സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിന്ന് അറബി ഒഴിവാക്കി

സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷക്കുള്ള വിഷയങ്ങളില്‍ നിന്ന് അറബി ഭാഷയും സാഹിത്യവും എടുത്തുകളഞ്ഞത് വിവാദമാവുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് മാര്‍ച്ച് 26ന് യു.പി.എസ്.സി പുറത്തിറക്കിയ തിരുത്തിയ വിജ്ഞാപനത്തിലാണ് ഇത് സംബന്ധമായ തീരുമാനം വന്നിരിക്കുന്നത്. സ്‌കൂള്‍ തലം തൊട്ട് അറബി ഭാഷ തെരഞ്ഞെടുക്കുന്ന കേരളത്തിലെ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സിവില്‍ സര്‍വീസ് മോഹങ്ങള്‍ക്ക് തിരിച്ചടിയാകുന്നതാണ് ഈ തീരുമാനം.
മാര്‍ച്ച് അഞ്ചിന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ പിഴവുകള്‍ തിരുത്തി മാര്‍ച്ച് 26ന് യു.പി.എസ്.സി പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിലും അറബി കാണാതിരുന്നതിനെ തുടര്‍ന്ന് യു.പി.എസ്.സിയോട് വിശദീകരണം തേടിയപ്പോഴാണ് മേലില്‍ അറബി ഉണ്ടാകില്ലെന്ന വിവരം ലഭിച്ചത്. 2013ലെ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷക്ക് അറബി ഭാഷയും സാഹിത്യവും പഠിച്ച് തയാറെടുത്ത വിദ്യാര്‍ഥികള്‍ ഇതോടെ പെരുവഴിയിലായി.
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലില്ലാത്ത വിദേശ ഭാഷയായത് കൊണ്ടാണ് മെയിന്‍ പരീക്ഷയുടെ ഏഴാം പേപ്പറില്‍ അറബിയെ ഒഴിവാക്കിയതെന്ന് യു.പി.എസ്.സിക്ക് വേണ്ടി വിജ്ഞാപനമിറക്കിയ മലായ് മുഖോപാധ്യായ പ്രതികരിച്ചു.
അറബി കൂടാതെ അസമീസ്, ബോഡോ ബംഗാളി, ചൈനീസ് ഡോഗ്രി, ഇംഗ്‌ളീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഗുജറാത്തി, ഹിന്ദി, കന്നഡ, കശ്മീരി, കൊങ്കിണി, മൈഥിലി, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒറിയ, പാലി, പേര്‍ഷ്യന്‍, പഞ്ചാബി, റഷ്യന്‍, സംസ്‌കൃതം, സന്താളി, സിന്ധി, തമിഴ്, തെലുഗു, ഉര്‍ദു എന്നിവയായിരുന്നു ഐച്ഛിക വിഷയത്തിനുള്ള ഭാഷകള്‍. ഇവയില്‍ നിന്നാണ് അറബി, ചൈനീസ്, ഫ്രഞ്ച്, ജര്‍മന്‍, പാലി, പേര്‍ഷ്യന്‍, റഷ്യന്‍ ഭാഷകളെ ഈ വര്‍ഷം മുതല്‍ ഒഴിവാക്കിയത്.
അതിനിടെ, കേന്ദ്ര സര്‍ക്കാര്‍ എടുത്ത നയപരമായ തീരുമാനം നടപ്പാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും അതുകൊണ്ടാണ് സിവില്‍ സര്‍വീസ് പരീക്ഷക്കുള്ള മെയിന്‍ പരീക്ഷക്കുള്ള പേപ്പറില്‍നിന്ന് അറബി ഒഴിവാക്കിയതെന്നും യു.പി.എസ്.സി വ്യക്തമാക്കി. 2012ല്‍ യു.പി.എസ്.സി പുറത്തിറക്കിയ വിജ്ഞാപനത്തിലും അറബി ഐച്ഛിക വിഷയമായെടുക്കാന്‍ അവസരമുണ്ടായിരുന്നു
Leave A Comment