വര്‍ഗീയത ഏതും അപകടകരം തന്നെയാണ്.

അപരവത്കരണത്തിന്റെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയക്കളരിയായി കേരളീയ പരിസരവും മാറ്റിയെടുക്കാനുള്ള തീവ്ര ശ്രമങ്ങളാണിപ്പോള്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഫാസിസ്റ്റുകള്‍ രാജ്യവ്യാപകമായി പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ വര്‍ഗീയത ഇവിടെയും പരീക്ഷിക്കാനുള്ള നീക്കം അത്യന്തം അപകടകരവും തീര്‍ത്തും അപലപനീയവുമാണ്. എല്ലാറ്റിലും വര്‍ഗീയത ആരോപിക്കുന്നതിലൂടെ കൂടുതല്‍ രാഷ്ട്രീയലാഭം നേടാമെന്ന് ചിന്തിക്കുന്നത് ഒരുപക്ഷേ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം.

കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ നൂറ്റാണ്ടുകളായി അനിഷേധ്യമാംവിധം സ്വാധീനമുള്ളവരാണ് പാണക്കാട് സാദാത്ത് കുടുംബം. ജാതി-മത ഭേദമന്യെ മാനവ സാഹോദര്യവും ശാന്തി-സമാധാനവും ഉയര്‍ത്തിപ്പിടിച്ച അവരിലെ ഇന്നത്തെ കാരണവര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ മുസ്‌ലിം ലീഗ് കൂടി ഉള്‍പെടുന്ന യുഡിഎഫ് മുന്നണിയുടെ നേതൃത്വം സന്ദര്‍ശിക്കുന്നതും കൂടിയാലോചനകള്‍ നടത്തുന്നതും വര്‍ഗീയമായി വ്യാഖ്യാനിച്ച്, അതിനെതിരെ പ്രസ്താവനകളിറക്കുന്നത് ഗൗരവതരമായി തന്നെ കാണേണ്ടതുണ്ട്.

ആദ്യം ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെയാകും തത്പരകക്ഷികള്‍ ഉന്നംവെക്കുക. വഴിയേ മത സംഘടനകളെയും നമ്മുടെ ഗാത്രങ്ങളെ തന്നെയും അവര്‍ തേടിയെത്തിയേക്കും.

കേരളത്തിന്റെ ഭരണ ഭൂമിക മുസ്‌ലിംകള്‍ കൈയടക്കുമെന്ന തരത്തില്‍ അര്‍ത്ഥശൂന്യ പ്രസ്താവനകളിറക്കുന്നതിനു പിന്നിലെ അജണ്ട നാം തിരിച്ചറിയാതെ പോകരുത്.

54.73 % ഹിന്ദുക്കളും 26.56 % മുസ്‌ലിംകളും 18.38 ക്രിസ്ത്യാനികളും 0.300 % മറ്റു മതക്കാരുമുള്ള കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗീയത നിര്‍മിച്ചെടുക്കാന്‍ സാഹസപ്പെടേണ്ടതില്ലെന്ന് അവര്‍ വ്യാമോഹിച്ചിരിക്കാം.

മതം നോക്കി മന്ത്രിപദം വരെ നിര്‍ണയിക്കുന്ന തരത്തിലേക്ക് നമ്മുടെ രാഷ്ട്രീയാന്തരീക്ഷവും മാറുന്നത് ദൗര്‍ഭാഗ്യകരമാണ്.

വര്‍ഗീയത പ്രചരിപ്പിക്കുന്നതിനോടൊപ്പം മതനിരാസ-നിരീശ്വര യുക്തിവാദ ധാരയിലേക്ക് പുതുതലമുറയെ വലിച്ചിഴക്കുന്നവരെ തലോടി നിര്‍ത്തുന്നതിനു പകരം അവരുടെ അജണ്ടകള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ജനാധിപത്യ-ദേശസ്‌നേഹീ-ന്യൂനപക്ഷ വിഭാഗങ്ങള്‍ രംഗത്തിറങ്ങേണ്ടതുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter