ഡോ. കഫീല്‍ഖാന് വേണ്ടിയുള്ള ഹരജിയിൽ വാദം കേൾക്കൽ വീണ്ടും നീട്ടി: ഹരജി നീട്ടുന്നത് പതിമൂന്നാം തവണ
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്തതിന് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ അറസ്​റ്റ്​ ചെയ്ത സാമൂഹിക പ്രവര്‍ത്തകനും ശിശുരോഗ വിദഗ്ധനുമായ ഡോ. കഫീല്‍ഖാന് വേണ്ടി സമര്‍പ്പിച്ച ഹരജി കേള്‍ക്കുന്നത് വീണ്ടും നീട്ടി. 10 ദിവസത്തേക്ക് നീട്ടിവെക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അലഹബാദ് ഹൈകോടതി ബെഞ്ച് 14 ദിവസത്തേക്കാണ്​ നീട്ടിനല്‍കിയത്​.

ജസ്​റ്റിസുമാരായ മനോജ് മിശ്ര, ദീപക് വര്‍മ എന്നിവരടങ്ങുന്ന ബെഞ്ചാണ്​ കഫീല്‍ ഖാ​​ന്‍റെ ജാമ്യാപേക്ഷ ഈമാസം 19ലേക്ക് നീട്ടിയിരിക്കുന്നത്​. അതേസമയം ഉത്തർപ്രദേശ് സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി ഡോ കഫീൽ ഖാന്റെ കുടുംബാംഗങ്ങൾ രംഗത്തെത്തി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചുമത്തിയ ദേശ സുരക്ഷ നിയമത്തി​​ന്‍റെ (എന്‍.എസ്.എ) കാലാവധി ആഗസ്​റ്റ്​ 12ന് തീരാനിരിക്കേ അത് മൂന്നുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച്‌ അന്യായ തടങ്കല്‍ വീണ്ടും നീട്ടാനാണ് യോഗി സര്‍ക്കാര്‍ സമയം വാങ്ങിയതെന്ന് കഫീലി​​ന്‍റെ കുടുംബം കുറ്റപ്പെടുത്തി. കേസി​​ന്‍റെ രേഖകള്‍ സമര്‍പ്പിക്കാന്‍ ഇനിയും സമയം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടത്. എന്നാല്‍, രേഖകളെല്ലാം മാസങ്ങള്‍ക്ക് മുമ്പേ സമര്‍പ്പിച്ചിട്ടും ബോധപൂര്‍വം കേസ് നീട്ടിക്കൊണ്ടുപോകാനാണ്​ സമയം ചോദിച്ചതെന്ന് കഫീലി​​ന്‍റെ സഹോദരന്‍ അദീല്‍ ഖാന്‍ 'മാധ്യമം ഓണ്‍ലൈനി'നോട്​ പറഞ്ഞു.

കഫീലി​​ന്‍റെ മാതാവ്​ നുജാത്ത് പര്‍വീനാണ്​ അദ്ദേഹത്തിന്​ വേണ്ടി കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്​. ​12 തവണ മാറ്റിവെച്ച ഹരജി ചൊവ്വാഴ്ച പരിഗണിച്ചപ്പോള്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ പതഞ്ജലി മിശ്രയാണ് 10 ദിവസത്തേക്കുകൂടി നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടത്. 2020 ഫെബ്രുവരി 13നാണ് ദേശ സുരക്ഷാ നിയമം കഫീല്‍ഖാന് മേല്‍ ചുമത്തുന്നത്. മൂന്ന് മാസത്തേക്ക് വിചാരണ കൂടാതെ തടങ്കലിലിടാവുന്ന ഈ നിയമമനുസരിച്ച്‌​ മെയ് 12 വരെയായിരുന്നു ജയിലില്‍ കഴിയേണ്ടിയിരുന്നത്​. എന്നാല്‍, യു.പി പൊലീസ്​ വീണ്ടും കോടതിയെ സമീപിച്ച്‌​ ഓഗസ്റ്റ് 12 വരെ തടവുനീട്ടി. ഇത് തീരാനിരിക്കേയാണ് വീണ്ടും മൂന്നു മാസത്തേക്കുകൂടി വിചാരണയില്ലാതെ തടങ്കല്‍ നീട്ടാന്‍ ശ്രമിക്കുന്നത്.

നേരത്തെ, 2017 ആഗസ്റ്റില്‍ ഖൊരക്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ദൗർലഭ്യത മൂലം കൂട്ട ശിശുമരണം സംഭവിച്ചതുമായി ബന്ധപ്പെട്ടാണ് ഡോ. കഫീല്‍ ഖാനെ ജയിലിലടച്ചത്. സ്വന്തം വീഴ്ച മറികടക്കാനായി സ്വന്തം നിലക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച്‌ കഫീല്‍ ഖാന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കഫീല്‍ ഖാനെ യോഗി സര്‍ക്കാര്‍ ബലിയാടാക്കുകയായിരുന്നു. അങ്ങനെ കുട്ടികളുടെ മരണത്തിന് ഉത്തരവാദിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter