കൊറോണ കാലത്ത് യുഎസും ഇറാനും നടത്തുന്ന നിരുത്തരവാദിത്ത സമീപനങ്ങൾ
കൊറോണാ വൈറസിന്റെ വ്യാപനത്തെ തുടർന്ന് വൈറസിനെ പ്രതിരോധിക്കാൻ രാഷ്ട്രീയ വൈരം മറന്ന് ലോക ജനത ഒന്നിക്കുന്നതിന്റെ കാഴ്ചയായിരുന്നു എല്ലായിടത്തും. എന്നാൽ ചെറിയ ഇടവേളക്ക് ശേഷം അമേരിക്ക വീണ്ടും യുദ്ധ കാഹളങ്ങൾ മുഴക്കിയിരിക്കുകയാണ്. യു.എസ് കപ്പലുകളെ ഉപദ്രവിക്കുന്ന ഇറാനിയന്‍ ബോട്ടുകള്‍ വെടിവച്ച്‌ നശിപ്പിക്കുമെന്ന്​ ഭീഷണി മുഴക്കിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ് ട്രംപ്. എന്നാല്‍, മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനുപകരം കൊറോണ വൈറസ് ബാധിച്ച സ്വന്തം സൈനികരെ രക്ഷിക്കാനാണ് അമേരിക്ക ശ്രമിക്കേണ്ടതെന്ന് ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തു.

കൊറോണ കാലത്തെ ഇറാൻ യുഎസ് ബന്ധം

1979 ൽ ആയത്തുല്ല ഖുമൈനിയുടെ യുടെ നേതൃത്വത്തിൽ ഇസ്‌ലാമിക വിപ്ലവം നടന്നത് മുതൽ തുടങ്ങിയ അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത എന്നും രൂക്ഷമായിരുന്നു. മുൻ അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമ മുൻകൈയെടുത്ത് നടപ്പിലാക്കിയ ആണവകരാർ പ്രാബല്യത്തിൽ ഉണ്ടായിരുന്ന കാലത്ത് മാത്രമാണ് ഈ ശത്രുതക്ക് അല്പമെങ്കിലും ശമനം ഉണ്ടായിരുന്നത്.

ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡണ്ടായ ഉടനെ ആദ്യം ചെയ്ത നടപടി സമാധാന കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറലായിരുന്നു. അതിൽ പിന്നെ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധങ്ങൾ കൂടുതൽ വഷളായി. ഇറാന്റെ രഹസ്യ സേനയായ അൽ ഖുദ്സ് സേന തലവൻ ഖാസിം സുലൈമാനിയെ വധിച്ചതോടെ കാര്യങ്ങൾ യുദ്ധസമാന സാഹചര്യത്തിലെത്തുകയും ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഇറാൻ ആക്രമിക്കുകയും ചെയ്തു. എന്നാൽ അതിന് യുഎസ് തിരിച്ചടി നൽകാതിരുന്നതോടെ യുദ്ധ മേഘം മേഖലയിൽ നിന്ന് ഒഴിഞ്ഞു പോകുകയായിരുന്നു.

ഫെബ്രുവരി അവസാനം മുതൽ കൊറോണ വൈറസ് ലോകത്തുടനീളം ശക്തമായി പടർന്നു പിടിച്ചതോടെ ലോകരാജ്യങ്ങൾ മറ്റെല്ലാം മറന്ന് വൈറസിനെതിരെ ശക്തമായ പ്രതിരോധ നിര സൃഷ്ടിക്കാൻ തുടങ്ങി. വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രണ്ട് രാജ്യങ്ങൾ ആയിരുന്നു ഇറാനും അമേരിക്കയും. ഇതിൽ തുടക്കത്തിൽ ഏറ്റവും കൂടുതൽ വൈറസ് ബാധിച്ചത് ഇറാനെ ആയിരുന്നു. കൊറോണ പ്രതിരോധത്തിൽ പക്ഷേ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം വലിയ തലവേദനയായി മാറി.

വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാൻ അമേരിക്ക ഉപരോധം ഉയർത്തണമെന്ന് ഇറാൻ പലവുരു ആവശ്യപ്പെട്ടു. ഉപരോധം ഉയർത്താൻ അമേരിക്കക്ക് സുവർണാവസരം കൈവന്നിരിക്കുകയാണെന്നാണ് ഇറാൻ പ്രസിഡണ്ട് ഹസ്സൻ റുഹാനി വ്യക്തമാക്കിയത്. ഇതിനു പുറമേ മറ്റു പല രാജ്യങ്ങളും ഉപരോധം ഉയർത്താൻ അമേരിക്കയുടെ മേൽ വലിയ സമ്മർദം ചെലുത്തി. ഇതേതുടർന്ന് യുഎസ് ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാൻ തയ്യാറാണെന്ന് അറിയിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തിയിരുന്നെങ്കിലും വിഷയത്തിൽ കൂടുതൽ മുന്നോട്ടു പോകാൻ യുഎസ് തയ്യാറായില്ല. അതോടെ ലോക രാജ്യങ്ങളിൽ നിന്ന് തന്നെ അമേരിക്ക വലിയ വിമർശനമാണ് നേരിട്ടിരുന്നത്.

കൊറോണ ഇറാനെ ബാധിച്ചത്

ചൈനക്ക് ശേഷം കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച രണ്ട് രാജ്യങ്ങളായിരുന്നു ഇറ്റലിയും ഇറാനും. ഇറാനിലെ ആരോഗ്യമന്ത്രിയടക്കം നിരവധി പേർക്ക് കൊവിഡ് ബാധിക്കുകയും ധാരാളം ആളുകൾ മരണപ്പെടുകയും ചെയ്തു.

വളരെ പെട്ടെന്നാണ് ഇറാനിൽ മരണ സംഖ്യ 3000 എത്തിയത്. എന്നാൽ അതേ തുടർന്ന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഇറാന് വൈറസിനെ ചെറിയ രീതിയിൽ പ്രതിരോധിക്കാൻ സാധിച്ചു. എങ്കിലും 85,996 പോസിറ്റീവ് കേസുകളും 5,391 മരണങ്ങളുമായി ലോകത്തെ കൊറോണ ശക്തമായി ബാധിച്ച രാജ്യങ്ങളിലൊന്നുതന്നെയാണ് ഇപ്പോഴും ഇറാൻ.

അമേരിക്കയുടെ അവസ്ഥ

അമേരിക്കയുടെ കാര്യമാണ് ഏറെ കഷ്ടം. തുടക്കത്തിൽ വലിയ അപകടം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും വൈറസിന്റെ അപകടത്തെ അവഗണിച്ചതിന് വലിയ വിലയാണ് അമേരിക്ക നൽകേണ്ടി വന്നത്. പനി വന്ന് മരിക്കുന്നത് സ്വാഭാവികമാണെന്ന തീർത്തും നിരുത്തരവാദിത്തപരമായ പരാമർശം ആയിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്നും ലോകം കേട്ടത്. ലോകത്തെ ഏറ്റവും വലിയ ശക്തിയും ശാസ്ത്ര സാങ്കേതിക വിദ്യയിൽ പ്രഥമസ്ഥാനീയരുമായ അമേരിക്കക്ക് ശാസ്ത്ര വിരുദ്ധനായ ഒരു പ്രസിഡണ്ടിനെ ലഭിച്ചത് എത്രമാത്രം ദുരന്തമായി പോയെന്ന് ഈ കൊറോണ കാലം തെളിയിച്ചു.

ഫലപ്രദമായ രീതിയിൽ ലോക് ഡൗൺ നടപ്പിലാക്കാൻ സാധിക്കാതെ വന്നതോടെ അമേരിക്കയിൽ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു. മരണ സംഖ്യ കുതിച്ചുയർന്നതോടെ കണിശമായ നടപടികൾ നടപ്പിലാക്കുന്നതിന് പകരം ചൈനയ്ക്കെതിരെ പോർവിളി നടത്തുകയാണ് ട്രംപ് ചെയ്തത്. കൊറോണയെ ചൈന വൈറസ് എന്ന് വിശേഷിപ്പിച്ച ട്രംപ് വുഹാനിലെ ലാബിൽ വെച്ച് ചൈന മനപ്പൂർവ്വം വൈറസിനെ ഉണ്ടാക്കിയതാണെന്നും തുറന്നടിച്ചു. ലോകാരോഗ്യ സംഘടന ചൈനയുടെ താളത്തിനൊത്ത് തുള്ളുകയാണെന്ന് കുറ്റപ്പെടുത്തിയ ഡൊണാൾഡ് ട്രംപ് അതിനാൽ സംഘടനയ്ക്ക് അമേരിക്ക നൽകിവരുന്ന സഹായം നിർത്തുകയാണെന്നും വ്യക്തമാക്കി.

മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന തിരക്കിൽ സ്വന്തം രാജ്യത്തെ പൗരൻമാരുടെ ആശങ്കകൾ അകറ്റാൻ ട്രംപിന് സാധിച്ചില്ല. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ രാജ്യത്തെ കൊറോണ രോഗികളുടെ മരണം 10000 കടക്കുകയും ലോകത്ത് ഏറ്റവും അപകടകരമായി വൈറസ് ബാധിച്ച രാജ്യമായി യുഎസ് മാറുകയും ചെയ്തു. നിലവിൽ കൊറോണ ബാധിച്ച 8.5 ലക്ഷം രോഗികളുണ്ട് അമേരിക്കയിൽ. ഇതുവരെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47681 വുമാണ്.

ഇറാൻ- യുഎസ് ബന്ധത്തിലെ പുതിയ കല്ലുകടി

ഒരാഴ്ച മുമ്പ് പേർഷ്യൻ ഉൾക്കടലിൽ റോന്ത് ചുറ്റുകയായിരുന്ന യു.എസ് കപ്പലുകള്‍ക്ക് സമീപം ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്സി​ന്റെ 11 ബോട്ടുകള്‍ എത്തിയതാണ് അമേരിക്കയും ഇറാനും തമ്മിൽ പുതിയ അസ്വാരസ്യങ്ങൾക്ക് വഴിവെച്ചത്. ഇറാന്റെ കപ്പലുകൾ അപകടകരമായ രീതിയിൽ യുഎസ് കപ്പലിനെ വളയുകയായിരുന്നുവെന്നും മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നും അമേരിക്ക കുറ്റപ്പെടുത്തി. ഇത് തീർച്ചയായും അംഗീകരിക്കാൻ സാധിക്കില്ലെന്നും യുഎസ് തുറന്നടിച്ചു. എന്നാൽ വിഷയത്തിൽ ഇറാൻ നടത്തിയ വിശദീകരണം വ്യത്യസ്തമായിരുന്നു. ഗള്‍ഫിലെ യു.എസ് യുദ്ധക്കപ്പലുകളുമായി തര്‍ക്കമുണ്ടായതായി സമ്മതിച്ച റെവല്യൂഷണറി ഗാര്‍ഡ് പക്ഷേ, യു.എസ് സേനയെയാണ് സംഭവത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത്.

അമേരിക്കയുടെ പ്രകോപനം

സംഭവത്തെത്തുടർന്ന് ഇറാന്റെ നടപടിക്കെതിരെ അമേരിക്ക ശക്തമായി രംഗത്തെത്തി. യു.എസ് കപ്പലുകളെ ഉപദ്രവിക്കുന്ന ഇറാനിയന്‍ ബോട്ടുകള്‍ വെടിവച്ച്‌ നശിപ്പിക്കുമെന്ന്​ അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി. 'നമ്മുടെ കപ്പലുകളെ കടലില്‍ ഉപദ്രവിച്ചാല്‍ ഇറാനിയന്‍ ബോട്ടുകളെ വെടിവച്ച്‌ നശിപ്പിക്കാന്‍ അമേരിക്കന്‍ നാവികസേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്' എന്നായിരുന്നു​ ട്രംപ് ട്വീറ്റ് ചെയ്തത്​. ഇതി​ന്റെ വിശദാംശങ്ങള്‍ ട്വീറ്റില്‍ വ്യക്​തമാക്കിയിട്ടില്ല.

ഇറാന്റെ എല്ലാ കപ്പലുകളും വെടിവെച്ച്‌ തകര്‍ക്കണമെന്ന് ട്രംപ് അമേരിക്കന്‍ നേവിക്ക് നിര്‍ദ്ദേശം നല്‍കിയാതായാണ് റിപ്പോര്‍ട്ട്. താന്‍ നേവിക്ക് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയതായി ട്വിറ്ററിലൂടെ ട്രംപ് തന്നെയാണ് വ്യക്തമാക്കിയത്. പ്രസിഡന്റ് ശക്തമായ മുന്നറിയിപ്പാണ് ഇറാന് നല്‍കിയിരിക്കുന്നതെന്ന് ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി ഡേവിഡ് നോര്‍ക്യുസ്റ്റ് പറഞ്ഞു

ഇറാന്റെ കുറിക്ക് കൊള്ളുന്ന മറുപടി

തങ്ങളുടെ കപ്പലുകൾ വെടിവെച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കുന്ന ട്രംപിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി ഇറാനും രംഗത്തെത്തി. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനു പകരം കൊറോണ വൈറസ് ബാധിച്ച സ്വന്തം സൈനികരെ രക്ഷിക്കാന്‍ അമേരിക്ക ശ്രമിക്കണമെന്ന്​ ഇറാന്‍ തിരിച്ചടിച്ചു. ഇറാനിയന്‍ സായുധ സേന വക്താവ് അബുല്‍ഫസല്‍ ഷെകാര്‍ച്ചിയാണ്​ കൊറോണ വൈറസില്‍നിന്ന് തങ്ങളുടെ സൈന്യത്തെ രക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അമേരിക്കയെ ഉപദേശിച്ചത്​.

കൂടാതെ, ബുധനാഴ്​ച സൈനിക ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചതായി റെവല്യൂഷണറി ഗാര്‍ഡ് വെളിപ്പെടുത്തുകയും ചെയ്​തു. ഈ ഉപഗ്രഹം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കാന്‍ ഇറാനെ സഹായിക്കുമെന്ന നിരീക്ഷണത്തിലാണ്​ വിദഗ്ധര്‍.

അനാവശ്യ പ്രകോപനങ്ങൾ

കൊറോണയെ ഫലപ്രദമായി ചെറുക്കാൻ അമേരിക്കക്കും ഇറാനും സാധിക്കാത്ത ഇത്തരമൊരു സാഹചര്യത്തിൽ ഇരുരാജ്യങ്ങളും നടത്തുന്ന യുദ്ധ കാഹളങ്ങൾ തീർത്തും അനാവശ്യവും ഈ രാജ്യങ്ങളിലെ പൗരന്മാരോട് നടത്തുന്ന തികഞ്ഞ അവഹേളനവുമാണ്.

മാത്രമല്ല, ഇരു രാജ്യങ്ങളിലെ സൈനികർക്കും കൊറോണ പിടിപെട്ടിട്ടുണ്ട് എന്ന വസ്തുത കൂടി പരിഗണിക്കേണ്ടതുണ്ട്. 2600 യുഎസ് സൈനികർക്കാണ് വൈറസ് പിടിപെട്ടിട്ടുള്ളത്. രണ്ടു പേർ മരണമടയുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ അനാവശ്യമായ വിഷയങ്ങളിൽ ഊർജം ചെലവഴിച്ച് മുന്നോട്ടുപോകുന്നത് കൊറോണ പ്രതിരോധത്തിൽ നിന്നും ഇരു രാജ്യങ്ങളെയും പിന്നോട്ടടിപ്പിക്കുമെന്നതിൽ സംശയമേതുമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter