ഭേദഗതിഗതി ചെയ്ത് പൗരത്വം; ജനതയെ കയ്യൊഴിഞ്ഞ് സർക്കാർ
പൗരത്വ ഭേദഗതി ബിൽ ലോക്സഭയിലും രാജ്യസഭയിലും പാസാക്കി നിയമനിർമാണം നടത്തിയിരിക്കുകയാണ്. നിയമത്തിനു മുമ്പിൽ എല്ലാവരും തുല്യരാണെന്ന ഭരണഘടനാപരമായ അവകാശത്തെ ആണ് ഈ നിയമം വഴി സർക്കാർ തകർത്തുകളഞ്ഞിരിക്കുന്നത്.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പീഡിതരായ മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകുന്നുവെന്ന പുകമറ സൃഷ്ടിച്ച് സർക്കാർ ഉദ്ദേശിക്കുന്നത് അഭയം തേടുന്നതിനെ വർഗീയ വൽക്കരിക്കാനാണ്. ബുദ്ധ, ക്രിസ്ത്യൻ, ഹിന്ദു,ജൈന, പാർസി മതവിശ്വാസികൾക്ക് ഇന്ത്യയിലേക്ക് കടന്നു വരുന്നതിനുള്ള നിയമങ്ങൾ ലഘൂകരിച്ചും മുസ്‌ലിം വിശ്വാസികളെ പൂർണ്ണമായും തഴഞ്ഞുമാണ് ഈ നിയമം നടപ്പിലാക്കുന്നത്.
ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്ന എല്ലാ ഭരണപക്ഷ അംഗങ്ങളുടെയും ശരീരഭാഷ മതപരമായ വേർതിരിവുകൾ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. പാകിസ്ഥാൻ അടക്കമുള്ള മൂന്ന് രാജ്യങ്ങളും മതേതരത്വ നിലപാടിൽ നിന്ന് ഏറെ പിന്നോക്കം നിൽക്കുന്നു എന്നാണ് ഇവരിൽ പലരും നിയമത്തിന്റെ സാധൂകരണമായി ചൂണ്ടിക്കാണിക്കുന്നത്.
ന്യൂനപക്ഷങ്ങൾ വംശീയ ഉന്മൂലന ഭീഷണി നേരിടുന്ന മ്യാൻമർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്നത് കൃത്യമായും ഈ ബില്ലിന്റെ ഗതി വരച്ചു കാണിക്കുന്നുണ്ട്. ഇരു രാജ്യങ്ങളിലും മുസ്‌ലിം മത വിശ്വാസികൾ കഠിനമായ വംശഹത്യ നേരിട്ടുകൊണ്ടിരിക്കുന്നത് നഗ്നമായ സത്യമാണ്. മുസ്‌ലിംകളെ രാക്ഷസവൽക്കരിക്കാനും പൗരത്വം നേടാനുള്ള അവരുടെ അവകാശം ഹനിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തതാണ് പൗരത്വഭേദഗതി ബിൽ എന്ന് ഇതിനാലകം ഉറപ്പിച്ചു പറയാം.
ഉദ്ദേശ്യങ്ങൾ വളരെ വ്യക്തമാണ്; രാജ്യമില്ലാത്ത, ഭരണഘടനയുടെ പരിരക്ഷയില്ലാത്ത, നിഷ്പ്രയാസം ചൂഷണം ചെയ്യാൻ സാധിക്കുന്ന ഒരു വിഭാഗത്തെ സൃഷ്ടിക്കുക. അനുദിനം വഷളായി കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ഒരു ഉപായം കൂടിയാണ് പൗരത്വ ഭേദഗതി ബിൽ. നവ ലിബറൽ സമീപനങ്ങളിലൂടെ അതിസമ്പന്നരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുക വഴി ഉണ്ടായിത്തീർന്ന മാന്ദ്യത്തിൽ നിന്നും ഇതോടെ ജനങ്ങൾ അതി വൈകാരികമായ വിഷയത്തിലേക്ക് തങ്ങളുടെ ശ്രദ്ധതിരിച്ചു. ഇത്തരം തന്ത്രങ്ങൾ തീർച്ചയായും ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രകടമായ ലക്ഷണങ്ങളാണ്. ദേശീയ പൗരത്വ പട്ടിക, അയോധ്യ വിധി, പശു സംരക്ഷണ നിയമങ്ങൾ, മുസ്‌ലിംകൾക്കും ആദിവാസികൾക്കും ദളിതർക്കുമെതിരെയുള്ള അക്രമങ്ങൾ, കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതും അതോടനുബന്ധിച്ച് കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കിയതുമെല്ലാം ഈ സർക്കാർ അധികാരമേറ്റതിനു ശേഷം വന്ന മുസ്‌ലിം വിരുദ്ധ നിയമങ്ങളാണ്. ദേശീയ പൗരത്വ പട്ടിക ആർട്ടിക്കിൾ 370 പോലെ പ്രധാനമാണെന്ന് ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ ഇതിൻറെ പ്രാധാന്യം ഇവ രണ്ടും മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ളതാണെന്നതാണ്. ദേശീയ പൗരത്വ പട്ടികക്കെതിരെ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന കടുത്ത പ്രതിഷേധം ഫാസിസ്റ്റ് വിരുദ്ധ യുദ്ധ കോണിൽ നിന്നുള്ളതാണ്. എന്നാൽ ഈ സമീപനത്തിൽ നിന്നും മാറി രാജ്യത്തെ യുവാക്കളുടെ സാമ്പത്തിക സാമൂഹിക മോചനത്തിനുള്ള സമരമായി ഇത് മാറേണ്ടതുണ്ട്. എന്നാൽ കാശ്മീരിലെ ജനങ്ങളുടെ സ്വയം നിർണ്ണയാവകാശങ്ങൾ തോക്കിൻമുനയിൽ അടിച്ചമർത്തപ്പെടുമ്പോൾ ഇത്തരം സമരങ്ങൾ വിജയത്തിലെത്തുമോ എന്നത് സംശയമാണ്. (ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സമാധാന പ്രിയരായ ഒരു കൂട്ടം ആളുകളുടെ സംയുക്ത കൂട്ടായ്മയാണ് Pipfpdindia. പൗരത്വഭേദഗതി ബില്ലിനെക്കുറിച്ച് കൂട്ടായ്മയുടെ ട്വിറ്റർ അക്കൗണ്ടിൽ വന്ന ലേഖനത്തിന്റെ വിവർത്തനമാണ് ഇത്.)
Leave A Comment