തറാവീഹിന് ഹറം തന്നെ കരയുന്നു...
ഹറമിലെ തറാവീഹ് തറാവീഹ് നിസ്കാരം റമദാനിന്റെ പ്രത്യേകതയാണ്, അതിലേറെ നോമ്പനഷ്ഠിക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് വല്ലാത്തൊരു അനുഭൂതിയും ആസ്വാദനവുമാണ്. കണ്ണീര്‍കണങ്ങള്‍ പൊഴിച്ച് അര്‍ത്ഥമറിഞ്ഞ് പാരായണം നടത്തുന്ന ഇമാമുമാരുടെ പിന്നില്‍ തറാവീഹ് നിസ്കാരം നിര്‍വ്വഹിക്കാനാവുന്നത് വല്ലാത്തൊരു ആത്മനിര്‍വൃതി തന്നെയാണ് സമ്മാനിക്കുന്നത്. ഹറമുകളില്‍ തറാവീഹ് നിസ്കാരത്തിന് പങ്കെടുക്കാനാവുക എന്നത് ജീവിതത്തിലെ സൌഭാഗ്യം തന്നെയാണ്. സൌദി അറേബ്യയിലെ റിയാദില്‍ ജോലി ചെയ്തപ്പോഴാണ് അതിനുള്ള അവസരം കൈവന്നത്. റമദാന്‍ അവസാന ദിനങ്ങളാകുമ്പോഴേക്കും പലരും ഹറമുകള്‍ ലക്ഷ്യമാക്കി നീങ്ങുന്നത് സൌദിയിലെയും പരിസരരാഷ്ട്രങ്ങളിലെയും നിത്യകാഴ്ചയാണ്. അവസാനദിവസം ഖുര്‍ആന്‍ ഖത്മ് തീര്‍ക്കുന്ന രാത്രി സൌദിയില്‍ മാത്രമല്ല, ലോകമുസ്ലിംകള്‍ക്കിടയില്‍തന്നെ പ്രസിദ്ധമാണ്.
അത്തരം ഒരു അവസാനരാത്രിയില്‍ പങ്കുകൊള്ളാന്‍ ഒരിക്കല്‍ എനിക്കും അവസരം ലഭിച്ചു. മധുരസുന്ദരമായ ശബ്ദത്തില്‍ ഖുര്‍ആന്‍ പാരായണം നടത്തുന്ന ഇമാമുമാര്‍, തൊട്ടുമുമ്പില് നിര്‍ന്നിമേഷം നോക്കിനില്‍ക്കാന്‍ കഅ്ബാലയം, ഇടക്കിടക്ക് ദാഹം തീര്‍ക്കാന്‍ സംസം ജലം, ജീവിതം ധന്യമാകാന്‍ അതിലുപരി മറ്റെന്തുവേണം. ശിക്ഷയും മരണാനന്തരകാര്യങ്ങളും പരാമര്‍ശിക്കുന്ന സൂക്തങ്ങള്‍ കടന്നുവരുമ്പോഴേക്കും ഇമാമുമാരുടെ കണ്ഠമിടറുന്നു. ആ ഇടര്‍ച്ച കരച്ചിലായി മാറുന്നു, അത് ശ്രോതാക്കളിലേക്ക് അറിയാതെ കൈമാറപ്പെടുന്നു. കരയരുതെന്ന് ശഠിക്കുന്നവന്‍ പോലും അറിയാതെ കരഞ്ഞുപോകുന്ന നിമിഷങ്ങള്‍, ഹറം ശരീഫിന്റെ ചുവരുകളും തൂണുകളും പോലും ആ കരച്ചിലില്‍ പങ്കുചേരുന്നുവെന്ന് തോന്നും.
ഖത്മുല്‍ഖുര്‍ആനിന്റെ ഭാഗമായി അവസാന റക്അതില്‍ നടത്തുന്ന ദുആ ഏറെ ആത്മീയാനുഭൂതി പകരുന്നതാണ്. വൈയക്തികവും സാമൂഹ്യവും സാമുദായികവുമായ നൂറുകൂട്ടം പ്രശ്നങ്ങള്‍ ഓരോന്നോരോന്നായി പ്രപഞ്ചനാഥന്റെ മുമ്പില്‍ സമര്‍പ്പിക്കപ്പെടുമ്പോള്‍, എല്ലാം ഒരു വേള ഇറക്കിവെച്ച പോലെയൊരു തോന്നല്‍, മനസ്സിന് എല്ലാം പരിഹരിക്കപ്പെട്ടതുപോലൊരു ശാന്തത. ഐഹികാവശ്യങ്ങളില്‍നിന്ന് പാരത്രിക കാര്യങ്ങളിലേക്ക് കടക്കുന്നതോടെ ഇമാമിന്റെയും മഅ്മൂമുമാരുടെയും ശബ്ദവും ശൈലിയും മാറിപ്പോവുന്നു. ഖബ്റിലെ സൌഖ്യവും മഹ്ശറിലെ തണലും സിറാത് പാലത്തിലെ അനായാസപ്രയാണവും തേടുമ്പോള്‍ ഏത് വിശ്വാസിക്കാണ് കരച്ചിലടക്കാനാവുക.
വൈയക്തികാവശ്യങ്ങള്‍ കഴിയുന്നതോടെ മുസ്ലിം സമൂഹത്തിന്റെ ഉന്നമനത്തിനും പ്രശ്നപരിഹാരത്തിനുമായി കൈകളുയരുന്നു. വിവിധ നാടുകളില്‍ നിന്നെത്തിയ ആ ജനസഞ്ചയം ലോകമുസ്ലിംകള്‍ക്കായി നാഥന്റെ മുമ്പില്‍ കരഞ്ഞുചോദിക്കുന്നു. എല്ലാം കഴിഞ്ഞ്, സംസം വെള്ളം വേണ്ടുവോളം കുടിച്ച് ഹറമില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍, പെയ്തൊഴിഞ്ഞ ആകാശം പോലെ ശാന്തമായിരിക്കും മനസ്സ്. ആത്മീയാനുഭൂതി നേടാനായ ഒരു പറ്റം വിശ്വാസികളെയാണ് അപ്പോള്‍ നമുക്ക് ദര്‍ശിക്കാനാവുക, അവരുടെ മുഖത്ത് തത്തിക്കളിക്കുന്ന ആ പ്രകാശം, അത് വിശ്വാസത്തിന്റെ നിദര്‍ശനങ്ങളല്ലെന്ന് ആര്‍ക്കാണ് പറയാനാവുക.
Leave A Comment