ബഹുപ്രപഞ്ചത്തിന് കൂടുതല്‍ തെളിവുമായി ശാസ്ത്രലോകം
പ്രപഞ്ചം ഒന്നു മാത്രമല്ലെന്നും ഭൂമിയും സൂര്യനുമൊക്കെ ഉള്‍ക്കൊള്ളുന്ന പ്രപഞ്ചത്തിന് സമാനമായി അനേകായിരം സമാന്തര പ്രപഞ്ചങ്ങള്‍ (മള്‍ട്ടിവേഴ്സ്) ഉണ്ടെന്നുമുള്ള വാദം കാലങ്ങള്‍ക്കു മുമ്പേയുണ്ട്. ഈ വാദത്തെ ബലപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതായാണ് പുതിയ ശാസ്ത്ര റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 15 വര്‍ഷംമുമ്പ് അമേരിക്കയിലെ ഡെലാവര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഇതുസംബന്ധിച്ച് നടത്തിയ പഠനങ്ങളാണ് ഇപ്പോള്‍ ഏറക്കുറെ ശരിയെന്ന് വന്നിരിക്കുന്നത്. ഇവരുടെ വാദങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ലഭ്യമായാല്‍ നിലനില്‍ക്കുന്ന പല ശാസ്ത്രസിദ്ധാന്തങ്ങളെയും തള്ളിക്കളയേണ്ടിവരും. ഇവരുടെ പഠനങ്ങള്‍ പ്രമുഖ ശാസ്ത്ര പ്രസിദ്ധീകരണമായ ‘സയന്‍റിഫിക് അമേരിക്കനി’ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1997ല്‍ ഡെലാവര്‍ സര്‍വകലാശാലയിലെ സ്റ്റീഫന്‍ എം. ബാര്‍, ഡേവിഡ് സെക്കല്‍, വിവേക് അഗര്‍വാള്‍, ജോണ്‍ എഫ്. ഡൊനോഫ് എന്നിവരാണ് സമീപഭാവിയില്‍തന്നെ വലിയ ശാസ്ത്രക്കുതിപ്പിന് വഴിവെച്ചേക്കാവുന്ന പഠനങ്ങള്‍ നടത്തിയത്. പ്രപഞ്ചോല്‍പത്തിയെ വിശദമാക്കുന്ന മഹാവിസ്ഫോടന സിദ്ധാന്തം രൂപപ്പെട്ട കാലം മുതലേ ബഹുപ്രപഞ്ചത്തെക്കുറിച്ച ചോദ്യം ശാസ്ത്രകാരന്മാര്‍ ഉന്നയിക്കുന്നുണ്ട്. 1375 കോടി വര്‍ഷംമുമ്പ് പ്രപഞ്ചം വലിയ ഒരു പൊട്ടിത്തെറിയിലൂടെ ഉണ്ടായി എന്നാണ് ശാസ്ത്രമതം. ആ പൊട്ടിത്തെറിയില്‍ (ബിഗ് ബാങ്ങില്‍) ഒരു പ്രപഞ്ചം മാത്രമല്ല, അനേകം സമാന്തര പ്രപഞ്ചങ്ങള്‍ ഉണ്ടായി എന്നുമാണ് ‘ബഹുപ്രപഞ്ച’ സിദ്ധാന്തക്കാരുടെ വാദത്തിന്‍െറ കാതല്‍. ഈ പ്രപഞ്ചങ്ങളിലൊക്കെ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ളതായും ഇവര്‍ വാദിക്കുന്നു. വില്യം ജെയിംസിനെപോലുള്ള തത്ത്വചിന്തകരുടെ വാദങ്ങളാണ് ബഹുപ്രപഞ്ചം എന്ന ആശയത്തെ സജീവമാക്കിയത്. 12ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മുസ്ലിം പണ്ഡിതനും തത്ത്വചിന്തകനുമായ ഫഖ്റുദ്ദീന്‍ റാസിയുടെ ‘മത്വാലിബ്’ എന്ന ഗ്രന്ഥമാണ് ബഹുപ്രപഞ്ചത്തെക്കുറിച്ച് സിദ്ധാന്തിക്കുന്ന പ്രഥമ രേഖയായി കണക്കാക്കപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter