ദേശീയ വിദ്യാഭ്യാസ നയം ഭാവി തലമുറയെ സങ്കുചിത കാഴ്ചപ്പാടിലേക്ക് നയിക്കരുത് - എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: കേന്ദ്രസർക്കാർ അംഗീകാരം നൽകിയ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രതികരണവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വിദ്യാർത്ഥി പ്രസ്ഥാനം എസ്കെഎസ്എസ്എഫ്. രാജ്യത്തെ ഭാവി തലമുറയുടെ വളർച്ചക്കും വികാസത്തിനും കാരണമാവേണ്ട വിദ്യാഭ്യാസ നയം സങ്കുചിത കാഴ്ചപ്പാടിലേക്ക് നയിക്കുന്നതാവരുതെന്ന് എസ് കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വിപുലമായ ചർച്ചകൾക്ക് അവസരം നിഷേധിക്കുകയും ജനാധിപത്യ മതേതര മൂല്യങ്ങളെ കുറിച്ച് നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ നയം ആശങ്ക വർധിപ്പിക്കുന്നതാണ്. അധികാര കേന്ദ്രീകരണത്തിലൂടെ ഭരണാധികാരികളുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കപ്പെടുകയും സംവരണം നിഷേധിക്കപ്പെടുകയും ചെയ്യും.

പ്രാദേശിക ഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നത് സ്വാഗതാർഹമാണ്, എന്നാൽ അന്തർദേശീയ ഇടപെടൽ സാധ്യമാക്കുന്ന വിദേശ ഭാഷകൾ നിരാകരിക്കുകയും സംസ്കൃതത്തിന് അമിത പ്രാധാന്യം നൽകുകയും ചെയ്യുന്നത് സങ്കുചിത ദേശീയത അടിച്ചേൽപ്പിക്കുന്നതിനാണ്. ഭരണഘടനയിലെ മൗലിക കടമകളെ കുറിച്ച് വാചാലമാവുകയും മൗലികാവകാശങ്ങൾ സംബന്ധിച്ച് മൗനം പാലിക്കുന്നതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് ഉയർന്ന് വരുന്ന വിമർശനങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊണ്ട് ആവശ്യമായ പുനക്രമീകരണത്തിന് കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter