ബീഹാര്‍ തെരഞ്ഞടുപ്പ് ഫലം: നാലു പാഠങ്ങള്‍
ബീഹാറിലെ നിയമസഭ പൊതുതെരഞ്ഞെടുപ്പും മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും അവസാനിക്കുമ്പോൾ വ്യക്തമാകുന്നത് നാലു കാര്യങ്ങളാണ്.
- കോവിഡ് തളർത്തിയിട്ടും ബിജെപി മുന്നോട്ട് തന്നെ
- കോൺഗ്രസ് പിന്നെയും കൂടുതൽ ദുർബല
- ബിജെപിയുടെ തേരോട്ടത്തെ കുറച്ചെങ്കിലും പിടിച്ചു നിറുത്താൻ കഴിയുന്നത് പ്രാദേശിക പാർട്ടികൾക്കും നേതാക്കൾക്കുമാണ്.
- സ്വത്വ രാഷ്ട്രീത്തിനും നവതലമുറ രാഷ്ട്രീയത്തിനും പ്രസക്തി വർദ്ധിക്കുന്നു.
ബിജെപി മുന്നോട്ട് തന്നെ
നീതീഷിന്റെ ജനതാദൾ യുണൈറ്റഡിനെ ബഹുദൂരം പിന്നിലാക്കായി ബീഹാറിലെ ഭരണത്തിന്റെ കടിഞ്ഞാണ് കൈക്കലാക്കിയ ബിജെപി, കേന്ദ്ര-സംസ്ഥാന ഭരണ പരാജയങ്ങൾ തങ്ങളുടെ രാഷ്ട്രീയത്തെ ബാധിക്കില്ലെന്ന് വീണ്ടും തെളിയിച്ചു. മോദിയുടെ ആസൂത്രണ രഹിതമായ ലോക്ഡൌൺ ഏറെ വലച്ചത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ബീഹാറി തൊഴിലാളികളെയായിരുന്നു. എന്നിട്ടും മോദിയും യോഗിയും ഇറങ്ങികളിച്ചപ്പോൾ ബിജെപി അടിച്ചു കസറിയെങ്കിൽ മറ്റെല്ലാ പരിഗണനകൾക്കുമപ്പുറം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കുതിപ്പ് തന്നെയാണിത്.
തീവ്ര ഹിന്ദുത്വ രാഷ്ട്രീയം, ചിട്ടയായ സംഘടനാ സംവിധാനം, അണികളെ ത്രസിപ്പിച്ചു കൊണ്ട് നടക്കുന്ന പാർട്ടി നേതൃത്വം, കുറിക്ക് കൊള്ളുന്ന പിആർ സ്റ്റണ്ടുകളിലൂടെ ഉണ്ടാക്കിയെടുത്ത മോദിയുടെ നായക പരിവേഷം ഇതൊക്കെയും ബിജെപിയുടെ വിജയത്തിന്റെ പിന്നിലെ ഘടകങ്ങളാണ്.
കോൺഗ്രസ് കൂടുതൽ ദുർബല
തെരഞ്ഞടുപ്പ് ഫലങ്ങൾ രാഷ്ട്രീയമായും സംഘടനാപരമായും കോൺഗ്രസ് കൂടുതൽ ദുർബലമാകുന്നതിന്റെ സൂചനകളാണ് നല്കുന്നത്. ബീഹാറിൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് കിട്ടിയതകട്ടെ വെറും 19 സീറ്റ്. ഗുജറാത്തിലെയും മധ്യപ്രദേശിലെയും ഉപതെരഞ്ഞെടുപ്പുകളിലെ പ്രകടനം കൂടി ചേർത്താൽ ചിത്രം വ്യക്തമാണ്.
രാഹുൽ ഗാന്ധിയുടെ ഒറ്റയാൾ പോരാട്ടമോ പ്രിയങ്കയുടെ പ്രസരിപ്പോ മാത്രംകൈമുതലാക്കി ബിജെപിയെ നേരിടാന് കഴിയില്ലെന്ന് കോൺഗ്രസ്സും മതേതര സമൂഹവും എത്ര വേഗം മനസ്സിലാക്കുന്നുവോ അത്രയും നല്ലത്. മോദി-ഷാ തോളിലേറിതീവ്രഹിന്ദുത്വയിലേക്ക് ബിജെപിയുടെ കുതിപ്പ് ആറു വര്ഷം പിന്നിട്ടിട്ടും സംഘടനാ സംവിധാനം പോലും നവീകരിക്കാനോ ചിട്ടപ്പെടുത്താനോ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. പാർട്ടി ഇനിയും ഇങ്ങനെ പോയാൽ പറ്റില്ലെന്ന് പറഞ്ഞതിനു കുറെ ഇരുത്തം ചെന്ന നേതാക്കളെ വിമതരാക്കി ചിത്രീകരിക്കാനാണ് കോൺഗ്രസ് നേതൃത്വം മാസങ്ങള്‍ക്ക് മുമ്പ് മെനക്കെട്ടത്. ഒട്ടും ആദർശ പ്രതിബദ്ധതയില്ലാത്ത എപ്പോൾ വേണമെങ്കിലും സംഘപരിവാർ പാളയത്തിലേക്ക് ചേക്കേറാൻ തയ്യാറെടുത്ത് നിൽക്കുന്ന ഒരു വിഭാഗവും പാർട്ടിയുടെ പ്രകടനത്തിൽ നിരാശരായ മറ്റൊരു വിഭാഗവും സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ എന്തു ചെയ്യണമെന്ന് അറിയാത്ത നേതൃത്വവും അടങ്ങിയതാണു കോൺഗ്രസ്. പ്രാദേശിക നേതൃത്വത്തിന്റെ കരുത്തിൽ കേരളവും പഞ്ചാബും പോലുള്ള സംസ്ഥാനനങ്ങളിൽ പിടിച്ചു നിൽക്കുന്നുവെന്ന് മാത്രം.
സംഘടന സംവിധാനം ദുർബലമായ കോൺഗ്രസിന് ഇത്രയും സീറ്റ് മത്സരിക്കാൻ കൊടുത്തിരിന്നില്ലെങ്കിൽ ബീഹാറിൽ ഭരണം ഒരു പക്ഷേ മഹാസഖ്യത്തിന്റെ കയ്യിലാകുമായിരുന്നു.
തേജസ്വിയുടെ രാഷ്ട്രീയ താരോദയം
മഹാസഖ്യം ഭരണം പിടിച്ചില്ലെങ്കിലും ബീഹാർ തെരഞ്ഞെടുപ്പിലെ ‘മാൻ ഓഫ് ദി മാച്ച്’ തേജസ്വിയാണ്. പിതാവ് ലാലു പ്രസാദിന്റെ തണലിൽ നിന്നു മാറി 31 കാരനായ തേജസ്വി ബീഹാർ രാഷ്ട്രീയത്തിലെ യുവരാജാവായി മാറി. ബിജെപിയുടെ ജൂനിയർ പങ്കാളിയായി മാറിയ നീതീഷിനു ഇനി ഒരു തിരിച്ചുവരവ് എളുപ്പമല്ല. സവർണ്ണ വലതുപക്ഷ രാഷ്ട്രീയത്തിന്റെ നായകത്വം ബിജെപി ഏറ്റെടുക്കുന്നതോടെ സംഘ് വിരുദ്ധ ജനതാദൾ രാഷ്ട്രീയത്തിന്റെ ബീഹാറിലെ അമരക്കാരനായി മാറുകയാണ് തേജസ്വി യാദവ്.
250-ലധികം റാലികളിൽ പങ്കെടുത്തും ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തും അണികൾക്കു ആവേശമായി തേജസ്വി രാഷ്ട്രീയത്തിലെ തന്റെ കരുത്തുതെളിയിക്കുകയും 75 സീറ്റോടെ ഏറ്റവും വലിയ ഒറ്റ കക്ഷിയാവുകയും ചെയ്തു.പ്രാദേശിക കകക്ഷികളുടെ കരുത്തിലാണ് ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നതെന്ന യാഥാര്‍ത്ഥ്യവും ഇവിടെ വ്യക്തമാവുന്നു.
സ്വത്വ രാഷ്ട്രീയത്തിന്റെ പ്രസക്തിയും പ്രതിസന്ധിയും
ന്യൂനപക്ഷ സ്വത്വരാഷ്ട്രീയത്തിന്റെ മുന്നേറ്റമാണ് ബീഹാർ തെരഞ്ഞെടുപ്പ് നല്കുന്ന മറ്റൊരു ഫലം. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം അഞ്ചു സീറ്റ് നേടി കരുത്ത് തെളിയിച്ചു. ഉവൈസിയെ ബിജെപിയുടെ ബിടീമാമായി എണ്ണാൻ പലരും താത്പര്യം കാണിക്കുന്നത്. കോൺഗ്രസ് ഉവൈസിയെ ‘vote cutter’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തെ സഖ്യത്തിന്റെ ഏഴു അയലത്ത് അടുപ്പിക്കാൻ തയ്യാറാകാതിരുന്നവര്‍ പരാജയം രുചിച്ചപ്പോൾ മുറവിളി കൂട്ടുന്നതിൽ എന്താണർത്ഥം?
സ്വതന്ത്ര ഇന്ത്യയിലെ ന്യൂനപക്ഷ സ്വത്വ രാഷ്ട്രീയത്തിന്റെ വിജയകരമായ പരീക്ഷണമായി അവതരിപ്പിക്കപ്പെടുന്ന കേരളത്തിലെ മുസ്ലിംലീഗ് അമ്പതുകളിലും അറുപതുകളിൽ അനുഭവിച്ച അസ്പൃശ്യത ഇവിടെ കൂട്ടിവായിക്കണം. 1956 -ൽ ഐക്യ കേരളം പിറന്നുവെങ്കിലും ലീഗിന് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകാൻ 1967 വരെ കാത്തിരിക്കേണ്ടി വന്നു. കേരളരാഷ്ട്രീയത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി മാറിയതോടെയാണ് ഇതിന് കളമൊരുങ്ങിയത്.
സ്വാഭാവികമായും അത്തരം രാഷ്ട്രീയ നീക്കങ്ങൾ ഉയർന്നുവരുമ്പോൾ നിലവിലുള്ള രാഷ്ട്രീയ കൂട്ടായ്മകൾക്കു പരിക്കേൽക്കും. താൽക്കാലികമായി മതേതര രാഷ്ട്രീയ ചേരിക്ക് പ്രതിസന്ധി സൃഷ്ടിച്ചാലും ദീര്‍ഘ കാലാടിസ്ഥാനത്തില്‍ അത് ന്യൂനപക്ഷ രാഷ്ട്രീയത്തിന് പ്രസക്തി നേടികൊടുക്കും. പ്രത്യേകിച്ചും മുസ്‌ലിംകളെനിയമ നിര്‍മാണ സഭകളില്‍ നിന്നു പരമാവധിഅകറ്റിനിര്‍ത്താന്‍ സംഘപരിവാരം കോപ്പുകൂട്ടുമ്പോള്‍ ഇത് വളരെ പ്രധാനമാണ്.
മുസ്‌ലിം വിരുദ്ധ സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ അധികാരം ഇന്നൊരു ഭീഷണിയല്ല. യാഥാര്‍ത്ഥ്യമാണ്. അത്കൊണ്ടുതന്നെ അത് പറഞ്ഞു പേടിപ്പിച്ചു ഇനിയും ആരെയെങ്കിലും അന്ധമായി താങ്ങുന്നത്തിനു പകരം നിലവില്‍ ബിജെപി വിരുദ്ധ രാഷ്ട്രീയ ഭൂമികയിലെ ശൂന്യത മുതലെടുത്ത് രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് പറ്റിയ ഏറ്റവും നല്ല സമയമാണിത്. ആദര്‍ശബലവും കെട്ടുറപ്പുമുള്ള ദളിത്– ന്യൂനപക്ഷ രാഷ്ട്രീയത്തിനു മാത്രമേ ശരിയായ അര്‍ത്ഥത്തില്‍ സവര്‍ണ്ണ ഫാസിസത്തെ നേരിടാനാവൂ. മറ്റുള്ള താത്ക്കാലിക പരിഹാരങ്ങള്‍ക്കപ്പുറംഈ ദിശയിലുള്ള ബോധപ്പൂര്‍വ്വമായ നീക്കങ്ങള്‍ക്ക് ന്യൂനപക്ഷ ദളിത് രാഷ്ട്രീയ പാര്‍ട്ടികളും ചിന്തകരും മുന്‍കൈ എടുക്കണം.
Leave A Comment