ആഇശ ബീവിയുടെ വിവാഹ പ്രായം: വസ്തുതയെന്ത്?

വിവാഹ സമയത്ത് ആഇശ ബീവിയുടെ വയസ്സുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നുണ്ട്. മാസങ്ങള്‍ക്കു മുമ്പ് പ്രബോധനം വാരികയില്‍ എം.വി. മുഹമ്മദ് സലീം എന്ന വ്യക്തി ഒരു ശൈശവ വിവാഹത്തിന്റെ കഥ എന്ന പേരില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. അത് സോഷ്യല്‍മീഡിയയിലും മറ്റുമൊക്കെ പ്രചരിപ്പിക്കപ്പെടുകയും ചില പ്രഭാഷകരൊക്കെ അതിന് സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍, സ്വഹീഹുല്‍ ബുഖാരിയില്‍ വളരെ വ്യക്തമായി ആഇശ ബീവിയില്‍നിന്നുതന്നെ ഉദ്ധരിക്കുന്ന ഹദീസില്‍നിന്ന് നബി തങ്ങള്‍ അവരെ വിവാഹം കഴിക്കുമ്പോള്‍ ആറു വയസ്സായിരുന്നുവെന്നും നബിയോടൊത്ത് ജീവിതമാരംഭിക്കുമ്പോള്‍ ഒമ്പത് വയസ്സായിരുന്നുവെന്നതും വ്യക്തമാണ്.

ബുഖാരിയുടെ ഈ ഹദീസ് അകാരണമായി തള്ളുകയും അന്യായമായി അവഗണിക്കുകയും ചെയ്യുന്ന പ്രവണത ഈ വിഷയത്തില്‍ കാണുന്നുണ്ട്. ഇത് വളരെ തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നത്. ഒന്ന്, മതപരമായി ഇസ്‌ലാമിന്റെ പല നിയമങ്ങള്‍ക്കും രേഖയായി പരിഗണിക്കപ്പെടുന്ന സ്വഹീഹുല്‍ ബുഖാരിയില്‍ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നതാണ് ഇത് നല്‍കുന്ന ഒരു സന്ദേശം. രണ്ട്, പതിനാലു നൂറ്റാണ്ടായി മുസ്‌ലിംകള്‍ ഏകകണ്ഠമായി അംഗീകരിക്കുന്ന ചരിത്ര സംഭവങ്ങള്‍ക്ക് ഇക്കാലത്ത് ജീവിക്കുന്ന ഒരു ചരിത്രകാരന് തിരുത്താന്‍ മാത്രമുള്ള ആധികാരികതയേ ഉള്ളൂ. മൂന്ന്, നബിയുടെ സ്വകാര്യ ജീവിതവുമായി മുസ്‌ലിംലോകത്തെ ബന്ധിപ്പിക്കുന്ന ഹിശാം ബിന്‍ ഉര്‍വ (റ) ന്റെ വാര്‍ദ്ധക്യ സഹജമായ ന്യൂനതകള്‍ ഇസ്‌ലാമിക അധ്യാപനങ്ങളെ ബാധിച്ചു. നാല്, നബിയുടെ ചരിത്ര രചനയില്‍ മുസ്‌ലിം ലോകത്ത് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. ഈ നാല് തെറ്റായ സന്ദേശങ്ങളാണ് യഥാര്‍ത്ഥത്തില്‍ ആഇശ ബീവിയുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലൂടെ സംഭവിച്ചിട്ടുള്ളത്. പ്രവാചക വചനങ്ങളുടെയും ആധികാരിക ചരിത്ര സംഭവങ്ങളുടെയും സത്യസന്തതയില്‍ സംശയം ജനിപ്പിക്കുന്നതിലൂടെ ഈ ലേഖകന്‍ ഇസ്‌ലാമിന്റെ ആധികാരികതക്കുതന്നെ ക്ഷതം ഏല്‍പിച്ചിരിക്കുകയാണ്.

യഥാര്‍ത്ഥത്തില്‍, എന്താണ് വസ്തുതയെന്ന് നമുക്ക് നോക്കാം. സ്വഹീഹുല്‍ ബുഖാരിയിലും മറ്റു ഹദീസ് ഗ്രന്ഥങ്ങളിലും വളരെ വ്യക്തമായി നിരവധി തവണ ആവര്‍ത്തിച്ചുവന്ന ഒരു കാര്യമാണ് ആഇശ ബീവിക്ക് വിവാഹ പ്രായം നബിയുമായി വിവാഹം കഴിക്കുമ്പോള്‍ ആറു വയസ്സായിരുന്നു എന്ന സംഗതി. ഹദീസില്‍ വിവാഹ സമയത്ത് ആഇശ ബീവിയുടെ പ്രായം ആറു വയസ്സാണ് എന്നത് വ്യക്തമാണ്. സ്വഹീഹുല്‍ ബുഖാരിയുടെ പസിദ്ധമായ വ്യാഖ്യാനങ്ങളിലൊന്നും ഇതിനെ നിരൂപിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഇല്ലെന്നു മാത്രമല്ല, ഇതിനെ കൂടുതല്‍ വ്യക്തമാക്കുകയാണ് ചെയ്തത്. നബിയുടെ ചരിത്രം പറയുന്ന ആധികാരിക ചരിത്ര ഗ്രന്ഥങ്ങളായ സീറത്തു ഇബ്‌നി ഹിശാമിലും അല്‍ ബിദായ വന്നിഹായയിലും വിവാഹ സമയത്ത് ആഇശ ബീവിയുടെ പ്രായം ആറ് അല്ലെങ്കില്‍ ഏഴ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആധുനിക ചരിത്രകാരന്മാരും ഇതുതന്നെയാണ് പ്രസ്താവിച്ചിരിക്കുന്നത്.

അല്ലാമാ ശിബ്‌ലി നുഅ്മാനി പറയുന്നു: നുബുവ്വത്തിന്റെ നാലാം വര്‍ഷത്തിനു ശേഷം ജനിച്ചു. നുബുവ്വത്തിന്റെ പത്താം വര്‍ഷം പ്രവാചകരുമായി വിവാഹം നടന്നു. അപ്പോള്‍ മഹതിക്ക് ആറു വയസ്സായിരുന്നു (സീറത്തുന്നബി, വോള്യം: 2, പേജ്: 324). ആഇശ ബീവിയുടെ ജീവചരിത്രം രചിച്ച സയ്യിദ് സുലൈമാന്‍ നദ്‌വിയും ഇങ്ങനെയാണ് പ്രസ്താവിച്ചിട്ടുള്ളത്: വിവാഹം നടക്കുമ്പോള്‍ ആഇശ ബീവിക്ക് ആറു വയസ്സായിരുന്നു (സീറത്തു ആഇശ, പേജ്: 25). വിവാഹ സമയത്ത് ആഇശ ബീവിക്ക് പ്രായപൂര്‍ത്തി എത്തിയിരുന്നുവെന്ന വാദത്തെ വളരെ ശക്തമായി സയ്യിദ് സുലൈമാന്‍ നദ് വി തന്റെ ഗ്രന്ഥത്തില്‍ ഖണ്ഡിക്കുന്നുണ്ട്. ആയിശ ബീവിക്ക് വിവാഹ സമയത്ത് ആറും നബിയോടൊത്ത് ജീവിതം തുടങ്ങുമ്പോള്‍ ഒമ്പത് വയസ്സുമായിരുന്നുവെന്ന് സ്വഹീഹുല്‍ ബുഖാരി ഉള്‍പ്പടെ നിരവധി ഹദീസ് ഗ്രന്ഥങ്ങളിലും ആധികാരിക ചരിത്ര ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മാത്രമല്ല, മുസ്‌ലിം ലോകത്ത് തലമുറകളായി പറഞ്ഞുവരുന്നതും അങ്ങനെയാണ്.

ഇതിനെതിരെ വിവാഹ സമയത്ത് പതിനഞ്ചും ദാമ്പത്യം തുടങ്ങുമ്പോള്‍ പതിനെട്ടുമാണെന്ന വാദത്തിന് തെളിവായി പ്രധാനമായും നാലു കാര്യങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ഒന്ന്, ആയിശ ബീവിക്ക് സഹോദരി അസ്മ ബീവിയെക്കാള്‍ പത്ത് വയസ്സ് കുറവാണ്. അസ്മാഅ് ബീവിക്ക് നബിയുടെ ഹിജ്‌റ വേളയില്‍ 27 വയസ്സായിരുന്നു. അപ്പോള്‍ ഹിജ്‌റ സമയത്ത് ആഇശ ബീവിയുടെ പ്രായം 17, വിവാഹ സമയത്ത് 15. ഇങ്ങനെയാണ് വാദം. ഇതിന്റെ മറുപടി: ഹിജ്‌റ സമയത്ത് അസ്മാഅ് ബീവിയുടെ വയസ്സ് 27 എന്നത് ശരിയാണ്. എന്നാല്‍, രണ്ടു പേരുടെയും വയസ്സിലെ വ്യത്യാസം പത്തായിരുന്നുവെന്നതിന് സ്വഹീഹുല്‍ ബുഖാരിയെയും ആധികാരിക ചരിത്ര ഗ്രന്ഥങ്ങളെയും മറികടക്കുന്ന യാതൊരു രേഖയുമില്ല. രണ്ടാമത്തെ വാദം, സ്വഹീഹുല്‍ ബുഖാരിയുടെ 2297 ാം നമ്പര്‍ ഹദീസില്‍ ആഇശ (റ) പറയുന്നു: ദീന്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേ എനിക്ക് എന്റെ മാതാപിതാക്കളെ ഓര്‍മയുള്ളൂ. രാവിലെയും വൈകുന്നേരവും നബി തങ്ങള്‍ ഞങ്ങളുടെ അടുത്ത് വരാത്ത ഒരു ദിവസവും കടന്നുപോയിരുന്നില്ല. അങ്ങനെ, മുസ്‌ലിംകള്‍ക്ക് പരീക്ഷണമനുഭവപ്പെട്ടപ്പോള്‍ അബൂബക്കര്‍ (റ) ഹബ്ശയുടെ ഭാഗത്തേക്ക് മുഹാജിറായി പുറപ്പെട്ടു. നുബുവ്വത്തിന്റെ അഞ്ചാം കൊല്ലമാണ് ഹബ്ശയിലേക്ക് ഹിജ്‌റ നടന്നത്. നുബുവ്വത്തിന്റെ നാലാം വര്‍ഷമാണ് ആഇശ (റ) ജനിച്ചതെങ്കില്‍ രണ്ടു വയസ്സ് മാത്രം പ്രായമായ ബീവി ഇതെങ്ങനെ ഓര്‍ത്തെടുക്കുമെന്നതാണ് ചോദ്യം.

ഇതിനുള്ള മറുപടി: വിവാഹ സമയത്ത് ആറു വയസ്സായിരുന്നുവെന്ന സ്വഹീഹുല്‍ ബുഖാരിക്കെതിരെ വയസ്സിനെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലാത്ത നിഗമനമാണ് അവതരിപ്പിക്കുന്നത്. ഹിജ്‌റയുടെ അഞ്ചാം വര്‍ഷം ഹബ്ശയിലേക്കുള്ള ആദ്യ സംഘമാണ് പോയത്. അബൂബക്കര്‍ (റ) പുറപ്പെട്ടതും വഴിയില്‍ വെച്ച് മടങ്ങിയതും ഇതേ വര്‍ഷമാണെന്നതിന് തെളിവ് വേണം. മാത്രമല്ല, മേല്‍ ഹദീസിന്റെ ബാക്കി ഭാഗത്തിന്റെ ചുരുക്കമിതാണ്: ഇബ്‌നു ദ്ദഗ്‌ന എന്ന വ്യക്തി അബൂബക്കര്‍ (റ) വിന് അഭയം നല്‍കുകയും കുറേപേര്‍ അദ്ദേഹത്തിന് സ്വകാര്യമായി ആരാധനകള്‍ നടത്താന്‍ സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍, പിന്നീട് അബൂബക്കര്‍ (റ) വീടിനോടനുബന്ധിച്ച് ഒരു മസ്ജിദ് നിര്‍മിക്കുകയും അതില്‍ ആരാധനകള്‍ നടത്തുകയും ചെയ്തു. ഇതറിഞ്ഞ് ഖുറൈശികള്‍ ഇബ്‌നു ദ്ദഗ്‌നയോട് പരാതി പറയുകയും അദ്ദേഹം അഭയം പിന്‍വലിക്കുകയും ചെയ്തു. ഇതറിഞ്ഞ് നബി തങ്ങള്‍ മദീനയിലേക്ക് ഹിജ്‌റ പോകാനുള്ള അനുവാദം ലഭിച്ച കാര്യം അറിയിക്കുകയും സ്വഹാബിമാര്‍ അവിടേക്കു ഹിജ്‌റ പോവുകയും ചെയ്തു. ഹബ്ശയിലേക്കുള്ള ഹിജ്‌റ അഞ്ചാം വര്‍ഷവും മദീനയിലേക്കുള്ള ഹിജ്‌റ പതിമൂന്നാം വര്‍ഷവുമാണല്ലോ. എന്നാല്‍, അബൂബക്കര്‍ (റ) ഹബ്ശയിലേക്ക് പുറപ്പെട്ടതിന്റെയും മദീനയിലേക്ക് ഹിജ്‌റ പോയതിന്റെയും ഇടയില്‍ എട്ടു വര്‍ഷത്തെ ഇടവേള ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണെന്ന് ഈ ഹദീസ് പൂര്‍ണമായും നോക്കുമ്പോള്‍ മനസ്സിലാകും. മറ്റൊരു കാര്യം, മൂന്നാം വയസ്സില്‍ നടന്ന സംഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നതില്‍ ആയിശ ബീവിക്കുള്ള അപാരമായ ഓര്‍മശക്തിയില്‍ അല്‍ഭുതപ്പെടാനില്ല എന്നതാണ്.

മൂന്നാമത് ഈ വിഷയത്തില്‍ ഉന്നയിക്കപ്പെട്ടത്: ബദറിലും ഉഹ്ദിലും രണാങ്കണത്തില്‍ ശഹീദായവര്‍ക്ക് സേവനം ചെയ്ത ഉമ്മു സുലൈം, ഉമ്മു അമ്മാറ എന്നിവര്‍ക്കൊപ്പം ആഇശ ബീവിയും ഉണ്ടായിരുന്നു. പത്തു വയസ്സുകാരിക്ക് യുദ്ധക്കളത്തില്‍ സേവനം ചെയ്യാനാവില്ല. അനസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ആയിശ (റ) വെള്ളം നിറച്ച ആട്ടിന്‍ തോല്‍ ചുമലില്‍ വെച്ച് പരിക്കേറ്റ സൈനികര്‍ക്ക് ദാഹ ജലം നല്‍കാന്‍ ഓടുന്നത് വിവരിച്ചിട്ടുണ്ട്. ഓടാന്‍ വേണ്ടി പാവാട മാടിക്കുത്തിയതിന് കാലിലെ തളകള്‍ കാണാമായിരുന്നുവെന്ന് അദ്ദേഹം വിവരിക്കുന്നു. ആട്ടിന്‍ തോല്‍ നിറയെ വെള്ളം നിറച്ച് പൊക്കാന്‍ നല്ല ശക്തി വേണം. അത് ചുമന്ന് ഓടാന്‍ ഒമ്പതോ പത്തോ വയസ്സ് പ്രായമുള്ളവര്‍ക്കാവില്ല. ഇതാണ് ആയി ബീവിയുടെ പ്രായവുമായി ബന്ധപ്പെട്ട് ഉള്ള മറ്റൊരു വിമര്‍ശനം. ബുഖാരിയില്‍ വളരെ വ്യക്തമായി ആറു വയസ്സ് എന്ന് കാണിച്ചതിന് എതിരെ പറയാനുള്ള ഒരു തെളിവും ഈ സംഭവത്തിലില്ല. കാരണം ആട് എന്നു പറയുന്നത് അതിന്റെ ഇറച്ചി ഒഴിവാക്കി തോല് മാത്രമുള്ള ഭാഗമെടുത്ത് അതില്‍ വെള്ളം നിറച്ച് ഉപയോഗിക്കുന്നതാണ് തോല്‍പാത്രം എന്നു പറയുന്നത്. ഇത് പത്തു വയസ്സുള്ളവര്‍ക്ക് വഹിക്കാനും ചുമന്ന് ഓടാനും കഴിയും എന്നുള്ളത് ശരിക്ക് അത് കണ്ടവര്‍ക്ക് മനസ്സിലാക്കാനാകുമെന്ന വിഷയത്തില്‍ സംസയമില്ല. അത് വെറുതെയൊരു തെറ്റിദ്ധാരണ സൃഷ്ടിക്കാനായുള്ളൊരു നിഗമനം മാത്രമാണ്.

നാലാമത്തെ കാര്യം, വിശുദ്ധ ഖുര്‍ആനിലെ 54 ാമത്തെ അധ്യായമായ സൂറത്തുല്‍ ഖമര്‍ അവതരിച്ചത് ആയിശ (റ) വ്യക്തമായി ഓര്‍ക്കുന്നുവെന്നതാണ്. താന്‍ കളിച്ചുനടക്കുന്ന പ്രായത്തിലായിരുന്നു സൂറത്തുല്‍ ഖമര്‍ ഇറങ്ങിയത് എന്ന ബുഖാരിയിലുള്ള ഹദീസാണ് ഇതിനായി തെളിവ് പറയുന്നത്. ഇതില്‍, പ്രബോധനത്തില്‍ ലേഖകന്‍ സൂറത്തുല്‍ ഖമര്‍ അവതരിച്ചത് നുബുവ്വത്തിന്റെ നാലാം വര്‍ഷമാണെന്ന കാര്യം നിസ്തര്‍ക്കമാണെന്ന് പറയുന്നുണ്ട്. വലിയൊരു അബദ്ധമാണ് യഥാര്‍ത്ഥത്തില്‍ ഈ ലേഖകന്‍ ചെയ്തിരിക്കുന്നത്. സൂറത്തുല്‍ ഖമര്‍ ഇറങ്ങുന്നത് നബിയോട് മക്കാ മുശ് രിക്കുകള്‍ ഒരു ദൃഷ്ഠാന്തമാവശ്യപ്പെട്ടപ്പോള്‍ ചന്ദ്രനെ പിളര്‍ത്തിക്കാണിച്ചുകൊടുത്തു. അതിനു ശേഷമാണ് വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുല്‍ ഖമര്‍ അവതരിക്കുന്നത്. ഇത് എന്നാണെന്നതിനെക്കുറിച്ച് ഫത്ഹുല്‍ ബാരിയില്‍ പറയുന്നത് ഹിജ്‌റയുടെ അഞ്ചു വര്‍ഷം മുമ്പ് എന്നാണ്. അതുപോലെ, റൂഹുല്‍ മആനിയിലെ സൂറത്തുല്‍ ഖമറിന്റെ വിശദീകരണത്തില്‍ കാണുന്നുണ്ട് ഇത് ഹിജ്‌റയുടെ അഞ്ചു വര്‍ഷം മുമ്പായിരുന്നുവെന്ന്. അപ്പോള്‍, ആഇശ ബീവിക്ക് നാലു വയസ്സ് പൂര്‍ത്തിയായി അഞ്ചാമത്തെ വയസ്സില്‍ നില്‍ക്കുമ്പോഴാണ് ഈ സൂറത്തുല്‍ ഖമര്‍ ഇറങ്ങുന്നത്. അപ്പോള്‍, ആഇശ ബീവിക്ക് ഓര്‍ത്തെടുക്കാന്‍ പ്രയാസമുള്ള യാതൊരു പ്രായവും ആവുകയില്ല. സൂറത്തുല്‍ ഖമര്‍ നുബുവ്വത്തിന്റെ നാലാം വര്‍ഷം ആഇശ ബീവി ജനിക്കുന്നതിന്റെ മുമ്പ് ഇറങ്ങി എന്നു പറയുന്നത് യഥാര്‍ത്ഥത്തില്‍ വലിയൊരു അബദ്ധമാണ്. ആധികാരിക ഗ്രന്ഥങ്ങളോട് വിയോജിക്കുന്ന ഒരു അഭിപ്രായമാണ്.

പിന്നെ, ആയിശ ബീവിക്കെതിരെ ആരോപണമുയര്‍ന്ന സംഭവം നടക്കുന്നത് ഹിജ്‌റ ആറാം വര്‍ഷമാണ്. ഹിജ്‌റയുടെ ആറാം വര്‍ഷം നടക്കുന്ന സംഭവത്തില്‍ ആയിശ ബീവി പറയുന്നത്, ഞാന്‍ ആ സമയത്ത് ചെറിയൊരു കുട്ടിയായിരുന്നുവെന്നാണ്. വ കുന്‍തു ജാരിയത്തന്‍ ഹദീസത്ത സ്സിന്നി എന്നാണ് ഇവിടെ പ്രയോഗിച്ചത്. ഞാന്‍ പ്രായം കുറഞ്ഞ ഒരു കുട്ടിയായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ബുഖാരി ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അപ്പോള്‍, നുബുവ്വത്തിന്റെ ഒരു വര്‍ഷം മുമ്പ് ആയിശ ബീവി ജനിച്ചിരുന്നുവെങ്കില്‍ ഈ സമയത്ത് ഒരു ജാരിയത്ത് എന്നു പറയാന്‍ പറ്റില്ല. ഇരുപത് വയസ്സുള്ള ഒരു യുവതിയായിരിക്കും ആ സമയത്ത്. അപ്പോള്‍ ഈ ഹദീസും ശരിയല്ലെന്ന് പറയേണ്ടി വരും. ആയതിനാല്‍, ആയിശ ബീവിയുടെ വിവാഹ പ്രായം ആറായിരുന്നുവെന്നതിന് ഈ ഹദീസും തെളിവായി നമുക്ക് മനസ്സിലാക്കാവുന്നതാണ്.

ചുരുക്കിപ്പറഞ്ഞാല്‍, ആഇശ ബീവിയുടെ വയസ്സുമായി ബന്ധപ്പെട്ടുള്ള ഈ തെറ്റിദ്ധാരണ അത് വിവാഹ പ്രായത്തിലെ വയസ്സ് കൂട്ടണം എന്ന് ആഗ്രഹിക്കുന്ന ആളുകളാണ് യഥാര്‍ത്ഥത്തില്‍ ഉന്നയിച്ചിട്ടുള്ളത്. അത് നബി തങ്ങള്‍ ആറാമത്തെ വയസ്സില്‍ ആയിശ ബീവിയെ വിവാഹം ചെയ്തത് ശരിയായില്ല എന്നൊരു തോന്നലില്‍നിന്നാണ് യഥാര്‍ത്ഥത്തില്‍ ഈയൊരു അഭിപ്രായമുണ്ടാകുന്നത്. പതിനൊന്നു ഭാര്യമാരെ പ്രവാചകര്‍ വിവാഹം ചെയ്തിരുന്നുവെന്നതിനെക്കുറിച്ച് കൂടുതല്‍ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ ഇതുപോലെയുള്ള ആളുകള്‍ അത് പതിനൊന്നല്ല എന്ന് കുറക്കാനുള്ള ശ്രമവും ഇതുപോലെ സാധ്യതയുണ്ട്. ആധുനിക സമൂഹത്തിനനുസരിച്ച് ഇസ്‌ലാമിനെ മാറ്റിക്കൊണ്ടുവരാനുള്ള വളരെ ദുഷ്ടമായ ഒരു ശ്രമത്തിന്റെ ഭാഗമാണ് ഇത് എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.

പ്രായത്തിന്റെ യുക്തി തേടുന്ന മനസ്സുകള്‍

എന്തിലും യുക്തി കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പ്രവാചക വിവാഹങ്ങളെയും യുക്തിക്ക് ശരിപ്പെടുംവിധം വക്രീകരിക്കാന്‍ ചിലരെ നിര്‍ബന്ധിച്ചിരിക്കുന്നത്. ഇത് തികച്ചും വങ്കത്തരമാണ്. കാരണം, നാം മുമ്പ് സൂചിപ്പിച്ചപോലെ ബുഖാരിയില്‍ വ്യക്തമായി വന്നതും കാലാന്തരങ്ങളിലൂടെ നാം വിശ്വസിച്ചുവരുന്നതുമായ വസ്തുതയാണത്. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രബോധനമാണ് ഈ പുതിയ വാദവുമായി വന്നിരിക്കുന്നത്. എന്നാല്‍, നേരത്തെ അവര്‍ പ്രസിദ്ധീകരിച്ച സുലൈമാന്‍ നദ്‌വിയുടെ പുസ്തകത്തിലും ഇസ്‌ലാമിക വിജ്ഞാന കോശത്തിലും ആറാം വയസ്സിലാണ് വിവാഹം നടന്നതെന്നും ഒമ്പതാം വയസ്സിലാണ് വീട് കൂടിയതെന്നും കൃത്യമായി എഴുതിയിട്ടുമുണ്ട്.

പിന്നെ, ഇവിടെ സംശയമുന്നയിച്ചിരിക്കുന്നത് ശൈശവ വിവാഹമെന്ന ആശയവുമായി ബന്ധപ്പെട്ടാണ്. ആധുനിക സമൂഹത്തിന് ബുദ്ധിപരമായി യോജിക്കാന്‍ കഴിയുന്ന ഒരു വിവാഹവും പ്രവാചകന്‍ നടത്തിയിട്ടില്ലായെന്നതാണ് സത്യം. ഖദീജ ബീവിയുടെ വിവാഹവും ആഇശ ബീവിയുടെ വിവാഹവും സൗദാ ബീവിയുടെ വിവാഹവുമെല്ലാം ആലോചിക്കുമ്പോള്‍ ആധുനിക മനുഷ്യന്റെ ബുദ്ധിക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നതായിരുന്നില്ലെന്ന് ആര്‍ക്കും മനസ്സിലാകും. പ്രവാചകരുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇങ്ങനെത്തന്നെയാണ്. നബി തങ്ങള്‍ക്ക് നിഴലില്ലായെന്നത് ആധുനിക സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുമോ? ഇസ്‌റാഅ്-മിഅ്‌റാജ് യാത്ര അംഗീകരിക്കാന്‍ കഴിയുമോ? യുക്തികൊണ്ട് ചിന്തിക്കുന്നവര്‍ക്ക് അതൊരിക്കലും സാധിക്കില്ല. അപ്പോള്‍, നബിയുടെ ജീവിതത്തിലെ കാര്യങ്ങള്‍ യുക്തികൊണ്ട് ബോധ്യപ്പെടണമെന്ന വാദം ഏറെ ബാലിശവും ഈമാനിന് വിരുദ്ധവുമാണ്. കാരണം, അല്ലദീന യുഅ്മിനൂന ബില്‍ ഗൈബി എന്നാണ് വിജയികളായ വിശ്വാസികളെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പരിചയപ്പെടുത്തുന്നത്. ഗൈബില്‍ വിശ്വസിക്കുന്നവര്‍ എന്ന പ്രസ്താവന ഏറ പ്രധാനമാണ്. നമ്മുടെ കണ്ണുകൊണ്ടും കാതുകൊണ്ടും പഞ്ചേന്ദ്രിയങ്ങളെക്കൊണ്ടും യുക്തികൊണ്ടും ബോധ്യപ്പെടാത്ത കാര്യമാണ് ഗൈബ്. യുക്തികൊണ്ട് അറിയാന്‍ കഴിയുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്നതില്‍ എന്താണ് പ്രാധാന്യം? അതില്‍ പ്രത്യേകതയൊന്നുമില്ല.

പ്രവാചകന്‍ കൊണ്ടുവന്ന കാര്യം അന്ധമായി വിശ്വസിക്കുമ്പോഴാണ് യഥാര്‍ത്ഥ അടിമത്തമുണ്ടാകുന്നത്. ഇത് നമുക്ക് നിസ്‌കാരത്തെക്കുറിച്ചും സക്കാത്തിനെക്കുറിച്ചും ഹജ്ജിനെക്കുറിച്ചുമെല്ലാം ആലോചിക്കുമ്പോള്‍ മനസ്സിലാകും. കീഴ് വായു പോയതിന് പിന്‍ദ്വാരമല്ല നാം ശുദ്ധീകരിക്കുന്നത്. മറിച്ച്, മുഖവും കൈകാലുകളുമാണ്. ഇത് ഏത് യുക്തിയാണ് അംഗീകരിക്കുക? ഇങ്ങനെയാണ് ഇസ്‌ലാമിന്റെ എല്ലാ കാര്യങ്ങളും. നമ്മുടെ ഓരോ അവയവങ്ങള്‍ക്കും പരിധിയുണ്ട്. നമ്മുടെ കണ്ണിനും കാഴ്ച്ചക്കും പരിധിയുണ്ട്. അതുകൊണ്ട് നമുക്ക് കാണാന്‍ കഴിയാത്ത വസ്തുക്കള്‍ ഇല്ലായെന്ന് നിഷേധിക്കാന്‍ പറ്റില്ല. നമുക്ക് കേള്‍ക്കാന്‍ കഴിയുന്നതിന് പരിധിയുണ്ട്. അതുകൊണ്ട് നമുക്ക് കേള്‍ക്കാന്‍ കഴിയാത്തതും ഇല്ലായെന്ന് തീരുമാനിക്കാന്‍ പറ്റില്ല. ഇതുപോലെയാണ് ഇസ്‌ലാമിലെ പല കാര്യങ്ങളും. നമുക്ക് ആലോചിച്ച് പറയാന്‍ പറ്റാത്ത കാര്യങ്ങളാണ് ഏറെയുള്ളത്. അമ്പത് വര്‍ഷം മുമ്പ് ഒരാള്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു മിനിട്ട് ക്ഷമിക്കൂ. എനിക്ക് അമേരിക്കയിലെ ഒരു സുഹൃത്തിന് ഒരു സന്ദേശമയക്കാനുണ്ട് എന്ന് പറഞ്ഞാല്‍ അന്നത് വലിയ വിഡ്ഢിത്തമായിരുന്നു. എന്നാല്‍, ഇന്നത് പൂര്‍ണമായും യുക്തിപൂര്‍ണമാണ്. ഇതാണ് യുക്തിയുടെ കാര്യം. മുമ്പ് എല്ലാ ആളുകളുടെയും നന്മ തിന്മകള്‍ എഴുതിവെക്കപ്പെടും എന്നു പറഞ്ഞപ്പോള്‍ അത്രയും എഴുതിവെക്കാനുള്ള പേപ്പര്‍ എവിടെനിന്ന് ലഭിക്കുമെന്ന് യുക്തിവാദികള്‍ പ്രസംഗിച്ച് നടന്നിരുന്നു. ഇന്ന് ആ യുക്തിവാദികള്‍ ആയിരക്കണക്കിന് വലിയ വലിയ പുസ്തകള്‍ ചിപ്പുകളിലോ മൊബൈല്‍ ഫോണിലോ സന്തം ലാപ് ടോപ്പിലോ ആക്കി വിലസുകയാണ്.

അല്ലുഹവിന്റെ യുക്തി അല്ലെങ്കില്‍ ഹിക്മത്ത് വളരെ അപാരമാണ്. അതെല്ലാം തിരിച്ചറിയാന്‍ നമുക്ക് കഴിയണമെന്നില്ല. ആഇശ ബീവിയുടെ വിവാഹവുമായി ബന്ധപ്പെട്ട് അതാണ് നാം ആദ്യമായി മനസ്സിലാക്കേണ്ടത്. മക്കയില്‍ നിന്നാണല്ലോ നബി തങ്ങള്‍ വിവാഹം കഴിക്കുന്നത്. 52 വയസ്സുള്ള ഒരാള്‍ 6 വയസ്സുള്ള ഒരു കുട്ടിയെ വിവാഹം കഴിക്കുമ്പോള്‍ നബിയുടെ ബദ്ധവൈരികളായിരുന്ന ഖുറൈശികള്‍ ആരും ആക്ഷേപിക്കുകപോലും ചെയ്തിരുന്നില്ല. എന്താണിതിന് കാരണം? അവര്‍ക്കൊന്നും അത് യുക്തിശൂന്യമായി തോന്നിയിരുന്നില്ല എന്നതുതന്നെ. പ്രവാചകരുടെ അനുയായികള്‍ക്കും അത് യുക്തിരഹിതമായി അനുഭവപ്പെട്ടില്ല. അതിനു കാരണം, ഈ യുക്തിശൂന്യത തോന്നല്‍ എന്നത് ഓരോരുത്തരും ജീവിക്കുന്ന സാഹചര്യം നോക്കിയാണ്. ഇസ്‌ലാം പുരുഷ മേധാവിത്വത്തിന്റെ മതമാണ് എന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്ന് ഇത്തരം വാദത്തിന് പിന്നിലുള്ളത്.

ഇസ്‌ലാം മാത്രമല്ലല്ലോ പുരുഷന് മേധാവിത്വം നല്‍കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ യുക്തിവാദികള്‍ക്ക് ജന്മം നല്‍കിയ കേരളത്തിലെ ഇടതുപക്ഷ സംഘടനകള്‍. അതില്‍ ഏറ്റവും വലിയ സംഘടനയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ. 1964 ല്‍ രൂപീകരിക്കപ്പെട്ടതിനു ശേഷം 2004 വരെ നീണ്ട 40 വര്‍ഷം ഒരു വനിത പോലും പോളിറ്റ് ബ്യൂറോയില്‍ വന്നിട്ടില്ല. അതേപോലെ ഇന്ത്യയില്‍ ധാരാളം പ്രധാനമന്ത്രിമാര്‍ വന്നിട്ടുണ്ട്. എന്നാല്‍, അതില്‍ ഒരാള്‍ മാത്രമേ സ്ത്രീ സമൂഹത്തില്‍നിന്നുണ്ടായിരുന്നുള്ളൂ. ഇത് ഇന്ത്യയില്‍ 17 കോടി മുസ്‌ലിംകള്‍ ഉണ്ടായത് കൊണ്ടാണോ? ഈ മാനസികാവസ്ഥ പുരുഷ മേധാവിത്വത്തിന്റേതല്ല. പ്രത്യുത, പ്രകൃതിപരമാണ്. അതുപോലെ, ലോകത്ത് ഏറ്റവും മോഡേണായി ആളുകള്‍ വിലയിരുത്തുന്ന അമേരിക്കയില്‍ 44 പ്രസിഡന്റുമാര്‍ കടന്നുപോയിട്ടുണ്ട്. ഒരു വനിത പോലും അതില്‍ ഉണ്ടായിട്ടില്ല. 1948 ല്‍ ഐക്യരാഷ്ട്ര സഭ രൂപീകരിക്കപ്പെട്ടു. അതിന്റെ സക്രട്ടറി ജനറല്‍ മാരില്‍ ഇതുവരെ എത്ര സ്ത്രീകളാണ് ഉണ്ടായിട്ടുള്ളത്? ഇതൊന്നും ഇസ്‌ലാമും മുസ്‌ലിംകളും ഇവിടെ ഉണ്ടായതുകൊണ്ടല്ല. മറിച്ച്, സ്ത്രീകളുടെ സ്ഥാനവും കഴിവും എല്ലാവരും മനസ്സിലാക്കിയതുകൊണ്ടാണ്. അതുകൊണ്ട്, ഇത്തരമൊരു സാഹചര്യത്തില്‍ നമ്മള്‍ സത്യവിശ്വാസികളായ ആളുകള്‍ മനസ്സിലാക്കേണ്ടത് ഖുര്‍ആനും സുന്നത്തും അന്ധമായി വിശ്വസിക്കുക എന്നതുതന്നെയാണ്. അതാണ് ഈമാന്‍. അതിനെ അങ്ങനെത്തന്നെ കാണുകയും വേണം. അല്ലാതെ അതിനെല്ലാം യുക്തി തേടിയിറങ്ങുകയെന്നത് വങ്കത്തരമാണ്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter