിക്കാന്‍ നിനക്ക് ഞാന്‍ കൂട്ടുനില്‍ക്കില്ല''-അദ്ദേഹം മറുപടിയറിയിച്ചു. ഇതേസമയം, മരണാസന്നനായ അനസ്(റ) ഇബ്നു സീരീന് തന്റെ മയ്യിത്ത് കുളിപ്പിക്കണമെന്ന് വസ്വിയ്യത്ത് ചെയ്തു. വഫാത്തായ ഉടന്‍ ജനങ്ങള്‍ ഭരണാധികാരിയെ വിവമറിയിച്ചു. പക്ഷേ, മുഹമ്മദ് ബ്നു സീരീന് ജയിലില്‍ നിന്നിറങ്ങാന്‍ സമ്മതിച്ചില്ല. ''എന്നെ ജയിലിലടച്ചത് എണ്ണക്കച്ചവടക്കാരന്റെ പരാതി മൂലമാണ്. അദ്ദേഹം സമ്മതിച്ചാലേ ഞാന്‍ പുറത്തിറങ്ങൂ.'' ഉടന്‍ കടക്കാരന് സമ്മതിച്ചു. അദ്ദേഹം ജനാസ സംസ്കരണത്തിനു നേതൃത്വം നല്കി. മറമാടി തിരിച്ചു ജയിലിലേക്ക് തന്നെ വന്നു. ഇതായിരുന്നു മഹാനായ ഇബ്നുസീരീന്(റ).
തന്റെ 77ാം വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഹഫ്സത്ത് ബിന്ത് റാഷിദ എന്ന മഹതിയുടെ അയല്‍വാസിയായ മര്വാനന് എന്ന സൂഫിവര്യന് വഫാത്തായി. ദിവസങ്ങള്‍ക്കകം മഹതിയദ്ദേഹത്തെ സ്വപ്നം കണ്ടു. ''എന്താണ് മരണശേഷം സംഭവിച്ചത്''-മഹതി ചോദിച്ചു. ''സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ച ശേഷം? ''ഉന്നതരായ അടിമകള്‍ക്കുള്ള സ്ഥാനത്തേക്ക് എന്റെ പദവി ഉയര്‍ത്തപ്പെട്ടു.'' അവിടെ ആരൊക്കെ നിങ്ങളെ കണ്ടു''-മഹതി ചോദിച്ചു. ''ഹസനുല്‍ ബസരി, മുഹമ്മദ് ബ്നു സീരീന്.'' അവലംബം: സുവറുന്‍ മിന് ഹയാത്തി താബിഈന്‍
Leave A Comment