ശാഫിഈ കര്‍മശാസ്ത്രത്തിന്റെ പ്രഭവ ഘട്ടം

ശാഫിഈ കര്‍മശാസ്ത്രത്തില്‍ പില്‍ക്കാലങ്ങളിലുണ്ടായ ആശയപരവും ഭൗതികപരവുമായ എല്ലാതരം വികാസങ്ങളുടെയും അടിസ്ഥാന സ്രോതസ്സ് മൗലികമായി ഒന്നുതന്നെയായിരുന്നു. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലെ അബൂ അബ്ദില്ലാഹ് മുഹമ്മദ് ബ്‌നു ഇദ്‌രീസുശ്ശാഫിഈ (ഹി. 150-204) എന്ന മഹാവിസ്മയമായിരുന്നു അത്.

കഴിഞ്ഞ പന്ത്രണ്ടു നൂറ്റാണ്ടിലേറെക്കാലത്തുണ്ടായതും ഇനി ഉണ്ടാകാനിരിക്കുന്നതുമായ എല്ലാ കര്‍മശാസ്ത്ര വളര്‍ച്ചയുടെയും തീര്‍പ്പുകളുടെയും പ്രഭവ കേന്ദ്രം ആ ജീവിതം തന്നെയാണ്. ഒരു പുരുഷായുസ്സിലുണ്ടായ ജീവിതാനുഭവങ്ങളും ഗൃഹപാഠങ്ങളുമായിരുന്നു ഒരു കര്‍മശാസ്ത്രധാരക്ക് വേണ്ടുന്ന എല്ലാ ഉള്ളടക്കങ്ങളും നല്‍കിയത്.

ഇമാമുല്‍ അഅ്‌ളം അബൂഹനീഫ(റ) വഫാത്തായ വര്‍ഷം ഹിജ്‌റ 150-തിലാണ് ഇമാം ശാഫിഈ(റ) കടുന്നുവരുന്നത്. അസ്ദിയ്യയുടെ പുത്രനായി ഇറാഖിലെ ഗസ്സയിലായിരുന്നു (അസ്ഖലാനിലാണ്എന്നും അഭിപ്രായമുണ്ട്) ജനനം. ലോകഭൂഗോളത്തെ ജ്ഞാനപ്രഭയില്‍ മുഖരിതമാക്കുന്ന ഒരു ഖുറൈശി പണ്ഡിതന്‍ വരുമെന്ന തിരുവചനത്തെ അന്വര്‍ത്ഥമാക്കി സ്വന്തമായ ഒരു കര്‍മശാസ്ത്രധാര സ്വാംശീകരിച്ചെടുത്ത് അതു ലോകര്‍ക്കു പകര്‍ന്നുനല്‍കി. ഇമാം മാലിക്(റ)വിന്റെ (93-179) ശിഷ്യനായ ഇമാം ശാഫിഈ(റ) ആദ്യകാലങ്ങൡ മദീനക്കാരുടെ കര്‍മശാസ്ത്രധാരയുടെ വാഹകരായിരുന്നു. പക്ഷേ, അബൂയൂസുഫ്(റ) വഫാത്തായി രണ്ടു വര്‍ഷത്തിനു ശേഷം 184-ല്‍ ബഗ്ദാദിലെത്തുന്നത് വരെ മാത്രമേ ഈ രീതി തുടര്‍ന്നുള്ളൂ. അവിടെ വെച്ച് മുഹമ്മദ് ബ്‌നു ഹസന്‍(റ)വില്‍നിന്ന് അറിവ് സ്വീകരിക്കുകയും നിരവധി പണ്ഡിതന്മാരോട് സംവാദത്തിലേര്‍പ്പെടുകയും ചെയ്തു. മദീനക്കാരുടെയും ഇറാഖികളുടെയും കര്‍മശാസ്ത്രം മനസ്സിലാക്കിയ ശാഫിഈ(റ) സ്വന്തമായ രീതി കണ്ടെത്തുകയായിരുന്നു.

ശാഫിഈ(റ)വിന്റെ ജീവിതത്തില്‍ പ്രധാനമായും മൂന്ന് ഘട്ടങ്ങള്‍ കാണാന്‍ കഴിയും.

(1) ബഗ്ദാദില്‍ നിന്നും മക്കയിലെത്തിയ ഘട്ടം. ഈ ഘട്ടത്തിലാണ് ശാഫിഈ(റ)വിന്റെ ചിന്തകള്‍ വികസിക്കുന്നതും അറിവിന്റെ ആഴങ്ങള്‍ തേടി സഞ്ചരിക്കുന്നതും. മസ്ജിദുല്‍ ഹറാമില്‍ പ്രത്യേക ഹല്‍ഖ സജ്ജീകരിക്കുകയും കര്‍മശാസ്ത്ര സ്രോതസ്സുകളെ പരസ്പരം തുലനം ചെയ്യുകയും ചെയ്തു. ശാഫിഈ(റ)വിന് അബ്ദുറഹ്മാന്‍ ബ്‌നു മഹ്ദിക്ക് എഴുതിയ രിസാല ഈ ഘട്ടത്തിന്റെ സംഭാവനയാണ്.

2- ശാഫിഈ(റ) വീണ്ടും ബഗ്ദാദിലെത്തിയ ഘട്ടം. ഹിജ്‌റ 195-ലായിരുന്നു അത്. തന്റെ കര്‍മ ശാസ്ത്രനിദാനങ്ങള്‍ (ഉസ്വൂലുല്‍ ഫിഖ്ഹ്) പ്രചരിപ്പിക്കുകയും വിവിധ കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കി തന്റെ ഉസ്വൂലിനോട് യോജിക്കുന്നവയെ പ്രബലപ്പെടുത്തുകയുമായിരുന്നു ഇമാം ശാഫിഈ(റ). ശാഫിഈ കര്‍മശാസ്ത്രത്തിന്റെ ഖദീം രൂപപ്പെട്ടുവന്നത് ഈ ഘട്ടത്തിലാണ്.

3 - ഹിജ്‌റ 199-ല്‍ മിസ്വറില്‍ (ഈജിപ്ത്) എത്തിയ ഘട്ടം. ശാഫിഈ കര്‍മശാസ്ത്ര സരണിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഘട്ടമാണിത്. അതുവരെ കാണാത്ത പല കാര്യങ്ങളും ശാഫിഈ(റ) ഈജിപ്തില്‍ കണ്ടു. തന്റെ മുന്‍കാല അഭിപ്രായങ്ങള്‍ പുതിയ അനുഭവങ്ങള്‍ വെച്ച് വിലയിരുത്തുക യും പലതും തിരുത്തുകയും ചെയ്തു. അങ്ങനെയാണ് പുതിയ രിസാല എഴുതുന്നത്. 19

ഇമാം ശാഫിഈ(റ)വിന്റെ അഭിപ്രായങ്ങള്‍ രണ്ടു ഇനങ്ങളായി തിരിച്ചിട്ടുണ്ട്. 1-ഖദീം, 2-ജദീദ്. ഖദീം ഒഴിവാക്കി ജദീദിലേക്ക് എത്തിപ്പെടുകയായിരുന്നു ഇമാം ശാഫിഈ(റ). ബഗ്ദാദില്‍ വെച്ചോ ബഗ്ദാദ് വിട്ട് ഈജിപ്തിലെത്തുന്നതിന് മുമ്പോ ശാഫിഈ(റ) പറഞ്ഞ അഭിപ്രായങ്ങളാണ് ഖദീം. പ്രധാനപ്പെട്ട നാലു ശിഷ്യന്മാരാണ് (അസ്വ്ഹാബ്) ഖദീമിന്റെ പ്രസിദ്ധ നിവേദകര്‍. 1- അഹ്മദ് ബ്‌നു ഹമ്പല്‍(റ), 2- ഇമാം സഅ്ഫറാനി(റ), 3- അബൂ സൗര്‍(റ), 4- ഹുസൈന്‍ അല്‍ കറാബീസി(റ) എന്നിവരാണവര്‍.

ജദീദ് എന്നാല്‍ ഈജിപ്തില്‍ വെച്ചുള്ള ശാഫിഈ (റ)വിന്റെ അഭിപ്രായങ്ങളും ഫത്‌വകളുമാണ്. 1- ഇമാം മുസ്‌നി(റ), 2-ഇമാം ബുവൈത്വി(റ), 3- റബീഉല്‍ മുറാദി(റ), 4- റബീഉല്‍ ജൈസി(റ), 5- ഹര്‍മലത്തുബ്‌നു യഹ്‌യ ബ്‌നു ഹര്‍മല(റ), 6- മുഹമ്മദ് ബ്‌നു അബ്ദില്ല ബ്‌നു അബ്ദില്‍ ഹകീം(റ), 7- അബ്ദുല്ലാഹിബ്‌നു സുബൈര്‍ മക്കി(റ) എന്നിവര്‍ ശാഫിഈ(റ)വിന്റെ ജദീദിനെ രിവായത്ത് ചെയ്ത ശിഷ്യന്മാരാണ്. 20

ശാഫിഈ കര്‍മശാസ്ത്രത്തില്‍ ജദീദിനാണ് സാധുത. അതനുസരിച്ചാണ് അമല്‍ ചെയ്യപ്പെടേണ്ടത്. എന്നാല്‍ ചില മസ്അലകളില്‍ ജദീദിനു പകരം ഖദീമിനു തന്നെ പ്രബലത നല്‍കിയതായി കാണാം. അത്തരം കാര്യങ്ങളില്‍ ഖദീം പ്രകാരമല്ല ജദീദ് പ്രകാരം തന്നെയാണ് അമല് ചെയ്യപ്പെടുന്നതെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഖദീമിനോട്  യോജിക്കുന്ന ജദീദിലെ മറ്റൊരു ഖൗല് ഉദ്ധരിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഖദീമിനോട് പ്രബലത നല്‍കപ്പെട്ട മസ്അലകള്‍ വിവിധ അഭിപ്രായങ്ങള്‍ പ്രകാരം പതിനാലും ഇരുപതും അതിലേറെയും വരും. ഇമാം നവവി(റ) തന്റെ മജ്മൂഇല്‍ (ശര്‍ഹുല്‍ മുഹദ്ദബ്) ഖദീം പ്രകാരം അമല്‍ ചെയ്യപ്പെടുന്ന മസ്അലകള്‍ വിശദീകരിച്ചു പറയുന്നുണ്ട്. അവയില്‍ നിന്ന് ചിലതു താഴെ പറയുന്നു.

അവസാന രണ്ട് റക്അത്തുകളില്‍ സൂറത്ത് ഓതല്‍ സുന്നത്തില്ല. സുബ്ഹിന്റെ വാങ്കില്‍ തസ്‌വീബ് സുന്നത്താണ്. മഹ്‌റമുകളെ തൊട്ടാല്‍ വുളൂഅ് മുറിയുകയില്ല. ഒഴുകുന്ന വെള്ളം പകര്‍ച്ചയായാലല്ലാതെ നജസാവുകയില്ല. ഇശാഅ് നിസ്‌കാരം വേഗമാക്കലാണ് അഫ്‌ളല്‍. മഗ്‌രിബ് നിസ്‌കാരത്തിന്റെ സമയം ശഫഖ് മായുന്നത് വരെയാണ്. ഒറ്റക്ക് നിസ്‌കരിക്കുന്നവന്, നിസ്‌ക്കാരമദ്ധ്യേ ഇഖ്തിദാഇന്റെ ഇമാമിനെ തുടര്‍ന്നു നിസ്‌കരിക്കല്‍ നിയ്യത്ത് ജാഇസാണ്. മില്‍കുല്‍ യമീനോടെ മഹ്‌റമിനെ സംയോഗം ചെയ്യല്‍ ഹദ്ദ് നിര്‍ബന്ധമാക്കും. മയ്യത്തിന്റെ നഖം മുറിക്കല്‍ കറാഹത്താണ്. രോഗം പോലോത്തവ കാരണം ഇഹ്‌റാമില്‍നിന്ന് തഹല്ലുലാവല്‍ ജാഇസാണ്. ജഹ്‌രിയ്യായ നിസ്‌കാരത്തില്‍ മഅ്മൂമിന് ആമീന്‍ ഉറക്കെയാക്കല്‍ സുന്നത്താണ്. നോമ്പ് ബാധ്യതയുള്ള ഒരാള്‍ മരിച്ചാല്‍ അയാള്‍ക്കു വേണ്ടി വലിയ്യ് നോമ്പ് വീട്ടണം. നിസ്‌കരിക്കുന്നവന്റെ മുന്നില്‍ വടിയും മറ്റുമില്ലെങ്കില്‍ വര വരക്കല്‍ സുന്നത്താണ്. ഭര്‍ത്താവിന്റെ കയ്യിലെ സ്വദാഖിന് ളമാനുല്‍ യദിന്റെ ഉത്തരവാദിത്തമുണ്ട്. 21

ജദീദിലും ഖദീമിലുമായി ശാഫിഈ(റ) നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഒരുപക്ഷേ, മറ്റു മൂന്നു മദ്ഹബിന്റെ ഇമാമുകളേക്കാളും ഗ്രന്ഥരചന സജീവമാക്കിയ ഇമാം ശാഫിഈ(റ) മാത്രമായിരിക്കും. അല്‍ ഫിഖ്ഹുല്‍ അക്ബര്‍ അബൂഹനീഫ(റ)വിലേക്ക് ചേര്‍ത്തിപ്പറയാറുണ്ടെങ്കിലും അതു തന്റെ ശിഷ്യന്മാരുടേതാണെന്നാണ് പ്രബലാഭിപ്രായം. മുഹത്വഅ് എന്ന ഹദീസ് ഗ്രന്ഥമെഴുതി അതില്‍ തന്നെ തന്റെ കര്‍മശാസ്ത്ര വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു ഇമാം മാലിക്(റ). ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍(റ) ഹദീസൊഴികെ മറ്റെല്ലാ ഗ്രന്ഥരചനകളെയും ശക്തമായി വെറുത്തിരുന്നുവെന്ന് ഇബ്‌നുല്‍ ഖയ്യിം തന്റെ അഅ്‌ലാമുല്‍ മൂഖിഈന്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

കര്‍മശാസ്ത്ര  നിദാനശാസ്ത്രത്തിലെ തന്നെ (ഇല്‍മു ഉസ്വൂലില്‍ ഫിഖ്ഹ്) പ്രഥമ ഗ്രന്ഥത്തിന് ശാഫിഈ(റ) വിനാണ് ഭാഗ്യത്തിന്റെ നറുക്ക് വീണത്. നിദാനശാസ്ത്രത്തിന്റെ (ഇല്‍മുല്‍ ഉസ്വൂല്‍) പിതാവ് എന്ന രീതിയില്‍ പരാമര്‍ശിക്കപ്പെടാന്‍ വരെ ഇതു വഴിയൊരുക്കി. ഫഖ്‌റുദ്ദീന്‍ റാസി(റ) പറയുന്നു: ''ഇമാം ശാഫിഈ(റ)വിനെ ഇല്‍മുല്‍ ഉസ്വൂലിലേക്ക് ചേര്‍ത്തു പറയുന്നത് അരിസ്റ്റോട്ടിലിനെ ഇല്‍മുല്‍ മന്‍ത്വിഖിലേക്കും (തര്‍ക്കശാസ്ത്രം), ഖലീല്‍ബ്‌നു അഹ്മദിനെ (സീബ വൈഹിയുടെ ഗുരു) ഇല്‍മുല്‍ അറൂളിലേക്കും (പദ്യരചനാ ശാസ്ത്രം) ചേര്‍ത്തു പറയുന്നത് പോലെയാണ്.22 ഇവര്‍ അതാതു ശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെട്ടവരാണല്ലോ.

നൂറിലേറെ ഗ്രന്ഥങ്ങള്‍ ഇമാം ശാഫിഈ(റ) രചിച്ചിട്ടുണ്ട്. തഫ്‌സീര്‍ (ഖുര്‍ആന്‍ വ്യാഖ്യാനം), ഫിഖ്ഹ് (കര്‍മശാസ്ത്രം), അദബ് (സാഹിത്യം) മറ്റു ശാഖകള്‍ എന്നിവയിലായി ഇമാം നൂറ്റിപ്പതിമൂന്ന് ഗ്രന്ഥങ്ങള്‍ രചിച്ചുവെന്ന് ഖാളി അബൂ മുഹമ്മദില്‍ മറൂസി(റ) തന്റെ തഅ്‌ലീഖില്‍ പറയുന്നുണ്ട്. എന്നാല്‍ ഉസ്വൂലിലല്ലാതെ ഫിഖ്ഹില്‍ മാത്രമായി നൂറ്റി ഇരുപത് ഗ്രന്ഥങ്ങള്‍ ഇമാം ശാഫിഈ(റ) രചിച്ചിട്ടുണ്ടെന്ന് ഫറാഇദുല്‍ ഫവാഇദില്‍ പറയുന്നുണ്ട്.

കിതാബുല്‍ ഉമ്മ്, ജാമിഉല്‍ മുസ്‌നി, കബീര്‍, ജാമിഉല്‍ മുസ്‌നി സഗീര്‍, മുഖ്തസ്വറുല്‍ മുസ്‌നി കബീര്‍, മുഖ്തസ്വറുല്‍ മുസ്‌നി സഗീര്‍, മുഖ്തസ്വറുല്‍ ബുവൈത്വി, മുഖ്തസ്വറുല്‍ റബീഅ്, കിതാബു ഹര്‍മല, കിതാബുല്‍ ഹുജ്ജ, രിസാല ഖദീമ, രിസാല ജദീദ, അമാലി, ഇംലാഅ്, മുജ്മഉല്‍ കാഫി, ഉയൂനുല്‍ മസാഇല്‍, അല്‍ ബഹ്‌റുല്‍ മുഹീത്വ തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങള്‍ ഇമാം ശാഫിഈ(റ)യുടേതായി വന്നിട്ടുണ്ട്. കിതാബുല്‍ ഹുജ്ജ, അമാലി, മുജ്മഉല്‍ കാഫി, ഉയൂനുല്‍ മസാഇല്‍, അല്‍ ബഹ്‌റുല്‍ മുഹീത്വ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇമാമിന്റെ ഖദീം അടിസ്ഥാനപ്പെടുത്തി രചിച്ചവയാണ്. കിതാബുല്‍ ഉമ്മ്, ഇംലാഅ്, മുഖ്തസ്വറുല്‍ ബുവൈത്വി, മുഖ്തസ്വറുല്‍ മുസ്‌നി, രിസാല, ജദീദ തുടങ്ങിയവ ഏറ്റവും ഒടുവില്‍ രചിക്കപ്പെട്ട ജദീദിലെ ഗ്രന്ഥങ്ങളാണ്.

മുസ്‌നി, ബുവൈത്വി, റബീഅ്, ഹര്‍മല തുടങ്ങിയ അസ്ഹാബിലേക്ക് ചേര്‍ത്തിപ്പറയുന്ന ഗ്രന്ഥങ്ങള്‍ ശാഫിഈ ഇമാമി(റ)ന്റേതല്ല എന്നു പറയപ്പെടാറുണ്ട്. എന്നാല്‍ അവ, ഇമാമിന്റേതെന്നു പറഞ്ഞാലും അസ്ഹാബിന്റേതെന്നു പറഞ്ഞാലും ശരിയാണ്. ഇമാമിന്റെ ഖൗലുകളും അഭിപ്രായങ്ങളും അവര്‍ രിവായത്ത് ചെയ്യുകയായിരുന്നു. മുസ്‌നിയില്‍ ഇമാം പറഞ്ഞു: ബുവൈത്വിയില്‍ ഇമാം പറഞ്ഞു, എന്നൊക്കെ ചില കിതാബുകളില്‍ കാണാം. അത് ബുഖാരിയില്‍ പറഞ്ഞു എന്നു ചുരുക്കി പറയുന്നതുപോലെയാണ്.

ഇമാം ശാഫിഈ(റ)വിന്റെ ഗ്രന്ഥങ്ങളില്‍ പ്രസിദ്ധവും പ്രഥമസ്ഥാനീയവുമായ ഗ്രന്ഥമാണ് കിതാബുല്‍ ഉമ്മ്. പില്‍ക്കാലത്ത് വന്ന എല്ലാ ഗ്രന്ഥങ്ങളുടെയും മാതാവായ ഉമ്മ്, ശാഫിഈ കര്‍മ ശാസ്ത്രത്തില്‍ പ്രഥമ ആശാസ്രോതസ്സായി ഇന്നും നിലനില്‍ക്കുന്നു. ഈജിപ്തിലെത്തി ഖൈറോവില്‍ വെച്ചാണ് ഇമാം കിതാബുല്‍ ഉമ്മ് രചിക്കുന്നത്. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ രചനാക്രമം ഉമ്മില്‍ തന്നെ കാണാനാവും. ബിസ്മി കഴിഞ്ഞ് അത്വഹാറത്തു എന്ന തലക്കെട്ട് നല്‍കിയാണ് ഗ്രന്ഥത്തിന്റെ തുടക്കം. ശാഫിഈ ഇമാമില്‍ നിന്നും പ്രസിദ്ധ സ്വഹാബിയായ റബീഉബ്‌നു സുലൈമാന്‍ ഞങ്ങളോടു പറഞ്ഞു എന്നെഴുതിയാണ് വിഷയം തുടങ്ങുന്നത്. ഉമ്മിന്റെ റാവി റബീഉബ്‌നു സുലൈമാന്‍(റ)യാണെന്നാണ് പൊതുവായ അഭിപ്രായം. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ബുവൈത്വി (റ)യാണ് ഉമ്മ് രിവായത്ത് ചെയ്തതെന്ന് ഗസ്സാലി(റ) ഇഹ്‌യാഇല്‍ പറയുന്നുണ്ട്. റബീഅ് (റ) ചിലതു കൂടി ചേര്‍ക്കുകയായിരുന്നു.

ശര്‍ഹുല്‍ മുഹദ്ദബില്‍ ഉമ്മിന് ഇരുപതോളം ഭാഗങ്ങളുണ്ടെന്ന് ഇമാം നവവി (റ) പറയുന്നു. ഇന്ന് നാലു ഭാഗങ്ങളിലായി ഈ ഗ്രന്ഥം അച്ചടിക്കപ്പെടുന്നുണ്ട്. ഉമ്മിനെ ചുരുക്കിയാണ് ഇമാം മുസ്‌നി(റ) തന്റെ മുഖ്തസ്വറുല്‍ മുസ്‌നി രചിക്കുന്നത്. മുഖ്തസ്വറോടു കൂടെയുള്ള ഉമ്മും ഇന്ന് ലഭ്യമാണ്.

നിദാനശാസ്ത്രത്തിലെ പ്രഥമ ഗ്രന്ഥം എന്ന നിലയില്‍ ശാഫിഈ(റ)വിന്റെ രിസാലക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്. ശാഫിഈ(റ) രണ്ടു പ്രാവശ്യം ഇതു എഴുതിയിട്ടുണ്ട്. അങ്ങനെയാണ് രിസാല ഖദീമ, രിസാല ജദീദയുണ്ടാകുന്നത്. രിസാല ഖദീമ എവിടെവെച്ച് രചിക്കപ്പെട്ടുവെന്നതില്‍ അഭിപ്രായാന്തരമുണ്ട്. മക്കയില്‍ വെച്ചാണ് രചന നടന്നതെന്നാണ് ഒരഭിപ്രായം. ഖുര്‍ആന്‍ വിജ്ഞാനം, ഇജ്മാഇന്റെ തെളിവ്, നാസിഖ് - മന്‍സൂഖ് എന്നിവയെ സംബന്ധിച്ച് ഒരു ഗ്രന്ഥം രചിക്കാന്‍ അബ്ദുറഹ്മാന്‍ബ്‌നു മഹ്ദി(റ) ശാഫിഈ(റ)വിന് കത്തയച്ചു. ആ സമയം അബ്ദുറഹ്മാനുബ്‌നു മഹ്ദി(റ) ബഗ്ദാദിലായിരുന്നു. എന്നാല്‍ ഫഖ്‌റുദ്ദീന്‍ റാസി(റ)യുടെ അഭിപ്രായം ബഗ്ദാദിലാണ് രിസാല ഖദീമയുടെ രചന നടന്നതെന്നാണ്. മനാഖിബുശ്ശാഫിഈയില്‍ റാസി(റ) പറയുന്നു: ഇമാം ശാഫിഈ ബഗ്ദാദില്‍ വെച്ച് കിതാബു രിസാല എഴുതി. ഈജിപ്തിലേക്ക് വന്നപ്പോള്‍ കിതാബു രിസാല മടക്കിയെഴുതുകയും ചെയ്തു. രണ്ടു രിസാലയിലും ധാരാളം അറിവുണ്ട്. റബീഇനാണ് രിസാല ഇംലാഅ് ചെയ്തു നല്‍കിയത്.

രിസാല എന്ന പേര് ശാഫിഈ(റ) നല്‍കിയതല്ല. എന്റെ കിതാബ്, കിതാബ് എന്നൊക്കെയാണ് ഇമാം(റ) അതിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ശാഫിഈ(റ)വിന്റെ കാലത്ത് തന്നെ അങ്ങനെ പേര് വെക്കപ്പെട്ടിട്ടുണ്ട്. അബ്ദുറഹ്മാനുബ്‌നു മഹ്ദി(റ)ക്ക് ആവശ്യപ്പെട്ട പ്രകാരം അയച്ചുകൊടുത്തതിനാണ് ഈ പേര് വന്നത്. ഖദീമായ രിസാല ഇന്ന് ലഭ്യമല്ല. ശാഫിഈ(റ)വിന് ശേഷം ഏറ്റവും കൂടുതല്‍ ഉസ്വൂലില്‍ പരിജ്ഞാനമുള്ളയാള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അബൂബക്കര്‍ സൈ്വറഫി(റ) (മ. ഹി. 330), അബുല്‍ വലീദ് നൈസാബൂരി (മ. 349), ഖഫ്ഫാന്‍ കബീര്‍ (മ. 365), ഇമാമുല്‍ ഹറമൈനി(റ)യുടെ പിതാവ് അബൂ മുഹമ്മദ് ജുവൈനി (മ. 437) തുടങ്ങിയവര്‍ രിസാലക്ക് ശര്‍ഹ് എഴുതിയവരാണ്.

അബ്ദുറഹ്മാനുബ്‌നു മഹ്ദി(റ) പറയുന്നു: ''ശാഫിഈ(റ)യുടെ രിസാല ഞാന്‍ നോക്കിയപ്പോള്‍ അതു എന്നെ അത്ഭുതപ്പെടുത്തി. കാരണം, ഞാന്‍ ബുദ്ധിമാനായ സാഹിത്യാഭിരുചിയിലുള്ള ഗുണകാംക്ഷിയായ ഒരാളുടെ വാക്കാണ് കണ്ടത്.23 ഇമാം മുസ്‌നി(റ) പറയുന്നു: ഞാന്‍ അഞ്ഞൂറു പ്രാവശ്യം രിസാല വായിച്ചു. അതില്‍ നിന്നും പുതിയ ഫാഇദകള്‍ ഞാന്‍ മനസ്സിലാക്കി.'' 24

ജീവിതത്തിന്റെ അവസാനഘട്ടത്തിലാണ് ഇമാം ശാഫിഈ(റ) തന്റെ കര്‍മ ശാസ്ത്രധാരയുടെ നവീകരണവുമായി കടന്നുവരുന്നത്. ഹിജ്‌റ 99-ലോ 200-ലോ മിസ്വറിലെത്തിയതോടെ അതിനു തുടക്കം കുറിച്ചു. ജദീദ് കണ്ടെത്തിയതിന് പുറമെ, ഉമ്മ്, ഇംലാഅ്, രിസാല ജദീദ, കിതാബുല്‍ ഖസാമ, കിതാബുല്‍ ജിസ്‌യ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുന്നതും ഈ കാലഘട്ടത്തിലാണ്.

ഏകദേശം നാലു വര്‍ഷമെന്ന വളരെ ചുരുങ്ങിയ കാലംകൊണ്ട് പുതിയൊരു കര്‍മശാസ്ത്രധാരയെ തന്നെ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞത് ശാഫിഈ(റ)വിന്റെ വലിയ കറാമത്താണ്. ഇബ്‌നു ഹജര്‍ ഹൈതമി(റ) തന്റെ ഫിഹ്‌റസ്തില്‍ പറയുന്നു: ഇതു വളരെ ചിന്തനീയമായ കാര്യമാണ്. കാരണം, ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളില്‍ പൊതുവെ ഉണ്ടാവാന്‍ സാധ്യതയില്ലാത്തതാണ് ഇമാം ശാഫിഈ(റ)യുടെ മദ്ഹബിന്റെയും അനുബന്ധകാര്യങ്ങളുടെയും വിശാലത

. റഫറന്‍സ്

19. താരീഖുത്തശ്‌രീഇല്‍ ഇസ്‌ലാമി (അത്തശ്‌രീഉ വല്‍ ഫിഖ്ഹ്) മന്നാഉല്‍ ഖത്വാന്‍, പേജ് 303 - 304 20. അല്‍ ഫവാഇദുല്‍ മദനിയ്യ / ശൈഖ് മുഹമ്മദ് ബ്‌നു സുലൈമാന്‍ അല്‍ കുര്‍ദി(റ) പേജ് 239 21. അല്‍ മജ്മൂഅ് / ഇമാം നവവി(റ), പേജ് 66-67, വാള്യം 1 22. താരീഖുത്തശ്‌രീഇല്‍ ഇസ്‌ലാമി / മന്നാഉല്‍ ഖത്വാന്‍, പേജ് 306 23. ടി. പുസ്തകം പേജ് 306-307 24. അല്‍ മജ്മൂഅ് / ഇമാം നവവി(റ) പേജ് 9, വാള്യം 1 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter