ലൗ ജിഹാദും സ്വാതന്ത്ര്യ വിരുദ്ധ നിയമങ്ങളും

2020 നവംബര്‍ 20 ന് യു.പി സര്‍ക്കാര്‍ പാസാക്കിയ നിയമ വിരുദ്ധ മതംമാറ്റ നിരോധന നിയമം 2020 അതിന്റെ 'പണി' തുടങ്ങിക്കഴിഞ്ഞു. ഒരുവശത്ത് ബി.ജെ.പി സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഹരിയാന തുടങ്ങിയവ സമാന നിയമങ്ങള്‍ നിര്‍മിക്കാനൊരുങ്ങുന്നു, മറുവശത്ത് 'മിശ്രദമ്പതികള്‍' പലരും കേസില്‍ അകപ്പെടുകയും പലപ്പോഴും മുസ്ലിം ചെറുപ്പക്കാര്‍ അഴിക്കുള്ളിലാവുകയും ചെയ്യുന്നു. 1960 കള്‍ മുതല്‍ നിലവിലുള്ള മതംമാറ്റ വിരുദ്ധ നിയമങ്ങളുടെ വര്‍ഗീയ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും സാമൂഹിക ചേരിതിരിവ് സൃഷ്ടിക്കാനുള്ള കുത്സിത നീക്കങ്ങള്‍ക്ക് ഊര്‍ജം പകരുന്നതും ആണ് പുതിയ നിയമം.

നിയമത്തില്‍ ലൗ ജിഹാദ് എന്ന പദം ഉപയോഗിക്കുന്നില്ലെങ്കിലും ഹിന്ദുത്വ ദേശീയവാദികള്‍ മുസ്ലിം പുരുഷ- ഹിന്ദു സ്ത്രീ ദമ്പതികളെ തിരഞ്ഞ് പിടിച്ച് അക്രമിക്കുകയും വ്യാപകമായി അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും സംസ്ഥാനത്തിന്റെ ഉത്തര ജില്ലകളിലാണ് ഇത്തരം അക്രമങ്ങളും ഭീഷണികളും വ്യാപകമായി കാണുന്നത്. നിയമം കയ്യിലെടുക്കുന്ന ഈ കാപാലികര്‍ക്ക് പരിരക്ഷ ലഭിക്കുകയും വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളില്‍ അഭംഗുരം പങ്കെടുക്കുകയും ചെയ്യുക വഴി മുസ്ലിം സമുദായത്തെ കീഴ്‌പെടുത്തുകയും പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്യുന്നു എന്നാണ് ഈ നിയമത്തിന്റെ ഏറ്റവും ഭീതിതമായ വശം. അതേസമയം ഹിന്ദു പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനും അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാനും ഇക്കൂട്ടര്‍ ശ്രമിക്കുന്നു.

ഇവിടെ, രണ്ട് വിഷയങ്ങള്‍ ഒരു പ്രശ്‌നമായി രൂപാന്തരപ്പെടുകയാണ്. ഹിന്ദു മതത്തില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് മുസ്ലിം യുവാക്കളുമായുള്ള ഹിന്ദു പെണ്‍കുട്ടികളുടെ ബന്ധവുമായി കൂട്ടിക്കെട്ടിയിരിക്കയാണ്. ഇന്ത്യ പോലെ ഓപണായ സമൂഹങ്ങളില്‍ ഇത്തരം ബന്ധങ്ങളും മതം മാറലുകളും സര്‍വ സാധാരണമാണ്.
മിശ്രവിവാഹങ്ങളോടുള്ള തങ്ങളുടെ വെറുപ്പും വിദ്വേഷവും വ്യക്തമായ രീതിയില്‍ തന്നെ യു.പി മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. വിവാഹത്തിന് വേണ്ടിയുള്ള മതം മാറ്റങ്ങള്‍ അംഗീകരിക്കാവതല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ പ്രസ്താവന ഉദ്ദരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് ലൗ ജിഹാദിന് വേണ്ടി ഇറങ്ങിത്തിരിക്കുന്നവര്‍ തങ്ങളുടെ അന്ത്യയാത്രക്ക് തയാറായിരിക്കണം എന്നാണ്.

യു.പി സര്‍ക്കാര്‍ കൊണ്ട് വന്ന ഈ നിയമം കോടതികളില്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. കാരണം, ഇത് ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് അനുവദിച്ച് നല്‍കിയ സ്വാതന്ത്ര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും എതിരാണ്. ഓരോ പൗരനും താന്‍ ഇഷ്ടപ്പെടുന്ന വിശ്വാസ ധാരയുടെ ഭാഗമാകാനും അത് പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യവും തന്റെ ജീവിത പങ്കാളിയെ തെരെഞ്ഞടുക്കാനുമുള്ള സ്വാതന്ത്ര്യവും ഭരണഘടന വകവെച്ച് നല്‍കുന്നു, അവയെ ഹനിക്കുന്നതാണ് പുതിയ നിയമം. ഹൈന്ദവ സംസ്‌കാരം വെല്ലുവിളികള്‍ക്ക് നടുവിലാണെന്നും അബലകളായ ഹിന്ദു സ്ത്രീകളെ സംരക്ഷിക്കേണ്ട ബാധ്യത ഹിന്ദു പുരുഷന്മാര്‍ക്കുണ്ടെന്നും ദ്യോതിപ്പിക്കുന്നതാണ് പുതിയ നിയമം. മിശ്രവിവാഹങ്ങള്‍ നിരോധിക്കുകയും മുസ്ലിം യുവാക്കളുടെ ഹിന്ദു സ്ത്രീകളുമായുള്ള വിവാഹം ഇല്ലാതാക്കുന്നതുമാണ് പുതിയ നിയമം. ഇങ്ങനെ നടക്കുന്ന വിവാഹങ്ങളില്‍ ഹൈന്ദവ സ്ത്രീകള്‍ക്ക് ഭര്‍തൃവീട്ടില്‍ തങ്ങളുടെ മതം അനുഷ്ടിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും അവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാവുന്നു എന്നുമാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരം സാഹചര്യങ്ങള്‍ ഇന്ത്യാ മഹാരാജ്യത്ത് വളരെ കുറവാണ്. വികസിത ജനാധിപത്യ രാജ്യങ്ങളില്‍ മിശ്രവിവാഹങ്ങള്‍ സര്‍വ സാധാരണവുമാണ്.

മഹാരാഷ്ട്രയില്‍, ഹിന്ദു രക്ഷക് സമിതി എന്നൊരു സംഘം മിശ്രവിവാഹിതരായ ഹൈന്ദവ സ്ത്രീകളെ 'രക്ഷിച്ചുകൊണ്ട്' ഹിന്ദു മതത്തെ സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്നു. മിശ്ര വിവാഹങ്ങളില്‍ സ്ത്രീകള്‍ മുസ്ലിംകള്‍ ആവുമ്പോള്‍ അത് 'ഘര്‍ വാപസി'യും ഹൈന്ദവര്‍ ആവുമ്പോള്‍ അത് 'ലൗ ജിഹാദും' ആവുന്നു. സത്യത്തില്‍, ലൗ ജിഹാദ് എന്നൊരു സംഭവമേ ഇല്ലെന്ന് പോലീസ് അന്വേഷണങ്ങളില്‍ തെളിഞ്ഞതാണ്, എന്നാല്‍ പോലും പ്രചണ്ഡമായ പ്രചരണങ്ങളിലൂടെ ലൗ ജിഹാദിനെ ഒരു സാമൂഹ്യ പ്രശ്‌നമായി ഉയര്‍ത്താന്‍ തല്‍പര കക്ഷികള്‍ക്ക് സാധിക്കുന്നുണ്ട്.

ഇവര്‍ എന്തുകൊണ്ടാണ് മിശ്രവിവാഹങ്ങളെ ഇങ്ങനെ എതിര്‍ക്കുന്നത്? ഹിന്ദു സ്ത്രീകളെ വശീകരിച്ച് മതപരിവര്‍ത്തനം ചെയ്യുന്ന ഒരു പദ്ധതി മുസ്ലിം യുവാക്കള്‍ബോധപൂര്‍വം നടപ്പിലാക്കുന്നുണ്ടോ? ഇതൊരു അടിസ്ഥാന രഹിത സംഘടിത പ്രചരണം മാത്രമാണ്. സത്യത്തിലിവിടെ, ഹൈന്ദവ സ്ത്രീകളെ ഒരു നിശ്ചയ ദാര്‍ഢ്യവും മനക്കരുത്തും ഇല്ലാത്തവരായി ചിത്രീകരിക്കുകയല്ലേ ചെയ്യുന്നത്? തങ്ങളുടെ കാര്യങ്ങളില്‍ സ്വതന്ത്രവും യുക്തവുമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കാത്തവരായി ചിത്രീകരിക്കുകയല്ലേ ചെയ്യുന്നത്? അതുകൊണ്ടാണല്ലോ തങ്ങളുടെ പെണ്‍കുട്ടികളെ നിരന്തരം ശ്രദ്ധിക്കണമെന്നും നിരീക്ഷിക്കണമെന്നും നിര്‍ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്.

എല്ലാ വിഭാഗീയ തീവ്രദേശീയ വാദ പ്രത്യയശാസ്ത്രങ്ങളും പുരുഷ കേന്ദ്രീകൃതവും സ്ത്രീയെ 'സമ്പത്ത്' പോലെ നിയന്ത്രിക്കുന്നവയുമാണ്. മതാന്ധതയുടെ കരാളഹസ്തങ്ങളില്‍ പെട്ടാണ് പുരുഷാധിപത്യവും ദേശീയതയും ഒരേ കുടക്കീഴില്‍ അണിനിരക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ഭരണഘടനയുടെ പിന്‍ബലത്തില്‍ സ്ത്രീകള്‍ സമൂഹത്തിന്റെ പൊതുമണ്ഡലങ്ങളിലേക്ക് വരുന്ന തികച്ചും ഗുണപരമായ മാറ്റം നമുക്ക് കാണാന്‍ സാധിക്കുന്നു. സമത്വ സിദ്ധാന്തങ്ങള്‍ക്ക് വേണ്ടി അധരവ്യായാമം നടത്തുകയും സ്ത്രീയെ രണ്ടാം കിട പൗരയായി കാണുകയും ചെയ്യുന്നവര്‍ക്ക് ഇതെന്നും ഒരു വെല്ലുവിളിയാണ്.

അടിച്ചമര്‍ത്തല്‍ സ്വഭാവമുള്ള ഈ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് കോടതികള്‍ സംസ്ഥാന സര്‍ക്കാറുകളെ തടയുമെന്ന് നമുക്ക് പ്രത്യാശിക്കാം. മതമൈത്രി എല്ലാ മേഖലകളിലും പ്രോത്സാഹിക്കപ്പെടേണ്ടതുണ്ട്.

(രാം പുനിയാനി എഴുതിയ ലേഖനത്തിന്‍റെ സ്വതന്ത്ര്യ വിവര്‍ത്തനം

വിവര്‍ത്തനം: ഷഹിന്‍ഷാ  ഏമങ്ങാട്

കടപ്പാട്: https://twocircles.net/2021jan14/440628.html)

Related Posts

Leave A Comment

Voting Poll

Get Newsletter