കഴിയുന്നത്ര പേരെ കൂടെ നിര്‍ത്താം.. അതിനാവട്ടെ നമ്മുടെ ശ്രമം

ഇന്ന് നാട്ടില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിന്റെ ഫോട്ടോ ഒരു സുഹൃത്ത് വാട്സപ്പ് ഗ്രൂപ്പില്‍ പങ്ക് വെച്ചു. വയോധികനായ ഒരു മുസ്‍ലിം കാരണവരെ ഒരു ഹിന്ദുമതസ്ഥയായ നഴ്സ് പരിശോധിക്കുന്നതായിരുന്നു രംഗം. ശേഷം ഒരു പേപ്പറിലേക്ക് ചൂണ്ടി എന്തോ പറഞ്ഞുകൊടുക്കുന്നുണ്ട്. ഫോട്ടോയെ തുടര്‍ന്ന് വന്ന കമന്റുകളില്‍ ഒന്ന് ഇങ്ങനെയായിരുന്നു, എന്താ പറഞ്ഞുകൊടുക്കുന്നത്, സി.എ.എ ന്യായീകരിക്കുകയല്ലല്ലോ.
കേവല തമാശക്ക് വേണ്ടി പറഞ്ഞതാണെങ്കിലും, ഇന്ത്യയിലെ ഇരു സമുദായങ്ങള്‍ക്കിടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അകലവും തെറ്റിദ്ധാരണയും എത്രത്തോളമെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. പലപ്പോഴും ഫാഷിസ്റ്റുകളുടെ ലക്ഷ്യങ്ങളിലൊന്ന് ഇത് തന്നെയാണ് താനും. പരസ്പരമുള്ള അകലം വര്‍ദ്ധിക്കും തോറും, വിജയസാധ്യത വര്‍ദ്ധിക്കുന്നത് അവരുടെ വിദ്വേഷപ്രചാരണങ്ങള്‍ക്കാണ്. അടുത്തറിയുന്നതോടെ തീരുന്നതാണല്ലോ പല പ്രശ്നങ്ങളും, അതായിരുന്നു ഇത്രയും കാലം ഈ നാട്ടില്‍ സമാധാനപൂര്‍ണ്ണമായ ജീവിതം സാധ്യമാക്കിയതും.
പൌരത്വബില്ലിലൂടെ ഈ അകലം ഒരു പരിധി വരെ വര്‍ദ്ധിച്ചുവെന്ന് തോന്നുന്നു. ഏതാനും ചിലര്‍ക്ക് കൂടുതല്‍ അടുക്കാന്‍ ഇത് കാരണമായെങ്കിലും, നമ്മുടെ നാടുകളിലെ സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ ഇത് സൃഷ്ടിച്ചത് അകലമാണെന്ന് പറയാതെ വയ്യ. ജോലിക്ക് വരുന്ന പണിക്കാരെയും കൂടെ പഠിക്കുന്ന കൂട്ടുകാരെയും ഒരുമിച്ച് ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരെയുമെല്ലാം ഒരളവോളം ഇത് അകറ്റിയിട്ടുണ്ട്, ഏറ്റവും ചുരുങ്ങിയത് സംശയത്തോടെ പരസ്പരം നോക്കുന്നിടത്തെങ്കിലും കാര്യങ്ങളെത്തിയിട്ടുണ്ട്. ഇത് നയിക്കുന്നത് വലിയ അപകടത്തിലേക്കാണ് താനും.
ഇവിടെയാണ്, നാം ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടത്. പ്രകടനങ്ങളും സമരപ്രഖ്യാപനങ്ങളുമൊക്കെ നടക്കേണ്ടത് ഫാഷിസ്റ്റ് വിരുദ്ധമായിരിക്കട്ടെ. ഫാഷിസ്റ്റുകളല്ലാത്തവരെയെല്ലാം കൂടുതല്‍ സ്നേഹിക്കാന്‍ കൂടി നാം സമയം കണ്ടെത്തുക. ആരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താതെ, പരമാവധി കൂടെ നിര്‍ത്താനായിരിക്കണം നാം ശ്രമിക്കേണ്ടത്. ഫാഷിസ്റ്റുകളുടെ അബദ്ധ പ്രചാരണങ്ങളില്‍ വീണുപോയവര്‍ ചിലരെങ്കിലുമുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മുസ്‍ലിംകള്‍ക്കിടയില്‍ പോലും ഇത്തരക്കാരുണ്ടെന്നാണ് ചിലരുടെ സാമൂഹ്യമാധ്യമങ്ങളിലെ അഭിപ്രായപ്രകടനം മനസ്സിലാക്കിത്തരുന്നത്.  അത്തരക്കാരെ പോലും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പൂര്‍വ്വോപരി അടുത്ത് നില്‍ക്കാനും അടുത്ത് നിര്‍ത്താനുമാവണം നാം ശ്രമിക്കേണ്ടത്. എങ്കില്‍ മാത്രമേ ഫാഷിസത്തെ പരാജയപ്പെടുത്താനാവൂ. 
പൌരത്വബില്ലിന് ശേഷവും ഒരുമിച്ച് കഴിയേണ്ടവരാണ് നാം. അധികാരികള്‍ക്ക് അവരുടെ അധികാരകാലയളവ് മാത്രമാണ് പ്രശ്നം. ജനങ്ങളുടെ സമാധാനജീവിതമോ സമാധാനപൂര്‍ണ്ണമായ ഇന്ത്യയോ അവര്‍ക്ക് പ്രശ്നമേയല്ല. പരസ്പരം വിശ്വാസമില്ലാതെ, എത്ര നാള്‍ നമുക്ക് ജീവിക്കാനാവും, ഉറക്കമില്ലാത്ത രാത്രികളും നിര്‍ഭയത്വമില്ലാത്ത ദിനങ്ങളും മാത്രമേ അത് എല്ലാവര്‍ക്കും സമ്മാനിക്കൂ. അതോടെ, തകരുന്നത് ഇന്ത്യയാണ്. 
മഹല്ല് കമ്മിറ്റികളടക്കം ഇവിടെ ഏറെ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ മഹല്ലുകളിലെ ഇവ്വിഷയകമായ സംഗമങ്ങളില്‍ പ്രദേശത്തെ അമുസ്‍ലിം സഹോദരങ്ങളെയെല്ലാം പങ്കെടുപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പൌരത്വബില്ല് എന്താണെന്നും അതിന്റെ ഭാഗമായി എന്തെല്ലാം ചെയ്യണമെന്നും ചര്‍ച്ച ചെയ്യുന്നിടത്തൊക്കെ മുസ്‍ലിംകളെ എന്നതിനേക്കാളേറെ, ജനാധിപത്യമതേതരത്വ വിശ്വാസികളെയാവട്ടെ ഉന്നം വെക്കേണ്ടത്. എല്ലാവരും ഒരുമിച്ച് കൂടുകയും ചേര്‍ന്നിരിക്കുകയും അടുത്തിടപഴകുകയും ചെയ്യുന്ന അവസരങ്ങള്‍ പരമാവധി ഉണ്ടാവട്ടെ. എങ്കിലേ, നമ്മുടെ ഗ്രാമങ്ങളെ ഫാഷിസ്റ്റ് മുക്തമാക്കാനാവൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter