മധുരമുള്ള ദാമ്പത്യത്തിനു  സൗന്ദര്യ ബോധം അനിവാര്യം
husband and wifeഒരിക്കല്‍ ഖുവൈല ബിന്‍ത് ഹകീം, ആഇശ(റ)യുടെ വീട്ടില്‍ കയറിവന്നു. ഉസ്മാന്‍ ബിന്‍ മദ്ഊന്‍ (റ) ആണ് ഖുവൈലയുടെ ഭര്‍ത്താവ്. അവര്‍ വന്നുകയറിയപ്പോള്‍ വീട്ടില്‍ തിരുനബി (സ്വ) യും ഉണ്ടായിരുന്നു. ഒരുതരം വിരൂപ വസ്ത്രധാരണമായിരുന്നു അപ്പോള്‍ അവരുടേത്. ആ രൂപത്തില്‍ അവരെ കണ്ട തിരുനബിയുടെ പിതൃസമാനമായ ഹൃദയം അശാന്തമായി. "ഞാന്‍ നിങ്ങള്‍ക്കൊരു പിതാവിനെപ്പോലെയാണ്" എന്ന് തന്നെ മറ്റൊരിക്കല്‍ പറഞ്ഞിട്ടുള്ള തിരുനബി (സ്വ) തന്റെ അനുചരന്മാരുടെ സുസ്ഥിതിയില്‍ അതീവ തല്‍പരനായിരുന്നു. ആയിശ (റ) യോട് തിരുനബി (സ്വ) ചോദിച്ചു: “എന്താണ് ഖുവൈല വൃത്തിയില്ലാത്ത രൂപത്തില്‍?” ആഇശ (റ) മറുപടി പറഞ്ഞു: “അവരുടെ ഭര്‍ത്താവിനു പകലെല്ലാം നോമ്പും രാത്രി മുഴുവന്‍ നമസ്കാരവുമാണ്. ഭര്‍ത്താവില്ലാത്തത് പോലെ. അതുകൊണ്ടാണ് അണിഞ്ഞൊരുങ്ങുന്നതെല്ലാം അവര്‍ ഉപേക്ഷിച്ചത്” തിരുനബി (സ്വ) ഉസ്മാനെ (റ) ആളയച്ചു വരുത്തി. തിരുനബി (സ്വ): “താങ്കള്‍ക്കെന്റെ ചര്യയില്‍ താല്പര്യക്കുറവുണ്ടോ?” ഉസ്മാന്‍ (റ) : “ഇല്ല ദൂതരെ, അങ്ങയുടെ ചര്യയല്ലേ ഞാനന്വേഷിക്കുന്നത്” തിരുനബി (സ്വ): “എന്നാല്‍, ഞാന്‍ (രാത്രി) ഉറങ്ങും, നിസ്കരിക്കും. ഞാന്‍ നോമ്പനുഷ്ടിക്കും, ഒഴിവാക്കുകയും ചെയ്യും. ഭാര്യമാരുമായി ബന്ധപ്പെടാറുമുണ്ട്. ഉസ്മാന്‍, അല്ലാഹുവിനെ സൂക്ഷിക്കണേ. താങ്കളുടെ ഭാര്യക്ക് ചില അവകാശങ്ങളുണ്ട്. താങ്കളുടെ അതിഥിക്കും ചില അവകാശങ്ങളുണ്ട്. സ്വന്തം ശരീരത്തിനും ചില അവകാശങ്ങളുണ്ട്. അതുകൊണ്ട്, നോമ്പെടുക്കുക; നോമ്പ് ഒഴിവാക്കുക. നിസ്കരിക്കുക, ഉറങ്ങുകയും ചെയ്യുക.” വിജയകരമായ ദാമ്പത്യ ജീവിതത്തിന് ഏറ്റവും അനുപേക്ഷണീയമായ അടിസ്ഥാന ഘടകങ്ങളെ അടിവരയിടുന്നതാണ് ഈ സംഭവം. വുശുദ്ധ ഖുര്‍ആന്‍ വിഭാവനം ചെയ്ത “അവര്‍ നിങ്ങള്‍ക്കും നിങ്ങള്‍ അവര്‍ക്കും വസ്ത്രമാണ്‌” (സൂറത്തു റൂം: 31) എന്ന മഹിതമായ പാരസ്പര്യത്തിന്റെ പ്രയോഗത്തെ ജാഗ്രതയോടെ നിരീക്ഷിക്കുകയായിരുന്നു തിരുനബി (സ്വ). കാരണം, ആ പാരസ്പര്യം തന്നെയാണ് കുടുംബത്തില്‍ സന്തുഷ്ടിയും സൗഭാഗ്യങ്ങളും സാധ്യമാക്കുന്നത്. അതിന്റെ അഭാവത്തില്‍ ദാമ്പത്യം നരകതുല്യമായിരിക്കും. ഇണയുടെ ആവശ്യങ്ങളും അഭിരുചികളും മനസ്സിലാക്കുന്നതിലും നിറവേറ്റുന്നതിലും പരാജയപ്പെടുകയാണെങ്കില്‍, കുടുംബ ജീവിതത്തില്‍ അസംതൃപ്തി ഉടലെടുക്കും എന്നുമാത്രമല്ല സമൂഹഗാത്രത്തില്‍ പുഴുക്കുത്തായേക്കാവുന്ന സന്താനങ്ങളുടെ ഉത്പാദനമടക്കമുള്ള ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ക്ക് ഹേതുവാകുകയും ചെയ്യും. ഹണിമൂണ്‍ കഴിഞ്ഞാല്‍ പിന്നെ ദാമ്പത്യം ഒരു ഗതികെട്ട അഡ്ജസ്റ്റ്മെന്റോ അഭിനയമോ ആയി അധ:പതിക്കുന്നതിന്റെ മൂലകാരണം ഇപ്പറഞ്ഞ പാരസ്പര്യത്തിന്റെ അഭാവം തന്നെയാണ്. പുതിയ കാലത്തിന്റെ വിചിത്ര ശീലങ്ങളും തലതിരിച്ചിലുകളുമാണ് കുടുംബ ജീവിതത്തിലും വില്ലന്റെ വേഷം കെട്ടിയാടുന്നത്‌. സൌന്ദര്യവര്‍ദ്ദക വസ്തുക്കളില്‍ കുളിച്ച് നാട്ടുകാരുടെ മുന്നിലേക്ക്‌ ലങ്കിമിനുങ്ങി ഇറങ്ങിപ്പുറപ്പെടുന്നവള്‍, വീട്ടിനകത്ത് തന്റെ കണവന്റെ മുന്നില്‍ പ്രേതസമാനമായ പേക്കോലത്തിലായിരിക്കും നില്പ്. ഭര്‍ത്താവിന്റെ ഇഷ്ടത്തിനൊത്ത് അവനു വേണ്ടി മാത്രം കേശ വേഷങ്ങളില്‍ ശ്രദ്ധവയ്ക്കേണ്ടവള്‍ അന്യനു വേണ്ടി മാത്രം അണിഞ്ഞൊരുമ്പോള്‍, കുടുംബ ഭദ്രതയുടെ ആണിക്കല്ലിളക്കുകയും അതോടൊപ്പം മറ്റുള്ളവരെ വഴിപിഴപ്പിക്കുകയുമാണ്‌. തിരുനബി (സ്വ) പറഞ്ഞു: “ഏതെങ്കിലും സ്ത്രീ സുഗന്ധം പൂശി ജനങ്ങളുടെ മുന്നിലെക്കിറങ്ങുകയും, അവളുടെ സുഗന്ധം അവരാസ്വദിക്കാന്‍ വേണ്ടി അവരുടെ അരികിലൂടെ നടക്കുയും ചെയ്‌താല്‍ അവള്‍ വ്യഭിചാരിണിയാണ്” (അബൂ ദാവൂദ്, തുര്‍മുദി, നാസാഇ). വിശ്വാസിനിയായ ഒരു ഭാര്യതന്റെ ഭര്‍ത്താവിനു വേണ്ടിയല്ലാതെ ചമഞ്ഞൊരുങ്ങുകയില്ല. അങ്ങനെയാണ് മേല്‍പ്പറഞ്ഞ കഥയിലെ ഖുവൈല (റ) ചിന്തിച്ചത്. ഭര്‍ത്താവിനു വേണ്ടെങ്കില്‍ പിന്നെ ആര്‍ക്കുവേണ്ടിയാണ് ചമയേണ്ടത്. ഖുവൈല (റ) യുടെ രൂപത്തെക്കുറിച്ച് തിരുനബി (സ്വ) അസ്വസ്ഥനായത് നോക്കൂ. പ്രിയതമന്റെ മുന്നില്‍ പെണ്ണൊരുങ്ങിത്തന്നെ നില്ക്കണം എന്ന അദ്ധ്യാപനമാണ് ആ ഇടപെടലിലൂടെ അവിടുന്ന് നടത്തിയത്. ഭാര്യയുടെവൃത്തിയില്ലാത്ത രൂപം ഭര്‍ത്താവ് കാണാന്‍ ഇടവരരുത്. അതിനുള്ള എല്ലാ സാധ്യതകളേയും തിരുനബി (സ്വ) അങ്ങേയറ്റം നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. വിദൂരങ്ങളിലേക്ക് യാത്ര ചെയ്യുന്നവരോട്, തിരിച്ചുവരുമ്പോള്‍ രാത്രിവന്നു വാതില്‍ മുട്ടുന്ന 'സര്‍പ്രൈസ്' ഏര്‍പ്പാട് പാടില്ലെന്നും മറിച്ച്, "(രഹസ്യഭാഗങ്ങള്‍) വൃത്തിയാക്കി, മുടി ചീകിയൊതുക്കി" അണിഞ്ഞൊരുങ്ങാന്‍ അവര്‍ക്ക് വേണ്ടത്ര സമയം അനുവദിക്കണമെന്നും അവിടുന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചിരുന്നു (ബുഖാരി, മുസ്ലിം). കൂടുതലും പകല്‍ സമയത്തായിരുന്നു പ്രവാചകന്റെ തിരിച്ചുവരവുണ്ടായിരുന്നത്. വന്നാല്‍തന്നെ പള്ളിയില്‍ തങ്ങും, വീട്ടിലുള്ളവര്‍ വൃത്തിയവാന്‍ വേണ്ടി. അവളെ കണ്ടാല്‍ അവനൊരു സന്തോഷം തോന്നണം എന്നതായിരുന്നു തിരുനബി (സ്വ) യുടെ കാഴ്ചപ്പാട്. അതുകൊണ്ടാണ്, ഭയഭക്തി കഴിഞ്ഞാല്‍ പിന്നെ ഒരാള്‍ക്ക്‌ ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യം ധര്‍മ്മനിഷ്ടയുള്ള പെണ്ണാണ് എന്ന് പറഞ്ഞ തിരുനബി, അവളുടെ ഗുണവിശേഷങ്ങളുടെ കൂട്ടത്തില്‍ "അവളിലേക്ക്‌ നോക്കിയാല്‍ അവള്‍ അവനെ സന്തോഷിപ്പിക്കും" (ഇബ്നു മാജ) എന്ന് എടുത്തുപറഞ്ഞത്. അവളുടെ വേഷവിധാനങ്ങള്‍ അവ്വിധം സന്തോഷദായകമല്ലാതാകുമ്പോള്‍ ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും പിന്നെ തെരുവുകളിലും കാണപ്പെടുന്ന, ശരീരത്തിന്റെ നിന്മോന്നതികള്‍ സ്ഥിരം പരിപാലിച്ചു നടക്കുന്ന അവര്‍ഗ്ളാസ്സ് പെണ്ണുങ്ങളിലേക്ക് അവന്റെ കണ്ണുകള്‍ പായുന്നുവെങ്കില്‍ ഒട്ടും അത്ഭുതപ്പെടാനില്ല. “ഓ യുവാക്കളെ, നിങ്ങളില്‍ വിവാഹ സൗകര്യം ഒത്തവരെല്ലാം വിവാഹം കഴിക്കണം വിവാഹം കഴിക്കൂ” എന്ന ആഹ്വാനത്തിന് തിരുനബി (സ്വ) തന്നെ കാരണം പറഞ്ഞത് അതു നിങ്ങളുടെ ലൈംഗികാവയവത്തിനും കണ്ണിനും പാതിവ്രത്യം കൂടുതല്‍ പ്രദാനം ചെയ്യും എന്നാണ്. അവന്റെ കണ്ണുകള്‍ക്ക്‌ അങ്ങനെയൊരു സംരക്ഷണം നല്‍കാന്‍ കഴിയുന്ന നിലവാരത്തിലല്ല അവളുടെ പെര്‍ഫോമന്‍സ് എങ്കില്‍, വിവാഹം അതിന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തില്‍ വിജയിച്ചു എന്നു പറയാനാവില്ല. വിവാഹം കഴിച്ചിട്ടും കണ്ണുകള്‍ വ്യഭിചാരത്തില്‍ തന്നെ. അതോടൊപ്പം, കണ്ണൊരു തുടക്കം മാത്രമാണെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. “കണ്ണ് വ്യഭിചരിക്കും. അതിന്റെ വ്യഭിചാരം നോട്ടമാണ്. കൈ വ്യഭിചരിക്കും. അതിന്റെ വ്യഭിചാരം സ്പര്‍ശമാണ്. കാല്‍ വ്യഭിചരിക്കും. അതിന്റെ വ്യഭിചാരം ചവിട്ടടികളാണ്. നാവ് വ്യഭിചരിക്കും. അതിന്റെ വ്യഭിചാരം സംസാരമാണ്. വായ്‌ വ്യഭിചരിക്കും. അതിന്റെ വ്യഭിചാരം ചുംബനമാണ്. മനസ്സ് ആശിക്കും. ലൈംഗികാവയവം ആ ആശയെ സാക്ഷല്കരിക്കുകയോ നിരാകരിക്കുകയോ ചെയ്യും.” (ബുഖാരി) എന്ന തിരുവചനം അപകടകരമായ പരിണിതിയെക്കുറിച്ചുള്ള താക്കീതാണ്. അത്തരം അപകടങ്ങള്ക്കെതിരെ മുന്‍കരുതലുകള്‍ എടുക്കുക എന്നതാണ് ഒരു പെണ്ണ് നിര്‍വ്വഹിക്കേണ്ട അടിസ്ഥാനപരമായ ചുമതല. ഇതെല്ലാം കുടുംബിനികളുടെ കടമകളാണെങ്കില്‍, അതേ അനുപാതത്തില്‍ പുരുഷനുമുണ്ട് ഉത്തരവാദിത്തങ്ങള്‍. “അവര്‍ക്കുള്ള (സ്ത്രീകള്‍ക്കുള്ള) ബാധ്യതകളുടെ അത്രതന്നെ ന്യായമായ അവകാശങ്ങളും അവര്‍ക്കുണ്ട്” (അല്‍ ബഖറ: 228). തിരുനബി (സ്വ) യും പറഞ്ഞു: “നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യമാരില്‍ നിന്ന് ലഭിക്കേണ്ട ചില അവകാശങ്ങളുണ്ട്. നിങ്ങളുടെ ഭാര്യമാര്‍ക്ക് നിങ്ങളില്‍ നിന്ന് ലഭിക്കേണ്ട ചില അവകാശങ്ങളുമുണ്ട്” (തുര്‍മുദി) ഭാര്യയുടെ സൗന്ദര്യബോധമില്ലയ്മയെക്കുറിച്ച് പരാതിപ്പെടുന്നത്തിനു മുമ്പ്, അവളുടെ അവകാശമായ ആഗ്രഹങ്ങളും അഭിരുചികളും പരിഗണിക്കാറുണ്ടോ എന്നൊരു ആത്മപരിശോധന പുരുഷനും നടത്തേണ്ടതാണ്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ തലവന്‍ എന്നറിയപ്പെട്ട സ്വഹാബീ പ്രമുഖന്‍ ഇബ്നു അബ്ബാസ് (റ) തലമുടിയൊക്കെ ചീകിയൊതുക്കി സ്റ്റൈലാകുന്നത് കണ്ട് അത്ഭുതംകൂറിയ ശിഷ്യന്മാരോട് അവിടുന്ന് പറഞ്ഞത് ഇങ്ങനെയാണ്:“ഭാര്യ എനിക്കു വേണ്ടി അണിഞ്ഞൊരുങ്ങുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നത് പോലെ അവള്‍ക്കു വേണ്ടി അണിഞ്ഞൊരുങ്ങുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നു. കാരണം,“അവര്‍ക്കുള്ള ബാധ്യതകളുടെ അത്രതന്നെ ന്യായമായ അവകാശങ്ങളും അവര്‍ക്കുണ്ട്” എന്നല്ലേ അല്ലാഹു പറഞ്ഞത്.” കെട്ടിയവന്‍ വൃത്തിയിലും വെടിപ്പിലും നടന്നു കാണണം എന്നു തന്നെയാണ് ഏതു പെണ്ണും ആഗ്രഹിക്കുക. താടിയും മുടിയും വൃത്തിയാക്കാതെ കാട്ടാള വേഷത്തില്‍ കഴിയുന്നത്‌ കെട്ടിയവളുടെ മനസ്സ് കാണാതെ പോകലാണ്.ഉമര്‍ ബിന്‍ ഖത്ത്വാബി (റ) ന്റെ മുന്നില്‍വൃത്തിയില്ലാത്ത കോലത്തില്‍ ഒരാള്‍ വന്നു. അയാളെ തനിക്കു വേണ്ടേവേണ്ട എന്നു പറഞ്ഞുകൊണ്ട് അയാളുടെ ഭാര്യയുമുണ്ട് കൂടെ. ഉമറി (റ) ന് ആ വെറുപ്പിന്റെ കാരണംമനസ്സിലായി. അയാളെ കൊണ്ടുപോയൊന്നു കുളിപ്പിച്ച് നഖവും മുടിയുമൊക്കെ വെട്ടി ഒതുക്കി വൃത്തിയാക്കി കൊണ്ടുവരാന്‍ അവിടെയുള്ളവരോട്കല്പിച്ചു. കുളിച്ചു വന്നപ്പോള്‍ ആളാകെ മാറിപ്പോയി. തിരിച്ചറിയാന്‍ ഭാര്യപോലും പ്രയാസപ്പെട്ടു. ആളെ മനസ്സിലായപ്പോള്‍ പെണ്ണ് തന്റെ സ്വരം മാറ്റി. അയാളുടെ കൂടെ തിരിച്ചുപോയി. താടിയും മുടിയും ഒതുക്കാതെ കടന്നുവന്നൊരു വ്യക്തിയെക്കുറിച്ച് “മുടിയൊന്നൊതുക്കാന്‍ അയാളുടെ കയ്യില്‍ എണ്ണയൊന്നുമില്ലെ, ചെകുത്താനെപ്പോലെ കയറിവന്നിരിക്കുന്നു”എന്നു പോലും പറഞ്ഞുപോയി, പൊതുവെ ശാന്തനായ തിരുനബി (സ്വ). “വസ്ത്രധാരണവും മറ്റു രീതികളും എല്ലാ കാലത്തും ഒരു പോലെയാകുകയില്ല. പ്രായാനുസൃതമായി വേണ്ട മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. യുവത്വകാലത്തിന്റെ സ്റ്റൈല്‍ വയസ്സ് കാലത്ത് ചേരുകയില്ല. ഏതായാലും തന്റെ ഭാര്യയെ സന്തോഷിപ്പിക്കാനും അതുവഴി അവളുടെ പാതിവ്രത്യം സംരക്ഷിക്കാനും ആവശ്യമായ രീതിയില്‍ അവയെല്ലാം ശ്രദ്ധിക്കണം”എന്നു മഹാ പണ്ഡിതന്മാര്‍ പറഞ്ഞതായി ഇമാം ഖുര്‍ത്വുബി (റ) ഉദ്ധരിക്കുന്നുണ്ട്. ഇവയെല്ലാം ദമ്പതിമാരുടെ ചമയങ്ങളും വേഷവിധാനങ്ങളും സംബന്ധമായ ചിന്താവിഷയങ്ങളാണെങ്കില്‍, ലൈംഗികമായ ആവശ്യങ്ങളും അഭിരുചികളും അതിലേറെ പ്രധാനമാണ് എന്നതാണ് ഖുവൈലാ കഥയുടെ ബാക്കി. അതീവ ഗൗരവമായിരുന്നു ഉസ്മാനെ (റ) ഉപദേശിച്ചപപോള്‍ തിരുനബി (സ്വ) യുടെ സ്വരം. മാലോകരെല്ലാം ഉറക്കംപൂണ്ടു കിടക്കുമ്പോള്‍ തന്റെ നാഥന്റെ മുന്നില്‍ തനിച്ച് പ്രാര്‍ത്ഥനാ നിരതനായി രാത്രി കഴിക്കുക എന്നത് അത്യധികം പുണ്യമേറിയ കര്‍മ്മമാണ്‌. ആ പുണ്യ കര്‍മ്മമാണ്‌ തിരുനബി (സ്വ) നിയന്ത്രിച്ചത്. കെട്ടിയവളെ പട്ടിണിക്കിട്ട്കൊണ്ടൊരു അത്യാരാധന വേണ്ട. ഉമ്മുദ്ദര്‍ദാഇ (റ) നെ തീരെ പരിഗണിക്കാതെ പകല്‍ നോമ്പും രാത്രി നിസ്കാരവുമായി കഴിഞ്ഞു കൂടിയ ഭര്‍ത്താവ് അബുദ്ദര്‍ദാഇ (റ) നെ സല്‍മാനുല്‍ ഫാരിസി (റ) ശാസിച്ച സമാനമായൊരു സംഭവവും ഹദീസില്‍ കാണാം. ആ സംഭവത്തില്‍ സല്‍മാന്‍(റ) പറഞ്ഞത് തിരുനബി(സ്വ) ശരിവച്ചു.ഒരു രാത്രി തിരുനബിക്ക് (സ്വ) തന്നെ ഉറങ്ങാതെ പ്രാര്‍ത്ഥിക്കണം എന്നുവന്നപ്പോള്‍ പറ്റിക്കിടക്കുന്ന ആഇശ(റ)യില്‍ നിന്ന് മുന്‍‌കൂര്‍ സമ്മതം ചോദിച്ചുവാങ്ങുകയായിരുന്നു. “ഇന്നുരാത്രി പ്രാര്‍ത്ഥനയില്‍ കഴിഞ്ഞുകൂടാന്‍ എനിക്കുസമ്മതം തരില്ലേ, ആഇശ”എന്ന ചോദ്യത്തിന് പ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു: “അങ്ങെന്റെ ചാരത്തുണ്ടാവണം എന്നതാണെന്റെ താല്പര്യം. പക്ഷേ, അങ്ങയുടെ സന്തോഷമാണ് എന്റെയും സന്തോഷം” ഇണയെ അവഗണിച്ചു നടത്തുന്ന അതിരുവിട്ട പാതിരാ പ്രാര്‍ത്ഥന പോലും നിരര്‍ത്ഥകമാണെങ്കില്‍, അവളെ വീട്ടില്‍ തനിച്ചാക്കി കൂട്ടുകാരോടൊന്നിച്ച് രാത്രി അലഞ്ഞു നടക്കുന്നതിനു ഏതു ന്യായം കൊണ്ടാണ് സാധൂകരിക്കാനാവുക? ഇപ്പറഞ്ഞ ബാധ്യതകളെല്ലാം കേവലം ഇണയുടെ താല്പര്യത്തിന് വേണ്ടി മാത്രമാണെന്ന് ധരിക്കരുത്. അന്ത്യനാളില്‍ ചോദ്യം ചെയ്യപ്പെടുന്ന ഉത്തരവാദിത്തമാണിതെലലാം. ഖുവൈലയുടെ കഥയില്‍ തിരുനബി (സ്വ) പറഞ്ഞത് നോക്കൂ. “ഉസ്മാന്‍, അല്ലാഹുവിനെ സൂക്ഷിക്കണേ”. ഗൗരവമേറിയ ഇതേ ഉപദേശം തന്നെയാണ് പ്രവാചകന്‍ വിടവാങ്ങല്‍ പ്രസംഗത്തിലും അല്‍പം വിശദീകരിച്ചു പറഞ്ഞത്: “സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം. കാരണം, അവരെ നിങ്ങള്‍ സ്വീകരിച്ചത് അല്ലാഹുവിന്റെ ജാമ്യത്തിലാണ്. അവരുടെ ഉപസ്ഥം നിങ്ങള്‍ ഹലാലാക്കിയത് അല്ലാഹുവിന്റെ പേര് പറഞ്ഞിട്ടാണ്....” (മുസ്ലിം). മറ്റൊരു ഹദീസ്: “വിശ്വാസികളില്‍ പരിപൂര്‍ണ്ണമായ വിശ്വാസമുള്ളവര്‍ നല്ല സ്വഭാവമുള്ളവരാണ്. നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ കുടുംബത്തോട് ഉത്തമ സ്വഭാവമുള്ളവരാണ്” ഈ വിഷയത്തില്‍ സ്ത്രീയുടെ ഉത്തരവാദിത്തവും ഒട്ടും ചെറുതല്ല. ബുഖാരിയുംമുസ്ലിമും നിവേദനം ചെയ്ത ഹദീസ്: “ഒരാള്‍ തന്റെ ഭാര്യയെ വിരിപ്പിലേക്കു ക്ഷണിച്ചിട്ടും അവള്‍ വഴങ്ങിയില്ലെങ്കില്‍, അങ്ങനെ അയാള്‍ കുപിതനായി രാവു തീര്‍ക്കുകയും ചെയ്‌താല്‍ പുലരുവോളം മാലാഖമാര്‍ അവളെ ശപിച്ചുകൊണ്ടിരിക്കും”. ഭര്‍ത്താവിനെ തൃപ്തനാക്കിയവാളാണ് അവളെങ്കില്‍, ഇഹത്തിലും പരത്തിലും അവള്‍ സ്വര്‍ഗ്ഗത്തിലാണ്. “ഒരു സ്ത്രീ മരണപ്പെടുമ്പോള്‍ അവളുടെ ഭര്‍ത്താവ് അവളെക്കുറിച്ച് തൃപ്തനാണെങ്കില്‍ അവള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചതു തന്നെ” (തുര്‍മുദി) സ്നേഹവും അതിന്റെ ആത്മാര്‍ത്ഥമായ പ്രകടനങ്ങളുമാണ് ഏതു ബന്ധത്തേയുമെന്നപോലെ വിവാഹജീവിതത്തിലും ഇഴയടുപ്പം സാധ്യമാക്കുന്നത്. എത്രയൊക്കെ സ്നേഹം കൊണ്ട് ദൃഢപ്പെട്ട ബന്ധമാണെങ്കിലും, മേല്‍പറഞ്ഞത്‌ പോലുള്ള വൈകാരികവും വിഷയ സംബന്ധിയുമായ പ്രശ്നങ്ങളും ദാമ്പത്യജീവിതത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട്തന്നെ, ഇണയെ ഇണയായിക്കാണാനും ഹിതം മനസ്സിലാക്കി ഉടുത്തൊരുങ്ങാനും ഇരുവരും മുതിരേണ്ടത് കുടുംബത്തിന്റെ ഭദ്രത സംരക്ഷിക്കാന്‍ അനിവാര്യമാണ്. ഭംഗിയെന്നത് വിചിത്രമാം വിധം പുനര്‍നിര്‍വ്വചിക്കപ്പെട്ട, സനാതന സങ്കല്പങ്ങളെല്ലാം നോക്കുകുത്തികളായി വിറങ്ങലിച്ചുപോയ പുതുയുഗത്തില്‍ വിശേഷിച്ചും. കൂട്ടത്തില്‍, ഇടയ്ക്കിടെ എന്തെങ്കിലും പുതുമയും കൗതുകവും സൃഷ്ടിക്കാനും റൊമാന്‍സ് നിലനിര്‍ത്താനും ആവശ്യമായ സര്‍ഗ്ഗാത്മക ശ്രമങ്ങള്‍ കൂടി ദമ്പതിമാരില്‍ നിന്നുണ്ടാവുമ്പോള്‍ ദാമ്പത്യം കൂടുതല്‍ ഊഷ്മളവും മധുരിതവുമായിരിക്കും (ഈ ലേഖനം നേരത്തെ ‘ഗള്‍ഫ് സത്യധാര’യില്‍ പ്രസിദ്ധീകരിച്ചിരുന്നു)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter