നാലു മാസത്തില്‍ കൂടുതല്‍ ഭാര്യയെ പിരിഞ്ഞിരിക്കരുത്...

islamic familyഏറെ സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല ഹമീദിന്.... രണ്ട് സഹോദരിമാരെ കെട്ടിച്ചയക്കണം, അനിയനെ പഠിപ്പിക്കണം, രോഗിയായ ബാപ്പയ്ക്ക് മുടക്കമില്ലാതെ മരുന്ന് വാങ്ങണം, ഉമ്മയുടെ സന്തോഷമുള്ള മുഖം എന്നും കാണണം. ഇങ്ങനെയായിരുന്നു  ഹമീദിന്റെ ആഗ്രഹങ്ങള്‍! എന്നും സുബ്ഹിക്ക് സൈക്കിളുരുട്ടി റബ്ബര്‍ ടാപ്പിംഗിനിറങ്ങിയിരുന്ന ഹമീദ് ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. ഇങ്ങനെയിരിക്കെയാണ് അകന്ന ബന്ധുക്കളില്‍ നിന്നൊരു വിസ ലഭിച്ചത്. ടിക്കറ്റിന്റെ പൈസ മതി തത്ക്കാലം. ബാക്കിയൊക്കെ ജോലി ചെയ്തു കൊടുത്തു വീട്ടിയാല്‍ മതി. അങ്ങനെ ഹമീദ് പച്ചപിടിച്ച സ്വപ്നങ്ങളുമായി കേട്ടുപരിചയം മാത്രമുള്ള സഊദിയുടെ മണലാരുണ്യത്തിലേക്ക് പറന്നകന്നു. ഈറനണിഞ്ഞ് അവനെ യാത്രയാക്കുമ്പോള്‍ ആ വീട്ടുകാരുടെ കണ്ണുകളില്‍ ഒരുപിടി പ്രതീക്ഷകള്‍ ബാക്കിയുണ്ടായിരുന്നു. റബ്ബര്‍ ടാപ്പിംഗിലുള്ള വൈദഗ്ദ്യവും മറ്റേതു തൊഴിലെടുക്കാനുള്ള സന്നദ്ധതയുമായി ഒരറബിയുടെ വീട്ടുവേലക്കാരനായി ഹമീദ്. സമാധാനപ്രിയനും സ്‌നേഹത്തിന്റെ നനവും മനസ്സുമുള്ള അറബി ഹമീദിന്റെ കഠിനാധ്വാനത്തെ ഇഷ്ടപ്പെട്ടു. ക്ഷമാശീലനും കഠിനാധ്വാനിയുമായ ഹമീദിനെ സാമ്പത്തികമായി നന്നായി പരിഗണിക്കാന്‍ അറബി ശ്രദ്ധിച്ചു. ക്രമേണ അവന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചു. അനിയനെ നല്ല ഫീസ് കൊടുത്ത് എം.ബി.എയ്ക്ക് ചേര്‍ത്തു. പ്ലസ്ടു കഴിഞ്ഞപ്പോഴേക്കും രണ്ടു സഹോദരിമാരെയും നല്ല തറവാട്ടിലേക്ക് കെട്ടിച്ചയച്ചു. ചെറിയ സഹോദരിയുടെ വിവാഹത്തിന്റെ കൂടെ തന്നെ ഹമീദിന്റെയും നിക്കാഹ് കഴിഞ്ഞു. സഹോദരിമാര്‍ക്ക് സ്ത്രീധനം വേണ്ടുവോളം നല്‍കിയ ഹമീദ് പാവപ്പെട്ട ഒരു പെണ്‍കുട്ടിയായ സലീനയെ ഒരു തരി പൊന്നുപോലും ആവശ്യപ്പെടാതെ ജീവിത സഖിയാക്കി അന്നാട്ടുകാര്‍ക്ക് മാതൃക കാണിച്ചു. മൂന്നു മാസത്തിനുശേഷം സലീനയെ അവന്റെ വീട്ടിലാക്കി അവന്‍ വീണ്ടും ഗള്‍ഫിലെത്തി. പഴയ ജോലിയില്‍ നിന്ന് മാറാന്‍ ശ്രമിച്ചു. ആ അറബിയുടെ തന്നെ ബിസിനസ് സ്ഥാപനത്തിലേക്ക് ജോലിക്കയറ്റം കിട്ടി; പണവും! നാട്ടില്‍ സ്വന്തമായി സ്ഥലം വാങ്ങി. സ്വന്തം കുടുംബത്തെയും സലീനയുടെ കുടുംബത്തെയും സംരക്ഷിക്കാന്‍ കൂടി അവനു കഴിഞ്ഞു. സ്വന്തമായൊരു വീടിന്റെ പണി തുടങ്ങി. അനാരോഗ്യമുണ്ടായിരുന്നുവെങ്കിലും ഹമീദിന്റെ ബാപ്പ ആലികാക്ക നല്ലൊരു വീട് വെക്കുന്നതിന് നേതൃത്വം നല്‍കി. അവന്‍ സ്വന്തം വീട്ടിലേക്ക് താമസം മാറി. സലീനയെ പൊന്നില്‍ കുളിപ്പിച്ചു. അവളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഹമീദ് പണമയക്കും. അവളത് ഭംഗിയായി കൈകാര്യം ചെയ്യും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സലീനയ്ക്ക് ഇടക്കെവിടെയോ കാലിടറി. എപ്പോഴും സഹായത്തിന് ഓടിയെത്താറുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് എല്ലാ നിലയിലും അവളോട് സഹകരിച്ചു പോന്നു. സുഖസൗകര്യങ്ങളിലും ആഢംബരത്തിന്റെ പളപളപ്പിലും എല്ലാം മറന്ന സലീന ഹമീദിന്റെ വീട്ടുകാരുമായി എന്നത്തേക്കുമായി ഉടക്കി. ഷൗക്കത്തിന് സലീനയുടെ തനവും മനവും ആവോളം നുകരാന്‍ കഴിഞ്ഞു. ഷൗക്കത്തിന്റെ കരുത്ത് അവളെ സന്തോഷവതിയാക്കി. ഇത് കണ്ടുപിടിക്കാനും അടക്കം പറയാനും ആളുകള്‍ സഹായിച്ചു. ഒരു ദിവസം പുലര്‍ന്നപ്പോള്‍ സലീനയും ഷൗക്കത്തും ആ നാട്ടിലെങ്ങുമില്ല. എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. അല്ലെങ്കിലും എങ്ങോട്ട് പോകുന്നുവെന്ന് ആരോടെങ്കിലും പറയുമോ? നല്ല കാര്യം!! പക്ഷേ സലീന പോയത് വെറുംകയ്യോടെ ആയിരുന്നില്ല. അവള്‍ക്ക് കൈക്കലാക്കാന്‍ പറ്റുന്നതത്രയും ആഭരണങ്ങളും പണവും അവള്‍ കൈയ്യില്‍ കരുതി. അതിന്റെ കണക്ക് എത്രയെന്നു ഹമീദിന് പോലും അറിയില്ല. ഗള്‍ഫ് ഭാര്യമാരെ ഒന്നടങ്കം അപമാനിക്കാനും കളങ്കിതരാക്കാനും സലീനയെ കൊണ്ട് കഴിയുന്ന രീതിയില്‍ അവള്‍ ശ്രമിച്ചു. എന്താണ് ഈ സ്ത്രീയെ ഇതിനു പ്രേരിപ്പിച്ചത്? സുഖവും സൗകര്യങ്ങളും ആഢംബരത്തിന് വഴി മാറിയപ്പോള്‍ സ്വന്തം നില മറന്നോ? എല്ലാം കാണുന്ന, അറിയുന്ന സര്‍വ്വശക്തനെ മറന്നോ? ഇനി നമുക്ക് ഹമീദിന്റെ അടുത്തേക്ക് പോകാം. നാട്ടില്‍ ഭാര്യയും സ്വത്തും നഷ്ടപ്പെട്ട ഹമീദ് ആകെ തളര്‍ന്നു. ഹമീദിന്റെ സ്വപ്നങ്ങളുടെ സ്മാരകമായ ഇരുനില വീട് പ്രേതഭവനം പോലെ നിന്നു. ഈ വീട് കാണുന്തോറും നാട്ടുകാര്‍ സലീനയുടെ അപദാനങ്ങള്‍ വാഴ്ത്തിക്കൊണ്ടിരുന്നു. സലീന ഗര്‍ഭിണിയായിരുന്നുവെന്നും അവളുടെ ഉമ്മയും ഇങ്ങനെ ആയിരുന്നുവെന്നും ഹമീദിന് നട്ടെല്ലില്ലെന്നും തുടങ്ങി കേള്‍ക്കാനറക്കുന്ന ഭാഷയില്‍ നാട്ടുകാര്‍ ഇത് കാറ്റിനോടും കിളികളോടും പറഞ്ഞു. വാര്‍ത്ത പത്രത്തിലും വന്നു. ഷൗക്കത്തിന്റെ ലീലാവിലാസങ്ങള്‍ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് മാതൃകയായി. ഷൗക്കത്തിന് ഇതിനു മുമ്പും സലീനമാര്‍ ഉണ്ടായിരുന്നുപോല്‍! കണ്ണില്‍ കാണുന്ന ഗള്‍ഫുകാരന്റെ ഭാര്യമാര്‍ മുഴുവന്‍ ചില ചെറുപ്പക്കാരുടെയെങ്കിലും കണ്ണുകള്‍ക്ക് വസന്തമായി. തളര്‍ന്ന, സമനില തെറ്റിയ ഹമീദിനെ കൂട്ടുകാര്‍ ചേര്‍ന്നു ഉമ്മയുടെയും ഉപ്പയുടെയും അടുത്തേക്ക് വിമാനം കയറ്റി. താടിയും മുടിയും വളര്‍ന്ന് മനസ്സ് തളര്‍ന്ന് ഹമീദ് നാട്ടിലെത്തി. ഉമ്മയും ഉപ്പയും ചില ബന്ധുക്കളും ഹമീദിന് താങ്ങും തണലുമായി. സുഹൃത്തുക്കള്‍ ആശ്വാസവാക്കുകളുമായി എത്തി. എന്നിരുന്നാലും ഹമീദ് കേള്‍ക്കെയും കേള്‍ക്കാതെയും ചിലര്‍ അവന്റെ നട്ടെല്ലിന്റെ ശേഷിയെ ചോദ്യം ചെയ്തുകൊണ്ടിരുന്നു. ഹമീദ് എന്തു പിഴച്ചു? ചുട്ടുപഴുത്ത മണലാരുണ്യത്തില്‍ സ്വന്തക്കാര്‍ക്കു വേണ്ടി ചോര നീരാക്കിയ ഹമീദ്, സഹോദരിമാരെയും അനിയനെയും ബന്ധുക്കളെയുമൊക്കെ കരപറ്റിച്ച ഹമീദ്... സലീന അനുഭവിക്കുമെന്നും ഹമീദ് നല്ലൊരു മൊഞ്ചത്തിയെ കൊണ്ടുവരുമെന്നും അയല്‍പക്കത്തുള്ള താത്തമാര്‍ പ്രവചിച്ചത് തന്നെ സംഭവിച്ചു. സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയ ഹമീദ് വിവാഹിതനായി. സലീനയുടെ നടുക്കുന്ന ഓര്‍മ്മകള്‍ക്കു മുന്നിലും നാട്ടുകാരുടെ അര്‍ത്ഥമുള്ള കണ്ണുകള്‍ക്ക് മുന്നിലും അപമാനിതനായി ഹമീദ് ജീവിച്ചുവെങ്കിലും സന്തോഷം തിരികെ വരാന്‍ തുടങ്ങി. സക്കീന അതിനു പോന്നവളാണു പോല്‍! 'ഇവളിനി എന്നാണാവോ ചാടിപ്പോണത്!!, ഇവളും ഉടനെ പോണം ചിലര്‍ക്ക്. കഷ്ടം! സലീന ഇപ്പോള്‍ അവളുടെ വീട്ടിലുണ്ട്. ഭര്‍ത്താവായിരുന്നപ്പോള്‍ ഹമീദ് നല്‍കിയ സഹായം കൊണ്ടുണ്ടായ സൗഭാഗ്യങ്ങളാണ് സലീനയുടെ വീട്ടുകാര്‍ക്ക് ഇന്നും സൗകര്യങ്ങളായി ഉള്ളത്. ഷൗക്കത്തിന് എല്ലാം കൊടുത്ത സലീന അവസാനം കറിവേപ്പിലയായി. ഷൗക്കത്ത് ഇപ്പോള്‍ എവിടെയെന്ന് സലീനയ്ക്ക് അറിയില്ല. ഒരു രാത്രി ഇവിടെ കൊണ്ടുവിട്ട് നാളെ വരാം എന്നു പറഞ്ഞ് പോയതാണത്രെ. അവന്‍ ഇനി വരില്ലെന്നും സലീനക്കറിയാം. അതാണവളെ ഇത്രയും കാലത്തെ അനുഭവം പഠിപ്പിച്ചത്. ഇപ്പോള്‍ സലീനക്ക് പാശ്ചാത്താപമുണ്ട്! ഹമീദിനെ അപമാനിതനാക്കിയതിന്, ഹമീദിന്റെ സ്വത്ത് കൊള്ള ചെയ്തതിന്... സ്വന്തം ജീവിതം തകര്‍ത്തെറിഞ്ഞതിന്... സ്വന്തം അനിയത്തിമാരുടെ ഭാവി തകര്‍ത്തതിന്..... കാലത്തെ പിന്നോട്ട് വലിച്ചുകൊണ്ടുപോയി കഴിഞ്ഞതെല്ലാം ഇല്ലാതെയാക്കി മാറ്റുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?... ഹമീദിന്റെ അയല്‍വാസിത്താത്തമാര്‍ പറഞ്ഞതുപോലെ, 'സലീന അനുഭവിക്കട്ടെ.' ഷൗക്കത്തും അനുഭവിക്കുന്നുണ്ടായിരിക്കും!! കാര്യങ്ങള്‍ ഇത്രയൊക്കെ എത്തിച്ചതിനു പിന്നില്‍ എന്താണെന്നു വ്യക്തം. മുസ്‌ലിം കുടുംബങ്ങള്‍ക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ധാര്‍മിക ബോധം! മൂല്യങ്ങളോടുള്ള പുച്ഛം! പണം വരുമ്പോള്‍ ഉണ്ടാകുന്ന അഹങ്കാരം, ആധുനിക മാധ്യമങ്ങള്‍ തകര്‍ക്കുന്ന സ്വകാര്യതയും നാണവും മാനവും. ധാര്‍മിക/മത വിദ്യാഭ്യാസത്തിന്റെ അഭാവം, വിവേക ശൂന്യത... കല്യാണം കഴിഞ്ഞ് മനസും ശരീരവും ഇണങ്ങുമ്പോഴേക്ക് നാടുവിടുന്ന ഗള്‍ഫ് മാരന്‍മാരും ഇവിടെ ഒരു കാരണമാണ്. നാലു മാസത്തില്‍ കൂടുതല്‍ സമ്മതമില്ലാതെ ഭാര്യയെ പിരിഞ്ഞിരിക്കരുതെന്നല്ലേ നമ്മുടെ മതത്തിന്റെ താക്കീത്?! നഷ്ടപ്പെട്ടുപോയ മൂല്യങ്ങളും ഭക്തിയും തിരിച്ചറിവും ആചാര-അനുഷ്ഠാനങ്ങളുമൊക്കെ ഇനി തിരിച്ചുവരുമോ? നമുക്ക് പ്രാര്‍ത്ഥിക്കാം...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter