പ്രവര്‍ത്തി മാത്രമല്ല, വാക്കും നന്മയാര്‍ന്നതാവണം

സത്യവിശ്വാസിയുടെ മനസ്സും ശരീരവും ഒരു പോലെ ശുദ്ധമായിരിക്കും. പ്രവർത്തിയും സ്വഭാവവും പോലെ വാക്കും സൽഗുണ സമ്പന്നമായിരിക്കും. സ്വൽസ്വഭാവിയും സൽവൃതനുമാവണമെങ്കിൽ സൽവചനങ്ങളും അനിവാര്യമെന്നതാണ് പരമാർത്ഥം. വാമൊഴിയാവട്ടെ, വരമൊഴിയാവട്ടെ സഭ്യവും നന്മയാർന്നതുമായിരിക്കണം. സൽപ്രവർത്തനങ്ങളും സൽവചനങ്ങളും അല്ലാഹുവിലേക്ക് ഉയർത്തപ്പെടുമത്രെ. അല്ലാഹു പറയുന്നു: ഉദാത്ത വചനങ്ങൾ ആരോഹണം ചെയ്യുന്നത് അവങ്കലിലേക്കാണ്, പുണ്യകർമ്മങ്ങളെ അവൻ തന്നിലേക്കുയർത്തുന്നു (സൂറത്തുൽ ഫാത്വിർ 10). നല്ലവാക്കുകൾ അത്രമാത്രം മഹത്തരമായത് കൊണ്ടാണ് പ്രസ്തുത ഖുർആനിക സൂക്തത്തിൽ 'അല്ലാഹുവിലേക്ക് കയറിപ്പോവു'മെന്ന് പ്രത്യേകം പരാമർശിച്ചിരിക്കുന്നത്. നല്ല സംസാരം സ്വർഗത്തിന്റെ ഉത്തുംഗ പഥങ്ങളിലെത്തിക്കുമെങ്കിൽ മോശം സംസാരം നരകത്തിന്റെ പടുക്കുഴികളിലേക്ക് നിപതിപ്പിക്കുകയും ചെയ്യുന്നതാണ്.

സൽവചനമെന്നാൽ സ്രഷ്ടാവിന്റെ തൃപ്തിയിൽ സൃഷ്ടികളെ സന്തോഷിപ്പിക്കുന്ന വാക്കുകളാണ്. ദൈവതൃപ്തി കാംക്ഷിച്ച് കൊണ്ട് വാക്കുകൾ ഉരുവിടുന്നവന് അന്ത്യനാൾ വരെ ദൈവപ്രീതി രേഖപ്പെടുത്തപ്പെടുമെന്നാണ് നബിവചനം (ഹദീസ് ബുഖാരി 6478, തുർമുദി 2319). ഉദാത്തമായി മൊഴിയുന്നവന്റെ വാക്യങ്ങൾ മാലാഖമാർ വന്ന് അതിശ്രീഘം എഴുതിവെച്ച് അല്ലാഹുവിലേക്ക് ഉയർത്തുന്നതായിരിക്കും. ദിക്‌റുകളാണ് ഏറ്റവും ശ്രേഷ്ഠമായ വാക്യങ്ങൾ. നബി (സ്വ) പറയുന്നു: അല്ലാഹുവിനെ സ്മരിക്കുന്ന ദിക്‌റുകളായ തസ്ബീഹ്, തഹ്‌ലീൽ, ഹംദ് എന്നിവ തേനീച്ചകളെ പോലെ മൂളി ദൈവസിംഹാസനത്തെ ചുറ്റുന്നതായിരിക്കും. അങ്ങനെ സദാ അവ ആ ദിക് ർ ചൊല്ലിയവനെ അല്ലാഹുവിങ്കൽ ഓർമ്മിച്ചുക്കൊണ്ടിരിക്കും. തങ്ങളെ ഓർക്കുന്നതുണ്ടാവാൻ ഏതൊരാളും ആഗ്രഹിക്കുമല്ലൊ? (ഹദീസ് അഹ്മദ് 18388, ഇബ്‌നുമാജ 3809). കൂടുതലായി ദിക്‌റുകൾ ചൊല്ലിയവനെ അല്ലാഹു ആകാശലോകത്ത് മലക്കുകളുടെ അടുക്കൽ വെച്ച് സ്മരിക്കുമെന്നും ഹദീസുണ്ട് (ബുഖാരി, മുസ്ലിം). സ്വർഗപ്രവേശം അനായാസമാക്കുന്ന മന്ത്രങ്ങളാണ് ദിക്‌റുകൾ. സ്വർഗവാസികളെ ഖുർആൻ വിശേഷിപ്പിച്ചത് തന്നെ 'ഉദാത്ത സംസാരത്തിലേക്കും ശ്ലാഘ്യ പാന്ഥാവിലേക്കും നയിക്കപ്പെട്ടവരെ'ന്നാണ് (സൂറത്തുൽ ഹജ്ജ് 24).

നല്ല സംസാരത്തിന് നല്ല വശങ്ങളേയുള്ളൂ. സുകൃതങ്ങളുടെ വാതായനങ്ങളാണ് അത് തുറക്കുന്നത്. നന്മ ചെയ്യാനുള്ള പ്രേരകവും പ്രചോദനവുമാണത്. ഒരു വാക്കു കൊണ്ട് ഒരുത്തൻ നന്നായാൽ ആ നന്മയുടെ അതേ പ്രതിഫലം നന്മ അറിയിച്ചുകൊടുത്തവനും ലഭ്യമായിരിക്കും. നബി (സ്വ) സത്യമതത്തിലേക്ക് ആളുകളെ പ്രബോധനം ചെയ്തപ്പോൾ അവരത് സ്വീകരിക്കുകയുണ്ടായി. തുടർന്ന് നബി (സ്വ) പറഞ്ഞു: ഒരാൾ സന്മാർഗത്തിലേക്ക് ആളുകളെ ക്ഷണിച്ചാൽ അതിന്റെ പ്രതിഫലത്തിൽ നിന്ന് ഒട്ടുമേ കുറയാതെ അവനിക്കും ലഭിക്കുന്നതാണ് (ഹദീസ് മുസ്ലിം 2674). ഒരാൾ നമ്മോട് ചെയ്ത ഒരു പുണ്യ പ്രവർത്തിക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് നല്ലൊരു വാക്ക് പറഞ്ഞാൽ ഇനിയും ഇനിയും നല്ല കാര്യങ്ങൾ ചെയ്യാനത് അയാൾക്ക് പ്രേരകമാവും. നന്മ ചെയ്തവനിക്ക് 'ജസാക്കല്ലാഹു ഖൈറൻ' (അല്ലാഹു നിനക്ക് ഉത്തമ പ്രതിഫലം നൽകട്ടെ) എന്ന് പ്രാർത്ഥിക്കണമെന്നാണ് നബി (സ്വ) പഠിപ്പിച്ചത്. അതത്രെ ഏറ്റവും നല്ല അനുമോദനം (ഹദീസ് തുർമുദി 2035).

നല്ല വാക്കുകൾ ദേഷ്യത്തെ ശമിപ്പിക്കുന്നതാണ്. മനസ്സിന് ആശ്വാസവും സമാധാനവും പ്രദാനമേകുന്നതാണ്. നബി (സ്വ)യുടെ സമക്ഷം ഒരാൾ രോഷാകുലനായി ദേഷ്യത്താൽ മുഖമാകെ ചുവക്കുകയുണ്ടായി. അപ്പോൾ നബി (സ്വ) പറയുകയുണ്ടായി: എനിക്കൊരു വാക്യമറിയാം. അതുരുവിട്ടാൽ അയാളുടെ എല്ലാ കോപവും മാറിക്കിട്ടും. 'അഊദു ബില്ലാഹി മിന ശൈത്വാനി റജീം' എന്ന അല്ലാഹുവിനോട് പിശാചിൽ നി്ന്ന് കാവൽ തേടിക്കൊണ്ടുള്ള പ്രാർത്ഥനയാണത്് (ഹദീസ് ബുഖാരി 6115). ശ്രോതാവിന്റെ മനസ്സിൽ സ്വാധീനം ചൊലുത്തുന്നതും ആകർഷിക്കുന്നതും നല്ല സംസാരങ്ങൾ മാത്രമാണ്. അതു കൊണ്ടാണ് അല്ലാഹു മൂസാ നബി (അ)യോടും സഹോദരൻ ഹാറൂൻ നബി (അ)യോടും ഫിർഔനിനെ മയസംസാരത്തിലൂടെ സമീപിക്കാൻ കൽപ്പിച്ചത്. 'നിങ്ങളിരുവരും ഫറോവയുടെയടുത്ത് പോവുക. അവൻ ധിക്കാരിയായിക്കഴിഞ്ഞിട്ടുണ്ട്് തീർച്ച. എന്നിട്ട് നിങ്ങളിരുവരും അവനോട് മൃദുഭാഷണം നടത്തണം. അവൻ ഉപദേശം സ്വീകരിക്കുകയോ ഭയപ്പെടുകയോ ചെയ്‌തേക്കാം' (സൂറത്തു ത്വാഹാ 43, 44).

നല്ലവാക്കിനും ചീത്തവാക്കിനും വിശുദ്ധ ഖുർആനിൽ അല്ലാഹു ഉപമകൾ വിശദീകരിച്ചിട്ടുണ്ട്. ശിഖിരങ്ങൾ പന്തലിച്ച, വേരുകൾ ആഴ്ന്നിറങ്ങിയ, ഫലം നൽകുന്ന വൃക്ഷത്തോടാണ്് നല്ല വാക്കിനെ ഉപമിച്ചിരിക്കുന്നത്. അതായത് നല്ല വാക്കുകൾ ജനഹൃദയങ്ങളിൽ സ്‌നേഹവും സൗഹാർദ്ദവും വളർത്തുന്നതായിരിക്കും. അതിന്റെ ഫലം ഇഹലോകത്തും പരലോകത്തും ആസ്വദിക്കാനാവും. ഭൂമിയിൽ മൊഴിഞ്ഞ ഉത്തമ വാക്കുകൾക്ക് ആകാശത്തിൽ പ്രതിഫലം രേഖപ്പെടുത്തപ്പെടുമെന്നാണല്ലൊ. ചീത്ത വാക്കിനെ ഉപമിച്ചിരിക്കുന്നത് പിഴ്‌തെടുക്കപ്പെട്ട ഉണക്ക വൃക്ഷത്തൈയോടാണ്: 'ഒരു ഉദാത്ത വചനത്തെ അല്ലാഹു എങ്ങനെയാണ് ഉപമിച്ചിരിക്കുന്നത് എന്ന് താങ്കൾ ഗ്രഹിക്കുന്നില്ലെ . ഒരു ഉത്തമ വൃക്ഷം പോലെ. അതിന്റെ വേര്് ഭൂമിയിൽ ആഴ്ന്നിറങ്ങിയതും ശിഖിരങ്ങൾ അന്തരീക്ഷത്തിലേക്ക് ഉയർന്നു നിൽക്കുന്നതുമാകുന്നു. നാഥന്റെ അനുമതിയോടെ സർവദാ അത് ഫലദായകമായിരിക്കും. ചിന്തിച്ചു ഗ്രഹിക്കാനായി മനുഷ്യർക്ക് അല്ലാഹു ഉപമകൾ പ്രതിപാദിച്ചു കൊടുക്കുന്നു. എന്നാൽ ഒരു ഹീന വചനത്തിന്റെ ഉദാഹരണം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് പറിച്ചെടുക്കപ്പെട്ടതും നിലനിൽപ്പില്ലാത്തതുമായി ദുഷിച്ച മരം പോലെയാണ്. ഐഹിക പാരത്രിക ലോകങ്ങളിൽ ദൃഢീകൃത വചനം കൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചുനിറുത്തുകയും അക്രമികളെ അവർ ദുർമാർഗത്തിലാക്കുകയും ചെയ്യുന്നു. താൻ ഉദ്ദേശിക്കുന്നത് അല്ലാഹു പ്രവർത്തിക്കുന്നതാണ് (സൂറത്തു ഇബ്രാഹിം 24, 25, 26, 27).

നമ്മുടെ സംസാരങ്ങൾ ഏവരെയും ബഹുമാനിച്ചും പരിഗണിച്ചും കൊണ്ടായിരിക്കണം. നല്ല വാക്കുകൾ കുടുംബ അയൽപക്ക സൗഹൃദ് ബന്ധങ്ങൾ ദൃഢീകരിക്കുന്നതുമായിരിക്കും. ദാനം ചെയ്യാനോ സദാചാരമനുവർത്തിക്കാനോ ആളുകൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കാനോ ഉതകാത്ത രഹസ്യാലോചനകളിൽ നന്മയില്ലാത്തതാണെന്നാണ് അല്ലാഹു പറയുന്നത് (സൂറത്തുന്നിസാഅ് 114). ദരിദ്രർ, അശരണർ, യാചകർ, അനാഥർ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളോടും സൗമ്യമായി സംസാരിക്കാനാണ് ഇസ്ലാം ശരീഅത്തിന്റെ തേട്ടം. ഏവരോടും മാന്യമായി സംസാരിക്കുകയും നന്മക്കായി പ്രാർത്ഥിക്കുകയും ചെയ്യണം. നല്ല സംസാരം ദാനധർമ്മമെന്നാണ് പ്രവാചകാധ്യാപനം (ഹദീസ് ബുഖാരി, മുസ്ലിം). ചിലപ്പോൾ വാചിക ധർമ്മത്തിന്റെ പ്രതിഫലം ദാനധർമ്മത്തിനേക്കാളും കേമവുമാണ്. 'പീഡനമുണ്ടായിക്കൊണ്ടിരിക്കുന്ന ദാനത്തെക്കാളുത്തമം നല്ലവാക്കും വിട്ടുവീഴ്ചയുമാണ്' (സൂറത്തു ബഖറ 263).

ഓരോ വാചകങ്ങളും സൂക്ഷിച്ചുവേണം കൈകാര്യം ചെയ്യാൻ. കാരണം മനുഷ്യൻ അവന്റെ ഓരോ വാക്കിനും ഉത്തരവാദിയാണ്. ഓരോന്നിനെക്കുറിച്ചും വിചാരണ ചെയ്യപ്പെടും. അല്ലാഹു പറയുന്നു: ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെയടുത്ത് രേഖപ്പെടുത്താനൊരുങ്ങിയ നിരീക്ഷകനുണ്ടാകാതിരിക്കില്ല (സൂറത്തു ഖാഫ് 18). മനുഷ്യൻ ഉച്ചരിക്കുന്ന അല്ലെങ്കിൽ എഴുതുന്ന ഓരോ വാക്കും (ഗദ്യമായാലും പദ്യമായാലും) അവ രേഖപ്പെടുത്താനായി റഖീബ്, അതീദ് മലക്കുകളുണ്ടായിരിക്കും. വേദികളിലും വീടുകളിലും നല്ല പ്രയോഗങ്ങളാണ് നാം ഉച്ചരിക്കേണ്ടത്. അവ കേട്ടുക്കൊണ്ടാണ് നമ്മുടെ മക്കൾ വളരുന്നത്. നല്ലവാക്കുകൾക്ക് മാത്രം ചെവി കൊടുക്കാനും പ്രതികരണം നൽകാനും പഠിപ്പിക്കണം. അനാവശ്യ സംസാരങ്ങളിൽ നിന്ന് മുഖത്തിരിച്ചുക്കളയാനും ഉപദേശിക്കണം. മൗനം വിദ്വാന് ഭൂഷണമാണല്ലൊ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter