ബാബരി വിധിക്ക് മുമ്പ് ഇന്ത്യന്‍ മുസ്‌ലിംകളോട് പറയാനുള്ളത്

1992 ല്‍ ബാബരി മസ്ജിദ് തകരുമ്പോള്‍ എനിക്ക് 15 വയസ്സാണ്. അന്നുമുതല്‍ കഴിഞ്ഞ 30 വര്‍ഷങ്ങളിലെ ഇന്ത്യയിലെ സാരമായ മാറ്റങ്ങള്‍ നേരിട്ട് കണ്ട, ആഘാതങ്ങളും പ്രത്യാഘാതങ്ങളും കാണുകയും അനുഭവിക്കുകയും ഏകദേശം ഇന്ത്യമുഴുക്കെ യാത്രചെയ്യുകയും അടുത്തറിയാന്‍ ശ്രമിക്കുകയും ചെയ്ത ഒരാളെന്ന നിലയില്‍തന്നെയാണ് ഞാനിത് കുറിക്കുന്നത്. ഇന്ത്യകണ്ട ഏറ്റവും വലിയ വിചാരണയും വിവാദങ്ങളും ഒക്കെ കടന്ന് സുപ്രീംകോടതി ബാബരി മസ്ജിദ് വിഷയത്തില്‍ വിധിപറയാനിരിക്കുമ്പോള്‍ മുസ്‌ലിം സമൂഹം എങ്ങനെ പ്രതികരിക്കണമെന്ന  ഒരു ആലോചനയും അതിലുപരി ആത്മാര്‍ത്ഥമായി ആഗ്രഹവും കൂടിയാണ് സത്യത്തില്‍ ഈ കുറിപ്പ്.

വരാനിരിക്കുന്ന കോടതിവിധി നമുക്ക് അനുകൂലമോ പ്രതികൂലമായോ ആയേക്കാം. രണ്ടായാലും, അത് രാമജന്മഭൂമിയാണെന്ന് വിശ്വസിക്കുന്ന, അല്ലെങ്കില്‍ രാഷ്ട്രീയലാഭങ്ങള്‍ക്ക് അതിനെ ഉപയോഗപ്പെടുത്തിയ ആളുകള്‍ ആ ലാഭങ്ങളുടെ തുടര്‍ച്ചക്ക് ആ വിധിയെയും വീണ്ടും ഉപയോഗിക്കുമെന്നതില്‍ സംശയമില്ല. 
അതേസമയം, അനുകൂലമാവുന്ന പക്ഷം മറുവിഭാഗത്തോടും പ്രതികൂലമാവുന്ന പക്ഷം രാജ്യത്തെ പരമോന്നത നീതിപീഠത്തോടും അത് നടത്തിയ വിധിപ്രസ്താവത്തോടും നാം സ്വീകരിക്കേണ്ട നിലപാട് ഏറെ ശ്രദ്ധാപൂര്‍വ്വമായിരിക്കണമെന്നതാണ് ഏറ്റവും പ്രധാനം. കാരണം, ഈ വിധിയേക്കാളേറെ ഇന്ത്യന്‍ മുസ്‍ലിംകളുടെ ഭാവിയെ ബാധിക്കുന്നത് നമ്മുടെ തുടര്‍ നിലപാടുകളായിരിക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. 
ഇതിനായി നാം ആദ്യം തീരുമാനിക്കേണ്ടത്, ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മ്മാണത്തിന് നാം നല്കേണ്ട പ്രിയോരിറ്റി (മുന്‍ഗണന) എത്രമാത്രം വേണമെന്നതാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങളും അവയില്‍നിന്ന് അടുത്ത ദശകങ്ങളിലെങ്കിലും സമൂഹത്തെ കരകയറ്റാനുള്ള മാര്‍ഗങ്ങളും അതിന്റെ സാധ്യതകളും ഒരു ഭാഗത്തും ബാബരി മസ്ജിദ് തല്‍സ്ഥാനത്ത് പുനര്‍നിര്‍മ്മിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന നേട്ടങ്ങളും നിര്‍മ്മിക്കാതിരിക്കുന്നത് കൊണ്ട് ഉണ്ടാകാവുന്ന കോട്ടങ്ങളും എന്തൊക്കെയാണെന്ന് മറുഭാഗത്തും വെച്ച് സൂക്ഷ്മമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. അപ്പോഴേ, നമുക്ക് മസ്ജിദ് നിര്‍മ്മാണത്തിന്റെ പ്രിയോരിറ്റി കൃത്യമായി നിര്‍ണ്ണയിക്കാനാവൂ.
നിലവിലെ ഇന്ത്യന്‍ സാഹചര്യം കൂടി നാം ഇതിനായി മനസ്സിലാക്കിയിരിക്കണം. ഫാഷിസ്റ്റ് ശക്തി സര്‍വ്വശക്തിയും പ്രാപിച്ച് അധികാരത്തിന്‍റെ പരമോന്നതിയിലെത്തി വാപിളര്‍ന്നു നില്‍ക്കുകയാണ്. അവരുടെ വളര്‍ച്ചയുടെ ഇന്ധനം തന്നെ മുസ്‌ലിം വിരോധവും വിദ്വേഷവും ഇസ്‌ലാമോഫോബിയയുമൊക്കെയാണ്. 
ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ ഇതരജനങ്ങളെ നമുക്ക് മൂന്നായി തിരിക്കാം. ഫാഷിസ്റ്റ് ചിന്തയുടെ പ്രചാരകരും അവരെ പിന്തുണക്കുന്നവരുമാണ് ഒരു വിഭാഗം. അവരെ നമുക്ക് മാറ്റിനിര്‍ത്താം, സദ്ബുദ്ധിയിലേക്ക് തിരിച്ചെത്താന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.   മുസ്‌ലിംകളോട് സ്നേഹവും സാഹോദര്യവും കാത്ത് സൂക്ഷിക്കുന്ന ദൈനംദിനം ചുരുങ്ങിക്കൊണ്ടിരിക്കുന്ന വിഭാഗമാണ് രണ്ടാമത്തേത്. അവരുടെ എണ്ണം ഇനിയും കുറയാതിരിക്കാന്‍ പരമാവധി ശ്രമിക്കേണ്ടത് നമ്മുടെകൂടി ബാധ്യതയാണ്. 
മൂന്നാമത്തെ വിഭാഗം ഇതിലൊന്നും കാര്യമായി താല്‍പര്യം കാണിക്കാതെ ജീവിത സാഹചര്യങ്ങളില്‍ നിന്ന് കൊണ്ട് തങ്ങളുടെ സുഖവും ദൈനം ദിന ജീവതവും മാത്രം കാണുകയും മറ്റുള്ളവയെ കേവലം ഒരു പ്രഹേളികയില്‍ നിന്ന് ബാഹ്യാത്മകമായി നോക്കിക്കാണുകയും ചെയ്യുന്ന വലിയൊരു സമൂഹമാണ്. നിലവിലെ അവസ്ഥയില്‍ ഇവരാണ് ഭൂരിപക്ഷമെങ്കിലും അവരും പതുക്കെപ്പതുക്കെ ഹെയ്റ്റ് കാമ്പയിനുകള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞേതീരൂ. ഇവരെ നമ്മുടെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ നടത്തിയെങ്കില്‍ മാത്രമേ, ഒന്നാം വിഭാഗം നടത്തുന്ന ഹെയ്റ്റ് കാംപയിനുകളെ അതിജയിക്കാനാവൂ, ഏറ്റവും ചുരുങ്ങിയത് അവര്‍ക്ക് വളം വെക്കുന്ന സമീപനങ്ങള്‍ ഇല്ലാതിരിക്കാനെങ്കിലും നാം ശ്രമിക്കേണ്ടതുണ്ട്, എന്നാല്‍ ഇന്ന് പലപ്പോഴും നമ്മുടെ ഭാഗത്ത്നിന്ന് നടക്കുന്നത് അതാണ് താനും.
ഇമോഷണല്‍ (വൈകാരിക) ബ്ലാക്ക്മെയിലിംഗ് ആണ് പലപ്പോഴും മുസ്‍ലിം സമൂഹത്തിനെതിരെ പ്രയോഗിക്കപ്പെടുന്നത്. സദുദ്ദേശപരമായ സര്‍ക്കാര്‍ ഇടപെടലുകളില്‍ പോലും ഇത് പ്രകടമാവുന്നുണ്ട്. മുസ്‍ലിംകളുടെ കാര്യത്തില്‍ ശാക്തീകരണ പ്രവര്‍ത്തനങ്ങളേക്കാളേറെ വിതരണപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇതിന്റെ ഭാഗമാണെന്ന് തോന്നിപ്പോവാറുണ്ട്. ഇത്ര ഫണ്ട് കൊടുത്തു, ഹജ്ജിന് ഇത്ര സബ്‌സിഡി കൊടുത്തു തുടങ്ങിയവയിലൂടെ മാത്രമേ മുസ്‍ലിം സമുദായത്തെ തൃപ്തിപ്പെടുത്താനാവൂ എന്ന് അവരും മനസ്സിലാക്കിവെച്ചുവെന്ന് വേണം കരുതാന്‍. 
അതേസമയം, ദുരുദ്ദേശപരമായി ഇത് ഏറെ വ്യാപകമായി പ്രയോഗിക്കപ്പെടുന്നുവെന്നത് പകല്‍വെളിച്ചം പോലെ വ്യക്തമാണ്. പ്രവാചകചിത്രം വരക്കുന്നത് മുതല്‍ സമൂഹത്തിന്റെ ന്യൂനാല്‍ന്യൂനപക്ഷത്തെ മാത്രം ബാധിക്കുന്ന മുത്തലാഖിനെ മുസ്‍ലിംകള്‍ക്കിടയിലെ ഒരു പ്രധാനപ്രശ്നമാക്കി അവതരിപ്പിക്കുകയും ശേഷം അതില്‍ കൈവെക്കുകയും ചെയ്യുന്നത് വരെയുള്ളതെല്ലാം അന്താരാഷ്ട്രതലത്തിലും രാഷ്ട്രതലത്തിലും നടക്കുന്ന അതിന്റെ വിവിധ രൂപങ്ങള്‍ മാത്രമാണ്. ഇത്തരം സംഭവങ്ങളോട് നാം വൈകാരികമായി പ്രതികരിക്കണമെന്നാണ് അവരെല്ലാം ആഗ്രഹിക്കുന്നത്. അതിലൂടെ ബാക്കിയുള്ളവരും പതുക്കെപ്പതുക്കെ മുസ്‍ലിം വിരുദ്ധരായി മാറുകയും ക്രമേണ തങ്ങള്‍ക്കനുകൂലമായ വോട്ടുകളായി അവ പരിണമിക്കുകയും ചെയ്യുമെന്ന് അവര്‍ക്ക് നന്നായി അറിയാം. 
ഏകസിവില്‍ കോഡിനെയും ഈ കോണിലൂടെ വേണം വായിക്കാന്‍. യഥാര്‍ത്ഥത്തില്‍ അത് മുസ്‍ലിംകളേക്കാളേറെ ബാധിക്കുന്നത് ഇന്ത്യയിലെ വിവിധ ഹിന്ദുക്കളെ തന്നെയാണെന്നതാണ് സത്യം. സാംസ്‌കാരികമായി വിവിധ ആചാരങ്ങള്‍ പുലര്‍ത്തുകയും പരസ്പര വിരുദ്ധമായ അനുഷ്ഠാനങ്ങള്‍ വരെ പാലിക്കുകയും (ഉദാഹരണമായി, തമിഴ്‌നാട്ടില്‍ മൃഗബലി നടത്തുന്ന നിരവധി അമ്പലങ്ങളുണ്ട്, എന്നാല്‍ മൃഗബലിയെ എതിര്‍ക്കുന്നവരും അവിടെത്തന്നെയുണ്ട്) ചെയ്യുന്ന എത്രയോ ഹൈന്ദവരുണ്ട് ഇന്ത്യയില്‍. ക്രിസ്ത്യന്‍ സമൂഹത്തെയും സിവില്‍കോഡ് സാരമായി ബാധിക്കുമെന്ന് പറയേണ്ടതില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെല്ലാം നടക്കുന്നത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന വിഷയം എന്ന നിലയിലാണ്, കാരണം അവര്‍ മാത്രമേ അതിനോട് വൈകാരികമായി പ്രതികരിക്കൂ എന്ന് ഫാഷിസ്റ്റുകള്‍ക്ക് നന്നായി അറിയാം. അതിലൂടെ, സമുദായത്തെ കൂടുതല്‍ വികൃതമായി ചിത്രീകരിക്കാന്‍ അവര്‍ക്ക് നിഷ്പ്രയാസം സാധിക്കുകയും ചെയ്യുന്നു. 
വളരെ നിഷ്പക്ഷരെന്നോ ജനാധിപത്യത്തിന്റെ വക്താക്കളെന്നോ നാം കരുതുന്നവര്‍ പോലും, മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന ആള്‍ക്കൂട്ട കൊലകളിലും സമാനകുറ്റകൃത്യങ്ങളിലും മാനുഷികപരിഗണനയെങ്കിലും നല്‍കി ഒരു വാക്ക് പോലും അതിനെതിരെ ശബ്ദിക്കാന്‍ തയ്യാറാവുന്നില്ലെന്നത് ഇതിന്റെയെല്ലാം ബാക്കിപത്രമായേ വായിക്കാനാവൂ. ഒരു ഭാഗത്ത് ഇത്തരം മനസ്സ് വളര്‍ന്നുവരുകയും കൂടെ ഹെയ്റ്റ് കാംപയിനുകള്‍ നടക്കുകയും ചെയ്യുന്ന ഇക്കാലത്ത്, ഫാഷിസ്റ്റുകളെ പൂര്‍ണമായും നിഷ്‌കാസനം ചെയ്യുന്നത് എത്രമാത്രം ദുഷ്കരമാണെന്ന് നാം തിരിച്ചറിയുകയും നമ്മുടെ നീക്കങ്ങളെയെല്ലാം അതിനനുസൃതമായി മാത്രമേ നടത്തുകയും ചെയ്യാവൂ.
ബാബരി മസ്ജിദ് ചര്‍ച്ച ചെയ്യേണ്ടതും ഇതേ ബോധതലത്തില്‍നിന്ന് കൊണ്ട് തന്നെയായിരിക്കണം. ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലൂടെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നത് ഇന്ത്യന്‍ മുസ്‍ലിംകളല്ല, ഇന്ത്യയുടെ മതേതരത്വമാണ്. അത് കൊണ്ട് തന്നെ അത് മുസ്‍ലിംകളുടെ മാത്രം പ്രശ്നമല്ല, മറിച്ച് മതേരത്വവിശ്വാസികളുടെ മുഴുവന്‍ പ്രശ്നമാണ്, അതിനെ നാം അവതരിപ്പിക്കേണ്ടതും അങ്ങനെത്തന്നെയാവണം.
മുസ്‍ലിംകളെ സംബന്ധിച്ചിടത്തോളം ബാബരി ഒരു പള്ളി മാത്രമാണ്. മൂന്ന് പള്ളികളല്ലാത്ത മുഴുവന്‍ പള്ളികളും മുസ്‍ലിംകളെ സംബന്ധിച്ചിടത്തോളം തുല്യപ്രധാനമാണ്. ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിച്ചത് കൊണ്ട് ഇന്ത്യയിലെ മുസ്‌ലിംകള്‍ സുരക്ഷിതരാണെന്നോ ഇന്ത്യയിലെ മുസ്‌ലിംകള്‍ എല്ലാം നേടിയെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. നമ്മുടെ ബാക്കിയുള്ള പള്ളികളുടെ അവസ്ഥ എന്താണ്, നിസ്‌കരിക്കാന്‍ ഒരാള്‍ പോലും വരാത്ത, തികച്ചും അന്യാധീനപ്പെട്ടു കിടക്കുന്ന നൂറ് കണക്കിന് പള്ളികള്‍ ഇന്ത്യയിലുണ്ട്. പള്ളി ആവശ്യമാണെന്ന് അറിയുക പോലും ചെയ്യാത്ത എത്രയോ മുസ്‍ലിം ഗ്രാമങ്ങളുണ്ട് നമുക്കിടയില്‍. അഥവാ, പള്ളികള്‍ക്ക് മുമ്പ് ഉണ്ടാവേണ്ടത് നിസ്കരിക്കണമെന്ന ബോധമാണ് എന്നര്‍ത്ഥം. സമൂഹത്തിന്റെ പുരോയാനത്തില്‍ നാം മുന്‍ഗണന കൊടുക്കേണ്ടതും അതിന് തന്നെ, അപ്പോള്‍ മാത്രമേ അന്തസ്സാര്‍ന്ന സമൂഹത്തിന്റെ സൃഷ്ടി സാധ്യമാവൂ. നീണ്ട 13 വര്‍ഷത്തെ പ്രബോധനപ്രവര്‍ത്തനത്തിന് ശേഷം മദീനയിലെത്തിയപ്പോള്‍ മാത്രമാണല്ലോ പ്രവാചകര്‍(സ്വ) ആദ്യപള്ളി നിര്‍മ്മിക്കുന്നത്. ഭൂമിയിലെ ആദ്യപള്ളിയായ കഅ്ബ, ബഹുദൈവാരാധകരാല്‍ അധിനിവേശം ചെയ്യപ്പെട്ട് അവിടെയുണ്ടായിട്ട് പോലും അത് ശുദ്ധീകരിക്കാനുള്ള കായികമോ വൈകാരികമോ ആയ ശ്രമം നടത്തുകയായിരുന്നില്ല അവിടുന്ന് ചെയ്തത്, മറിച്ച് നിസ്കരിക്കുന്ന സമൂഹത്തെ സൃഷ്ടിക്കാനുള്ള പ്രയത്നങ്ങളില്‍ വ്യാപൃതരാവുകയായിരുന്നു എന്നത് ഈ ചിന്തക്ക് ഏറെ ശക്തി പകരുന്നു.
അഥവാ, ഇനിയെങ്കിലും നാം വൈകാരികപ്രകടനങ്ങള്‍ മാറ്റിവെച്ച് വിവേകപൂര്‍ണ്ണമായി കാര്യങ്ങളെ കാണേണ്ടിയിരിക്കുന്നു, ബാബരി മസ്ജിദിന്റെ കാര്യത്തിലും അങ്ങനെത്തന്നെ. തെരുവുകളിലും സോഷ്യല്‍മീഡിയകളിലും ഇതരമതസ്ഥരായ സുഹൃത്തുക്കളോടുള്ള വൈയ്യക്തിക സമീപനത്തില്‍പോലും ഇനിയെങ്കിലും ഇത് നാം പാലിച്ചേ തീരൂ. കാരണം, അത്തരം നീക്കങ്ങളൊന്നും തന്നെ, ഒരു സമൂഹത്തിനും ഗുണം ചെയ്തതായി ചരിത്രത്തില്‍നിന്ന് വായിക്കാനാവുന്നില്ല. 
പകരം, കൂടുതല്‍ ക്രിയാത്മകവും നിര്‍മ്മാണപരവുമായ പ്രവര്‍ത്തനങ്ങളിലേക്ക് നാം ശ്രദ്ധ തിരിക്കുക. 80 ശതമാനം കുട്ടികളും അടിസ്ഥാന വിദ്യാഭ്യാസം പോലും നേടാത്ത, അക്ഷരങ്ങളറിയാത്തവരായി എത്രയോ ഇടങ്ങള്‍ നമ്മുടേതായി ഇന്നും ബാക്കിയുണ്ട്. റൈറ്റ് റ്റു എഡുക്കേഷന്‍, സര്‍വ്വ ശിക്ഷ അഭയാന്‍, സാക്ഷരതാമിഷന്‍ തുടങ്ങി ഈ രംഗത്തെ മുന്നേറ്റത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറെയുണ്ട്. അത് എല്ലാവര്‍ക്കും തുല്യമാണ് താനും. അത് ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ പലപ്പോഴും സര്‍ക്കാറുകള്‍ പരാജയപ്പെട്ടേക്കാം, അവിടെയാണ് നമ്മുടെ ഇടപെടലുകള്‍ ആവശ്യമായി വരുന്നത്. വിജയഭേരിയിലൂടെ മലബാറില്‍ നാം നേടിയെടുത്ത വിദ്യാഭ്യാസമുന്നേറ്റം നമുക്ക് ഈ രംഗത്തെ ഏറ്റവും വലിയ മാതൃകയും ഊര്‍ജ്ജവുമാണ്.
ഇതേ മാതൃക നാം ഇതര ഭാഗങ്ങളിലും നടപ്പില്‍ വരുത്തുകയാണ് വേണ്ടത്. സര്‍കാര്‍ സംവിധാനങ്ങളെയും പദ്ധതികളെയും പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തി സമുദായത്തെ മത-ഭൌതിക രംഗങ്ങളില്‍ വൈജ്ഞാനികമായി കൈപിടിച്ചുയര്‍ത്തുക മാത്രമാണ് പരിഹാരം, അതാവണം ഇന്ത്യന്‍ മുസ്‍ലിംകളുടെ പ്രഥമപരിഗണന. ദയൂബന്ദി, ബറേല്‍വി, അഹ്‌ലേഹദീസ് തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും നേതൃത്വങ്ങള്‍ ഇനിയെങ്കിലും പ്രഥമപരിഗണന നല്‍കേണ്ടത് ഇത്തരം ക്രിയാത്മകമായ നീക്കങ്ങള്‍ക്കായിരിക്കണം.
ഇന്ത്യയിലെ ഭരണകൂടം, അത് ഏത് പാര്‍ട്ടിയുടേതായാലും 16 കോടിയിലധികം വരുന്ന മുസ്‌ലിംകളുടേത് കൂടിയാണെന്ന ബോധം നാം സമൂഹത്തില്‍ ഊട്ടിയുറപ്പിക്കേണ്ടിയിരിക്കുന്നു. അവര്‍കൂടി നല്‍കുന്ന നികുതിപ്പണമാണ് സര്‍ക്കാറിന്റെ സാമ്പത്തികസ്രോതസ്സ്. സര്‍ക്കാര്‍ കൊണ്ടുവരുന്ന ജനക്ഷേമപദ്ധതികളെല്ലാംതന്നെ, ഭരിക്കുന്നത് ഫാഷിസ്റ്റുകള്‍ ആകുമ്പോള്‍ പോലും നമുക്ക് കൂടി അവകാശപ്പെട്ടതാണ്. അത് കൊണ്ട് വിദ്യാഭ്യാസ-തൊഴില്‍-ശാക്തീകരണ മേഖലകളിലെല്ലാം സര്‍ക്കാര്‍ സംവിധാനങ്ങളെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുകതന്നെ വേണം. അക്കാര്യം സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുകയും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാണ് നേതൃത്വം ചെയ്യേണ്ടത്.
സാധ്യമായത്ര സമാനശാക്തീകണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സമുദായത്തിന് ആവശ്യം. അതിന് ക്ഷമയോടെയും സഹനത്തോടെയും കാത്തിരിക്കേണ്ടിവരും. വരും തലമുറക്ക് വിദ്യഭ്യാസമുന്നേറ്റത്തിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുക. നിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആവശ്യമായിടങ്ങളിലെല്ലാം പടുത്തുയര്‍ത്തി ഗുണമേന്മയുള്ള വിദ്യക്ക് ഇന്ത്യയിലാകെ കളമൊരുക്കുക. സമുദായ നേതൃത്വം ഇതിന് പ്രഥമപരിഗണന നല്‍കുക,  ഉലമാക്കളും ഉമറാക്കളും ബിസിനസുകാരുമടക്കം സമുദായം മുഴുവന്‍ അതിനായി മുന്നിട്ടിറങ്ങുക. അതിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുക. 
ഇന്ത്യന്‍ മുസ്‌ലിംകളുടെ ശാക്തീകരണത്തിന് വേണ്ടി ഓരോ സ്‌റ്റേറ്റുകളിലും കഴിഞ്ഞ വര്‍ഷങ്ങളിലായി തുടക്കം കുറിച്ച പദ്ധതികള്‍ ഏറെയാണ്. അവയെയെല്ലാം വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ നമുക്കായിരുന്നുവെങ്കില്‍ സമീപഭാവിയില്‍ സമുദായത്തിന്‍റെ ചിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. ബീഹാറിലെ സ്റ്റേറ്റ് മദ്രസ ബോര്‍ഡ് പതിറ്റാണ്ടുകളായി ഒന്നാം ക്ലാസ് മുതല്‍ പി.ജിവരെയുള്ള മതപഠനത്തിന് (എട്ടാം ക്ലാസിലെ ബുസ്താനിയ്യ, പത്താം ക്ലാസിലെ ഫൗഖാനിയ്യ, പന്ത്രണ്ടാം ക്ലാസിലെ മൗലവി,  ഡിഗ്രിതലത്തിലെ ആലിം, പി.ജിതലത്തിലെ ഫാളില്‍) സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇവ അടിസ്ഥാനമാക്കി ഏത് യൂണിവേഴ്സ്റ്റികളിലും പഠിക്കാനുള്ള യോഗ്യതയും ഏത് ഗവണ്‍മെന്റ് ജോലിക്കും അപേക്ഷിക്കാനുള്ള അര്‍ഹതയുമൊക്കെ സര്‍ക്കാര്‍ ഇതിന് നല്‍കിയിട്ട് വര്‍ഷങ്ങളായി. എന്നിട്ടും ബീഹാറിലെ മുസ്‌ലിംകള്‍ എവിടെയും എത്തിയിട്ടില്ല, കാരണം, സര്‍ക്കാറുകളോട് പുറം തിരിഞ്ഞ് നില്‍ക്കുന്ന ഭൂരിഭാഗവും ശാക്തീകരണത്തിന് വേണ്ടി കൊണ്ടുവന്ന ഇത്തരം പദ്ധതികളെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന ഏതാനും പേരും ആയി അവിടത്തെ മുസ്‍ലിംകള്‍ മാറി എന്നത് തന്നെ.
ഇത്തരം ശാക്തീകരണപ്രവര്‍ത്തനങ്ങളിലൂടെ, വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ, രാഷ്ട്രനിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന ഒരു സമുദായമായി മാറാന്‍ അധികം വൈകാതെ നമുക്കും സാധ്യമാവും. 
ഇതിനെ മറ്റൊരു തരത്തില്‍ സമീപിക്കുന്നവരുണ്ടാകാം, സമാധാനത്തിന്റെ താരാട്ടുപാട്ടായും ഫാഷിസത്തിന് കീഴടങ്ങലായും കാണുന്നവരുണ്ടാവാം, അവരെ ബോധ്യപ്പെടുത്താന്‍ നമുക്ക് ശ്രമിക്കാം. ഒരിക്കലെങ്കിലും ഇന്ത്യമുഴുവനായൊന്ന് സഞ്ചരിക്കാനും ഇതരസംസ്ഥാനങ്ങളിലെ നമ്മുടെ സഹോദരങ്ങളുടെ അവസ്ഥകള്‍ നേരില്‍ കാണാനും അവരെ നമുക്ക് ക്ഷണിക്കാം, അതോടെ അവരും മാറിച്ചിന്തിക്കാതിരിക്കില്ല.
ചുരുക്കത്തില്‍ ബാബരി മസ്ജിദ് വിധി വരുന്ന വേളയില്‍, വിശിഷ്യാ അത് പ്രതികൂലമാവുന്ന സാഹചര്യത്തില്‍, അന്തസ്സാര്‍ന്ന ഭാവി സമുദായത്തെ കുറിച്ചുള്ള ഈ ശുഭസ്വപ്നങ്ങളാണ് നമുക്കുണ്ടാവേണ്ടത്. അതിനായി ഇന്ത്യന്‍ മുസ്‍ലിംകള്‍ വളരെ പക്വതയോടെ ക്രിയാത്മകമായി മാത്രം പ്രതികരിക്കുക. ഇനിയും സര്‍ക്കാറിനോടും ഭരണ സംവിധാനങ്ങളോടും പ്രതികരിക്കാന്‍ നിയമപരമായി മുന്നോട്ട് പോവാന്‍ വല്ല മാര്‍ഗങ്ങളും ബാക്കിയുണ്ടെങ്കില്‍ അവയെല്ലാം നിയമപരമായി മാത്രം ഉപയോഗപ്പെടുത്തുക. ഇതരരുടെ പ്രകോപനങ്ങളിലും കുതന്ത്രപരമായ വിദ്വേഷപ്രചാരണങ്ങളിലും വീഴാതിരിക്കുക. 
കൂടെ സമുദായത്തിന്റെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും അരയും തലയും മുറുക്കി രംഗത്തിറങ്ങുക. ഈ സമൂഹപുനസൃഷ്ടിയിലും തദ്വാരാ രാഷ്ട്രനിര്‍മ്മാണത്തിലും ഓരോരുത്തരുടെയും സജീവസാന്നിധ്യവും പങ്കാളിത്തവും  ഉറപ്പ് വരുത്താനുള്ള പ്രയത്നങ്ങള്‍ക്ക് ആക്കം കൂട്ടുക. അതിനായുള്ള അജണ്ടകള്‍ സെറ്റ് ചെയ്യാനുള്ല ചിന്തകളാവട്ടെ ഓരോ വിഭാഗവും ഒറ്റക്കും കൂട്ടമായും ഇനി മുതല്‍ നടത്തുന്നത്. 
അന്തസ്സാര്‍ന്ന അത്തരം ഒരു സമൂഹം നിലവില്‍വരുന്നതോടെ, ഒരു ബാബരി മസ്ജിദ് മാത്രമല്ല, ഇന്ത്യയിലെ മുസ്‌ലിംകളുടെ സകല മതചിഹ്നങ്ങളും മതസ്ഥാപനങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം സാഭിമാനം കൊണ്ട് നടക്കുന്ന ഭാവിതലമുറ നിലവില്‍ വരും, അതിലൂടെ മാത്രമേ അത് സാധ്യമാവുകയും ചെയ്യൂ. ആ നേട്ടം, വിദ്വേഷപ്രചാരണങ്ങളിലൂടെ നേടിയെടുക്കുന്ന അധികാരം പോലെയാവില്ല, മറിച്ച് ഏറെ മധുരതരവും സംതൃപ്തി ദായകവും സര്‍വ്വോപരി അഭിമാനകരവുമായിരിക്കും, തീര്‍ച്ച. നാഥന്‍ തുണക്കട്ടെ, ആമീന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter