ഉമ്മു റബീഅ: മാതൃത്വത്തിന്റെ മഹനീയ മാതൃക

മദീനാ തെരുവോരങ്ങളില്‍ തിരക്കേറി വരികയാണ്.എല്ലാവരും തങ്ങളുടേതായ ജീവിത വ്യവാഹരങ്ങളില്‍ വ്യാപരിച്ചു കൊണ്ടിരിക്കുന്നു. കൊള്ളുന്നതിന്റെയും കൊടുക്കുന്നതിന്റെയും ശബ്ദാരവങ്ങളാല്‍ കെങ്കേമമായി തന്നെ നടക്കുന്നുണ്ട് പലതരം കച്ചവടങ്ങള്‍.അതിനെല്ലാമിടയിലൂടെ ഒരാള്‍ നടന്നു നീങ്ങുന്നുണ്ട്. ഫാറൂഖ് എന്ന യുവ പോരാളി. പോരാളിയാണെങ്കിലും ഒരു മുതലാളിയുടെ അടിമയായിരുന്നു ഫാറൂഖ് ഇന്നു വരെ. ഇന്ന് പക്ഷേ ഉടമ അദ്ദേഹത്തെ സ്വതന്ത്രനാക്കിയിരിക്കുന്നു. ഒരു പാട് ഉപഹാരങ്ങളും കൊടുത്തിട്ടുണ്ട്.

അടിമയുടെ ജീവാഭിലാഷമാണ് സ്വാതന്ത്ര്യം. സ്വതന്ത്രനായ ഫാറൂഖ് പുതിയ അഭിലാഷങ്ങളുമായി മദീനയിലേക്ക് വരുന്ന വരവാണ്. ഇഷ്ടപ്പെട്ടൊരുസ്ഥലമാണ് ആദ്യം തിരയുന്നത്. അവിടെ ഒരു വീട് വെക്കണം, ഇണങ്ങുന്നൊരു പെണ്ണിനെ കല്യാണം കഴിക്കണം പിന്നെ കുട്ടികളും കുടുംബവും.. അങ്ങനെ ഒരു പാട് മോഹങ്ങൾ ആ മനസ്സില്‍ ചിറകടിച്ചുപറക്കുന്നുണ്ട്.

അന്വേഷണത്തിനൊടുവില്‍നല്ലൊരു സ്ഥലം തന്നെ അദ്ധേഹം കണ്ടെത്തി. അത് സ്വന്തമാക്കി അവിടെ നല്ലൊരു വീട് പണിതു. വീടെന്നു പറഞ്ഞാല്‍ കാലാനുസൃതമായൊരു മണിമാളിക തന്നെ.ഇനി വേണ്ടത് ഒരു ഇണയെയാണ്. കൂട്ടിനുവരുന്നവള്‍ സദ്‍വൃത്തയുംദൈവഭക്തിയുള്ളവളുമാകണമെന്ന് ഫാറൂഖിന് പണ്ടേയുള്ള നിര്‍ബന്ധമാണ്. അതും ഭംഗിയായി നടന്നു.അങ്ങനൊരു പെണ്ണിനെ തന്നെ അദ്ദേഹംമഹർ നൽകി ജീവിതത്തിലേക്ക് സ്വീകരിച്ചു.

റബീഅതുബ്നു സിയാദുൽ ഹാരിയെന്ന തന്റെ പഴയ മുതലാളിക്കൊപ്പമുള്ള ജീവിതംസംഘര്‍ഷഭരിതമായിരുന്നു. മുതലാളിക്കു വേണ്ടിയുള്ള യുദ്ധങ്ങളും വെട്ടിപ്പിടിക്കലുകളും കൊണ്ട് ശബ്ദമുഖരിതമായൊരു ജീവിതം. പക്ഷേ അതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ്ഇപ്പോഴത്തെ ദിനങ്ങള്‍. ഭാര്യയോടൊത്തുള്ള ജീവിതം, നര്‍മ്മവും സല്ലാപവും കളിചിരികളുമായി ഏറെ സന്തോഷഭരിതമാണ്.

ആ പഞ്ചാരക്കുന്നിലേക്ക് ഒരു തേന്മഴയായി ഒരു ദിവസം ആ വിവരവും അവരെ തേടിയെത്തി. തന്റെ മുതുകിലൂടെയിറങ്ങിയ ബീജകണം ഭാര്യയുടെ ഉദരത്തിൽ വളരാൻ തുടങ്ങിയിരിക്കുന്നു.പിന്നീടുള്ള രാപകലുകളില്‍ ചിന്തകള്‍ക്ക് നിറം പകരാന്‍ സ്വപ്നങ്ങള്‍ കൂടിക്കൂടി വന്നു.

അങ്ങനെയിരിക്കെയാണ് മദീനാപള്ളിയില്‍ നിന്ന് ഒരു വിളി നാദം കേൾക്കുന്നത്. ഒരു കൂട്ടം പടയാളികൾ അല്ലാഹുവിന്റെ മാർഗത്തില്‍ധര്‍മ പോരാട്ടത്തിനായി പുറപ്പെടുന്നുണ്ടെന്ന്. അദ്ദേഹം ഒന്നാലോചിച്ചു. പിന്നെ ഗർഭിണിയായ  തന്റെഭാര്യയെ സ്നേഹത്തൊടെ അരികിലേക്ക് വിളിച്ചു. ജിഹാദിൽ പങ്കെടുക്കാനുള്ള തന്റെ ആഗ്രഹം അവളോട് തുറന്നു പറഞ്ഞു.ബോധവതിയായ അവള്‍ക്കും മറ്റൊന്ന് പറയാനുണ്ടായിരുന്നില്ല. സന്തോഷപൂർവ്വം അവര്‍ ഭര്‍ത്താവിനു യാത്രക്കുള്ള സമ്മതം നൽകി. ഫാറൂഖ് വിശുദ്ധയുദ്ധത്തിനുള്ള യാത്രക്കൊരുങ്ങി.താന്‍ മടങ്ങി വരും വരെയുള്ള ചിലവുകളിലേക്കായി ഭാര്യയുടെ കൈയ്യിൽ മുപ്പതിനായിരം ദിർഹം നൽകി അദ്ദേഹം വീട്ടില്‍ നിന്നിറങ്ങി.

ഗര്‍ഭിണിയായ ആ പെണ്ണ് തന്റെ വീടിനുള്ളിൽ തനിച്ചായി. എല്ലാം അല്ലാഹുവിലേല്‍പിച്ച് അവരവിടെ കഴിഞ്ഞു കൂടി. അതിനിടെ പ്രസവം കഴിഞ്ഞു. ആണ്‍കുഞ്ഞായിരുന്നു. ചെറുതെങ്കിലും കൂട്ടിനൊരാളായി അവനും ഉമ്മാക്കൊപ്പം ജീവിച്ചു തുടങ്ങി. ഇന്നല്ലെങ്കില്‍ നാളെ ഉപ്പ വരുമെന്ന് പ്രതീക്ഷിച്ച്.

ഇപ്പോള്‍ വർഷങ്ങളൊരുപാട് കഴിഞ്ഞുപോയിട്ടുണ്ട്. ഉപ്പയെ കാത്ത് പൊന്നുമോനും ഭര്‍ത്താവിനെ നോക്കി ഉമ്മയും ദിവസങ്ങള്‍ കഴിക്കുകയാണ്. പക്ഷേ, ജിഹാദിനു പോയ ഫാറൂഖ് ഇനിയും തിരിച്ചു വന്നിട്ടില്ല. ഇനിയുംകാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് അവള്‍ക്കു തോന്നി തുടങ്ങി. പ്രിയതമന്‍രക്തസാക്ഷിത്വം വരിച്ച് അല്ലാഹുവിലേക്ക് യാത്രയായിട്ടുണ്ടാകും, അല്ലെങ്കിൽ വിജയം വരിച്ച എതിര്‍ചേരിയിലെ രാജാവ് അവരെയൊക്കെ ബന്ധികളാക്കി പിടിച്ചു വെച്ചിട്ടുണ്ടാകും, അവളങ്ങനെ വിശ്വസിച്ചു. ബന്ധുജനങ്ങളും അതു തന്നെ പറഞ്ഞു. കാരണം, യുദ്ധത്തിലെ അത്തരം അനുഭവങ്ങള്‍ അവര്‍ക്കെല്ലാം സുപരിചിതമാണ്, കൈപ്പേറിയതാണെങ്കിലും.

യുവത്വത്തിന്റെ ചൂട് തണുക്കാത്ത ആ പെണ്ണ് തന്റെ മുമ്പിലുള്ള യാഥാര്‍ഥ്യത്തെ നേരിടാന്‍ തന്നെ തീരുമാനിച്ചു. പ്രിയതമന്‍ സമ്മാനിച്ച കുഞ്ഞുമകനെ അദ്ദേഹം ആഗ്രഹിച്ച പോലെ തന്നെ വളര്‍ത്തലാണ് തന്റെ പ്രഥമപ്രധാന ദൌത്യമെന്നവള്‍ മനസ്സിലാക്കി.അതിനു വേണ്ടി തന്റെ ജീവിതം തന്നെ അവള്‍ മാറ്റി വെച്ചു. അദബും അറിവും നല്‍കി. ലഭ്യമായ പണ്ഡിതന്മാരുടെ അടുത്തെല്ലാം മകനെ പറഞ്ഞയച്ചു. ഇപ്പോള്‍ അവന്‍ തികഞ്ഞൊരു യുവാവായിരിക്കുന്നു. ശരീരബലവും വിജ്ഞാനശേഷിയും നിറഞ്ഞൊരു യുവാവ്. യുവാവും പണ്ഡിതനുമായ മകന്റെ കൂടെ ജീവിക്കുന്ന അവള്‍ ഇപ്പോള്‍ ഭര്‍ത്താവില്ലാത്ത ദുഖമെല്ലാം പതിയെ മറന്നു തുടങ്ങിയിട്ടുണ്ട്.

അതേ സമയം ഫാറൂഖ് മറ്റൊരിടത്ത് ജീവിക്കുന്നുണ്ടായിരുന്നു. യുദ്ധാനന്തരം പലകാരണങ്ങളാലും വീടണയാന്‍ കഴിയാതെ എവിടെയൊക്കെയോ അദ്ദേഹം ജീവിച്ചു പോന്നു. അതിനിടെ ലഭ്യമായ വഴികളുപയോഗിച്ച് നാട്ടിലെത്താനുള്ള ശ്രമം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു.

കറങ്ങിത്തിരിഞ്ഞ്, അവസാനം ഫാറൂഖ് മദീനയിലെത്തി. മദീന ഒരുപാട് മാറിയിട്ടുണ്ട്. പുതിയ വീടുകളും വഴികളും അങ്ങാടികളും ഉണ്ടായിട്ടുണ്ട്. ഫാറൂഖിന്ആദ്യം തന്റെ വീടെവിടെയെന്ന് തിരിച്ചറിയാനില്ല. പിന്നെ പല അടയാളങ്ങളും നോക്കി വീട് കണ്ടെത്തി. പ്രതീക്ഷാപൂര്‍വ്വം വീടിന്റെവാതിൽ മുട്ടി. ഒരു യുവാവ് വന്നു വാതിൽ തുറന്നു. പ്രത്യേക രീതിയില്‍ വസ്ത്രം ധരിച്ച് നിൽക്കുന്ന വയോധികനെ കണ്ട യുവാവ് ഉറക്കെ അട്ടഹസിച്ചു.

“എന്റെ വീട്ടിലേക്ക് കയറി വരാൻ താങ്കള്‍ക്കെങ്ങനെധൈര്യം വന്നു?. അല്ലാഹുവിനെ ഭയക്കുന്ന ഈ വീടിന്റെ പവിത്രത നിങ്ങൾ ഇല്ലാതാക്കുകയാണോ?” പെട്ടെന്നുണ്ടായ ചിന്തകളില്‍ നിന്ന് അവന്‍ വിളിച്ചു പറഞ്ഞു.

“നിന്റെ വീടോ? ഇതെന്റെ വീടല്ലേ?”ആഗതന്‍ പ്രതികരിച്ചു.

അവർ തമ്മിൽ വഴക്ക് നീണ്ടു പോയി. ഒടുവില്‍ ശബ്ദം കേട്ട് അയൽവാസികളെല്ലാം ഓടിക്കൂടി.

നിസ്സഹായനായ ഫാറൂഖ് ഉറക്കെ വിളിച്ചു പറഞ്ഞു:“ജനങ്ങളേ, ഞാൻ ഫറൂഖ് ആണ്,ഈ വീടിന്റെ ഉടമസ്ഥൻ. നിങ്ങള്‍ക്കെന്നെ അറിയില്ലേ?”.

ഇത്രയുമായപ്പോള്‍ മാത്രമാണ് വീടിന്റെ മുകളില്‍ വിശ്രമിക്കുകയായിരുന്ന വീട്ടുകാരി പുറത്ത് നടക്കുന്ന കാര്യങ്ങളറിഞ്ഞത്. അവർ ഇറങ്ങി വന്നു. ഒറ്റ നോട്ടത്തില്‍ ഭർത്താവിനെ അവര്‍ തിരിച്ചറിഞ്ഞു. അത്ഭുതവും സന്തോഷവും കലര്‍ന്നൊരു വികാരത്തോടെ അവർ വിളിച്ചു പറഞ്ഞു: “മോനേ, ഇതു നിന്റെ പിതാവാണ്?”. പിന്നെയവിടെ, സന്തോഷാശ്രുകണങ്ങളുടെ തോരാത്ത പേമാരിയായിരുന്നു. ഓടിക്കൂടിയവരെല്ലാം കണ്ണ് തുടച്ച്പതുക്കെ പിരിഞ്ഞു പോയി.


Also Read:സുഫ്‍യാനുസ്സൗരി (റ): ഉമ്മ പണിത വിജ്ഞാന ഗോപുരം


ഫാറൂഖും ഭാര്യയും ഒരുപാട് നേരം സംസാരിച്ചിരുന്നു. നീണ്ട വർഷങ്ങൾക്ക് ശേഷം പ്രതീക്ഷിക്കാത്ത കണ്ടുമട്ടലാണ്. കുശലാന്വേഷണങ്ങളും കൊച്ചുവര്‍ത്തമാനങ്ങളും നീണ്ടു പോയി. താന്‍ പോയ ശേഷമുള്ള ജീവിതത്തെ കുറിച്ച്, പ്രസവിച്ചതിനെ പറ്റി, മകനെ വളര്‍ത്താന്‍ ചെയ്ത ത്യാഗങ്ങളെ കുറിച്ച്, ഇങ്ങനെ അവര്‍ക്ക് പറഞ്ഞിരിക്കാന്‍ വിശേഷങ്ങള്‍ ഒട്ടേറെയുണ്ടായിരുന്നു. സംസാരത്തിനൊടുവില്‍, താൻ നൽകിയ മുപ്പതിനായിരം ദിർഹം എന്തു ചെയ്തന്ന് ഫറൂഖ് പ്രത്യേകം ചോദിച്ചു. ഉത്തരം പറയാന്‍ ഭാര്യയൊരുങ്ങിയപ്പോഴാണ് മദീനാപള്ളിയിൽ നിന്ന് സുബ്ഹ് ബാങ്ക് കേൾക്കുന്നത്. നേരം പോയത് അവരറിഞ്ഞിരുന്നില്ല.

ഫാറൂഖ് ഭാര്യയോട് പറഞ്ഞു: “ഞാന്‍ മോനെ കൂട്ടി പള്ളിയിൽ പോയി വരാം”.

ഭാര്യ പറഞ്ഞു: “നിങ്ങൾ പോയ്ക്കോളൂ. അവൻ നേരത്തെ പോയിട്ടുണ്ടാവും”.

ഫാറൂഖ് പള്ളിയിലെത്തി. ആദ്യം പ്രിയ ഹബീബിനോട് സലാം പറഞ്ഞു. നിസ്ക്കാരം തുടങ്ങി. പള്ളി നിറയെ ജനങ്ങൾ.നിസ്ക്കാരമെല്ലാം കഴിഞ്ഞെങ്കിലുംആളുകളെല്ലാം എന്തോ പ്രതീക്ഷിച്ചിരിക്കുന്നതുപോലെ. തോന്നി. മിമ്പറിലേക്ക് തന്നെ നോക്കിയിരിക്കുന്ന അവര്‍ ഒരു പ്രഭാഷണത്തിനാണ് കാത്തിരിക്കുന്നതെന്ന് മനസ്സിലായി. എങ്കിലും അടുത്തിരിക്കുന്ന ആളോട് ഫാറൂഖ് കാര്യം തിരക്കി.

“നിങ്ങളിവിടെ യാത്രക്കാരനായി എത്തിയതാണോ? ഇവിടെ എന്നും നിസ്ക്കാര ശേഷം പ്രശസ്തമായ വിജ്ഞാന സദസ്സ് നടക്കുന്നത് താങ്കള്‍ക്കറിയില്ലേ. പ്രഗത്ഭപണ്ഡിതന്‍ റബീഅതു റഅ്‍യിനെ കുറിച്ചു താങ്കള്‍ കേട്ടിട്ടില്ലേ?. മദീനയിലെ മുഹദ്ദിസും ഫഖീഹുമാണ് അദ്ദേഹം.മഹാനായ സുഫ്‍യാനു സൌരിക്ക് ശേഷം മദീനക്കു കിട്ടിയ പണ്ഡിതന്‍.അദ്ദേഹത്തിന്റെ പിതാവ് കാലങ്ങൾക്കു മുന്നേ നാട് വിട്ടു പോയതായിരുന്നു. എന്നാലും അദ്ദേഹം പഠിച്ചു പ്രഗത്ഭനായി. ഇന്നലെ പിതാവ് മടങ്ങി വന്നെന്നോ മറ്റോ പറയുന്നത് കേട്ടു..” ഒറ്റശ്വാസത്തില്‍ നാട്ടുകാരന്‍ പറഞ്ഞത് കേട്ട് ഫാറൂഖിന് കാര്യം പിടികിട്ടി.

അദ്ദേഹത്തിന് പിന്നെ അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല.വേഗത്തില്‍ വീട്ടിലേക്കു മടങ്ങി.ഭാര്യയെ വിളിച്ച് കണ്ണീര്‍ തുള്ളികളുടെ അകമ്പടിയോടെ താന്‍ കണ്ട സന്തോഷക്കാഴ്ച പങ്ക് വെച്ചു. തന്റെ അസാന്നിധ്യത്തിലും മകനെ പണ്ഡിതനായി വളര്‍ത്തിയതില്‍ അവളെ മുക്തകണ്ഠം പ്രശംസിച്ചു.

മന്ദഹാസം തൂകി കൊണ്ട് അവള്‍ പറഞ്ഞു: “നിങ്ങൾ അന്ന് തന്ന മുപ്പതിനായിരംദിർഹമുണ്ടായിരുന്നില്ലേ. അതുമുഴുവന്‍അവന്ന് അറിവ് പകരാനായി മാത്രമാണ് ഞാന്‍ ചെലവഴിച്ചത്”

ഫാറൂഖിന്റെ സന്തോഷം ഇരട്ടിച്ചു. ഇത്രയും ബുദ്ധിമതിയായ ഭാര്യയെ ലഭിച്ചതിൽ അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. പിന്നെയും പിന്നെയും ഭാര്യയെ പ്രശംസിച്ചു.

ഭര്‍ത്താവ് മാത്രമല്ല ലോകം മുഴുവന്‍ പിന്നീട് ആ സ്ത്രീയെ പ്രശംസിച്ചിട്ടുണ്ട്. മകൻ ജനിക്കും മുമ്പേ ഭർത്താവ് വീടു വിട്ടു പോയിട്ടുംപക്വമായ രക്ഷാകര്‍കൃത്തത്തിലൂടെ പ്രഗത്ഭനായൊരു പണ്ഢിതനെ വാര്‍ത്തെടുത്തതിന്റെ പേരില്‍.

മാലിക് ബിന്‍ അനസ് (റ), സുഫ്‍യാനുസ്സൌരി (റ) എന്നിവരുടെ ഗണത്തിലാണ് ചരിത്രം  റബീഅത്തു റഅ്‍യ് (റ) വിനെ ഗണിക്കുന്നത്. ലോകപ്രശസ്തനായ ആ മകന്റെ പേരില്‍ തന്നെയാണ് ആ ഉമ്മ അറിയപ്പെടുന്നതും. ഉമ്മു റബീഅ ചരിത്രത്തിലൊരിടത്തും അവരുടെ യഥാര്‍ഥ നാമം കുറിച്ചു വെക്കപ്പെടാതെ പോയത് ആ ത്യാഗസപര്യക്കുള്ള അംഗീകാരം തന്നെയായിരിക്കണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter