ഡൽഹി ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ റിപ്പോർട്ട്: ഡൽഹിയിൽ നടന്നത് ആസൂത്രിത മുസ്‌ലിം വംശഹത്യ
ഫെബ്രുവരി 23ന് വടക്കുകിഴക്കൻ ഡല്‍ഹിയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവർക്കെതിരെ സംഘ് പരിവാർ അഴിച്ച് വിട്ട കലാപത്തെ സംബന്ധിച്ചുള്ള ഡൽഹി ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. മുസ്‌ലിംകളാണ് കലാപത്തിന് ഉത്തരവാദികൾ എന്ന രീതിയിൽ സമരത്തിൽ പങ്കെടുത്ത നിരവധി പേരെ ബിജെപി സർക്കാർ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ പലരും ജയിലിലുമാണ്. എന്നാൽ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം കലാപം തുടങ്ങിയതും ആളിക്കത്തിച്ചതുമെല്ലാം ബിജെപിയുടെ കൃത്യമായ ആസൂത്രണത്തിലൂടെയാണെന്ന് കാണാൻ സാധിക്കും.

കമ്മീഷൻ

തീർത്തും നീതി നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഡൽഹി സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രത്യേക കമ്മീഷനെ നിയോഗിച്ച് കലാപം അന്വേഷിച്ചത്. സുപ്രിംകോടതി അഭിഭാഷകനായ എം.ആര്‍ ശംശാദിനെയാണ് സമിതിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഈ ഒന്‍പതംഗ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഹസീന ഹാഷിയ, തെഹ്മിന അറോറ, ഗുര്‍മീന്ദര്‍ സിങ് മാതരു, സലീം ബേഗ്, അതിഥി ദുത്ത, തന്‍വീര്‍ ഖാസി, അബൂബക്കര്‍ സദ്ദാഖ്, ദേവിക പ്രസാദ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍

ബിജെപി നേതാക്കളുടെ പ്രകോപന പ്രസംഗങ്ങൾ

കലാപത്തിന് മുഖ്യകാരണമായി കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നത് ഡൽഹി തെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങളാണ്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ മുതൽ ബിജെപി നേതാവ് കപിൽ മിശ്ര വരെ ഇതിൽ ഉൾപ്പെടും. ഇവരുടെയെല്ലാം പ്രസംഗങ്ങൾ കമ്മീഷൻ കണ്ടെത്തലുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കലാപത്തിലേക്ക് അക്രമികൾ എടുത്തു ചാടാൻ കാരണമായിട്ടുള്ളത് ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ പ്രസംഗമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാഫറാബാദില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നവരെ ബലമായി ഒഴിവാക്കണം എന്ന് മിശ്ര പ്രസംഗിച്ചിരുന്നു. ഇതേതുടർന്നാണ് ഒരു വിഭാഗം അക്രമം തുടങ്ങിയത്.

അക്രമത്തിന്റെ ഭീകരത

ബിജെപി നേതാക്കളുടെ യുടെ ആഹ്വാനത്തിൽ സംഘപരിവാർ ആക്രമികൾ അടുത്ത മൂന്നു ദിവസങ്ങളിലായി ജില്ല മുഴുവന്‍ മുസ്‌ലിംകളെ ലക്ഷ്യംവച്ച്‌ താണ്ഡവമാടുകയായിരുന്നു.

ഇവര്‍ 'ജയ് ശ്രീറാം', 'ഹര്‍ ഹര്‍ മോദി' 'മോദി ജി, 'കാട് ദോ ഇന്‍ മുല്ലോംകോ' (മോദി, ഈ മുസ്‌ലിംകളെ കഷ്ണങ്ങളാക്കൂ)' എന്ന മുദ്രാവാക്യങ്ങളോടെയാണ് അഴിഞ്ഞാടിയത്. 'ആജ് തുംഹേ ആസാദി ദേങ്കേ' (ഇന്ന്, ഞങ്ങള്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം' എന്നും അവർ ആര്‍ത്തുവിളിച്ചു. (p) അക്രമികൾ മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയായിരുന്നു. 53 പേരാണ് അന്ന് കൊല്ലപ്പെട്ടത്. നൂറു കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മുസ്‌ലിംകളുടെ വീടും കടകളും തെരഞ്ഞ് പിടിച്ച് നശിപ്പിക്കുകയും ചെയ്തു. പള്ളികള്‍ക്കു നേരെയും വാഹനങ്ങള്‍ക്കു നേരെയും തീവയ്പ്പുണ്ടായി. ഹിന്ദു വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള മുസ്‌ലിംകൾക്ക് വാടകയ്ക്ക് നൽകിയ കെട്ടിടങ്ങളിൽ ജംഗമ സ്വത്തുക്കൾ മാത്രം നശിപ്പിച്ചത് മുസ്‌ലിംകളെ തെരഞ്ഞുപിടിച്ചു ആക്രമിക്കുന്നതിന്റെ കൃത്യത മനസ്സിലാക്കിത്തരുന്നുണ്ട്.

മത ചിഹ്നങ്ങളെ ലക്ഷ്യം വെക്കൽ

കലാപം നടന്ന പ്രദേശങ്ങളിലെല്ലാം പള്ളികളും മതസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. 11 പള്ളികളും 5 മദ്രസകളും 5 മസാറുകളും ഒരു പൊതു ശ്മശാനവും കലാപകാരികളുടെ അഴിഞ്ഞാട്ടത്തിൽ കേടുപാടുകൾക്കിരയായി. ഇവിടങ്ങളിലൊക്കെയുള്ള പരിശുദ്ധ ഖുർആനിന്റെ കോപ്പികൾ കത്തിക്കപ്പെടുകയും ചെയ്തിരുന്നു. അതേസമയം കലാപം നടന്ന പ്രദേശങ്ങളിലെ ഹൈന്ദവ ദേവാലയങ്ങൾക്ക് യാതൊരു കേടുപാടുകളും പറ്റിയിട്ടില്ല.

പോലീസിന്റെ സമീപനം

മുസ്‌ലിംകൾക്കെതിരെ ആസൂത്രണം ചെയ്യപ്പെട്ട ഈ കലാപത്തിൽ പോലീസ് അക്രമികൾക്ക് സഹായകരമായ രീതിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അക്രമം നടക്കുന്നത് അറിഞ്ഞിട്ടും കൈ കഴുകുന്ന സമീപനമായിരുന്നു പോലീസ് സ്വീകരിച്ചത്. സഹായത്തിന് വിളിച്ചപ്പോൾ തങ്ങൾക്ക് ആക്ഷൻ എടുക്കാൻ മുകളിൽ നിന്ന് അനുമതി ലഭിച്ചിട്ടില്ലെന്ന നിരുത്തരവാദിത്തപരമായ മറുപടിയായിരുന്നു പലപ്പോഴും അവർ നൽകിയത്.

നിയമ വിരുദ്ധമായ രീതിയിൽ സംഘപരിവാർ പ്രവർത്തകർ ഒത്തുകൂടിയിട്ടും അവരെ പിരിച്ചുവിടാനോ അതിനെതിരെ നടപടിയെടുക്കാനോ പോലീസ് തയ്യാറായില്ല. അക്രമം നടന്നതിന് ശേഷം എഫ്ഐആർ രേഖപ്പെടുത്താനും പോലീസ് തയ്യാറായിരുന്നില്ല. അക്രമികളെ രക്ഷപ്പെടുത്താൻ ഒത്തുകളിച്ചതായിരുന്നു ഇത്. പലയിടങ്ങളിലും അക്രമങ്ങൾക്ക് മൂകസാക്ഷികളായി നിന്ന പോലീസ് ചിലയിടങ്ങളിൽ അക്രമികൾക്ക് അഴിഞ്ഞാടാൻ പൂർണ സ്വാതന്ത്ര്യവും നൽകി. ചുരുക്കം ചില സ്ഥലങ്ങളിൽ പോലീസ് അക്രമികൾക്ക് അകമ്പടി സേവിക്കുന്ന നിലയിലേക്ക് വരെ തരം താഴുകയും ചെയ്തു. കേസെടുക്കുന്ന കാര്യത്തിലും അന്വേഷണം നടത്തുന്ന കാര്യത്തിലും മുസ്‌ലിംകള്‍ക്കെതിരെ കൃത്യമായ വിവേചനമുണ്ടായിരുന്നു. കേസ് ഫയൽ ചെയ്യാൻ പോലീസ് സ്റ്റേഷനിലെത്തിയ മുസ്‌ലിംകളെ വിരട്ടുകയും അതേ കേസ് അവർക്കെതിരെ ചാർജ് ചെയ്യുകയും ചെയ്യുന്ന, ഇരയെ പ്രതിയാക്കുന്ന, നാണംകെട്ട നടപടി പോലും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായി. ഇതേ തുടർന്ന് പലരും പോലീസിനെ സമീപിക്കാൻ പോലും മടിക്കുകയാണുണ്ടായത്.

സ്ത്രീകളോടുള്ള സമീപനം

കലാപത്തിൽ മുസ്‌ലിം സ്ത്രീകളും വ്യാപകമായി ആക്രമിക്കപ്പെട്ടു. അവരുടെ വസ്ത്രങ്ങൾ വിശിഷ്യാ ഹിജാബ് ഊരി മാറ്റപ്പെട്ടു. കലാപകാരികൾ ലൈംഗിക അധിക്ഷേപങ്ങളും അവർക്ക് മേൽ ചൊരിഞ്ഞു. ആസാദി എന്ന മുദ്രാവാക്യത്തെ ബന്ധപ്പെടുത്തിയായിരുന്നു ഈ അധിക്ഷേപങ്ങൾ ഒക്കെയും. പോലീസും മുസ്‌ലിം സ്ത്രീകളോട് മോശമായ രീതിയിലാണ് പെരുമാറിയിരുന്നത്. സ്ത്രീകൾക്ക് മുൻപിൽ നഗ്നത പ്രദർശിപ്പിക്കുക കൂടി ചെയ്തു ഒരു പോലീസ് ഉദ്യോഗസ്ഥൻ. അക്രമകാരികൾ നിന്ന് രക്ഷകരാവേണ്ടവരാണ് അക്രമികളുടെ വേഷം കെട്ടി അഴിഞ്ഞാടിയത്.

നഷ്ടപരിഹാരം

കലാപത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിലും സർക്കാറിന്റെ ഭാഗത്ത് നിന്ന് തികഞ്ഞ വിവേചനം ഉണ്ടായിട്ടുണ്ട്. കലാപം നടന്ന ഉടനെ ഡൽഹി വിട്ടതിനാൽ പലർക്കും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഡൽഹി സർക്കാരിനെ വെബ്സൈറ്റിൽ നിന്ന് ലഭിച്ച 450 അപേക്ഷകൾ ന്യൂനപക്ഷ അന്വേഷണസമിതി പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഈ അപേക്ഷകളിൽ പലതിനും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നഷ്ടപരിഹാരത്തിന് അർഹത ലഭിച്ചിട്ടില്ല. മാത്രമല്ല നഷ്ടപരിഹാരം നൽകിയതിലും വിവേചനം ഉണ്ടായിട്ടുണ്ട്. മരണപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകിയപ്പോൾ സാധാരണ പൗരന്മാർക്ക് 10 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter