ആംനസ്റ്റി ഇന്ത്യയില്‍ മുസ്ലിം പ്രാതിനിധ്യമില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക മറിയ സാലിം
ആംനസ്റ്റി ഇന്ത്യയുടെ സുപ്രധാന പോസ്റ്റുകളില്‍ മുസ്ലിം
പ്രാതിനിധ്യം പൂജ്യമാണെന്ന വെളിപ്പെടുത്തലുമായി മനുഷ്യാവകാശ പ്രവര്‍ത്തകയും ഗവേഷകയുമായ മറിയ സാലിം. ആംനസ്റ്റിയില്‍ രാജിവെച്ചതിന് ശേഷമാണ് സംഘടനയിലെ സവര്‍ണ മേധാവിത്വത്തെ കുറിച്ച് മറിയ സാലിം ദി വയറിനോട് മനസ്സ് തുറന്നത്. 'ആംനസ്റ്റി ഇന്ത്യയുടെ മാനേജ്മെന്റില്‍ ബഹുഭൂരിപക്ഷവും ഉയര്‍ന്ന ജാതിക്കാരാണ്. അവരില്‍ നിന്നും ഒരുപാട് വിവേചനങ്ങള്‍ നേരിട്ടു. ഒരുപാട് സംഭവങ്ങള്‍ എനിക്ക് ഓര്‍മ്മിച്ചെടുക്കാന്‍ കഴിയും. ഒരുകാര്യം ഉറപ്പാണ്. കഴിഞ്ഞ ഒന്നരക്കൊല്ലമായി ദലിത്, മുസ്ലിം സമൂഹങ്ങളില്‍ നിന്നുള്ള ആംനസ്റ്റി ജീവനക്കാര്‍ അവിടെ നിന്നും നേരിടുന്നത് ഭീകരമായ വിവേചനങ്ങളാണ്. അവരില്‍ പെട്ട സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും.' ദി വയര്‍ ലേഖനത്തില്‍ മറിയ പറയുന്നു.
ആംനസ്റ്റി ഇന്ത്യയുടെ പ്രധാനപോസ്റ്റുകളിലൊന്നും മുസ്ലിംകളെ കാണാനാവില്ലെന്നും മറിയ പറയുന്നു. ബോര്‍ഡ് അംഗങ്ങളില്‍ , സീനിയര്‍ മാനേജ്മെന്റ് അംഗങ്ങളില്‍, പ്രോഗ്രാം മാനേജ്മെന്റ് അംഗംങ്ങളില്‍ മുസ്ലിം പ്രാതിനിധ്യം പൂജ്യമാണ്. സീനിയര്‍ കാമ്പയിനര്‍മാരില്‍ കാശ്മീരില്‍ നിന്നുള്ള ഒരാളല്ലാതെ മറ്റു മുസ്ലിംകള്‍ ഇല്ല.
ദലിത് ആദിവാസി വിഭാഗങ്ങള്‍ക്കെതിരേയും ഭീകരമായ വംശീയതയാണ് ആംനസ്റ്റി ഇന്ത്യയിയുടെ ഭാഗത്ത നിന്നുള്ളത്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ഒരു ദലിത് ആക്ടിവിസ്റ്റിനും ആംനസ്റ്റിയില്‍ നിന്ന് വിവേചനമുണ്ടായതായി മറിയ വെളിപ്പെടുത്തുന്നുണ്ട്. തുടര്‍ച്ചയായ മാനസികപീഡനങ്ങള്‍ അവര്‍ക്ക് നേരെ ഉണ്ടായിരുന്നു. രാജിക്കത്ത് നല്‍കി അരമണിക്കൂറിനകം അവരുടെ രാജി സ്വീകരിച്ചെന്നും മറിയ പറയുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ളവരോടുള്ള ആംനസ്റ്റി സീനിയര്‍ സ്റ്റാഫുകളുടെ സമീപനം ജാതീയവും വംശീയവുമാണെന്നു അവര്‍ പറയുന്നു.
തന്റെ സഹപ്രവര്‍ത്തക , ജെഎന്‍യുവില്‍ നിന്ന് ഗവേഷണം പൂര്‍ത്തിയാക്കിയ , ബാപ്സയുടെ സ്ഥാപകരില്‍ ഒരാളായ ഒരു ദലിത് ആക്ടിവിസ്റ്റിനും ആംനസ്റ്റി ഇന്ത്യയുടെ ഡയറക്ടറില്‍ നിന്ന് തന്നെ ജാതിവിവേചനം നേരിട്ടെന്നു മറിയം പറയുന്നു.
ആദിവാസി അവകാശവുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ ഒരു ആദിവാസി ആക്ടിവിസ്റ്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാമെന്ന നിര്‍ദേശത്തിനോട് ' നമ്മള്‍ക്ക് അങ്ങനെ അജണ്ടയില്ല, മൃഗങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിന് മൃഗങ്ങളെ വിളിക്കാത്തത് പോലെ' എന്നായിരുന്നു ആംനസ്റ്റിയില്‍ നിന്നും മറുപടി ലഭിച്ചത്.
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ മോചനവിഷയം ഉയര്‍ത്തിയതിന് പിന്നിലും ആംനസ്റ്റിയുടെ മെമ്പര്‍ഷിപ്പ് ടാര്‍ഗെറ്റ് പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യമായിരുന്നു എന്ന് അവര്‍ പറയുന്നു.
2016 ലാണ് മറിയ സാലിം കണ്‍സള്‍ട്ടന്റായി ആംനസ്റ്റി ഇന്ത്യയുടെ ഭാഗമാവുന്നത്. മുസഫര്‍ നഗറിലെ റേപ്പ് സര്‍വൈവര്‍മാരോട് സംസാരിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കലായിരുന്നു പ്രഥമദൗത്യം.
'ആംനസ്റ്റിയുടെ മൂല്യങ്ങളോടൊപ്പം ഞാന്‍ നില്‍ക്കുന്നു. എന്നാല്‍ ആംനസ്റ്റി ഇന്ത്യയുടെ തലപ്പത്തുള്ള സവര്‍ണരുടെ മൂല്യങ്ങളോടൊപ്പം നിലകൊള്ളാന്‍ എനിക്കാവില്ല ' ഗവേഷക കൂടിയായ മറിയ സാലിം പറയുന്നു.
Leave A Comment