ഹജ്ജ്  തീര്‍ത്ഥാടകരുടെ അവകാശങ്ങള്‍ അംഗീകരിച്ച് സഊദി

ഹജ്ജ് തീര്‍ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ ക്രമീകരണത്തിന് സഊദി ഹജ്ജ്്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിന്‍തന്‍ അംഗീകാരം നല്‍കി.

ഇ ട്രാക്ക് വഴി ഹജ് തീര്‍ഥാടകരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി ദുല്‍ഹജ് ഏഴിന് ഇ ട്രാക്ക് ക്ലോസ് ചെയ്യുന്നതു വരെ ഹജ്ജ് സര്‍വീസ് കമ്പനികളുടെ വരുമാനത്തിന്റെ 20 ശതമാനം ഹജ്ജ്, ഉംറ മന്ത്രാലയം കസ്റ്റഡിയില്‍ വെക്കുകയാണ് ചെയ്യുക.

ഓണ്‍ലൈന്‍ വഴി ഹജ്ജ് രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നവരുടെ പണം തിരികെ നല്‍കുന്നതിനാണ് തടഞ്ഞുവെക്കുന്ന പണം ഉപയോഗിക്കുക. ഹജ്ജ് രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നവര്‍ക്ക് പണം തിരികെ ലഭിക്കുന്നതിന് ഒരു വകുപ്പിനെയും സമീപിക്കേണ്ടിവരില്ല. ഓണ്‍ലൈന്‍ വഴി തന്നെ ഇവരുടെ പണം തിരികെ നല്‍കും.

ദുല്‍ഖഅദ് ഒന്നു മുതല്‍ ഇ ട്രാക്ക് വഴി ആഭ്യന്തര ഹജ്ജ്് തീര്‍ഥാടകരുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഹജ്ജ് തീര്‍ഥാടകരുമായി കരാറുകളിലേര്‍പ്പെടുന്നതിനു മുമ്പായി ഹജ്ജ് സര്‍വീസ് കമ്പനികള്‍ ഹജ്ജ്, ഉംറ മന്ത്രാലയത്തില്‍ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കണം. ഈ വര്‍ഷം ആഭ്യന്തര ഹജ്ജ് സര്‍വിസ് കമ്പനികള്‍ ആകെ 8.6 കോടി റിയാല്‍ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കേണ്ടിവരും.

ഹജ്ജ് സീസണ്‍ അവസാനിച്ച് ഹജ്ജ്് സര്‍വീസ് കമ്പനികളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റി വിധിക്കുന്ന പിഴകള്‍ പിടിച്ച ശേഷം മാത്രമേ ഗ്യാരണ്ടി തുക തിരികെ നല്‍കുകയുള്ളൂ. നിയമ ലംഘനങ്ങള്‍ നടത്താത്ത കമ്പനികള്‍ക്ക് ഗ്യാരണ്ടി തുക പൂര്‍ണമായും തിരികെ നല്‍കും. ഇ ട്രാക്ക് വഴി ഹജ്ജ് ബുക്കിംഗ് നടത്തി ഹജ്ജ് തീര്‍ഥാടകര്‍ അടക്കുന്ന പണം മന്ത്രാലയം പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കും. തീര്‍ഥാടകര്‍ക്ക് ഹജ്ജ് അനുമതി പത്രം ഇഷ്യു ചെയ്ത ശേഷം മാത്രമേ ഈ അക്കൗണ്ടിലെ പണം ഹജ്ജ് സര്‍വീസ് കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയുള്ളൂ.

ചില കാറ്റഗറികളിലെ തീര്‍ഥാടകര്‍ക്ക് അറഫയില്‍ പരമ്പരാഗത തമ്പുകള്‍ക്കു പകരം തീപ്പിടിക്കാത്ത തമ്പുകള്‍ ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശയും ഹജ്ജ്്, ഉംറ മന്ത്രി അംഗീകരിച്ചിട്ടുണ്ട്.

മുസ്ദലിഫയില്‍ മൊബൈല്‍ ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശവും അംഗീകരിച്ചിട്ടുണ്ട്. ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുമായും സര്‍വിസ് കമ്പനികളുടെ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട മറ്റേതാനും ശുപാര്‍ശകളും മന്ത്രി അംഗീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് 500 ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഒന്ന് എന്നോണം കരുതല്‍ ബസുകള്‍ സര്‍വീസ് കമ്പനികള്‍ ഒരുക്കി നിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

ജനറല്‍ കാറ്റഗറിയില്‍പ്പെട്ട തീര്‍ഥാടകരെ മക്കയില്‍ നിന്ന് മിനായിലും തിരിച്ചുമെത്തിക്കുന്നതിന് സര്‍വിസ് കമ്പനികള്‍ക്ക് ഈടാക്കാവുന്ന കൂടിയ നിരക്ക് ആയി 300 റിയാല്‍ നിശ്ചയിച്ചു. വിമാനത്തില്‍ യാത്രാ സൗകര്യം നല്‍കുന്നതിന് ഈടാക്കാവുന്ന കൂടിയ നിരക്ക് 2,000 റിയാലില്‍ നിന്ന് 2,200 റിയാലായി ഉയര്‍ത്തിയിട്ടുണ്ട്. ഒരുമിച്ചു കൂട്ടുന്ന പോയിന്റില്‍ നിന്ന് എയര്‍പോര്‍ട്ടിലും വിമാനത്താവളത്തില്‍ നിന്ന് പുണ്യസ്ഥലങ്ങളിലും തിരിച്ചും ഇതേപോലെ എത്തിക്കുന്നതിന് ഈടാക്കാവുന്ന കൂടിയ നിരക്കാണിത്. കുറഞ്ഞ ചെലവില്‍ ഹജ്ജ്് നിര്‍വഹിക്കുന്നതിന് അവസരമൊരുക്കുന്ന കാറ്റഗറിയില്‍ മക്കയ്ക്കു പുറത്തുനിന്ന് ബസ് മാര്‍ഗം തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളിലും തിരിച്ചുമെത്തിക്കുന്നതിന് ഈടാക്കാവുന്ന കൂടിയ നിരക്ക് 800 റിയാലുമാണ്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter