സുനനു നസാഈ
മുസ്‌ലിം ലോകത്തെ പ്രാമാണികമായ ഹിദീസ് ഗ്രന്ഥങ്ങളായ സിഹാഹുസ്സിത്തയിലെ പ്രധാനപ്പെട്ട ഒന്ന്. ഇമാം അഹ്മദ് ബിന്‍ സുഹൈബ് ബിന്‍ അലി നസാഈയുടെ ഹദീസ് സമാഹരണമാണിത്.
നസാഈ ഇമാം: വ്യക്തി വിവരം
തുര്‍ക്കിസ്താനിലെ നസാ പട്ടണിത്തില്‍ ഹിജ്റ 214/215 ലാണ് ഇമാം ജനിക്കുന്നത്. നിരവധി രാജ്യങ്ങളിലൂടെ ഹദീസ് തേടിയുള്ള യാത്ര നടത്തി. തദ്വിഷയകമായി വിവിധ രചനകള്‍ നടത്തുകയും ചെയ്തു. ഹിജ്റ 303 ല്‍ സഫര്‍ 13 തിങ്കളാഴ്ച മക്കയില്‍ വെച്ചാണ് ഇമാം വഫാത്താകുന്നത്. വഫാത്ത് ഫലസ്തീനില്‍ വെച്ചാണെന്നും ഒരു അഭിപ്രായമുണ്ട്. അതനുസരിച്ച് ബൈത്തുല്‍ മഖ്ദിസിലാണ് അദ്ദേഹത്തിന്‍റെ ഖബറിടം.
ഖുതൈബത്തു ബിന്‍ സഈദുല്‍ ബല്‍ക്കി (റ), അബൂദാവൂദ്(റ), തുര്‍മുദി (റ), മുഹമ്മദ് ബിന്‍ ശൈലാന്‍ (റ) തുടങ്ങിയ ഗുരുക്കളില്‍ നിന്ന് ഹദീസ് സ്വീകരിച്ചു. ഇമാം ത്വബ്റാനീ (റ), ഇബ്നുസ്സുന്നി (റ), ത്വവാഹീ(റ) തുടങ്ങിയവര് അദ്ദേഹത്തില്‍ നിന്ന് ഹദീസ് സ്വീകരിച്ചിട്ടുണ്ട്.
ഇമാം നസാഈ ശാഫിഈ മദ്ഹബുകാരനായിരുന്നു. അദ്ദേഹത്തന്‍റെ അല്‍മനാസിഖ് ശാഫിഈ കര്‍മശാസ്ത്ര സരണി അനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്.
രചനാപശ്ചാത്തലം
ഇമാം നസാഈ(റ) ആദ്യമായി ക്രോഡീകരിച്ചത് സുനനുല്‍ കുബ്റ എന്ന പേരിലുള്ള ഒരു ഗ്രന്ഥമാണ്. പ്രസ്തുത സമാഹാരം ക്രോഡീകരണത്തിന് ശേഷം സമര്‍പ്പിച്ചത് റാമല്ലയിലെ ഗവര്‍ണര്‍ക്കായിരുന്നു. അതില്‍ സ്വഹീഹും ദഈഫുമായ ഹദീസുകള് ഒരു പോലെ ഇടം പിടിച്ചിരുന്നു. എങ്കില്‍ സ്വഹീഹ് മാത്രമുള്ള ഒരു സമാഹരണം നടത്താന്‍ ഗവര്ണര് ഇമാമിനോട് ആവശ്യപ്പെട്ടു. അതിന്‍റെ അടിസ്ഥാനത്തില്‍ സുനനുല്‍ കുബ്റയിലെ സ്വഹീഹ് മാത്രം തെരഞ്ഞെടുത്ത് അദ്ദേഹം സുനനു സ്സുഗ്റാ എന്ന പേരില്‍ മറ്റൊരു ക്രോഡീകരണം നടത്തി. ഇതാണ് സുനനു നസാഈ എന്ന പേരില്‍ പ്രസിദ്ധമായത്.
ക്രോഡീകരണം, ശൈലി
ക്രോഡീകരണത്തിന് നല്ല ശൈലിയാണ് നസാഈ(റ) സ്വീകരിച്ചിട്ടുള്ളത്. സനദിലെ പോരായ്മകളെ കുറിച്ച് ഓരോ ഹദീസിന് ശേഷവും പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്. ഹദീസ് സ്വീകരണത്തിന് കര്‍ശനാമായ മാനദണ്ഡങ്ങളാണ് അദ്ദേഹം സ്വീകരിച്ചത്. ഇമാം തുര്‍മുദിയും അബൂദാവൂദും സ്വീകാര്യമെന്ന് വിധിച്ച ചില ഹദീസുകളെ പോലും ഇമാം നസാഈ തന്‍റെ മാനദണ്ഡം വെച്ച് ഒഴിവാക്കിയിട്ടുണ്ടത്രെ. സിഹാഹുസ്സിത്തയില്‍ ബുഖാരി, മുസ്‌ലിം എന്നിവക്ക് ശേഷം ഏറ്റവും സ്വീകാര്യമായ ഗ്രന്ഥം നസാഈ ആണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെടാനുള്ള കാരണം സ്വീകരണത്തിന് അദ്ദേഹം പുലര്‍ത്തിയ ഈ കാര്‍ക്കശ്യമാണ്.
ചില ഹദീസുകളെ കുറിച്ച് ഇമാം നസാഈ സ്വന്തം നിലപാട് വ്യക്തമാക്കുന്നതായി കാണാം. അത് സുനനു നസാഈയുടെ ഒരു പ്രത്യകതയാണ്. സുനനു തുര്‍മുദിയിലെന്ന പോലെ ഒരേ പേരുള്ള രണ്ടു റാവിമാര്‍ വരുമ്പോള്‍ അവരുടെ സ്ഥാനപ്പേരോ ഓമനപ്പേരോ ഉപയോഗിച്ച് പ്രത്യേകം വേര്തിരിക്കാന്‍ ഇമാം നസാഈയും പ്രത്യേകം ശ്രദ്ധിച്ചു കാണുന്നു.
Also Read:സുനനു ഇബ്നിമാജ
ഇമാം നസാഇയുടെ മറ്റു ഗ്രന്ഥങ്ങള്‍
നസാഇക്ക് നിരവധി ഗ്രന്ഥങ്ങളുണ്ട്. മുസ്നദു അലി, ഫദാഇലു സ്വഹാബ, അല്‍മനാസിഖ്, അദ്ദുഅഫാഅ് തുടങ്ങി പലതും. സുനനു നസാഈ തന്നെയാണ് ഏറെ പ്രസിദ്ധി നേടിയത്. അത് അല്‍മുജ്തബ എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
Leave A Comment