മ്യാന്മര്‍ നല്‍കുന്ന ജനാധിപത്യ പാഠങ്ങള്‍
ജനാധിപത്യമാണ് കഴിഞ്ഞ ഒരാഴ്ചയായി സമൂഹ മാധ്യമങ്ങളിലെ പ്രധാനപ്പെട്ട ഒരു ചര്‍ച്ചാ വിഷയം. മ്യാന്‍മറില്‍ ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ അട്ടിമറിയിലൂടെ പട്ടാളം പുറത്താക്കുകയും ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തതാണ് പുതിയ ചര്‍ച്ചകള്‍ക്ക് ആധാരം. ദീര്‍ഘ കാലം പട്ടാള ഭരണത്തിന് കീഴിലായിരുന്ന മ്യാന്മറിനെ അതില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി അഹോരാത്രം പരിശ്രമിച്ചതിന്റെ പേരില്‍ ലോകം ആദരിച്ച വനിതയാണ് ഓങ് സാന്‍ സൂചി. 2016 മുതല്‍ രാജ്യത്തെ പരമോന്നത നേതാവാണ് അവര്‍. അവരുടെ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ ലോകത്തെ ജനാധിപത്യ വിശ്വാസികള്‍ക്ക് ഒരുപാട് പ്രതീക്ഷളുണ്ടായിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന അനീതിക്കും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വര്‍ഗീയാക്രമണങ്ങള്‍ക്കും ഒരു പരിധി വരെയെങ്കിലും അറുതി വന്നേക്കാമെന്ന് വരെ പ്രതീക്ഷിച്ചു.
എന്നാല്‍, അധികാരത്തിന്റെ ശീതളിമയില്‍ അവര്‍ ജനാധിപത്യ മൂല്യങ്ങളും അഹിംസയുടെ ബാലപാഠങ്ങളും മറന്നുപോവുന്നതാണ് പിന്നീട് ലോകം കണ്ടത്. മറന്നതായി നടിക്കുകയായിരുന്നോ എന്നും സംശയിക്കാം. മര്‍ധിത ന്യൂനപക്ഷങ്ങളുടെ ആര്‍ത്തട്ടഹാസങ്ങള്‍ അവരുടെ ബധിര കര്‍ണങ്ങളിലാണ് പതിച്ചത്. പട്ടാളവും രാജ്യത്തെ ഭൂരിപക്ഷ വര്‍ഗീയവാദികളും റോഹിഗ്യന്‍ മുസ്‌ലിംകളെ കൂട്ടത്തോടെ വംശഹത്യക്കിരയാക്കുമ്പോഴും അവര്‍ മൗനം പാലിച്ചുവെന്ന് മാത്രമല്ല, തന്റെ രാജ്യത്ത് നടക്കുന്നത് വംശഹത്യയല്ലെന്ന് പറഞ്ഞ് വിഷയത്തെ ലഘൂകരിക്കാനാണ് അവര്‍ ശ്രമിച്ചത്. ഐക്യരാഷ്ട്ര സഭയടക്കമുള്ള ലോക ജനത അതിനെതിരെ ശബ്ദിച്ചപ്പോഴും സമാധാന നോബേല്‍ തിരിച്ചെടുക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ പോലും സൂചി ഒരു വാക്കുകൊണ്ട് പോലും വംശഹത്യക്കെതിരെ പ്രതികരിക്കാന്‍ തയാറായില്ല. അധികാര വടം വലികള്‍ ഇല്ലാതിരിക്കാന്‍ വേണ്ടിയായിരിക്കാം, പട്ടാളത്തിന് ഭരണത്തില്‍ നല്ലൊരു ശതമാനം പങ്കും റിസര്‍വ് ചെയ്ത് വെക്കുകയും ചെയ്തു. എന്നാല്‍, അത് നേരെ തിരിച്ച് കുത്തുന്നതാണ് ഇപ്പോള്‍ കണ്ടത്.
ചുരുക്കത്തില്‍, സൂചിയുടെ 'ജനാധിപത്യം' ഒരിക്കലും അതിനു മുമ്പുണ്ടായിരുന്ന, അവര്‍ ഒരുകാലത്ത് നിരന്തരം പോരടിച്ച് കൊണ്ടിരുന്ന പട്ടാള ഭരണത്തേകാള്‍ ഒരിക്കലും ഒന്നിലും ഭേദമായിരുന്നില്ല. മ്യാന്‍മര്‍ ജനതക്ക് സുസ്ഥിരമായ ഒരു ഭരണമോ സമാധാന വികസന കാഴ്ചപ്പാടുകളോ സംഭാവന ചെയ്യാന്‍ അതിന് സാധിച്ചില്ല. സൂചിയുടെ 'ജനാധിപത്യ' ഭരണം വേണ്ടെന്ന് മ്യാന്മറുകാര്‍ പറയുന്നെണ്ടെങ്കിലത് അവരുടെയും അവരുടെ സര്‍ക്കാറിന്റെയും പരാജയം തന്നെയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ അടക്കമുള്ള ലോകത്തെ ജനാധിപത്യവാദികള്‍ പുതിയ പട്ടാള അട്ടിമറിയില്‍ ആശങ്കയറിക്കുകയും ജനാധിപത്യ ഭരണം തിരിച്ച് കൊണ്ട് വരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. പട്ടാള ഭരണം ഒരിക്കലും ഒരു രാജ്യത്തിനും ഗുണകരമാവില്ല എന്നത് കൊണ്ട് തന്നെയാണത്. ഇത് വരെ അക്രമങ്ങള്‍ക്കിരയായിക്കൊണ്ടിരുന്ന ന്യൂനപക്ഷങ്ങളുടെ നില കൂടുതല്‍ പരിതാപകരമാവും എന്ന തിരിച്ചറിവില്‍ നിന്ന് കൂടിയാണ് ഇത്തരം പ്രതികരണങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത്.
എന്നാല്‍, ഇനിയും സൂചി തന്നെയാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ പട്ടാളത്തിന് കൂടുതല്‍ അധികാരം നല്‍കുക എന്നല്ലാതെ അവരുടെ അനീതികള്‍ക്കെതിരെയും അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെയും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ അവര്‍ക്കാവില്ലെന്നത് തീര്‍ച്ച. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് ശക്തിപകരാനോ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കാനോ അവര്‍ തയാറാവുമെന്ന് വിശ്വസിക്കാനും തരമില്ല.
ജനോപകാര പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടുന്ന, ജനാധിപത്യ മൂല്യങ്ങള്‍ക്ക് വില കല്‍പിക്കുന്ന, രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന, ഭൂരിപക്ഷ വര്‍ഗീയതക്ക് കുട പിടിക്കാത്ത ഒരു ജനായത്ത സര്‍ക്കാര്‍ മ്യാന്മറില്‍ നിലവില്‍ വരട്ടേ എന്ന് നമുക്ക് പ്രത്യാശിക്കാം.
Leave A Comment