ഖത്തറിനെതിരെ പരാതിയുമായി വീണ്ടും സഊദി
ഖത്തര്‍ പ്രതിസന്ധിയുമായ വിഷയത്തില്‍ പരാതി തയ്യാറാക്കുന്ന പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണെന്നും വളരെ അടുത്ത സമയത്ത് തന്നെ അത് പ്രഖ്യാപിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍. ലണ്ടന്‍ സന്ദര്‍ശന സമയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പരാതികള്‍ക്ക് പരിഹാരം കാണുകയാണ് ഖത്തര്‍ ചെയ്യേണ്ടെതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരാതികളുടെ പട്ടിക തയ്യാറാക്കി ഖത്തറിന് കൈമാറാന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും വളരെ അടുത്ത സമയത്ത് തന്നെ അത് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും സൗദി മന്ത്രി വ്യക്തമാക്കി. 'തീവ്രവാദ ഗ്രൂപ്പുകള്‍ക്ക്' നല്‍കുന്ന പിന്തുണ ഖത്തര്‍ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഗള്‍ഫ് നാടുകള്‍ മാത്രമല്ല മുഴുവന്‍ ലോകവും അവരോട് ആവശ്യപ്പെടുന്ന കാര്യമാണ് അതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഖത്തറിനോട് ആവശ്യപ്പെടുന്ന കാര്യങ്ങളുടെ പട്ടിക അടുത്ത് തന്നെ വാഷിംഗ്ടണിന് കൈമാറുമെന്ന് അമേരിക്കയിലെ യു.എ.ഇ അംബാസഡര്‍ യൂസുഫ് ഉതൈബ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി പ്രസ്താവിച്ചിരുന്നു.