ശാസ്ത്രമായിരുന്നു എനിക്ക് എല്ലാം, അത് തന്നെ എന്നെ ഇസ്‌ലാമിലുമെത്തിച്ചു
അക്കാലത്ത് മതങ്ങളെ കുറിച്ച് എനിക്ക് വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാ മതങ്ങൾക്കും പൊതുവായി ഒരു ദൈവം മാത്രമാണുള്ളതെന്നും ദൈവത്തിലേക്ക് എത്താനുള്ള വിവിധങ്ങളായ മാർഗ്ഗങ്ങളാണ് ഓരോ മതവും പഠിപ്പിക്കുന്നതെന്നുമായിരുന്നു ഞാൻ ചിന്തിച്ചിരുന്നത്. കൗമാരകാലത്ത് മതങ്ങളെക്കുറിച്ചുള്ള എന്റെ ധാരണകളെ ഞാൻ പരിപോഷിപ്പിക്കാൻ ശ്രമിച്ചു. അക്കാലത്താണ് ശാസ്ത്രത്തിൽ എനിക്ക് വലിയ താല്പര്യം ജനിക്കുന്നത്.
എനിക്ക് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾക്കും ശാസ്ത്രമെന്റെ മുമ്പിൽ അത്ഭുതകരമായി ഉത്തരം നൽകി. ഓരോ ശാസ്ത്രീയ സത്യങ്ങളും പഠിക്കുമ്പോൾ എൻറെ മനസ്സ് സന്തോഷത്താൽ നിറഞ്ഞുകവിഞ്ഞു. എന്നെ ബോധ്യപ്പെടുത്തുന്ന രീതിയിലായിരുന്നു അവയെല്ലാം. എന്നാൽ ആയിടക്കാണ് പ്രപഞ്ചോൽപത്തിയെ കുറിച്ച് ഞാൻ പഠിക്കുന്നത്. ലോകത്തെ സർവ്വചരാചരങ്ങളും ഒരൊറ്റ വസ്തുവിൽ നിന്ന് രൂപം കൊണ്ടതാണെന്ന ശാസ്ത്രീയ അധ്യാപനം എന്നെ അത്ര സംതൃപ്തയാക്കിയില്ല. ഈ സംശയത്തിലും ആശയക്കുഴപ്പത്തിലും നിൽക്കുന്ന സമയത്താണ് ഞാൻ യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിന് ചേരുന്നത്.
ശാസ്ത്രം തന്നെയായിരുന്നു പഠനവിഷയമായി ഞാൻ എടുത്തത്. റിച്ചാർഡ് ഡോക്കിൻസ്, ക്രിസ്റ്റഫർ ഹിച്ചൻസ് എന്നിവരുടെ ഗ്രന്ഥങ്ങൾ റഫർ ചെയ്ത് മതവിശ്വാസികളെ ഞാൻ നിരന്തരമായി ചോദ്യംചെയ്തു. എന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കാതെ അവരെല്ലാം നാണം കെടുന്നത് വിജയശ്രീലാളിതയായി ഞാൻ നോക്കി നിന്നു.
ആയിടക്കാണ് യൂണിവേഴ്സിറ്റിയിൽ വെച്ച് ഞാൻ ഒരു മുസ്‌ലിമിനെ പരിചയപ്പെടുന്നത്. ജീവിതത്തിൽ അതിന് മുമ്പ് മുസ്‌ലിംകളുമായി ഞാൻ ഇടപഴകിയിട്ടുണ്ടായിരുന്നില്ല. എന്റെ ക്രിസ്ത്യൻ സുഹൃത്തുക്കളെ തറപറ്റിച്ച ചോദ്യങ്ങൾ ചോദിച്ചു ഇദ്ദേഹത്തെയും പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.
അത്ഭുതകരമെന്ന് പറയട്ടെ, ഞാൻ ചോദിച്ച മുഴുവൻ ചോദ്യങ്ങൾക്കും അദ്ദേഹം കൃത്യമായ മറുപടി നൽകി. അതോടെ എനിക്ക് ഇസ്‌ലാമിനെ കുറിച്ച് കൂടുതൽ അറിയാൻ താൽപര്യം ജനിച്ചു. ഇസ്‌ലാമിനെ സംബന്ധിച്ച ചില ചോദ്യങ്ങൾ അദ്ദേഹത്തോട് തന്നെ ചോദിക്കുവാൻ ഞാൻ തീരുമാനിച്ചു. ഞങ്ങൾക്കിടയിൽ നടന്ന സംഭാഷണം ഇങ്ങനെ കുറിക്കാം
നിങ്ങൾ പള്ളിയിൽ ഏത് വിഗ്രഹത്തെയാണ് വണങ്ങാറ്?
വിഗ്രഹത്തെ അല്ല ദൈവത്തെയാണ് വണങ്ങാറുള്ളത്
നിങ്ങൾ ആരാധിക്കുന്ന മുസ്‌ലിം ദൈവം ആരാണ്?
നിങ്ങളുടേത്, എന്റേത് എന്നോ മുസ്‌ലിമിന്റേത്, അമുസ്‌ലിമിന്റേത് എന്നോ വ്യത്യാസമില്ല. ദൈവം ഒന്ന് മാത്രമേയുള്ളൂ, അവൻ എല്ലാവരുടെയും ദൈവമാണ്.
നിങ്ങൾ ആകാശത്തേക്കാണോ പ്രാർത്ഥനകൾ നിർവഹിക്കാറുള്ളത്?
ഞങ്ങൾ പ്രാർത്ഥനകൾ ഒരു ദിശയിലേക്ക് ക്രമീകരിക്കുക മാത്രമാണ് ചെയ്യുന്നത്.
അത് ഏതെങ്കിലും പരിശുദ്ധമായ ദിശയാണോ? അല്ല, അത് മക്കയിലെ കഅബയുടെ ദിശയാണ്.
മക്കയിലെ ദൈവിക കല്ലായ കഅ്ബയെയോ?
അത് ദിവ്യത്വമുള്ള കല്ലൊന്നുമല്ല. ദിവ്യത്വം ദൈവത്തിന് മാത്രമേയുള്ളൂ. എല്ലാ മുസ്‌ലിംകളുടെയും പ്രാർത്ഥനകളെ ഒരേ ദിശയിലേക്ക് ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ ദൈവം നിര്‍ദ്ദേശിച്ച ദിശ അതാണെന്ന് മാത്രം.
ഈ ഉത്തരങ്ങളെല്ലാം എന്റെ മനസ്സിൽ ആഴ്ന്നിറങ്ങി. മതങ്ങൾ എല്ലാം മനുഷ്യർ ഉണ്ടാക്കിയതാണെന്ന ധാരണ വെച്ച് പുലർത്തിയ എനിക്ക്, ഇസ്‍ലാം അതില്‍നിന്ന് വ്യത്യസ്തമാണെന്ന് തോന്നിത്തുടങ്ങി.
ഇസ്‌ലാമിനെ കുറിച്ച് കൂടുതൽ അറിയാൻ ഞാൻ അദ്ദേഹത്തോട് ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹം എനിക്ക് നിരക്ഷരനായിരുന്ന പ്രവാചകൻ മുഹമ്മദ് (സ്വ) യെ കുറിച്ചും പ്രവാചകന് അല്ലാഹു ഇറക്കി കൊടുത്ത പരിശുദ്ധ ഖുർആനെ കുറിച്ചും പറഞ്ഞു തന്നു. ഇതെല്ലാം മനസ്സിലാക്കിയപ്പോൾ മുമ്പ് ശാസ്ത്രീയ സത്യങ്ങൾ മനസ്സിലാക്കുമ്പോൾ ഉള്ള ആത്മസംതൃപ്തി കൈവന്നു. ഈ നിയമങ്ങളും സന്ദേശങ്ങളും കൈമാറിയവനാരോ അവൻ ഏറ്റവും വലിയ ഉന്നതനാണെന്ന് എനിക്ക് ബോധ്യപ്പെട്ടു, അൽഹംദുലില്ലാ, താമസിയാതെ സത്യ മതത്തിന്റെ സുന്ദര പാതയിലൂടെ ഞാനും പ്രയാണമാരംഭിച്ചു.
എനിക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തി തന്ന, എനിക്ക് എല്ലാം നൽകിയ ആ വ്യക്തിയുടെ ജീവിതത്തിലേക്കും ഞാൻ നടന്നു കയറി. ഇന്ന് ഞങ്ങള്‍ ഏറെ സന്തോഷത്തോടെ ജീവിക്കുന്നു. ജീവിതത്തിലും ജീവിത വീക്ഷണത്തിലും ഏറെ സംതൃപ്തയാണ് ഞാന്‍. ശാസ്ത്രത്തിനും കേവലയുക്തിക്കും നല്‍കാനാവാത്ത വല്ലാത്തൊരു സംതൃപ്തി. അത് പറഞ്ഞറിയിക്കുന്നതിനേക്കാള്‍ അനുഭവിച്ച് ആസ്വദിച്ചറിയുക തന്നെ വേണം.
Leave A Comment