ഗോഡ്സെ ജയിച്ചു; ഗാന്ധി തോറ്റു

ഒരു തെരഞ്ഞെടുപ്പ് കൊണ്ടെന്നും ലോകം അവസാനിക്കുന്നില്ല. നീതിക്കും നന്മക്കും വേണ്ടിയുള്ള പോരാട്ടങ്ങളും. എല്ലാ പോരാട്ടങ്ങളും വിജയത്തില്‍ അവസാനിക്കണമെന്നുമില്ല. പരാജയത്തിലും നില്‍ക്കാന്‍ പഠിക്കുന്നവനേ മുന്നോട്ട് പോകാന്‍ കഴിയൂ.

Money, Muscle, Media ചേര്‍ന്നു Modi യെ വിജയിപ്പിച്ചെന്നു പറയാം അതിലേക്കു Manipulation വേണമെങ്കില്‍ ചേര്‍ക്കാം. 
പക്ഷേ അതിനപ്പുറം ഒരു യാഥാര്‍ഥ്യം നാം കണ്ടില്ലെന്നു നടിക്കരുത്. മോദി സ്വപ്നം കണ്ടെങ്കില്‍ 
ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ അമിത് ഷാ നേതൃത്വത്തില്‍ ബി.ജെ.പിയും ആര്‍എസ്‌എസും നടത്തിയ അക്ഷീണ പ്രയത്നം. നിലം ഉഴുതു കൃഷിയിറക്കാതെ കൊയ്യാന്‍ ശ്രമിച്ചിട്ട് കാര്യമില്ലല്ലോ. ചെയ്യാനുള്ളത് ചെയ്യാതെ ഉറക്കെ കരഞ്ഞുകൊണ്ടിരുന്നാല്‍ ഇത്രയൊക്കെയേ പ്രതീക്ഷിക്കാന്‍ കഴിയൂ.

ബിജെപി വിജയിച്ചത്
_____________________

തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നില്‍ ബിജെപിയെ സഹായിച്ച ഏറ്റവും വലിയ ഘടകമെന്തെന്നു ഒരു പാട് ഗവേഷണം നടത്തേണ്ട കാര്യമൊന്നുമില്ല. ഹിന്ദുത്വ രാഷ്ട്രീയത്തെ വളരെ സമര്‍ത്ഥമായി കച്ചവടം ചെയ്യാന്‍ ബി.ജെ.പിക്ക് സാധിച്ചു. അതിനപ്പുറമുള്ളതെല്ലാം വ്യഖ്യാനങ്ങള്‍ മാത്രം. അത്കൊണ്ടാണ് എല്ലാ സഖ്യങ്ങളും പരാജയപ്പെട്ടത്. യു.പിയിലെ എസ്‌പി-ബിഎസ്പി സഖ്യം, കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ്‌ സഖ്യം, ബീഹാറിലെ സഖ്യം മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം അങ്ങനെ പലതും. ആപ്പുമായി ദല്‍ഹിയില്‍ കോണ്‍ഗ്രസ് സഖ്യം ചെയ്തിരിന്നുവെങ്കില്‍ ഒരു പക്ഷേ രണ്ടു സീറ്റ് കിട്ടുമായിരിക്കും. അതിനപ്പുറം ഇത് സഖ്യമില്ലാത്തതിന്റെയോ രാഹുല്‍ ഗാന്ധിയുടെയോ പരാജയം എന്നു വിളിക്കുന്നതില്‍ അര്‍ത്ഥമില്ല.

Hindutva Politics, Strongman Politics, Nationalist Politic തുടങ്ങി പല പേരുകളിലും ഈ വിജയത്തെ വിളിക്കാമെങ്കിലും ജനങ്ങളുടെ വികാരത്തെ ഇക്കിളിപ്പെടുത്തി നേടിയ വിജയമാണ് ഇതെന്നതില്‍ തര്‍ക്കമില്ല. വാട്ട്സാപ്പ് ‘യൂണിവേഴ്സിറ്റി’യും ‘പന്ന പ്രമുഖ്’ സംവിധാനവും ഈ മെസേജുകള്‍ ജനങ്ങളില്‍ എത്തിക്കുന്നതിലും അത് വോട്ടാക്കി മാറ്റുന്നതിലും വലിയ വിജയമായി മാറുകയും ചെയ്തു. തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ പ്രധാനമന്ത്രി മോഡി പറഞ്ഞിരുന്നു. മൊബൈലാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ആയുധമെന്ന്. തെരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ മോദി പറഞ്ഞു. ‘’പന്ന പ്രമുഖ് സംവിധാനത്തെ പലരും പരിഹസിച്ചു. ഇപ്പോ മനസ്സിലായില്ലേ അതിന്റെ ശക്തിയെക്കുറിച്ച്’’.

യോഗേന്ദ്ര യാദവ് നിരീക്ഷിച്ചത് പോലെ എന്‍ഡിഎക്ക് ഒരു മെസേജ് ഉണ്ടായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയം ആ മെസേജ് വഹിക്കാന്‍ ഒരു മെസ്സഞ്ചര്‍ ഉണ്ടായിരുന്നു – മോദി. 
അതിനെ ഫലപ്രദമായി ജനങ്ങളില്‍ എത്തിക്കാന്‍ വാട്ട്സ്ആപ്പും പന്ന പ്രമുഖ് സംവിധാനവും സഹായിച്ചതോടെ ആരും പ്രതീക്ഷിക്കാത്ത വിജയം മോദിയെ തേടിയെത്തി. റാലികള്‍ വിസിബിലിറ്റി വേണ്ടിയുള്ളത് മാത്രമാണ്. അത് മാത്രം വോട്ടു കൊണ്ട്തരില്ലെന്ന പാഠം കോണ്‍ഗ്രസ്കാര്‍ പഠിച്ചാല്‍ നല്ലത്.

ബി.ജെ.പിയുടെ ചെറുത്തു നിന്ന സംസ്ഥാനങ്ങള്‍ എടുത്താല്‍ അറിയാം എന്ത് കൊണ്ട് അവിടെ ബിജെപി മുന്നേറാന്‍ കഴിഞ്ഞില്ലെന്നു. വിശ്വാസയോഗ്യരായ പ്രാദേശിക നേതാക്കള്‍ക്ക് ഉള്ളിടങ്ങളില്‍ മാത്രമാണ് ബിജെപി തടയപ്പെട്ടത്. തമിഴ്നാട്ടില്‍ സ്റ്റാലിന്‍, ആന്ധ്രയില്‍ ജഗന്‍, തെലുങ്കാനയില്‍ കെസിആര്‍, ഒഡിഷയില്‍ നവീന്‍ പട്നായിക്ക്. കിതചെങ്കിലും ബംഗാളില്‍ മമത. കോണ്‍ഗ്രസ് പിടിച്ചു നിന്നത് പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്‍ വ്യക്തി പ്രഭാവത്തിലും കേരളത്തിലെ മതേതര പക്ഷം ഒറ്റക്കെട്ടായി ബിജെപി വിരുദ്ധ ചേരിയില്‍ അണിനിരന്നത്കൊണ്ടും.

കോണ്‍ഗ്രസ് മുന്നിലുള്ള വഴി
_____________________________

രാഹുല്‍ ഗാന്ധി ഒറ്റയാനായി കൂറെ ഓടി. രാഷ്ട്രീയം പറഞ്ഞു. ആദര്‍ശം പറഞ്ഞു. ഇടയ്ക്ക് കൂട്ടിനായി സഹോദരിയും ചേര്‍ന്നു. പക്ഷേ കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയെന്ന നിലയില്‍ ഈ തെരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്നില്ലയെന്നതാണ് സത്യം. നേതാക്കളില്‍ ഒരു വലിയ വിഭാഗം ഉള്‍വലിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അതേ തീവ്രതയോടെ രാഷ്ട്രീയ ആദര്‍ശം പറയുന്ന എത്ര കോണ്‍ഗ്രസ്കാരുണ്ട്. തന്‍റെ ഐഡിയോളജി കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഐഡിയോളജിയാക്കി മാറ്റുന്നതില്‍ രാഹുല്‍ വിജയിച്ചുവോവെന്നത് സംശയകരമാണ്.

2014 തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ ആന്റണി കമ്മിറ്റി മുന്നോട്ട് വെച്ച നിര്‍ദ്ദേശാനുസരണം, ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടിയെന്ന തോന്നല്‍ ഭൂരിപക്ഷ ഹിന്ദുവിശ്വാസികളില്‍ ഉണ്ടാവാതിരിക്കാന്‍ ‘മൃദു ഹിന്ദുത്വം‘ പുല്‍കിയ കോണ്‍ഗ്രസ് പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആളുകള്‍ ഒറിജനല്‍ ഉണ്ടാകുമ്പോള്‍ ഇത് തേടി വരില്ല. ഇന്ത്യയിലെ എല്ലാ ജനാവിഭാഗങ്ങളെയും ഉള്‍കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടിയായി മാറാന്‍ കൊണ്ഗ്രസിനു സാധിക്കണം. മുസ്‌ലിം പേര് പറയാനും മുസ്‌ലിം നേതാക്കളെ മുന്നില്‍ നിറുത്താനും കോണ്‍ഗ്രസ് മടി കാണിക്കുക വഴി അധികാരത്തിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നത് വിഡ്ഢിത്തമാണ്.

ഹിന്ദുത്വത്തിലധിഷ്ടിധ്താമായ ദേശീയതയെ മാത്രം ഉള്‍കൊള്ളാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ ഒരുപാട് ഉപദേശീയതകള്‍ ഇഴകിച്ചെര്‍ന്ന ഇന്ത്യന്‍ ദേശീയതയെ പൂര്‍ണ്ണാര്‍ത്വത്തില്‍ ഉള്കൊല്ലാനും നരസിംഹറാവുവിന്റെ കൊണ്ഗ്രസിനു പകരം ജവഹര്‍ലാല്‍ നെഹ്റുവിന്റെ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാനും ശ്രമിച്ചാല്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ. ബിജെപി വെച്ച് തരുന്ന കെണിയില്‍ വീഴാനും മുസ്ലിംകള്‍ ഉള്‍പ്പെടുയുള്ള ന്യൂനപക്ഷങ്ങളെക്കുറിച്ച് എന്തെങ്കിലും പറയുന്നത് പോലും അപരാധമാണെന്ന് സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് ബി.ജെ.പിയുടെ യാത്ര സുഗമമാക്കുക മാത്രമാണ് ചെയ്യുന്നത്. ആദിവാസികള്‍, ദളിതര്‍, പിന്നോക്കക്കാര്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങി എല്ലാവരെയും ഉള്‍കൊള്ളുന്ന ഒരു രാഷ്ട്രീയത്തിനായി നിലകൊള്ളുന്നവരാണ് ഇപ്പോഴും ഇന്ത്യയിലെ വലിയൊരുവിഭാഗം ജനത. 
നമുക്ക് കാത്തിരിക്കാം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter