അബ്ദുല്ലാഹിബ്‍നു ജഹ്ശ്(റ)
ഇസ്‍ലാമിലേക്ക് ആദ്യമായി കടന്നു വന്നവരില്‍ നബി തങ്ങളുമായി കുടുംബ ബന്ധമുള്ള സ്വഹാബിയാണ് അബ്ദുല്ലാഹിബ്നു ജഹ്ശ്(റ). അബ്ദുല്‍ മുത്തലിബിന്‍റെ പുത്രി ഉമൈമയുടെ മകനാണ് അദ്ദേഹം. നബി(സ്വ)യുടെ പത്നി സൈനബ(റ)യുടെ സഹോദരനാണ് എന്ന മറ്റൊരു ബന്ധം കൂടി അദ്ദേഹത്തിനുണ്ട്. പ്രബോധനത്തിന്‍റെ ഭാഗമായുള്ള രഹസ്യ കൂടിക്കാഴ്ചകള്‍ പോലും തുടങ്ങിയിട്ടില്ലാത്ത കാലത്ത് തിരുനബി(സ്വ)യുടെ ആദ്യ കാല അനുയായി ആയി അബ്ദുല്ല(റ) കൂടെയുണ്ടായിരുന്നു. ഇസ്‍ലാമിക പതാക ആദ്യമായി തിരുകരങ്ങളില്‍ നിന്ന് എറ്റു വാങ്ങുകയും അതുവഴി അമീറുല്‍ മുഅ്‍മിനീന്‍ എന്ന് ആദ്യമായി വിളിക്കപ്പെടുകയും ചെയ്ത മഹത് വ്യക്തിത്വമാണ് അദ്ദേഹം. വിശ്വാസ സംരക്ഷണം ഉദ്ദേശിച്ച് ഏത്യോപ്യയിലേക്ക് ഹിജ്റ പോയവരുടെ കൂട്ടത്തില്‍ അബ്ദുല്ല(റ)യുമുണ്ടായിരുന്നു.
പിന്നീട് മദീനയിലേക്കുള്ള വിശ്വാസികളുടെ ഹിജ്റയാരംഭിച്ചപ്പോള്‍ അബുസലമക്ക് പിന്നില്‍ രണ്ടാമനായി അദ്ദേഹവും യാത്ര പോയി. ഇത്തവണ പലായനം സമ്പൂര്‍ണമായിരുന്നു. ഇസ്‍ലാമിക വിശ്വാസത്തിന് കീഴ്പെട്ട അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ മുഴുവന്‍ കൂടെ മദീനയിലേക്ക് യാത്ര ചെയ്തു. അബൂ ജഹ്‍ലിന്‍റെയും ഉത്ബയുടെയും നേതൃത്വത്തില്‍ പാലായനക്കാരുടെ കണക്കെടുക്കുന്ന സംഘം അക്കൂട്ടത്തിലെ ഏറ്റവും മനോഹരമായ വീടായ അബ്ദുല്ലയുടെ വീട്ടുപടിക്കലുമെത്തി. അബൂ ജഹ്‍ല്‍ ആ വീട്ടില്‍ കയറി അവിടെയുള്ള സാധനങ്ങള്‍ യഥേഷ്ടം ഉപയോഗിച്ചു. വിവരം മഹാനവര്‍കളുടെ കാതിലുമെത്തി. അദ്ദേഹം നബി(സ്വ)തങ്ങളുടെ സന്നിധിയിലെത്തി പരാതി ബോധിപ്പിച്ചു. നബി(സ്വ) പ്രതിവചിച്ചു: അബ്ദുല്ലാ, ഈയൊരു കാര്യത്തിന്റെ പേരില്‍ സ്വര്‍ഗത്തില്‍ ഒരു വീട് ലഭിക്കുന്നതു നീ ഇഷ്ടപ്പെടുമോ.. “അതേ പ്രവാചകരേ”. “എങ്കില്‍ നിനക്കത് ഉണ്ട്”. നബി(സ്വ)യുടെ മറുപടി കേട്ട് ആ അബ്ദുല്ലയുടെ കണ്ണുകള്‍ നിറഞ്ഞു. മക്കാ മുശ്‍രിക്കുകളുടെ പീഢനങ്ങള്‍ക്ക് ശേഷം മദീനയില്‍ അന്‍സ്വാറുകളുടെ തണലില്‍ സമാധാത്തോടെ കഴിയുന്ന അദ്ദേഹത്തെ പരീക്ഷണങ്ങള്‍ വിടാതെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ജീവിതത്തിലെ ഏറ്റവും കയ്പേറിയ അനുഭവങ്ങള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
മദീനയിലെ ആദ്യ നാളുകള്‍...ഇസ്‍ലാമിക ചരിത്രത്തിലെ ആദ്യ സൈനിക നീക്കത്തിന് നബി തങ്ങള്‍ ചിലരെ നിയോഗിക്കുകയാണ്. സ്വഹാബാക്കളില്‍ നിന്ന് എട്ടു പേരെ തെരഞ്ഞെടുത്ത് നബി(സ്വ) അവരോടായി പറഞ്ഞു. നിങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നന്നായി വിശപ്പും ദാഹവും സഹിക്കാന്‍ കഴിയുന്ന ആളെ ഞാന്‍ നേതാവായി നിശ്ചയിക്കുകയാണ്. എന്നിട്ട് സംഘത്തിലുണ്ടായിരുന്ന അബ്ദുല്ലാഹിബ്നു ജഹ്ശിനു നേരെ അവിടന്ന് പതാക നീട്ടി. ഇസ്‍ലാമിക ചരിത്രത്തിലെ ആദ്യ സൈനിക ദൌത്യമായിരുന്നു അത്. സഞ്ചരിക്കേണ്ട ദിശയും വഴിയും നബി തങ്ങള്‍ സംഘത്തിന് വിശദീകരിച്ച് കൊടുത്ത ശേഷം ഒരു കത്ത് അബ്ദുല്ല(റ)ക്ക് കൈമാറി. കൂടെ ഒരു നിര്‍ദേശവും: രണ്ടു ദിവസം കഴിഞ്ഞല്ലാതെ ഇത് തുറന്ന് വായിക്കരുത്. തങ്ങള്‍ നിര്‍ദേശിച്ച വഴിയിലൂടെ സംഘം രണ്ടു ദിവസം തുടര്‍ച്ചായി യാത്ര ചെയ്തു. ഒരു വിശ്രമ സ്ഥലത്തെത്തിയപ്പോള്‍ ആകാംക്ഷയോടെ അദ്ദേഹം തിരുനബി(സ്വ)യുടെ കത്ത് തുറന്ന് വായിച്ചു. അത് ഇപ്രകാരമായിരുന്നു: ഈ കത്ത് വായിക്കാന്‍ നിനക്ക് അവസരം ലഭിക്കുകയാണെങ്കില്‍ മക്കക്കും ത്വാഇഫിനും ഇടയിലുള്ള നഖ്‍ല വരെ നീ യാത്ര ചെയ്യുക. അവിടെ നിന്ന് ഖുറൈശികളുടെ ചലനങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചറിഞ്ഞ് എനിക്ക് വിവരം തരണം. അബ്ദുല്ലാഹിബ്നു ജഹ്ശ് സംഘത്തെ അഭിസംബോധനം ചെയ്തു: നഖ്‍ല വരെ യാത്ര ചെയ്ത് ഖുറൈശികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനാണ് നബി(സ്വ) തങ്ങളുടെ കല്പന. നിങ്ങളില്‍ രക്തസാക്ഷിത്വത്തിന് തയ്യാറുള്ളവര്‍ക്ക് എന്നെ അനുഗമിക്കാം. അല്ലാത്തവര്‍ക്ക് തിരിച്ചു പോകാം.
ഞാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. അവരെടുക്കുന്ന തീരുമാനത്തില്‍ ആക്ഷേപിക്കുകയുമില്ല. സംഘാംഗങ്ങള്‍ ഏകസ്വരത്തില്‍ പറഞ്ഞു: നബി തങ്ങളുടെ ഏതു കല്പനയും ശിരസ്സാവഹിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. എവിടേക്ക് നീങ്ങാനാണോ നബി തങ്ങള്‍ നിര്‍ദേശിച്ചത് അവിടേക്ക് അങ്ങയുടെ കൂടെ ഞങ്ങളുമുണ്ടാവും. സംഘം മൂന്നോട്ടു നീങ്ങി. നഖ്‍ലയില്‍ തമ്പടിച്ച സംഘം ഒളിഞ്ഞും തെളിഞ്ഞും ഖുറൈശികളുടെ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. അതിനിടയിലാണ് അംറ്ബ്നു ഹള്റമി, ഹകമുബ്നു ഖൈസാന്‍, ഉസ്‍മാനുബ്നു അബ്ദില്ല, സഹോദരന്‍ മുഗീറ എന്നിവരടങ്ങളുന്ന കച്ചവടസംഘത്തെ അധികം ദൂരെയല്ലാതെ അവര്‍ കണ്ടത്. മൃഗത്തോലും ഉണക്ക മുന്തിരിയും മറ്റു ചരക്കുകളുമായി യാത്ര ചെയ്യുന്ന ഇവരുടെ കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനത്തിലെത്താന്‍ സംഘത്തിനായില്ല. ഏറെ ചര്‍ച്ചകള്‍ക്കു ശേഷം, യുദ്ധം നിഷിദ്ധമായ മാസത്തില്‍ യുദ്ധം ചെയ്യുകയോ രക്തം ചിന്തുകയോ ചെയ്യരുതെന്ന കരാറുണ്ടായിരിക്കെ തന്നെ, ആ സംഘത്തെ അക്രമിക്കാന്‍ അവര്‍ തീരുമാനിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടാള്‍ ബന്ദികളാക്കപ്പെടുകയും ഒരാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ബന്ദികളും ചരക്കുകളുമായി മടങ്ങിയെത്തിയ സംഘത്തെ കണ്ട് നബി(സ്വ)തങ്ങള്‍ കോപാകുലനായി: അല്ലാഹുവാണെ,ഖുറൈശികളുടെ നീക്കങ്ങള്‍ കൃത്യമായി അറിഞ്ഞു വരാനല്ലാതെ അവരോട് യുദ്ധം ചെയ്യാന്‍ ഞാന്‍ കല്‍പിച്ചിരുന്നില്ല.
ഒരു തീരുമാനമാകും വരെ ബന്ദികളെ ബന്ധനത്തില്‍ വെക്കാനും ചരക്കുകള്‍ ഉപയോഗിക്കാതിരിക്കാനും അവിടന്ന് നിര്‍ദേശിച്ചു. നബി(സ്വ)യെ ധിക്കരിച്ചവരെന്ന പേരില്‍ സ്വന്തക്കാരും സുഹൃത്തുക്കളും അവരെ അകറ്റിനിര്‍ത്തി. ഖുറൈശികള്‍ ഈ അവസരം നന്നായി ഉപയോഗപ്പെടുത്തി. യുദ്ധം നിഷിദ്ധമായ മാസത്തില്‍ മുഹമ്മദ് രക്തം ചിന്തുക്കയും പലരെയും ബന്ദികളാക്കുകയും ചെരക്കുകള്‍ കൈവശപ്പെടുത്തുകയും ചെയ്തുവെന്നവര്‍ പറഞ്ഞു പ്രചരിപ്പിച്ചു. അബ്ദുല്ലാഹിബ്നു ജഹ്ശിനും(റ) തീക്ഷ്ണമായ പരീക്ഷണങ്ങളുടെ ഘട്ടമായിരുന്നു അത്. ദുഃഖം അധിക കാലം നീണ്ടു നിന്നില്ല. സംഘത്തിന്‍റെ കാര്യത്തിലുള്ള അല്ലാഹുവിന്‍റെ സന്ദേശവുമായി ജിബ്‍രീല്‍(അ) ഇറങ്ങിവന്നു. വിശുദ്ധ ഖുര്‍ആനിക സൂക്തങ്ങള്‍ നബി(സ്വ)തങ്ങള്‍ സ്വഹാബാക്കളെ ഓതിക്കേള്‍പ്പിച്ചു. വിലക്കപ്പെട്ട മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെ പറ്റി അവര്‍ നിങ്ങളോട് ചോദിക്കും. പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടയുന്നതും അവനില്‍ അവിശ്വസിക്കുന്നതും മസ്ജിദുല്‍ ഹറാമില്‍ നിന്ന് ജനങ്ങളെ വിലങ്ങുന്നതും അതിന്‍റെ അവകാശികളെ അതില്‍ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്‍റെ അടുക്കല്‍ കൂടുതല്‍ ഗൌരവമുള്ളതാണ്. കുഴപ്പമുണ്ടാക്കല്‍ കൊല ചെയ്യുന്നതിനേക്കാള്‍ ഭയങ്കരമാകുന്നു. (വി. ഖുര്‍ആന്‍ 2: 217) ഈ ആയത്ത് ഇറങ്ങിയതോടെ നബി(സ്വ)യുടെ ഉള്ളം തണുത്തു. മോചന ദ്രവ്യം ചരക്കുകളില്‍ നിന്ന് തന്നെ വാങ്ങി ബന്ദികളെ വിട്ടയച്ചു. അപ്പോള്‍ അബ്ദുല്ലാഹിബ്നു ജഹ്ശിന്‍റെയും സംഘത്തിന്‍റെയും സന്തോഷത്തിന് അതിരില്ലായിരുന്നു. ഈ സംഭവം ഇസ്‍ലാമിലെ ആദ്യ യുദ്ധം എന്ന് അറിയപ്പെടുന്നു. അധികം വൈകാതെ സത്യവും അസത്യവും തമ്മില്‍ ഏറ്റുമുട്ടിയ ബദ്റ് യുദ്ധം കഴിഞ്ഞു പോയി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം മദീനക്കു മീതെ വീണ്ടും യുദ്ധത്തിന്‍റെ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടി. ബദ്റിന് പകരം ചോദിക്കാന്‍ ഇറങ്ങിത്തിരിച്ച മക്കാ മുശ്‍രിക്കുകളെ നേരിടാനായി മുസ്‍ലിംകള്‍ ഉഹ്‍ദിലേക്ക് നീങ്ങി. യുദ്ധം കൊടുമ്പിരി കൊണ്ടു. ഉഹ്ദ് യുദ്ധം നടന്നു കൊണ്ടിരിക്കെ സഅ്ദ്ബ്നു അബീവഖാസ് അബ്ദുല്ലാഹിബ്നു ജഹ്ശി(റ)നെ കണ്ടുമുട്ടി. നിങ്ങള്‍ പ്രാര്‍ഥിക്കുന്നില്ലേ..ജഹ്ശ്(റ) സഅദി(റ)നോട് ചോദിച്ചു. അവര്‍ രണ്ടു പേരും പ്രാര്‍ഥനക്കായി യുദ്ധക്കളത്തിന്‍റെ ഒരരുകിലേക്ക് മാറി നിന്നു. സഅദ്(റ) ആണ് ആദ്യം പ്രാര്‍ഥിച്ചത്.
“യുദ്ധത്തിനിടയില്‍ ശക്തനും മല്ലനുമായ ഒരുവനെ എനിക്ക് പ്രതിയോഗിയായി നല്‍കേണമേ. അങ്ങനെയവനെ വധിക്കാനും സാധനസാമഗ്രികള്‍ കീഴടക്കാനും ഇടവരുത്തേണമേ”. അബ്ദുല്ല(റ) ആമീന്‍ പറഞ്ഞു. അടുത്തത് അബ്ദുല്ലഹിബ്നു ജഹ്ശിന്‍റെ ഊഴമായിരുന്നു. “എനിക്കു നീ ശക്തനും മല്ലനുമായ ഒരു പ്രതിയോഗിയെ നല്‍കണമേ. അവനെന്നെ കീഴടക്കുകയും മൂക്കും ചെവികളും അരിഞ്ഞെടുക്കുകയും ചെയ്യേണമേ. മരിച്ചു ചെല്ലുമ്പോള്‍, നിന്‍റെ മൂക്കും ചെവികളും അരിഞ്ഞെടുക്കപ്പെട്ടത് എന്തിനാണെന്ന് അല്ലാഹു എന്നോട് ചോദിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നു. അപ്പോള്‍ ഞാന്‍ പറയും: അല്ലാഹുവിന്‍റെയും അവന്‍റെ പ്രാവചകന്‍റെയും മാര്‍ഗത്തില്‍. എന്‍റെ മറുപടി കേട്ട് നീ പറഞ്ഞത് സത്യമാണെന്ന് അല്ലാഹു പറയണമെന്നും ഞാന്‍ താല്‍പര്യപ്പെടുന്നു.” പിന്നീടുള്ള സംഭവം സഅദ്(റ) വിവരിക്കുന്നുണ്ട്: അബ്ദുല്ലയുടെ പ്രാര്‍ഥന എന്‍റെ പ്രാര്‍ഥനയേക്കാള്‍ ഉത്തമമായിരുന്നു. സന്ധ്യക്ക് യുദ്ധം അവസാനിക്കുമ്പോള്‍ മൂക്കും ചെവിയും ഛേദിക്കപ്പെട്ട ഒരു മൃതശരീരം യുദ്ധക്കളത്തില്‍ ഞാന്‍ കണ്ടു. അത് അബ്ദുല്ലാഹിബ്നു ജഹ്ശിന്റേതായിരുന്നു. അദ്ദേഹത്തിന്‍റെ ചെവിയും മൂക്കും തൊട്ടടുത്തുള്ള മരത്തില്‍ തൂക്കിയിട്ട നിലയിലായിരുന്നു. അമ്മാവനായ ഹംസ(റ)യോടൊപ്പമാണ് അബ്ദുല്ലാഹിബ്നു ജഹ്ശി(റ)നെ മറവു ചെയ്തത്. ഇരുവരുടേയും ജനാസകള്‍ ഖബറിലേക്കിറക്കി വെക്കുമ്പോള്‍ സങ്കടം സഹിക്കാനാവാതെ തിരുനബി(സ്വ)യുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.
Leave A Comment