ദൈവഭയം
ഇമാം ഗസ്സാലി(റ) പ്രസ്താവിക്കുന്നത് കാണുക: ഭാവിയില്‍ ഒരനിഷ്ടസംഭവമുണ്ടാകുമെന്ന് ഭയന്നതിനാല്‍ ഹൃദയത്തിനുണ്ടാകുന്ന വേദനയും എരിച്ചിലുമാണ് യഥാര്‍ഥത്തില്‍ ഭയം. പാപങ്ങള്‍ സംഭവിച്ചുകഴിയുമ്പോഴാണ് ചിലപ്പോള്‍ ഇതുണ്ടാവുക. മറ്റു ചിലപ്പോള്‍, അല്ലാഹുവിന്റെ വിശേഷണങ്ങള്‍-അവ ശരിയായി മനസ്സിലായാല്‍ നിസ്സംശയം ഭയപ്പാടുണ്ടാക്കും-ഗ്രഹിച്ചുകഴിഞ്ഞാലാണ് പേടിയുണ്ടാകുന്നത്. ഇതാണ് പൂര്‍ണവും സമഗ്രവുമായ അവസ്ഥ.(1) കാരണം, അല്ലാഹുവിനെ ഒരാള്‍ അറിഞ്ഞുകഴിഞ്ഞാല്‍ നിര്‍ബന്ധമായും അവനെ ഭയപ്പെടുന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:(2) നിശ്ചയമായും അല്ലാഹുവിന്റെ അടിമകളില്‍ നിന്ന് പണ്ഡിതന്മാരേ അവനെ ഭയപ്പെടൂ.

തന്നെ മാത്രം പേടിക്കാനാണ് പടച്ചവന്‍ അടിമകളോട് പറഞ്ഞിരിക്കുന്നത്-എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുക. സത്യവിശ്വാസികളെ റബ്ബ് ശ്ലാഘിക്കുകയും അവര്‍ പടച്ചവനെ പേടിക്കുന്നവരാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു-തങ്ങളുടെ മീതെയുള്ള നാഥനെ അവര്‍ ഭയപ്പെടുന്നതാകുന്നു. ഖുര്‍ആനില്‍ മറ്റൊരിടത്ത് സത്യവിശ്വാസം സമ്പൂര്‍ണമാകുന്നതിനു ദൈവഭയം ഉപാധിയായിത്തന്നെയാണ് പരാമൃഷ്ടമായിരിക്കുന്നത്: നിങ്ങള്‍ സത്യവിശ്വാസികളാണ് എങ്കില്‍ എന്നെ ഭയപ്പെടണം.

തന്റെ മഹോന്നതപദവിയെ ഭയന്നവന് രണ്ട് സ്വര്‍ഗമുണ്ടെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു-ദുന്‍യാവില്‍ വെച്ച് ആത്മജ്ഞാനങ്ങളുടെ സ്വര്‍ഗവും പാരത്രികലോകത്തുവെച്ച് ആഡംബരങ്ങളുടെ സ്വര്‍ഗവും: തന്റെ റബ്ബിന്റെ സ്ഥാനത്തെ പേടിച്ചവന് രണ്ട് സ്വര്‍ഗങ്ങളുണ്ട്.(7) അവന്റെ അഭയസ്ഥാനം തന്നെ സ്വര്‍ഗമായിരിക്കുമെന്നാണ് മറ്റൊരിടത്ത് വ്യക്തമാക്കിയിരിക്കുന്നത്: ആരൊരാള്‍ തന്റെ നാഥന്റെ പദവി ഭയപ്പെടുകയും സ്വന്തം മനസ്സിനെ അതിന്റെ ഇച്ഛകളില്‍ നിന്ന് തടുത്തുനിറുത്തുകയും ചെയ്യുന്നുവോ അവന്റെ അഭയസ്ഥാനം തന്നെ സ്വര്‍ഗമാകുന്നു.

ശൈഖ് അഹ്മദ് സര്‍രൂഖ്(റ) 'ഖവാഇദി'ല്‍ പറയുന്നു: അല്ലാഹുവിനെക്കുറിച്ച ആശങ്ക (ഖശ്‌യ) ഉണ്ടാവല്‍ സല്‍ക്കര്‍മാനുഷ്ഠാനങ്ങള്‍ക്കുള്ള പ്രേരകമാകുന്നു. ഗാംഭീര്യവുമായി സമന്വയിച്ചുണ്ടാകുന്ന സമാദരിക്കലാണ് ആശങ്ക എന്നത്. എന്നാല്‍, ഭയം (ഖൗഫ്) എന്നത് റബ്ബിന്റെ പ്രതികാരം ഓര്‍ത്ത് ഉണ്ടായിത്തീരുന്ന ഹൃദയത്തിന്റെ അസ്വസ്ഥതയാകുന്നു.

ഭവിഷ്യല്‍ഫലങ്ങളുടെ അപകടകാരിത ഗൗരവതരമായിക്കാണാന്‍ കഴിയുന്ന ഒരാളുടെ തേങ്ങലുകളിലൂടെയാണ് ഭയം പ്രകടമാവുക. തത്സമയം, താന്‍ വെച്ചുപുലര്‍ത്തേണ്ട നിലപാട് ഏതാണോ അവിടെ അവന്‍ നിലയുറപ്പിക്കുന്നതാണ്; തെറ്റിന്റെയോ വീഴ്ചയുടെയോ ഭാഗത്തേക്ക് തന്റെ മനസ്സിനെ അവന്‍ വെളിപ്പെടുത്തുകയില്ല. എന്നല്ല, തിന്മയിലോ നാശത്തിലോ തന്നെ വീഴ്ത്തിയേക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അവന്‍ നില്‍ക്കുക പോലും ചെയ്യില്ല. ഭയപ്പാടിന്റെ കാര്യത്തില്‍ പിന്നെ സ്വൂഫിയായ ഒരാള്‍ ക്രമപ്രവൃദ്ധമായി ഉയരുകയാണ് ചെയ്യുക. എന്നിട്ട് റബ്ബിന്റെ സമീപസ്ഥരായ മുഖര്‍റബുകളുടെ ശ്രേഷ്ഠമായ അവസ്ഥ അവന്‍ കൈവരിക്കും. തത്സമയം ഭയത്തിന്റെ ലക്ഷണങ്ങള്‍ ശാരീരികലോകത്തില്‍ നിന്ന് ആത്മികലോകത്തേക്ക് വ്യതിചലിക്കുന്നതാണ്. ആധ്യാത്മികജ്ഞാനിയായ ഒരാള്‍ക്ക് അപ്പോള്‍ ചില ദുഃഖങ്ങളുണ്ടാകും; തെളിമയുറ്റ ഹൃദയത്തിന്റെ ഉടമകള്‍ക്കേ അത് ഗ്രഹിക്കാന്‍ കഴിയൂ.

നമ്മുടെ ശൈഖ് മഹാനായ അബ്ദുല്‍ വഹ്ഹാബ് ശഅ്‌റാനി(റ) മഹതി സയ്യിദ റാബിഅത്തുല്‍ അദവിയ്യ(റ)യെപ്പറ്റി അവര്‍ ധാരാളം ദുഃഖവും വിലാപവുമുള്ളവരായിരുന്നു എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് മേല്‍പറഞ്ഞ അവസ്ഥയിലാണ്. നരകത്തെക്കുറിച്ച് കേള്‍ക്കുകയേ വേണ്ടൂ, ദീര്‍ഘനേരത്തെ അബോധാവസ്ഥയില്‍ അവര്‍ വീണുപോകുമായിരുന്നു. അവര്‍ സുജൂദ് ചെയ്യുന്നിടത്ത് കണ്ണീരിന്റെ ആധിക്യം നിമിത്തം ഒരു ചെറിയ വെള്ളക്കുഴി പോലെയുണ്ടാകും. നരകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുതന്നെ തനിക്കുവേണ്ടിയാണ് എന്നതുപോലെയായിരുന്നു അവരുടെ അവസ്ഥ. നരകത്തിനു താഴെയുള്ള (അതല്ലാത്ത) ഏതു പരീക്ഷണവും ലളിതമാണ് എന്ന വിശ്വാസമായിരുന്നു ഈ ഭയത്തിന്റെ രഹസ്യം. അല്ലാഹുവിന്റെ പൊരുത്തത്തിലും സാമീപ്യത്തിലും നിന്ന് അകന്നുപോവുക എന്നതിന് ചുവടെയുള്ള ഏത് ഗുരുതരാവസ്ഥയും നിസ്സാരമാണ് എന്ന ദാര്‍ഢ്യമായിരുന്നു ഈ ആശങ്കയുടെ അടിസ്ഥാനം.

ദിവ്യഭയം ഹൃദയത്തെ നനച്ച ശേഷം മാത്രമേ(2) അനുരാഗത്തിന്റെ മധുചഷകം ഒരു മുരീദ് കുടിക്കൂ എന്നാണ് സ്വൂഫികളുടെ അഭിപ്രായം. അവന്റേതുപോലുള്ള തഖ്‌വാ ഇല്ലാത്ത ഒരാള്‍ക്ക്, എന്തിനാണവന്‍ കരഞ്ഞത് എന്ന് മനസ്സിലാക്കാനാവില്ല. യൂസുഫ് നബി(അ)യുടെ സൗന്ദര്യം കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക്, യഅ്ഖൂബ് നബി(അ)യെ എന്താണിത്രയധികം വേദനിപ്പിച്ചത്(1) എന്ന് ഗ്രഹിക്കുക അസാധ്യമാണ്. കരയുകയും കണ്ണു തിരുമ്മുകയും ചെയ്യുന്നവര്‍ എല്ലാം പടച്ചവനെ പേടിക്കുന്നവരല്ല. താന്‍ ശിക്ഷാവിധേയനായിത്തീരുമെന്ന് ഭയപ്പെടുന്ന ഏതു കാര്യവും ഉപേക്ഷിക്കുന്നവനാണ് റബ്ബിനെ പേടിക്കുന്നവന്‍. ഏതൊരു ഹൃദയത്തില്‍ നിന്ന് പടച്ചവനെക്കുറിച്ച ഭയം വേര്‍പ്പെട്ടുപോകുന്നുവോ അത് നശിച്ചതുതന്നെ എന്നാണ് ഇമാം അബൂസുലൈമാനദ്ദാറാനി(റ) പ്രസ്താവച്ചിരിക്കുന്നത്.

അല്ലാഹുവിനെ പേടിക്കുന്നവര്‍ എല്ലാം ഒരേ പദവിക്കാരല്ല; വ്യത്യസ്ത പദവികളിലായിരിക്കും. ഇമാം ഇബ്‌നു അജീബ(റ) അവരെ മൂന്നായി തരം തിരിച്ച് ഇങ്ങനെ വിവരിക്കുന്നു: സാധാരണക്കാരുടെ ഭീതി ശിക്ഷ കിട്ടിയേക്കുമോ എന്നും കൂലി നഷ്ടപ്പെടുമോ എന്നുമായിരിക്കും. പ്രത്യേകക്കാരുടെ ഭയമാകട്ടെ അല്ലാഹുവിന്റെ ആക്ഷേപമുണ്ടാകുമോ എന്നും അവനുമായുള്ള സാമീപ്യം വിനഷ്ടമായേക്കുമോ എന്നുമായിരിക്കും. എന്നാല്‍ അതീവ വിശിഷ്ടരുടെ പേടിയുണ്ടാവുന്നത്, അല്ലാഹുവിന്റെ മഹനീയസാന്നിധ്യത്തോടുള്ള അപമര്യാദകളുടെ എന്തെങ്കിലും ലാഞ്ചനകള്‍ വന്ന് തിരുദര്‍ശനത്തില്‍ നിന്ന് മറ സൃഷ്ടിക്കപ്പെട്ടേക്കുമോ എന്നതിലാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter