അറബിക് സര്‍വ്വകലാശാല ഈ സര്‍ക്കാര്‍ തന്നെ യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി അബ്ദു റബ്ബ്
നിലവിലുള്ള തടസ്സങ്ങളെല്ലാം തരണം ചെയ്ത് അറബിക് സര്‍വകലാശാല ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ യാഥാര്‍ഥ്യമാക്കുമെന്നും അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും കേരള വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ബഹ്‌റൈനില്‍ പറഞ്ഞു.
കെ.എം.സി.സി ബഹ്‌റൈന്‍ ദേശീയ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിന് കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയ മന്ത്രി മനാമയിലെ മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഓഫിസില്‍ അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മലയാളികള്‍ തൊഴില്‍ തേടിപ്പോകുന്ന നിരവധി രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയാണ് അറബി. അറബിക് കോളജുകളുടെ അഫിലിയേറ്റഡ് യൂണിവേഴ്‌സിറ്റി എന്ന നിലയിലാണ് ഇതു വിഭാവനം ചെയ്തിരിക്കുന്നത്. അറബി കൂടാതെ ഫ്രഞ്ച് അടക്കം 13 ഓളം വിദേശ ഭാഷകള്‍ക്ക് ഇവിടെ പ്രാധാന്യം നല്‍കുമെന്നും അതിനാല്‍ എല്ലാ തടസ്സങ്ങളും തരണം ചെയ്ത് ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ അതു യാഥാര്‍ഥ്യമാക്കാനുള്ള പരിശ്രമമാണു നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തെ അന്താരാഷ്ട്ര വിദ്യാഭ്യാസ ഹബ്ബായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായാണ് യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതേ സമയം മുസ്‌ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നു എന്നതുകൊണ്ട് മാത്രം മുന്‍ വിധിയോടെ ആ വകുപ്പിനെ അധിക്ഷേപിക്കാനുള്ള ശ്രമം നേരത്തെ തന്നെ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസ വകുപ്പിനെ നിഷ്പക്ഷമായി വിലയിരുത്തുന്നവര്‍ക്ക് ഏറ്റവും ഫലപ്രദമയിരുന്നു വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നു കാണാന്‍ കഴിയും.
വിദ്യാഭ്യാസ വകുപ്പ് ഏറ്റവും സങ്കീര്‍ണമായ ഒരു സാഹചര്യത്തിലാണു താന്‍ ഉത്തരവാദിത്തം ഏറ്റെടുത്തത്. പുതുതലമുറയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി വിദ്യാഭ്യാസ വകുപ്പിനെ നവീകരിക്കാനുള്ള പരിശ്രമത്തിനാണു വകുപ്പു മുന്‍ഗണന നല്‍കിയത്. സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളോടെയുള്ള എല്ലാ വിമര്‍ശനങ്ങളേയും താന്‍ അവഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ ഭാവിയില്‍ എന്താവണമെന്ന വ്യക്തമായ ധാരണയോടെയാണ് ഇന്നു മുന്നേറുന്നത്. രക്ഷിതാക്കള്‍, ഇന്ന വിഷയം പഠിക്കണമെന്നു നിശ്ചയിച്ചിരുന്ന കാലം മാറി. ഭാവിയെകുറിച്ച് വ്യക്തമായ കാഴ്ചപ്പാടുമായി പഠനത്തില്‍ ശ്രദ്ധപുലര്‍ത്തുന്ന ഒരു തലമുറയാണു ഇന്ന് മുന്നിലുള്ളത്. അതിനാല്‍ അവരെ അഭിസംബോധന ചെയ്യാന്‍ തക്കവണ്ണം വിപുലമായ ഒരു വിദ്യാഭ്യാസ പ്രക്രിയയാണു സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.
രാഷ്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി സമരം ചെയ്തും അക്രമങ്ങള്‍ നടത്തിയും കാലം കഴിച്ചിരുന്ന തലമുറയുടെ കാലം കഴിഞ്ഞു. മത്സരാധിഷ്ഠിതമായ ലോകത്തെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസാവസരങ്ങളാണ് ഇപ്പോള്‍ ഒരുക്കേണ്ടത്. അതിനാല്‍ ഉന്നത വിദ്യാഭ്യാസത്തിനു കേരളത്തില്‍ തന്നെ അവസങ്ങള്‍ ഒരുക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്ലസ് ടു, കോളജ് വിദ്യാഭ്യാസ അവസരങ്ങള്‍ വിപുലപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. 300ല്‍ പരം പുതിയ കോഴ്‌സുകള്‍ ആരംഭിച്ചു. 22 നിമയസഭാ മണ്ഡലങ്ങളില്‍ പുതിയ സര്‍ക്കാര്‍ കോളജുകള്‍ ആരംഭിച്ചു. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം പോലും ഇക്കാര്യത്തില്‍ ഉയര്‍ത്താന്‍ കഴിയില്ല. പ്ലസ് ടു ഇല്ലാത്ത എല്ലാ പഞ്ചായത്തിലും പ്ലസ് ടു ആരംഭിച്ചു. രണ്ടു പുതിയ സര്‍വകലാശാലകള്‍ ആരംഭിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.
കുട്ടികള്‍ പഠനാവശ്യത്തിനു സംസ്ഥാനത്തിനു പുറത്തുപോകുന്നതിനു പകരം പുറത്തുനിന്നും വിദ്യാര്‍ഥികളെ കേരളത്തിലേക്കു കൊണ്ടുവരുന്നതിനു ദുബൈ മാതൃകയില്‍ അക്കാദമിക് സിറ്റി എന്ന ആശയവുമായാണു സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ലോകത്തെ എല്ലാ പ്രമുഖ യൂണിവേഴ്‌സിറ്റികളുടേയും കോഴ്‌സുകള്‍ ചെയ്യാന്‍ കഴിയുന്ന ആഗോള വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റുകയാണു ലക്ഷ്യമെന്നും വിവിധ അക്കാദമിക് സോണുകള്‍ ഇതിന്റെ ഭാഗമായി നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ എല്ലാ മേഖലയിലും ഏറ്റവും ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കിയാണു മുന്നോട്ടുപോയത്. അതിനാല്‍ ഒരു തുടര്‍ ഭരണത്തിനു കേരളീയ സമൂഹം യു.ഡി.എഫിന് അവസരം നല്‍കുമെന്നാണു നിഷ്പക്ഷമതികള്‍ പോലും വിലയിരുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു ചില തിരിച്ചടികള്‍ നേരിട്ടു. ഇതു പരിഹരിക്കുന്നതിനു യു.ഡി.എഫ് ആകെ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. ഇതിന്റെ ഭാഗമാണു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കുന്ന സംസ്ഥാന ജാഥ പാര്‍ട്ടി തീരുമാനിച്ചതെന്നും അബ്ദുറബ്ബ് പറഞ്ഞു. കേരളീയരെ ഒന്നടങ്കം യു.ഡി.എഫിനു പിന്നില്‍ അണിനിരത്തുകയെന്ന ആഹ്വാനവുമായാണു ജാഥ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്രയും ജനകീയനായ ഒരു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇത്രയും കൂട്ടുത്തരവാദിത്തത്തോടെ ഇത്രയേറെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. അതിനാല്‍ യു.ഡി..എഫിലാണു ജനങ്ങള്‍ ഇപ്പോഴും പ്രതീക്ഷയര്‍പ്പിക്കുന്നത്.
ഇന്ത്യയില്‍ ഭരണത്തിലെത്തിയ ബി.ജെ.പി എല്ലാ മേഖലയിലും ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്. നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ അടിസ്ഥാന തത്വത്തെ തകര്‍ക്കുന്നതാണ് അസഹിഷ്ണുതയുടെ വക്താക്കളായ വര്‍ഗീയ ശക്തികളുടെ നീക്കം. ഹിന്ദുത്വ ആശയങ്ങള്‍ പാഠപുസ്തകത്തിലേക്കു വരെ കടത്തി കൊണ്ടുവരാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. എന്നാല്‍ ഇത്തരം പ്രകോപനപരമായ വര്‍ഗീയ നീക്കങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച പാരമ്പര്യമാണു മുസ്‌ലിം ലീഗിനുള്ളത്. ബാബറി മസ്ജിദ് തകര്‍ത്ത സാഹചര്യത്തില്‍ പോലും മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പാണക്കാട് ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് കാണിച്ച മാതൃക പിന്തുടര്‍ന്നുകൊണ്ടു പ്രകോപനങ്ങള്‍ക്കു വശംവദമാകാതെ വര്‍ഗീയതയെ തുറന്നു കാട്ടുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.



Leave A Comment