റമദാന് 18 – നമുക്ക് മുന്നേറാം...

റമദാന് 18 – നമുക്ക് മുന്നേറാം...
നോമ്പിന്റെ ഈ ആത്മീയ വേളയിലാണ്, ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം കടന്നുവന്നിരിക്കുന്നത്. ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം, വിശിഷ്യാ ഇന്ത്യയി വിവിധ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം, അഥവാ ഇന്ത്യയുടെ ജനാധിപത്യത്തിന് തന്നെ ഇത് പ്രധാനമാണെന്നര്‍ത്ഥം. പല പ്രതീക്ഷികളും തകിടം മറിയുന്ന വിധമാണ് ഫലം വന്നിരിക്കുന്നത്. 

എങ്കിലും, നമുക്ക് ശുഭപ്രതീക്ഷകളോടെ മുന്നോട്ട് പോവാം. വിശ്വാസി ഒരിക്കലും നിരാശനാവേണ്ടവനല്ല. പ്രഥമ ദൃഷ്ട്യാ നമുക്ക് അനിഷ്ടകരമെന്ന് തോന്നുന്ന പലതും ശേഷം ഏറെ ഉപകാരപ്രദമായത് നമ്മുടെതന്നെ മുന്‍കാലചരിത്രത്തില്‍ നമുക്ക് കാണാവുന്നതേയുള്ളൂ. ഹുദൈബിയ്യ സന്ധി തന്നെ ഇതിന് വലിയൊരു ഉദാഹരണമാണ്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം, സര്‍ക്കാര്‍ കലാലയങ്ങളില്‍ മതപഠനം വേണ്ടെന്ന് തീരുമാനിക്കപ്പെട്ടതും പ്രഥമ ദൃഷ്ട്യാ നമുക്ക് പ്രയാസം സൃഷ്ടിച്ചെങ്കിലും ശേഷം, നാം കാണുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെ പോലും വെല്ലുന്ന രീതിയിലുള്ള ഒരു വ്യവസ്ഥിതി നാം സ്വയം രൂപീകരിക്കുന്നതും ഏറെ വിജയകരമായി നടപ്പാക്കപ്പെടുന്നതുമാണ്. 

Also Read:റമദാന് 19 – ജിഹാദുന്നഫ്സ് തന്നെ പ്രധാനം...

ഇപ്പോള്‍ നാം അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധിയും അത്തരത്തില്‍ തരണം ചെയ്യാന്‍ നമുക്കാവട്ടെ. ഇനിയും ഒന്നിച്ചുനിന്നില്ലെങ്കില്‍, ഇന്ത്യയുടെ ജനാധിപത്യം തന്നെ അപകടത്തിലാവുമെന്ന തിരിച്ചറിവുണ്ടാക്കാന്‍ എല്ലാവര്‍ക്കും ഇതൊരു പാഠമാവട്ടെ. പരാജയശങ്കക്ക് മുന്നില്‍, ഞങ്ങള്‍ എല്ലാവരും ആവശ്യമെങ്കില്‍ ഒന്നിക്കാമെന്ന് മറ്റു പാര്‍ട്ടികളെല്ലാം പറഞ്ഞത് ഒരു ശുഭസൂചനയാണ്, പക്ഷേ, അതല്‍പ്പം വൈകിപ്പോയി എന്ന് മാത്രം. വരും ദിനങ്ങളില്‍ അത്തരം നല്ല നീക്കങ്ങള്‍ക്ക് ഇത് പ്രചോദനമായേക്കാം. 

ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷമാണ്, ഇന്ത്യന്‍ മുസ്‍ലിംകളുടെ വിദ്യാഭ്യാസ-സാമൂഹ്യ രംഗങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. തങ്ങളുടെ സംസ്ഥാനങ്ങളില്‍ ഒതുങ്ങിക്കൂടിയിരുന്ന പലരും ഇതര സംസ്ഥാനങ്ങളിലുള്ള സഹോദരങ്ങളെകുറിച്ച് ആശങ്കപ്പെടാനും അവരുടെ ഉന്നമനത്തിനായി കഴിയുന്നത് ചെയ്യാനും മുന്നോട്ട് വരാന്‍ തുടങ്ങിയത് അതിന് ശേഷമാണ്. 

ഇതും അത്തരത്തിലെ ഒരു മുന്നേറ്റത്തിന് കാരണമാവട്ടെ. മതഭ്രാന്തും മതചിഹ്നങ്ങളുടെ കമ്പോളവല്‍ക്കരണവുമായി ഒരു വിഭാഗം മുന്നോട്ട് പോവുമ്പോള്‍, നമുക്ക് വിദ്യാഭ്യാസപരവും സാമൂഹ്യവുമായ ശാക്തീകരണത്തിലൂടെ മുന്നോട്ട് പോകാം, അതിലൂടെ നമുക്ക് ഇന്ത്യയെ വീണ്ടെടുക്കാന്‍ ശ്രമിക്കാം, നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter