മുസ് ലിം ശാസ്ത്രത്തിന്റെ സുവര്‍ണ കാലങ്ങള്‍
പ്രപഞ്ചത്തെ ഗവേഷണ വിധേയമാക്കാനും, ദൈവിക സൃഷ്ടി വൈഭവത്തെ പഠന വിധേയമാക്കാനും മാനവിക കുലത്തെ ഇസ്‌ലാം നിരന്തരം പ്രോത്സാഹിപ്പിച്ചു. അന്ധകാരത്തിന്റെ കരിമ്പടക്കെട്ടില്‍ നിന്നും ലോകം മുക്തമായത് ആറാം നൂറ്റാണ്ടിലെ ഇസ്‌ലാമിന്റെ ആഗമനത്തോടെയായിരുന്നു. വിജ്ഞാനമെന്താണെന്നും അതിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്നും വുശുദ്ധ ഖുര്‍ആന്‍ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നു. അതോടെ അപ്രാപ്യമെന്ന് കരുതിയിരുന്ന പലതും പ്രാപ്യമാവുകയും ശാസ്ത്ര ലോകത്തിന്റെ ഝടിതിയിലുള്ള ഗമനത്തിന് വഴിയൊരുക്കുകയും ചെയ്തു.
മുസ്‌ലിംകളുടെ ശക്തിയും സ്രോതസ്സും അഭിമാന സിരാകേന്ദ്രവും മതമായിരുന്നതിനാല്‍ തന്നെ വൈജ്ഞാനിക വിപ്ലവത്തിന് നാന്ദി കുറിച്ചതും മതകീയ വിജ്ഞാനത്തില്‍ നിന്നായിരുന്നു. വാക്കുകളെ ആയുധങ്ങളാക്കി ശത്രുക്കളെ നേരിട്ടവരിലേക്ക് വിശുദ്ധ ഖുര്‍ആന്റെ അവതരണം വലിയൊരു വെല്ലുവിളിയായിരുന്നു. അതോടെ, അറേബ്യന്‍ ജനതയൊന്നടങ്കം ദൈവിക ഗ്രന്ഥത്തിന് മുന്നില്‍ അടിയറവ് പറയേണ്ടിവന്നു. പ്രകൃതിയെ കുറിച്ച് പഠിക്കാനും ആകാശ ഭൂമിയുടെ സൃഷ്ടിപ്പിനെ കുറിച്ച് വിചിന്തനം നടത്താനും ഉദ്‌ബോധിപ്പിക്കുന്ന ഏക ദൈവിക ഗ്രന്ഥമാണ് ഖുര്‍ആന്‍.പ്രാഥമിക വിജ്ഞാന ശാഖകള്‍ക്കു വഴിയെ കര്‍മ്മ ശാസ്ത്രവും വിശ്വാസ ശാസ്ത്രവും ഉടലെടുക്കുകയായിരുന്നു.ഖിബ്‌ല ദിശാനിര്‍ണയം, നമസ്‌കാര സമയക്രമം ,അനന്തരാവകാശ വിഹിതങ്ങള്‍ ,സകാത്ത് വിഹിതം, തുടങ്ങീ മതപരമായ അനുഷഠാന കര്‍മ്മങ്ങള്‍ക്ക് ഗണിത ശാസ്ത്രം, ജ്യാമിതി, ത്രികോണക്കണക്ക്, ഗോളശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകള്‍ അനിവാര്യമായിരുന്നു.
ഭൂമി ഗോളാകൃതിയിലാണെന്നും, അത് ഭ്രമണം നടത്തുന്നുവെന്നും പ്രവാചകാഗമന ഘട്ടത്തില്‍ തന്നെ അവര്‍ കണ്ടെത്തുകയുണ്ടായി. വിശുദ്ധ ഖുര്‍ആന്റെ ഉദ്‌ബോധനം നിരന്തരമായി വന്നതോടെ അവര്‍ ഇവ്വിഷയകമായി അവഗാഹം നേടിയെടുക്കുകയായിരുന്നു. പക്ഷെ, ഏഴു നൂറ്റാണ്ടികള്‍ക്കിപ്പുറം ഇറ്റലിക്കാരനായ ഗലീലിയോ ഭൂമി ഭ്രമണം ചെയ്യുന്നു എന്ന നിരീക്ഷണത്തിലെത്തിയപ്പോള്‍ ഇറ്റാലിയന്‍ ഭരണകൂടം അദ്ധേഹത്തെ വിചാരണ ചെയ്യുകയും തുറുങ്കിലടക്കുകയും ചെയ്തുവത്രെ.
ഇന്ന് ശാസ്ത്രീയ പുരോഗതിയുടെ പേരില്‍ അഭിമാനം കൊള്ളുന്ന യൂറോപ്യന്‍ ജനത ശാസ്ത്ര സാങ്കേതിക വിദ്യയുടെ സുവര്‍ണ കാലത്ത് ശാസ്ത്ര സംബന്ധമായി പൂര്‍ണ അജ്ഞരായിരുന്നു. ഉസാമതു ബിന്‍ മുന്‍ഖിദ് പറയുന്നു: 'മതൈത്വര ഭരണാധികാരി എന്റെ പിതൃവ്യന് ഇങ്ങനെ എഴുതി ' ഇവിടെ വ്യാജ വൈദ്യന്‍മാര്‍ സജീവമായിരിക്കുന്നു. അവരില്‍ നിന്നും രോഗികളെ രക്ഷിക്കാനായി പരിജ്ഞാനിയായ ഒരു ചികിത്സാരിയെ ഇങ്ങോട്ടയക്കുക'. വിവരം ലഭിച്ച ഉടനെ പിതൃവ്യന്‍ സാബിതിനെ വിളിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി അദ്ധേഹത്തെ അങ്ങോട്ടയക്കുകയും ചെയ്തു. പത്തു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തിരിച്ചു വന്ന അദ്ധേഹത്തെ കണ്ട് ആശ്ചര്യത്തോടെ ഞങ്ങള്‍ ചോദിച്ചു: ഇത്രയും പെട്ടെന്ന് താങ്കള്‍ അവരുടെ രോഗങ്ങള്‍ ചികിത്സിച്ചു ബേധപ്പെടുത്തിയോ?.അപ്പോള്‍ സാബിത് പറഞ്ഞു: ' വിറയല്‍ ബാധിച്ച ഒരു സ്ത്രീയെയും, കാലില്‍ വ്രണമുള്ള ഒരു പട്ടാളക്കാരനെയുമാണ് എനിക്ക് ചികിത്സിക്കാനുണ്ടായിരുന്നത്. യുവാവിന്റെ വ്രണത്തിന്‍ മേല്‍ ലേപനം പുരട്ടിയും, വിറയലിന് പത്ഥ്യാഹാരം നിര്‍ദേശിച്ചും ഇരുവരുടെയും അസുഖം സുഖപ്പെടുത്തി വരികയായിരുന്നു. അതിനിടയിലാണ് അവരിലെ നാട്ടു വൈദ്യന്‍ വന്നു കൊണ്ടിങ്ങനെ പറഞ്ഞത്:' നിങ്ങള്‍ ക്ഷണിച്ചു വരുത്തിയ ഇവന്‍ ഒരു ചികിത്സാരിയല്ല, അവന്‍ മുഴു ഭ്രാന്തനാണ്. ഒരു ചികിത്സാ മുറയും ഇയാള്‍ക്കറിയില്ല. അതു കൊണ്ട് ഇവരുടെ അസുഖം ഞാന്‍ സുഖപ്പെടുത്താം'. ഇതും പറഞ്ഞ് അയാള്‍ പട്ടാളക്കാരനായ യുവാവിലേക്ക് നീങ്ങി. എന്നിട്ട് അവനോട് ചോദിച്ചു: 'ഒരു കാലില്‍ ജീവിക്കാനാണോ അതല്ല ഇരു കാലില്‍ മരിക്കാനാണോ നീ ആഗ്രഹിക്കുന്നത്?''ഒരു കാലില്‍ ജീവിക്കാന്ണ്',അവന്‍ ഭവ്യതയോടെ പറഞ്ഞു. അപ്പോള്‍ വൈദ്യന്‍ പറഞ്ഞു:' എന്നാല്‍ മൂര്‍ച്ചയുള്ള ഒരു കോടാലിയും ശക്തനായ ഒരു യുവാവിനെയും എത്രയും പെട്ടന്ന് ഇവിടെ എത്തിക്കുക'. കോടാലിയുമായി എത്തിയ യുവാവിനോട് രോഗിയുടെ കാല്‍ ഒറ്റ വെട്ടിന് മുറിച്ചു മാറ്റുവാന്‍ കല്പ്പിച്ചു. അവന്‍ ആഞ്ഞു വെട്ടി. പക്ഷെ മുറിഞ്ഞില്ല. രണ്ടാമത്തെ വെട്ടിന് അവന്റെ മജ്ജ പൊട്ടുകയും രക്തം വാര്‍ന്ന് അവന്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു.
തുടര്‍ന്ന് അദ്ധേഹം അടുത്ത രോഗിയിലേക്ക് നീങ്ങി. രോഗിയെ സശ്രദ്ധം വീക്ഷിച്ചു കൊണ്ട് അദ്ധേഹം പറഞ്ഞു:' ഇവളുടെ തലയില്‍ പിശാച് കയറിയിരിക്കുന്നു. പിശാച് ഇറങ്ങാനായി ഇവളുടെ തല മുണ്ഡനം ചെയ്യുക'. ആജ്ഞ നടപ്പാക്കപ്പെട്ടു. രോഗി പത്ഥ്യാഹാരം ഉപേക്ഷിക്കുകയും നിത്യ ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്തു. അതോടെ, അവളുടെ രോഗം മൂര്‍ഛിച്ചു. തുടര്‍ന്ന്, വൈദ്യന്‍ രോഗിയെ സമീപിക്കുകയും അവളുടെ തല അല്പം കീറി വ്രണത്തില്‍ ഉപ്പു വെക്കുകയും ചെയ്തു. അതോടെ അവളുടെ കഥയും കഴിഞ്ഞു.സാബിത് പറയുന്നു:' ഇതെല്ലാം കഴിഞ്ഞ് ഞാന്‍ അവരോട് ചോദിച്ചു,' ഇനി എന്റെ ആവശ്യമുണ്ടോ?'. അവര്‍ പറഞ്ഞു 'ഇല്ല ഇനി താങ്കള്‍ക്ക് പോകാം'.
മേല്‍ വിവരിച്ച പ്രകാരം അത്യന്തം ശോചനീയമായിരുന്ന യൂറോപ്യന്‍ ചികിത്സാമുറകള്‍ ഇസ്‌ലാമിന്റെ ആഗമനത്തോടെ ഒരു നവ യുഗപ്പിറവിയുടെ നാന്ദീകരണത്തിന് സാക്ഷിയാവുകയായിരുന്നു. ശാസ്ത്ര ലോകത്തിന്റെ സുവര്‍ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അബ്ബാസീ ഭരണ കാലത്ത് (132 656) നിരവധി വൈദ്യ പഠന കലാലയങ്ങള്‍ സ്ഥാപിതമായി. അബൂ ജഅ്ഫറുല്‍ മന്‍സൂര്‍ ബഗ്ദാദിലും, ഹാറൂണ്‍ റശീദ് ദമസ്‌കസിലും, അന്നാസിറു ലി ദീനില്ലാ കൊര്‍ഡോവയിലും, ഓരോ വൈദ്യ പഠന കലാലയങ്ങള്‍ സ്ഥാപിച്ചു. അങ്ങനെ, ബഗ്ദാദും സ്‌പെയിനും കേന്ദ്രമാക്കി ഒരു മഹാ വൈജ്ഞാനിക വിപ്ലവത്തിന് നാന്ദി കുറിക്കുകയായിരുന്നു.
എട്ട്, ഒമ്പത് നൂറ്റാണ്ടുകളിലെ വൈദ്യ ശാസ്ത്രത്തിന്റെ വളര്‍ച്ച അദ്വൈതമാണ്. അബൂബക്കര്‍ റാസി, ഇബ്‌നു രിള്‌വാന്‍, ഇബ്‌നു മിസ്‌കവൈഹി തുടങ്ങി ഒട്ടനവധി ഭിഷഗ്വരന്‍മാരെ ഇസ്‌ലാം ലോക സമക്ഷം അവതരിപ്പിക്കുകയുണ്ടായി. അഉ.850 നും 932 നും ഇടയിലായി അബൂബക്കര്‍ അല്‍ റാസി വൈദ്യ ശാസ്ത്രത്തില്‍ മാത്രം 52 ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി.അജ്ഞാതമായിരുന്ന പല രോഗങ്ങളും മുസ്‌ലിം ഭിഷഗ്വരന്‍മാര്‍ വിദഗ്ദമായ പരിശോധനകളിലൂടെ കണ്ടു പിടിക്കുകയും അവക്ക് അനുയോജ്യമായ ചികിത്സാമുറകള്‍ നിര്‍ദേശിക്കുകയും ചെയ്തു. എട്ട്, ഒമ്പത് നൂറ്റാണ്ടുകളിലെ മുസ്‌ലിം ഭിഷഗ്വരന്‍മാരുടെ പരിശോധനാമുറകള്‍ വളരെ ശ്രദ്ധേയമായിരുന്നു. രോഗം ബാധിച്ച അവയവങ്ങള്‍ക്കു പുറമെ അവര്‍ രോഗിയുടെ ശരീരം മുഴുവനും പരിശോധനാ വിധേയമാക്കുകയും ചെയ്തിരുന്നു.കൂടാതെ അവരുടെ മാതാപിതാക്കളുടെ രോഗങ്ങളും ശ്രവണ നേത്ര കഴിവുകളും പരിശോധിക്കുകയും അവ രേഖപ്പെടുത്തി ഫയലില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നുവത്രെ. ചികിത്സാമുറകള്‍ എങ്ങനെയായിരിക്കണമെന്നും രോഗിയുമായി എങ്ങനെ പെരുമാറണമെന്നും എന്ന് തുടങ്ങി ഇബ്‌നു രിള്‌വാന്‍ തന്റെ ശിഷ്യഗണങ്ങള്‍ക്ക് നല്‍കിയിരുന്ന ഉപദേശങ്ങള്‍ വൈദ്യ ചികിത്സാ രംഗത്ത് ഇന്നും പ്രശസ്തമാണ്.
അഞ്ചാം പനി, വസൂരി എന്നീ മാറാരോഗങ്ങളെ കുറിച്ച് അബൂബക്കര്‍ അല്‍ റാസി ഒരു ഗ്രന്ഥം രചിക്കുകയുണ്ടായി. പതിനെട്ടാം നൂറ്റാണ്ടു വരെ വൈദ്യ ശാസ്ത്രത്തിലെ മികച്ച ഒരു റഫറന്‍സ് കൃതി കൂടിയായിരുന്നു. അഉ 9 /10 നൂറ്റാണ്ടില്‍ ഇബ്‌നു മിസ്‌കവൈഹി കുഷ്ഠ രോഗത്തെ കുറിച്ച് പഠനം നടത്തുകയും ശേഷം ഇബ്‌നുല്‍ ജസ്സാര്‍ രോഗ കാരണങ്ങളും അനുയോജ്യമായ ചികിത്സാമുറകളും നിര്‍ദേശിക്കുകയുണ്ടായി. ഇതേ സമയം, യൂറോപ്യന്‍ നാടുകളില്‍ ചര്‍ച്ച് മേധാവികള്‍ കുഷഠ രോഗികളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അവരെ നാടുകടത്തുക പോലും ചെയ്തിരുന്നുവത്രെ. പക്ഷെ, അവര്‍ മുസ്‌ലിം ഭരണ പ്രദേശങ്ങളില്‍ അഭയം തേടുകയും അവര്‍ അവിടെ സുരക്ഷിതരാവുകയും ചെയ്തു. അവര്‍ക്കായി പ്രത്യേകം ചികിത്സ കേന്ദ്രങ്ങളും മുസ്‌ലിം ഖലീഫമാര്‍ സ്ഥാപിക്കുകയുണ്ടായി. നേത്ര ചികിത്സ രംഗത്തുള്ള മുസ്‌ലിം പങ്ക് അനിര്‍വചനീയമാണ്. ഹനീനു ബിന്‍ ഇസ്ഹാഖിന്റെ 'അല്‍ മഖാലാത്തുല്‍ ഇശ്ബിര്‍ അനില്‍ അയ്‌നി'ന് പുറമെ അലിയ്യു ബിന്‍ ഈസയുടെ രചനകളും സ്വലാഹു ബിന്‍ യൂസുഫുല്‍ കഹ്ഹാലിന്റെ 'അംറാളുല്‍ അയ്‌നും' ഇവ്വിഷയ സംബന്ധിയായ ബൃഹത്തായ പഠനങ്ങളായിരുന്നു.
ഹിജ്‌റ 550 ല്‍ സ്ഥാപിതമായ നൂറുദ്ധീന്‍ ശഹീദ് കോളേജ്, അഉ 1244 ല്‍ മുഹദ്ധബുദ്ധീന്‍ സ്ഥാപിച്ച ദഖ്‌വരിയ്യ കോളേജ്, ഇമാദുദ്ധീന്‍ റുബൈഈ അഉ 1283 ല്‍ സ്ഥാപിച്ച റുബൈഇയ്യ കോളേജ്, ഹിജ്‌റ 664 ല്‍ നജ്മുദ്ധീന്‍ ലബൂദി സ്ഥാപിച്ച ലബൂദിയ്യ കോളേജ്, ഇമാദുദ്ധീന്‍ ദുനൈസരി ഹി. 686 ല്‍ സ്ഥാപിച്ച ദുനൈസരിയ്യ കോളേജ്, ഹി.740 ല്‍ സ്ഥാപിതമായ ഖന്‍ ഖാനുല്‍ അസദിയ്യ കോളേജ്, തുടങ്ങീ ആറോളം മെഡിക്കല്‍ കോളേജുകള്‍ ഇസ്‌ലാമിക സുവര്‍ണ നാളുകളില്‍ ദമസ്‌കസ ്‌കേന്ദ്രമാക്കു പ്രവര്‍ത്തിച്ചിരുന്നു. യുദ്ധ കാല ഹോസ്പിറ്റലുകള്‍ക്ക് തുടക്കം കുറിച്ചത് പ്രവാചകന്‍ (സ്വ) തങ്ങളായിരുന്നു. അസ് ലം ഗോത്രത്തില്‍ പെട്ട റൂഫൈദയുടെ ടെന്റായിരുന്നു ആദ്യത്തെ യുദ്ധാശുപത്രി. യുദ്ധത്തിനിടയില്‍ സഅദ് ബിന്‍ മുആദിന് (റ) പരുക്കേറ്റപ്പോള്‍ റുഫൈദ തന്റെ ടെന്റില്‍ വെച്ചായിരുന്നു ചികിത്സിച്ചിരുന്നത്. പിന്നീടുള്ള യുദ്ധങ്ങളില്‍ പരിക്കേറ്റവരെ പരിചരിക്കാന്‍ പ്രത്യേകം സംഘങ്ങളെ തന്നെ സജ്ജമാക്കിയിരുന്നു.ചികിത്സമുറകള്‍ക്ക് അനുയോജ്യമായ ഔഷധ സസ്യങ്ങളെ കണ്ടെത്തുകയും അവയെ കുറിച്ച് ഗഹനമായി പഠനം നടത്തുകയും ചെയ്തതോടെ ബോട്ടണിയിലും (സസ്യ ശാസ്ത്രം) അവര്‍ അവഗാഹം നേടിയെടുത്തു. റഷീദുദ്ധീന്‍ സൂരിയാണ് അക്കാലത്തെ പ്രശസ്തനായ സസ്യ ശാസ്ത്രജ്ഞന്‍. അബൂ സകരിയ്യുല്‍ ഇശ്ബീലിക്ക് സസ്യ ശാസ്ത്രത്തില്‍ ബൃഹത്തായ ഒരു ഗ്രന്ഥം തന്നെയുണ്ട്. ഭരണ കര്‍ത്താക്കളും ഇവ്വിഷയകമായി കൂടുതല്‍ ഉത്സാഹം കാണിച്ചു എന്നതും ശ്രദ്ധേയമായൊരു വസ്തുതയാണ്. സ്‌പെയിനിലെ അമവീ ഭരണ സ്ഥാപകനായ അബ് ദുറഹിമാന്‍ ഒന്നാമന്‍ കോര്‍ഡോവയില്‍ ഒരു ഔഷധോദ്യാനം വളര്‍ത്തിയിരുന്നു. കൂടാതെ വിവിധയിനം ഔഷധ സസ്യങ്ങള്‍ തങ്ങളുടെ സാമ്രാജ്യത്തിലെത്തിക്കാന്‍ ആഫ്രക്കന്‍ രാഷ്ട്രങ്ങളിലേക്കും ഏഷ്യന്‍ രാഷ്ട്രങ്ങളിലേക്കും അദ്ധേഹം ആളുകളെ അയച്ചിരുന്നത്രെ.
കെമിസ്ട്രിയുടെ (രസതന്ത്രം) ഉപജ്ഞാതാക്കളും മുസ്‌ലിം പ്രതിഭകളായിരുന്നു. പ്രതിഭാശാലികളായ ഒട്ടേറെ രസതന്ത്രജ്ഞരെ ലോക സമക്ഷം അവതരിപ്പിക്കാന്‍ മുസ്‌ലിം ലോകത്തിന് കഴിഞ്ഞു. ഥൂസില്‍ ജനിച്ച ജാബിറു ബിന്‍ ഹയ്യാനാണ് ഈ ശാഖയുടെ പിതാവ്. ''കീമിയാഅ് '' എന്ന വിശ്വ പ്രസിദ്ധ ഗ്രന്ഥത്തിന്റെ രചയിതാവു കൂടിയാണദ്ധേഹം. നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ട ഈ ഗ്രന്ഥം യൂറോപ്പിന്റെ വിജയ രഹസ്യങ്ങള്‍ക്കു നിമിത്തമായിട്ടുണ്ട്. അബൂബക്കര്‍ അല്‍ റാസി, ഫാറാബി, മസ് ലമത്തുല്‍ മജ്‌രീത്വി, കില്‍ദി, ജാഹിള്, എന്നിങ്ങനെ ഒട്ടനവധി മുസ്‌ലിം പ്രതിഭകള്‍ നിരവധി ഗവേഷണങ്ങളിലൂടെ പ്രസ്തുത വിജ്ഞാന ശാഘയെ ഇന്നെത്തി നില്‍ക്കുന്ന പുരോഗമന പാരമ്യതയില്‍ കൊണ്ടെത്തിച്ചു. ദര്‍ബാറുകളില്‍ പ്രത്യേകം സജ്ജമാക്കപ്പെട്ട ലബോറട്ടറികള്‍ പല വിധ കെമിക്കല്‍ പരീക്ഷണങ്ങളുടെയും വേദിയായിരുന്നു.
ഇന്നു കാലത്ത് യൂറോപ്യര്‍ അടക്കമുള്ള കെമിസ്‌ററുകള്‍ ഉപയോഗിച്ചുവരുന്ന പല നാമങ്ങളും വാക്കുകളും അറബി ഭാഷയില്‍ നിന്നും ഉത്ഭവിച്ചതാണ്. മുസ്‌ലിംകളായിരുന്നു ഈ വിജ്ഞാന ശാഖയുടെ തുടക്കക്കാരെന്നതിന് മതിയായ ഒരു തെളിവു കൂടിയാണിത്. ആല്‍ക്കോള്‍ എന്നത് അല്‍ കുഹൂല്‍ എന്ന പദത്തില്‍ നിന്നും ആല്‍കെമി എന്നത് അല്‍ കീമിയാഅ് എന്ന പദത്തില്‍ നിന്നും ഉത്ഭവിച്ചതാണ്.
ഭൂമി ശാസ്ത്രത്തിലും അറബികള്‍ വഹിച്ച പങ്ക് അദ്വൈതമാണ്. ആരാധനാ കര്‍മ്മങ്ങള്‍ക്കും മറ്റും ഭൂമി ശാസ്ത്ര പഠനം അത്യാവശ്യമായിരുന്നു എന്ന് നാം പറഞ്ഞുവല്ലോ?. ഭൂമിയുടെ ഘടനയെ കുറിച്ചും അതിന്റെ ഭ്രമണ പഥത്തെ കുറിച്ചും അവര്‍ നിരന്തരം ഗവേഷണം നടത്തുകയുണ്ടായി. അമവിയ്യ ഖിലാഫത്തിന്റെ അവസാന കാലത്ത് ഹുര്‍മുസുല്‍ ഹകീമിന്റെ അറളു മിഫ്ത്താഹിന്നുജൂം എന്ന ഗ്രന്ഥം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നതോടെയാണ് ഗോള ശാസ്ത്ര പഠനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പക്ഷെ, അബൂ ജഅ്ഫറുല്‍ മന്‍സ്വൂറിന്റെ കാലത്താണ് (ഹി.136158) ഗോളശാസ്ത്ര പഠനത്തിന് കാര്യമായ വേരോട്ടം ലഭിക്കുന്നത്. അദ്ധേഹത്തിന്റെ ശേഷം ഖലീഫ മഅ്മൂന്റെ കാലത്ത് (ഹി. 198 218) ഭൂമി ശാസ്ത്ര പഠനത്തില്‍ മുസ്‌ലിംകള്‍ അതിയായ താല്‍പര്യം കാണിച്ചിരുന്നു. അക്കാലത്ത് രൂപം നല്‍കപ്പെട്ട അസ്സൂറത്തുല്‍ മഅ്മൂനിയ്യ എന്ന പേരില്‍ വിഖ്യാതമായ ഭൂപടം ടോളമിയുടെ ഭൂപടത്തേക്കാള്‍ കൃത്യവും വ്യക്തവുമായിരന്നു. ഇബനു ഖല്‍ദൂന്റെ അല്‍ മസാലികു വല്‍ മമാലിക്കിലും, അബുല്‍ അബ്ബാസ് ഫര്‍ഗാനി, ഇബ്‌നു യൂനുസ് തുടങ്ങിയവരുടെ ഗ്രന്ഥങ്ങളിലും ഭൂമി ശാസ്ത്രത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഹിജ്‌റ അഞ്ചാം നൂറ്റാണ്ടുകളിലായി വികാസം പ്രാപിച്ച ഈ ശാസ്ത്ര ശാഖയില്‍ അബൂ സൈദ് അല്‍ ഖല്‍ഖി, ഇബ്‌നു ഹൗഖന്‍, അബൂ ഇസ്ഹാഖ് തുടങ്ങിയവര്‍ ഒട്ടനവധി സേവനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പേര്‍ഷ്യന്‍ ഭൂമി ശാസ്ത്ര ഗ്രന്ഥമായ ഹുദൂദുല്‍ ആലമിനെ കൂടാതെ കിതാബുല്‍ ഹിന്‍ദ്, തഹ്ദീദൂ നിഹായാത്തില്‍ അമാകിന്‍ എന്നിവയും പ്രസ്തുത വിജ്ഞാന ശാഖയിലെ മികച്ച സംഭാവനകളാണ്.
അക്ക വിദ്യ ഇന്ത്യക്കാരില്‍ നിന്നും മുസ്‌ലിംകള്‍ കരഘതമാക്കിയതോടെ ഗണിത ശാസ്ത്ര വിജ്ഞാനം അതിശീഘ്രം ഗമിച്ചു തുടങ്ങുകയായിരുന്നു. ഗുണനം, ഹരണം, വ്യവകലനം, തുടങ്ങിയ പല ഗണിത ശാസ്ത്ര ശാഖകളും മുസ്‌ലിംകള്‍ സമര്‍പ്പിച്ച സംഭാവനകളാണ്. ഖലീഫ അബൂ ജഅ്ഫറുല്‍ മന്‍സൂറിന്റെ ഭരണ കാലത്തിന് മുമ്പ് അക്ഷരങ്ങള്‍ക്ക് ഓരോ അക്കവില നല്‍കിയുള്ള കണക്കുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. ഈജിപ്ഷ്യന്‍ ജനത അക്കങ്ങള്‍ക്കു പകരം ഖിബ്ത്വി അക്ഷരങ്ങളും, സിറിയക്കാര്‍ ഗ്രീക്ക അക്ഷരങ്ങളും ഉപയോഗിച്ചു പോന്നു. ഇതു കണ്ട അറബികള്‍ അറബി അക്ഷരങ്ങള്‍ക്ക ചില മൂല്യങ്ങള്‍ നിശ്ചയിക്കുകയും അബ്ജദീ എന്ന പേരില്‍ ഒരു പട്ടിക തയ്യാറാക്കുകയും ചെയ്തു. ഇന്നും അബ്ജദീ കണക്കുകളുടെ മൂല്യങ്ങള്‍ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.
മുഹമ്മദ് ബിന്‍ മൂസല്‍ ഖവാരസ്മിയുടെ അല്‍ ജബ്‌റു വല്‍ മുഖാബലയുലൂടെയാണ് ലോകം അല്‍ ജിബ്രയിലേക്ക് കാലെടുത്തു വെക്കുന്നത്. സാബിതു ബിന്‍ ഖുര്‍റ, ഇബ്‌നു ഹൈസം, ഉമറുല്‍ ഖയ്യാം തുടങ്ങിയവര്‍ ഈ മേഖലയില്‍ തങ്ങളുടെതായ പ്രാതിനിധ്യം അറിയിച്ചിട്ടുണ്ട്.
ക്രി. 610 ല്‍ മഹാനായ പ്രവാചകന്‍ (സ്വ) തങ്ങള്‍ വിശുദ്ധ ഖുര്‍ആനുമായി അറേബ്യന്‍ ജനതകളിലേക്ക് കടന്നു വന്നതോടെ മുരടിച്ചു കിടന്നിരുന്ന വിജ്ഞാനത്തെ തമസ്സിന്റെ കരിമ്പടക്കെട്ടില്‍ നിന്നും കാലാനുസൃതമായി വെളിച്ചത്തിന്റെ വിശുദ്ധിയിലേക്ക് വഴി നടത്തിയതിന്റെ ഒരു സംക്ഷിപ്ത രൂപമാണ് മേല്‍ വിവരിച്ചത്. ഇന്നു നാം അനുഭവിക്കുന്ന പല സാങ്കേതിക വിജ്ഞാന ശാഖകളുടെയും ഉപജ്ഞാതാക്കള്‍ മുസ്‌ലിംകളായിരുന്നു എന്നതു തന്നെ ഇസ്‌ലാമും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
Leave A Comment